Tuesday, October 31, 2017

വിശ്വാസവിശ്വാസങ്ങള്‍

മനസ്സ് മനസ്സിനെ തിരിച്ചറിഞ്ഞീടാത്തൊരു
നിഗൂഡമാം വന്‍ഗര്‍ത്തങ്ങളില്‍നിന്നും
നുരഞ്ഞുപതഞ്ഞൊഴുകിടുമീയവിശ്വാസം.
ബന്ധങ്ങളെല്ലാം ക്ഷണികനേരത്താലധിവേഗം
ബന്ധനങ്ങളിലാക്കിടും സമസ്യകള്‍തന്‍
ആശയക്കുഴപ്പത്തിലുടലെടുക്കുമീയവിശ്വാസം.
ക്ഷോഭിച്ചുവശായ മനോവ്യാപാരങ്ങളാം
ഉമിത്തീയിലുരുകി നിര്‍ഗ്ഗളിക്കുമൊരാ
ഊഹങ്ങളിലൂട്ടിയുറയ്ക്കുന്നൊരവിശ്വാസം.
ചുററത്തില്‍പ്പടുത്ത കല്‍പ്പടവുകളൊക്കെയും
നിലംപരിശാക്കിയതില്‍ച്ചവിട്ടിയട്ടഹസിച്ച്,
താണ്ഡവമാടി ചിത്തഭ്രമമേറ്റുമൊരവിശ്വാസം.
ക്ഷമയുടെ ദൂതനെ നിഷ്ഠൂരമാട്ടിയകറ്റിയും
ഹൃത്തിലഹങ്കാരത്തിന്നെരിതിരി കത്തിച്ചതി-
ലാത്മാഹുതി ചെയ്യിപ്പിച്ചീടുമീയവിശ്വാസം.
വിവേകത്തെ വിജ്ഞാനം കൊണ്ടുതളച്ച്,
സാദ്ധ്യതകളും സാമ്യങ്ങളും ചികഞ്ഞതില്‍
കറുത്തമുത്തുകള്‍ തേടീടുമീയവിശ്വാസം
ധാരണകളെ തെറ്റിദ്ധാരണകളാക്കി ന്യൂനം
ബാലിശമായ ചെയ്തികളിലൂന്നിയും,
ചരിത്രം തീയിട്ടെരിച്ചുകളയുമീയവിശ്വാസം.
നാളുകള്‍തന്‍ പുഞ്ചിരിയും ലാളനവും
പടുത്തുയര്‍ത്തിയ സ്നേഹമതിലുകള്‍
പരദൂഷണങ്ങളാല്‍ വീഴ്ത്തുമീയവിശ്വാസം.
വിചിന്തനവിരോധിയാണീയവിശ്വാസം.
സ്നേഹബന്ധങ്ങളില്‍ മായ്ച്ചാല്‍മായാത്ത
മുറിവുകളലങ്കാരമാക്കുന്നൊരീയവിശ്വാസം.
സങ്കല്പങ്ങളും തെളിയാത്തെളിവുകളും
ധര്‍മ്മിഷ്ടര്‍ക്കുള്ളില്‍ ആധിയാം ചിതയൊരുക്കി-
യതിലവരെയാളിക്കത്തിക്കുമീയവിശ്വാസം.
അവിശ്വസിക്കുന്നതിനും മുമ്പൊന്നോരുക,
നൈമിഷികമാം സാങ്കല്‍പ്പിക സൃഷ്ടികളാല്‍
തകര്‍ക്കാനുള്ളതല്ല ഹൃദ്യമായൊരീ വിശ്വാസം.
തെറ്റുകളും കുറ്റങ്ങളും കണ്ടും കണ്ടില്ലെന്നും
പരസ്പരം നടിച്ചുമവസരത്തില്‍ ചര്‍ച്ച ചെയ്തു-
മസൂയാവഹം വളര്‍ത്തേണ്ടതാണീ വിശ്വാസം.
- ജോയ് ഗുരുവായൂര്‍
ചുറ്റം = കൂട്ടുകെട്ട്, സ്നേഹം
ഓരുക = ഓര്‍ക്കുക, വിചാരിക്കുക

No comments:

Post a Comment