Thursday, April 27, 2017

മത്സരമതില്‍ നാം!...

മത്സരം മത്സരമൊന്നത് മാത്രം..
ഇന്നീയുലകില്‍ നിറഞ്ഞുനില്പ്പൂ.
മത്സരംതന്നുടെ മാറ്റൊലിതന്നിലായ്
ഈലോകജീവിതം നീങ്ങിടുന്നൂ.

മത്സരമില്ലെങ്കിലെന്തൊരീ ജീവിതം
പാഴ്ത്തടിപോലെ കിടക്കുമത്രേ.
മാറ്റങ്ങളുണ്ടാവാന്‍ മത്സരങ്ങള്‍മാത്രം
അല്ലാതെ രക്ഷകളിലിന്നത്രേ!

ഒന്നില്‍പ്പഠിക്കുന്ന കുഞ്ഞിന്‍റെ തോളിനെ
പുസ്തകസഞ്ചി വലച്ചിടുന്നൂ.
പുസ്തകംതന്നിലേ വാക്യങ്ങളോരോന്നും
മത്സരചിന്തയായ് മാറീടുന്നു.

ജീവിക്കാനുള്ളൊരു വെമ്പലിലെല്ലാരും
മത്സരപ്പന്തിയിലിറങ്ങീടുന്നു.
നോക്കില്ലായാരാണ് തോറ്റീടുന്നുവെന്ന്
സ്വന്തം സുഹൃത്തുക്കളായീടിലും.

മത്സരിച്ചീടുന്നു സോദരര്‍ തമ്മിലും
ഒരുതുണ്ട് ഭൂമിക്കുവേണ്ടി പോലും.
സ്നേഹമതൊന്നങ്ങ് കാറ്റില്‍പ്പറക്കുന്നു
സ്വാര്‍ത്ഥമാം ചിന്തയറിഞ്ഞീടാതേ..

രക്തബന്ധങ്ങളില്‍ മത്സരം വന്നീടില്‍
ജീവിതമാകെ തകരുമല്ലോ..
ഒറ്റപ്പെടും നാമും നമ്മളുമെല്ലാരും
ആരോരുമില്ലാത്ത കോലങ്ങള്‍പോല്‍.

പണമൊന്നുണ്ടാക്കാന്‍ നെട്ടോട്ടമോടുന്നു
ആവശ്യമില്ലെങ്കിലെങ്കില്‍ക്കൂടി.
ആറടിമണ്ണിലാ..യൊരുപിടി ചാരമായ്
ജീവിതം തീര്‍ക്കുന്ന പാഴ്ജന്മങ്ങള്‍.

മത്സരം മത്സരം മാത്രമതൊന്നിലീ
ജീവിതങ്ങളെന്തേ തീര്‍ന്നീടുവാന്‍...
മത്സരമെന്തിനീ ക്ഷണികമാംയാത്രയില്‍
സ്നേഹബന്ധങ്ങൾ തകരുവാനോ..?.

- ജോയ് ഗുരുവായൂര്‍

No comments:

Post a Comment