Saturday, November 19, 2016

ഹല്ലാപ്പിന്നേ..........

വെട്ടരുതേ, മരം വെട്ടരുതേയെന്ന 
എന്‍റെ വരികളെ മറയാക്കി 
ഞാനൊരു മരം വെട്ടി.
പുഴയെ നശിപ്പിക്കല്ലേയെന്നുള്ള
എന്‍റെ കവിത ചൊല്ലിക്കൊണ്ട്‌
പുഴയില്‍നിന്നൊരുകുട്ട മണലുവാരി.
മാ..നിഷാദാ..യെന്നുവിലപിച്ചുകൊണ്ട്
എണ്ണയിട്ടുവച്ച കള്ളത്തോക്കിനാല്‍
കാട്ടുമുയലൊന്നിനെ കാലപുരിക്കയച്ചു.
കൈക്കൂലി വാങ്ങരുത്, കൊടുക്കരുതെന്ന
ആദര്‍ശം വിളമ്പിക്കൊണ്ട്
ഒരുശകലം നികുതിവെട്ടിച്ചു.
ഒരുജാതിയൊരുമതം മനുഷ്യനെന്ന
സിദ്ധാന്തം പ്രസംഗിച്ചുകൊണ്ട്
സ്വജാതിയിലൊരു മരുമകനെതേടി
ബാലവേലയെ നഖശിഖാന്തംപഴിച്ച്
വീട്ടുപണിക്കും വണ്ടികഴുകാനും
പാവംപയ്യന്‍സൊന്നിനെ ഒപ്പിച്ചു.
പൊതുമുതല്‍ നശിപ്പിക്കരുതെന്ന
ഉപദേശം ജനത്തിന് നല്കിക്കൊണ്ട്
ഒരു വഴിവിളക്കെറിഞ്ഞുതകര്‍ത്തു
കള്ളമരുതേ, ചതിയരുതേയെന്നു
വേദികളില്‍ ഘോരംപ്രസംഗിച്ച്,
ഒരിച്ചിരി വൈദ്യുതി മോഷ്ടിച്ചു.
മദ്യവിരുദ്ധ പ്രചാരണജാഥകള്‍നയിച്ച,
ക്ഷീണമൊന്നു മാറുവാനായി
ഒരു നിപ്പനടിച്ചു "ഓണ്‍ ദി റോക്സ്".
പീഡനത്തിനെതിരെ റാലികള്‍നടത്തി,
നാരികളുടെ സ്വകാര്യമണ്ഡലങ്ങളില്‍,
അറിയാത്ത പോലൊന്നുതടവി.
കള്ളസാക്ഷികളെ അപലപിച്ചുകൊണ്ട്,
ബാങ്ക് അക്കൌണ്ടിന്‍റെ വിശപ്പകറ്റാന്‍
ചെറിയവലിയൊരു കള്ളമങ്ങു തട്ടി.
ആരുമിതുകേട്ട് തെറ്റിദ്ധരിക്കവേണ്ടാ
ഗീര്‍വ്വാണങ്ങള്‍കൊണ്ട് ആശകള്‍ തീരില്ലാ..
എനിക്കുശേഷം മതി ഈ "പ്രളയമൊക്കെ"
ഹല്ലാപ്പിന്നേ..........
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment