Saturday, November 19, 2016

നമ്മുടെ ബന്ധം


പണ്ടെന്നെ നോക്കി മന്ദഹസിച്ച,
നിന്‍ചൊടികളിലിന്നു പരിഹാസം.
പണ്ടെന്റെ മുറിവുകളില്‍ തലോടിയ 
നിന്‍കൈയിലിന്നില്ലയാ ആര്‍ദ്രത.
നിത്യവുമെന്നെ കാണുവാന്‍വെമ്പുന്ന
നയനങ്ങളിന്നില്ലാ നിന്‍വദനത്തില്‍.
നിന്‍റെ നഗ്നപാദസ്പര്‍ശനത്താല്‍
പുളകിതയാകുന്ന ദിവസങ്ങളില്ലിന്ന്.
മാഞ്ചുവട്ടില്‍വീശും മന്ദമാരുതനെ
കരിമ്പുക തട്ടിക്കൊണ്ടുപോയ്.
പുഴായോരത്തണലുകള്‍മൊത്തം
'ടിപ്പറില്‍' കയറി യാത്രയായ്.
നെല്ല് നിറയും പത്തായങ്ങളില്‍
'കോക്രോച്ചു'കള്‍ തിമിര്‍ക്കുന്നു.
കര്‍ഷകര്‍തന്‍ കുടിലുകളില്‍
'റോക്ക് മ്യൂസിക്' തകര്‍ക്കുന്നു.
എന്നോടുള്ള നിന്‍സ്നേഹസ്ഫുരണം,
'സൈബര്‍പേജില്‍ കാവ്യങ്ങളാകുന്നു.
എന്‍റെയിടനെഞ്ചുകീറിയ കുഴികളില്‍,
പണിതീര്‍ന്നിടുന്നൂ നിന്‍ശ്മശാനങ്ങള്‍.
ഒരു ചെമ്പനീര്‍പ്പൂവിരിയില്ലിനിയിവിടേ..
ഈര്‍പ്പവുമുണ്ടാവില്ലൊരു മഷിത്തണ്ടിലും.
ഒരു പൂവിളിയുമൊരുകുളിര്‍ക്കാറ്റും നിന്‍,
പിന്‍വിളികളുമാവില്ലിനി-യൊരിക്കലും.
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment