Saturday, October 15, 2016

നാം പരിഷ്കൃതര്‍!

അവിടങ്ങളില്‍
കുന്നുണ്ട് മലയുണ്ട്
കാനനമുണ്ട് കാട്ടാറുണ്ട്
കുളിരുണ്ട് കിളികളുണ്ട്
മലരുണ്ട് പൂമ്പാറ്റകളുണ്ട്
ചെടിയുണ്ട് ധാന്യമുണ്ട്
കൃഷിയുണ്ട് കൃഷിക്കാരുമുണ്ട്
എന്നിട്ടും ലോകം
ഉഗാണ്ടക്കാരെ വിളിക്കുന്നൂ
അപരിഷ്കൃതരെന്ന്!
അതുകൊണ്ടാണല്ലോ
മേല്പറഞ്ഞവയൊക്കെ നശിപ്പിച്ച്
പരിഷ്കൃതരാവാന്‍ നാം ശ്രമിക്കുന്നത്

ചെമ്പരത്തി

പ്രണയഭാവങ്ങളാവോളമൊളി ചിന്നും,
നനുനനുത്ത നിന്‍ ചെഞ്ചൊടിയിണകളില്‍,
വഴിയും മധു നുകരുമൊരു മരന്ദം ഞാന്‍..
നാട്ടുവഴിയിലൂടെ മന്ദമായ് നീങ്ങവേ,
വന്നൊരു കുളിര്‍ക്കാറ്റില്‍ മോദത്താല്‍,
തലയാട്ടിയെന്നെയരുമയായ് വിളിച്ചതും..
പിച്ചകപ്പൂവുകളാവോളമേകീടും സൌരഭ്യ-
മതിലൊട്ടും മയങ്ങീടാതെ ന്യൂനം നിന്‍,
പ്രണയത്തെയാശിച്ചു ചാരത്തണഞ്ഞതും..
കൃഷ്ണവര്‍ണ്ണമാമെന്‍ കാര്‍മുഖം നിന്‍,
മൃദുലമാം കൈകളാല്‍ തഴുകിത്തുടച്ചതും..
ഹൃദയത്തിലൂറുമാ സ്നേഹമൊട്ടൊന്നാ-
യാവാഹിച്ചെനിക്ക് നീയാവോളം തന്നതും..
വേപഥു പൂണ്ടു പുളയുമെന്‍ ഹൃത്തിന്,
സ്നേഹ ചുംബനങ്ങളാലാശ്വാസമേകിയും..    
ജന്മജന്മാന്തരങ്ങള്‍ തന്നത്ഭുത കേളിയില്‍,  
സ്വയം മറന്നങ്ങു വാരിപ്പുണര്‍ന്നതും..
പിച്ചകപ്പൂക്കള്‍ തന്നസൂയയില്‍ വിടരു-
മതിക്രമങ്ങള്‍ നമ്മളൊന്നൊന്നായേറ്റതും..
കൊടുങ്കാറ്റിലും പേമാരിയിലും നനഞ്ഞു
നാമൊന്നായഴകോടിഴുകിപ്പുണര്‍ന്നതും..
ഭൂലോകമിടിഞ്ഞങ്ങു വീണീടുകിലും നാ-
മൊരുകാലത്തും പിരിഞ്ഞീടുകയില്ലെ-
ന്നാണയിട്ടിരുന്നതും നീ മറന്നു പോയോ?
കേവലമൊരാകസ്മീകമാം നരകവേളയില്‍,
നുരഞ്ഞ നീരസത്തില്‍ നിന്‍ മനസ്സിലെന്‍
ഹൃദയം വെറുമൊരു ചെമ്പരത്തിപ്പൂവോ?

- ജോയ് ഗുരുവായൂര്‍ 

അഹംയു സഞ്ചിതിവാസം


കാപട്യങ്ങളരങ്ങു വാഴും ജീവിതം തന്‍  
കനിവിന്നുറവകളടഞ്ഞ ചെയ്തികള്‍  
തന്‍കുഞ്ഞിനെ പൊന്‍കുഞ്ഞായൂട്ടുമ്പോള്‍  
മറുകുഞ്ഞിന്‍ വിലാപം കേള്‍ക്കാത്തവര്‍

മുട്ട പുഴുങ്ങിയതി സമര്‍ത്ഥമായ് തനയനു      
ചോറില്‍പ്പൂഴ്ത്തി വിളമ്പും മാതുലിയും  
പത്തായത്തിലൊളിപ്പിച്ച പലഹാരങ്ങള്‍
ഛന്നം മാതുല മക്കള്‍ക്കേകും അച്ഛമ്മയും
 
ഒരേയുത്തരത്തിനരമാര്‍ക്ക് കുറച്ച് തോഴി തന്‍
തനയനെയൊന്നാമതെത്തിക്കുമദ്ധ്യാപികയും
സമപ്രായക്കാരാമനന്തരവരാവശ്യപ്പെട്ടതൊക്കെ  
വാങ്ങിക്കൊടുത്തെന്നെയവഗണിക്കുമച്ഛനും  

നാലാള്‍ കാണ്‍കെ ഗുണദോഷിച്ചും ശകാരിച്ചും  
നല്ല 'പിള്ള'കള്‍ ചമയും കാരണവന്മാരും  
പ്രവര്‍ത്തിപരിചയ പരീക്ഷയ്ക്കെളുപ്പച്ചോദ്യം
തന്‍ പ്രിയര്‍ക്കു നല്‍കുന്ന കലാശാലാശാനും  

എന്‍ സൈക്കിളിന്‍ തണ്ടേറിയുലകം ചുറ്റിയി-
ന്നമേരിക്കയിലിരുന്നു പുച്ഛിക്കുന്നൊരുവനും
കൊടുത്ത കാശിനു ചെമ്മേ ചിരിച്ചു മയക്കി  
വസ്തുക്കള്‍ മായം ചേര്‍ത്തേകും കടക്കാരനും  

തോളത്തു കയ്യിട്ടു രഹസ്യങ്ങള്‍ ചോര്‍ത്തിയ-
ങ്ങവസരത്തിലൊറ്റും സഹപ്രവര്‍ത്തകരും    
കഠിനാദ്ധ്വാനത്തിന്‍ സത്ഫലം തഞ്ചത്തില്‍  
കവര്‍ന്നങ്ങു കീര്‍ത്തി നേടും മേലാളനും

ജീവിതം പകുത്തു നല്‍കി സ്നേഹിച്ചതിനാ-
സ്നേഹമൊരധികാരമാക്കി ഭരിക്കും ഭാര്യയും
പലിശയ്ക്കെടുത്തൊരു കാശും കടം വാങ്ങി 
വിവരം തരാന്‍ പോലും മുതിരാത്ത തോഴരും

തേവയിലലിവു തോന്നി നീട്ടിയ ധനസഹായം
മടക്കീടാതെ സ്വഭവനം മോഡി കൂട്ടുന്നവരും  
ഇഷ്ടമുള്ള സഖിയെ തിരഞ്ഞെടുത്തതിലൊട്ടു-  
മിഷ്ടം കാണിച്ചീടാത്തൊരു ബന്ധുജനങ്ങളും

തിരക്കെന്നു ചൊല്ലി ക്ഷിപ്രമപ്രത്യക്ഷരായ്  
കാമുകിയോട് സല്ലപിക്കും കൂട്ടുകാരനും
ഉപവാസത്തിന്‍ പ്രാര്‍ത്ഥനയുമോതിയി-
ട്ടിരുളിന്‍ മറയില്‍ ഭുജിക്കുമാചാര്യനും.  

ഭാവുകങ്ങളേകുമ്പോഴും ഉള്ളിലസൂയ തന്‍
പൂത്തിരി കത്തിച്ചു പഴിക്കും 'സഹൃദയരും'
അറിയാതെയെപ്പോഴും വിദ്ധ്വംസക വേലയ്ക്കു  
കൂട്ടാളിയാക്കുമൊരു 'ആത്മ' സുഹൃത്തും  

തെറ്റിദ്ധാരണകള്‍ കൂട്ടം കൂട്ടമായുണര്‍ത്തീടു-
മഭിശപ്തങ്ങളാമോരോ നിമിഷങ്ങളും
കനിവില്ലാക്കാലത്തിന്‍ ബാക്കിപത്രങ്ങളായ്
ദേഹത്തില്‍ മരുവീടുമസുഖങ്ങളും  

ഇല്ലാത്തയസുഖത്തിനനവധി മരുന്നുകളതിന്‍
ലാഭത്തിന്നോഹരി പറ്റും ഭിഷഗ്വരരും  
ഇടുക്കത്തിലുതവി നിര്‍ത്തിയതിനമര്‍ഷരായ്  
തിരിഞ്ഞു നോക്കാതെ പഴിക്കും കൂട്ടരും

സ്വാര്‍ത്ഥത വിളഞ്ഞീടും ഛലിതമാനസര്‍ തന്‍
കാപട്യങ്ങള്‍ നിറയുമൊരു സഞ്ചിതിയില്‍ നാം...
അവരഭ്യസിപ്പിച്ചതൊക്കെയും നിപുണമായ്
നടിച്ചങ്ങു പ്രവൃത്തകം ചെയ്യുമീ... ഞാനും..  

- ഗുരുവായൂര്‍

കവിതയില്‍ ഉപയോഗിച്ചിരിക്കുന്ന അനിതരസാധാരണ വാക്കുകളുടെ അര്‍ത്ഥങ്ങള്‍:
അഹംയു =  അഹങ്കാരമുള്ള, സ്വാര്‍ത്ഥതയുള്ള; സഞ്ചിതി = സമൂഹം 
മാതുലന്‍ = അമ്മാവന്‍; മാതുലി= മാതുലന്റെ ഭാര്യ [അമ്മായി]
ഛന്നം = മറച്ചു വച്ച്, രഹസ്യമായി
തേവ = ആവശ്യം
അഭിശപ്ത = ശപിക്കപ്പെട്ട, ദുഷിക്കപ്പെട്ട
ഇടുക്കം =  ഇടുങ്ങിയ സ്ഥിതി,പ്രയാസം
ഉതവി = പിന്തുണ, സഹായം
ഛലിതം = ചതിപ്രയോഗം  
പ്രവൃത്തകം = രംഗപ്രവേശം

Tuesday, October 11, 2016

വികാരങ്ങളുടെ തോടുകള്‍

വികാരങ്ങളുടെ തോടുകള്‍
=======================

ഓരോ മനുഷ്യനേയും,
പടച്ചുവിടുന്നത്,
സമ്പുഷ്ടവികാരങ്ങളുടെ,
തോടുകള്‍ സഹിതമാണ്.
നിറമില്ലാത്ത, നിഷ്ക്രിയവികാരങ്ങള്‍
താമസിക്കുന്ന തോടുകള്‍.

വാക്കിനും നോക്കിനും,
സംസര്‍ഗ്ഗത്തിനും, ഒരുപക്ഷേ,
അനിവാര്യതകള്‍ക്കും മാത്രം,
തകര്‍ക്കാനാവുന്ന തോടുകള്‍.

ഒരു വാക്കിലോ നോക്കിലോ,
ആലിംഗനത്തിലോ,
അവയ്ക്കുണ്ടാകുന്ന ഇളക്കങ്ങള്‍,
"വികാരങ്ങള്‍ക്ക് വിലങ്ങിടൂ" എന്ന,
ക്ലീഷേയ്ക്ക് സാദ്ധ്യതകളേറ്റുന്നു.

നിന്‍റെ നോട്ടം കൊണ്ടോ,
നോട്ടപ്പിശകുകൊണ്ടോ,
തിരിച്ചോ, ആ തോടുകളില്‍
ചുറ്റികപ്പാടുകള്‍ വീണേക്കാം.

വികാരങ്ങളുടെ സമ്പുഷ്ടതയ്ക്ക്,
സംഭവിക്കുന്ന ക്ഷയങ്ങള്‍ക്കൊണ്ടാണ്,
എന്നേയും, ഓരോരുത്തരേയും നീ,
മനസ്സില്‍ കുറിച്ചുവച്ചിരിക്കുന്നത്.

സാഹചര്യങ്ങള്‍ക്കനുസരിച്ച് നീ,
ആ കുറിപ്പുകളില്‍,
തിരുത്തലുകള്‍ വരുത്തുമ്പോള്‍,
മര്‍ദ്ദം താങ്ങാനാവാതെ,
ചില തോടുകള്‍ പൊട്ടിത്തകരുന്നു.

പടര്‍ന്നൊഴുകുന്ന വികാരവായ്പ്പുകളില്‍
വശംവദനായി,
ഒരടിമയേപ്പോലെ, അപ്പോള്‍,
നിന്‍റെ മുന്നില്‍ ഞാന്‍ നില്ക്കും.

- ജോയ് ഗുരുവായൂര്‍

മേലേശ്ശേരി തിരുമേനി ആളൊരു കേമന്‍ തന്നേ!....

അച്ഛനപ്പൂപ്പന്മാരുടെ കാലം മുതലേ പറഞ്ഞു കേള്‍ക്കുന്നതാണ് വീടിനെ ഗ്രസിച്ചിരിക്കുന്ന പ്രേതബാധയെക്കുറിച്ചെങ്കിലും ഏതാനും വര്‍ഷങ്ങളായവിടെ ഏകനായി താമസിക്കുന്ന വിമല്‍ കുമാര്‍ ഒരിക്കലുമൊരു പ്രേതത്തെയും നേരിട്ട് കണ്ടിരുന്നില്ലാ.
വിരുന്നുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മുഖത്തുകൂടി സ്ത്രീകളുടെ മുടിയിഴകള്‍ ഉരഞ്ഞുപോകുന്നതുപോലെയുള്ള തോന്നലും, അസമയത്തു വാതിലില്‍ മുട്ടല്‍ കേട്ടു തുറന്നുനോക്കുമ്പോള്‍ ആരെയും കാണാത്ത അവസ്ഥയും, വളര്‍ത്തു മൃഗങ്ങളും കോഴികളുമൊക്കെ മൂപ്പെത്താതെ അസുഖം പിടിച്ചു ചാവുന്നതും, യമണ്ടന്‍ വരിക്കച്ചക്കകള്‍ വിളയുമായിരുന്ന മുറ്റത്തെ പ്ലാവിലെ ചക്കകളെല്ലാം മൂപ്പെത്താറാവുമ്പോഴേക്കും കേടുവന്നുപോകുന്നതും, ഒരുകാലത്തും വറ്റാത്ത കിണറ്റിലെ വെള്ളം കലങ്ങിമറിഞ്ഞു പാനീയമല്ലാതായിത്തീര്‍ന്നതും, വീട്ടില്‍വന്ന കൊച്ചേച്ചിയുടെ കൊത്രാംകൊള്ളിപ്പുത്രനെ പട്ടി കടിച്ചതുമൊക്കെ വീട്ടില്‍ ക്യാമ്പ്‌ ചെയ്തിട്ടുള്ള ദുരാത്മാവിന്റെ പ്രവര്‍ത്തനങ്ങളാണെന്ന് ആ പ്രദേശവാസികള്‍ ഒന്നടങ്കം വിശ്വസിക്കുന്നത് കൊണ്ട് വിമല്‍ കുമാറിനും അങ്ങനെ വിശ്വസിക്കേണ്ടി വരികയായിരുന്നു.
രാത്രിസമയത്ത് അയല്‍പ്പക്കക്കാര്‍ ആ വീടിന്‍റെ മുന്നിലൂടെയുള്ള കുറുക്കുവഴിയുപേക്ഷിച്ച് ഹൈവേ വഴി ചുറ്റി വളഞ്ഞു സ്വന്തം വീടുകളില്‍ ചേക്കേറുക പതിവാക്കി. ഒരു ദിവസം ആ വീടിനു മുന്നിലൂടെ പോകുമ്പോള്‍ മുറ്റത്ത്, പട്ടിയുടെ തലയും മനുഷ്യന്‍റെ ആകൃതിയുമുള്ള ഒരു സത്വത്തെക്കണ്ട് ആരോ പേടിച്ചു പനിപിടിച്ച് അവസാനം പൊന്നാനിയില്‍ നിന്നൊരു തങ്ങളെ വിളിച്ചു കൊണ്ടുവന്നു ഊതിച്ചു ഏലസ്സ് കെട്ടിപ്പിച്ചതിനു ശേഷമാണ് നേരെയായതത്രേ!..
"ഡാ വിമലേ, നിന്‍റെ കല്യാണമൊക്കെ നടക്കാന്‍ പോവല്ലേ, ഒരു പുതിയ വീടും പുരയിടവും വാങ്ങാനാണെങ്കില്‍ നിന്‍റെ കയ്യില്‍ പണവുമില്ലാ.. ഒരു കാര്യം ചെയ്യൂ, നിന്‍റെ കഴുത്തിലുള്ള സ്വര്‍ണ്ണമാല പണയം വച്ച് ഒരു അമ്പതിനായിരം രൂപ റെഡിയാക്കൂ. മേലേശ്ശേരി നമ്പൂതിരിയെക്കൊണ്ട് ഒരു യാഗം നടത്തിക്കാം.. അതോടെ ഒക്കെ ക്ലീന്‍ ക്ലീന്‍.. എന്‍റെ അമ്മാവന്‍റെ വല്യമ്മയുടെ അമ്മായിയുടെ വീട്ടില്‍ ഇതിയാനെക്കൊണ്ടൊരു യാഗം നടത്തിയപ്പോളാണ് കാലങ്ങളായുള്ള ഉപദ്രവങ്ങളൊക്കെ ഞൊടിയിടയില്‍ ശാന്തമായത്. നമ്പൂരി ആളൊരു കേമനാ, കാശു പോകുന്നത് നീ നോക്കേണ്ടാ.." കൂട്ടുകാരനായ സോമശേഖരന്‍ പറഞ്ഞത് കേട്ട് വിമല്‍ കുമാര്‍ സ്വര്‍ണ്ണമാലയുമായി ചിട്ടിക്കമ്പനിയിലേക്ക് നടന്നു.
"ഓം ഹ്രീം ക്രീം ക്രൂം യമണ്ടായ നമ: ഓം ഹ്രീ‍ീ‍ീ‍ീ‍ീം ക്രാം ക്രീം ക്രൂം..........." വാങ്ങി ബാഗില്‍ വച്ച അമ്പതിനായിരത്തിനുള്ളത് മുതലായെന്ന ചിന്ത ഉപഭോക്താവില്‍ ഉണ്ടാവുന്ന രീതിയില്‍ മന്ത്രങ്ങള്‍ നന്നായി അലറിത്തകര്‍ത്തതിനു ശേഷം നമ്പൂതിരി വിമല്‍ കുമാറിനോട് കല്‍പ്പിച്ചു.
"ദാ.. ആ നില്‍ക്കുന്ന ഇരുമ്പ് തൂണാണ് പ്രശ്നം.. അടുത്ത വെള്ളിയാഴ്ച്ച അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചെ രണ്ടു മണിവരെയുള്ള സമയത്തിനകത്ത് ഈ ഏലസ്സ് അരയില്‍ ബന്ധിച്ച ശേഷം അയല്‍പ്പക്കക്കാരുടെ ശ്രദ്ധയില്‍ പെടാതെ വേണം ഈ തൂണ് ഇളക്കിയെടുത്ത് വീടിന്‍റെ തെക്കേ ഭാഗത്തുള്ള ചിറയില്‍ കൊണ്ട് പോയി തള്ളാന്‍.. വേണമെങ്കില്‍ വല്ല കൂലിപ്പണിക്കാരായ ബംഗാളികളേയോ ഭയ്യാമാരെയോ സഹായത്തിനു വിളിച്ചോളൂ.. പക്ഷേ പരിചയക്കാരോ ബന്ധുക്കളോ പാടില്ലാ'
അടുത്ത വെള്ളിയാഴ്ച്ച രാത്രി ഒരുമണി നേരത്ത് ഉരുള്‍പ്പൊട്ടല്‍ പോലൊരു ശബ്ദം കേട്ടാണ് അയല്‍പ്പക്കക്കാരും നാട്ടുകാരും ഞെട്ടിയുണര്‍ന്ന് വിമല്‍ കുമാറിന്‍റെ വീടിനെ ലക്ഷ്യമാക്കി കുതിച്ചത്.
എല്ലാ നിഗൂഢതകള്‍ക്കും അറുതി വരുത്തിക്കൊണ്ട് അവന്‍റെ പഴയ ആ പാര്‍പ്പിടം തകര്‍ന്നു തരിപ്പണമായി കിടക്കുന്ന കാഴ്ച്ച കാണാന്‍...
"എന്തായാലും മേലേശ്ശേരി തിരുമേനി ആളൊരു കേമന്‍ തന്നേ!...." വന്നവരിലാരോ അത്ഭുതത്തോടെ പറഞ്ഞത് കേട്ട് പരിക്ക് പറ്റി കിടന്നിരുന്ന വിമല്‍ കുമാര്‍ ദയനീയമായി അയാളെ നോക്കി.
- ജോയ് ഗുരുവായൂര്‍

എണ്ണയില്ലെങ്കിലും മീന്‍ പൊരിക്കാം!..

എണ്ണയില്ലെങ്കിലും മീന്‍ പൊരിക്കാം!..
ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുമ്പോള്‍ പുറകിലെ സീറ്റിലിരുന്ന രണ്ടുമലയാളി സഹപ്രവര്‍ത്തകര്‍ ഉണക്കമീന്‍ മാഹാത്മ്യത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടു. തലേദിവസം കഴിച്ച ഉണക്കമാന്തള്‍ (നങ്ക്) ഫ്രൈയുടെ രുചി ഇപ്പോഴും നാക്കില്‍നിന്നും പോയിട്ടില്ലാപോലും!.. എമിരേറ്റ്സ് വിമാനം ദുബായ്എയര്‍പോര്‍ട്ടില്‍ ക്രാഷ്ലാന്‍ഡ്‌ ചെയ്തപ്പോള്‍ തിക്കിത്തിരക്കി വിമാനത്തില്‍നിന്നിറങ്ങാന്‍ തിടുക്കംകൂട്ടിയ മലയാളികള്‍ നാട്ടില്‍നിന്നും കൊണ്ടുവന്ന അച്ചാറുകളും ഉണക്കമീനും ബീഫ്ഫ്രൈയുമൊക്കെ വാരി, നെഞ്ചോട്‌ ചേര്‍ത്തുപിടിച്ച് പുറത്തേക്കുചാടിയത് മറ്റൊന്നുകൊണ്ടും ആയിരുന്നില്ലാ. സ്നേഹത്തില്‍പ്പൊതിഞ്ഞ് അമ്മയും, ഭാര്യയും, സഹോദരിസഹോദരന്മാരും സുഹൃത്തുക്കളുമൊക്കെ തന്നുവിടുന്ന നാടന്‍വിഭവങ്ങള്‍, ഒരു സെന്‍ട്രല്‍ ജയിലിലെ അന്തേവാസികള്‍ എന്നപോലെ മരുഭൂമിയില്‍ ജോലിചെയ്യുന്ന പ്രവാസികളേസംബന്ധിച്ച് ജീവതുല്യം ആകുന്നു. ഏതു ഫേസ്ബുക്ക് / വാട്സാപ്പ് 'ട്രോളന്മാര്‍' പരിഹസിച്ചാലും ജീവന്‍തന്നെപോയാലും, നുമ്മ പ്രവാസികള്‍ അതൊന്നും ഒരുകാരണവശാലും വിടമാട്ടേ...
വിഷയത്തിലേക്ക് വരാം.. മേല്പ്പറഞ്ഞ സംഭാഷണം കേട്ടുകൊണ്ടിരിക്കേയാണ് കുറച്ചുദിവസം മുമ്പ് ഒരു കന്യാകുമാരിക്കാരന്‍ സുഹൃത്ത് നാട്ടില്‍നിന്നും വന്നപ്പോള്‍ കൊണ്ടുവന്നുതന്നിരുന്ന ഉണക്കമാന്തളുകളില്‍ കുറച്ച് റഫറിജറേറ്ററില്‍ ഇരിക്കുന്നുവല്ലോ എന്നൊരുചിന്ത ഉണ്ടായത്. എനിക്കുള്ള ഭക്ഷണം കമ്പനിവക ആയതിനാല്‍ അപൂര്‍വ്വമായേ റൂമില്‍ പാചകംചെയ്യാറുള്ളൂ. റൂമുകളില്‍ പാചകം അനുവദനീയവുമല്ലാ. പിന്നേ, വല്ലപ്പോഴും നാടന്‍മത്തിക്കറി, കപ്പ, ബീഫ്, സാമ്പാര്‍ എന്നിവയൊക്കെ കഴിക്കണമെന്ന കലശലായ പ്രലോഭനം ഉണ്ടാവുന്ന അവസരങ്ങളില്‍ രഹസ്യമായി ഇവ ഉണ്ടാക്കിക്കഴിക്കുവാന്‍ ഒരു ഹോട്ട്പ്ലേറ്റും അല്ലറചില്ലറ പാത്രങ്ങളും മസാലപ്പൊടികളൊക്കെ നുമ്മ കരുതിയിട്ടുമുണ്ട്.
ഇന്ന് ഉണക്കമീന്‍കൂട്ടി രണ്ടുപിടി ചോറ് കഴിച്ചിട്ടുതന്നേ കാര്യം എന്നചിന്തയില്‍ റൂമില്‍ എത്തിയപാടേ കുറച്ച് മീനെടുത്ത് കഴുകിവൃത്തിയാക്കി മുളകെല്ലാംതേച്ച്, ഒളിപ്പിച്ചുവച്ചിട്ടുള്ള ഹോട്ട്പ്ലേറ്റ് എടുത്തുപ്ലഗ് ചെയ്ത് അതില്‍ ഫ്രൈപാന്‍ വച്ച് ചൂടാക്കി. അപ്പോഴാണ്‌ ഒരു പ്രതിസന്ധി തലപൊക്കിയത്. എണ്ണ ഒരുതുള്ളിപോലും എടുക്കാനില്ലാ. ഹോട്ട്പ്ലേറ്റ് ഓഫ്‌ ചെയ്ത് റൂം മുഴുവന്‍ എണ്ണയ്ക്കായി പരതി. നോ രക്ഷ. ഇനിയിപ്പോ കടയില്‍പ്പോയി വാങ്ങാനൊന്നും വയ്യാ.. നാടന്‍ഉരുപ്പടി കളയാനും തോന്നുന്നില്ലാ. ഡിങ്കനോട് പ്രാര്‍ത്ഥിക്കുക തന്നേ. എന്തേലുംവഴി കാണിച്ചുതരാതിരിക്കില്ല.
അത്ഭുതം.. ഐഡിയ കിട്ടി!.. ഡിങ്കന് സ്തോത്രം..
വീണ്ടും ഫ്രൈപാന്‍ ചൂടാക്കി. അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ചു. തിളയ്ക്കുന്ന വെള്ളത്തിലേക്ക് മീന്‍ ഇട്ട് ഒരല്പനേരം മൂടിവച്ച് വേവിച്ചു. അതാ.. വെള്ളമെല്ലാംവറ്റി, മാന്തള്‍ഫ്രൈ (ഫ്രൈ എന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ റോസ്റ്റ് എന്നും പറയാം) റെഡി.
പിന്നീടാണ് ഈ വിഭവത്തിന്‍റെ ഗുണഗണങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്.
രക്തത്തിലെ കൊളസ്ട്രോള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്ന എണ്ണ ഒഴിവാക്കാം. എണ്ണയില്‍ പൊരിക്കുമ്പോള്‍ പുറത്തേക്ക് പ്രവഹിക്കുന്ന ഗന്ധം ഒഴിവാക്കാം. അതുകൊണ്ട് പ്രധാനമായി രണ്ടുഗുണം വേറെയുമുണ്ട്. ക്യാമ്പിലെ സുരക്ഷാഉദ്യോഗസ്ഥന്മാര്‍ക്ക് പാചകം നടക്കുന്നുവെന്ന് ഒരു പുടിയും കിട്ടൂലാ.. പിന്നേ, അയല്‍വാസികളായ ഉണക്കമീന്‍കൊതിയന്മാരുടെ കൊതിപറ്റുകയുമില്ല.ബാക്കിവരുന്ന എണ്ണ ഒഴിച്ചുകളയുന്നതുമൂലമുള്ള പരിസരമലിനീകരണം ഒഴിവാക്കാം. എണ്ണയുടെ കാശും ലാഭം... എന്തേ?....
എന്നോടാ കളി... ഹും
(ചുമ്മാ...)

ആര്‍ക്കാണ് തെറ്റ് പറ്റിയത്?!..

സ്നേഹമാണഖിലസാരമൂഴിയില്‍ 
എന്ന് പ്രഖ്യാപിച്ച കുമാരനാശാനോ?
സ്നേഹിക്ക ഉണ്ണി നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും
എന്ന് പാടിയ വള്ളത്തോളിനോ?
രാഷ്ട്രത്തിനുവേണ്ടി ജീവത്യാഗം ചെയ്യാന്‍
ആഹ്വാനം ചെയ്ത രക്തസാക്ഷികള്‍ക്കോ?
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
എന്ന് പറഞ്ഞ ശ്രീനാരായണഗുരുവിനോ?
സദാചാരസംരക്ഷണത്തിനായ് മുറവിളികൂട്ടിയ
നമ്മുടെ സാമൂഹ്യപരിഷ്ക്കര്‍ത്താക്കള്‍ക്കോ?
ക്ഷമയും സഹനവുമാണ് ഏറ്റവും ശക്തമായ
ആയുധങ്ങളെന്നുകാണിച്ചുതന്ന മഹാത്മജിക്കോ?
വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്നു
ആവര്‍ത്തിച്ചുദ്ഘോഷിച്ച ഗുരുവര്യര്‍ക്കോ?
തന്നെപ്പോലെത്തന്നേ മറ്റുള്ളവരേയും
സ്നേഹിക്കണമെന്നുരചെയ്ത ക്രിസ്തുവിനോ?
മറ്റുള്ളവരുടെ വിശപ്പകറ്റിമാത്രം ഭുജിക്കുക
എന്നരുളിയ മുഹമ്മദ്‌ നബിക്കോ?
അഹിംസയാണ് ലോകത്തിലേറ്റവും ശ്രേഷ്ഠം
എന്ന് പഠിപ്പിച്ച ശ്രീബുദ്ധനോ?
അഹംബ്രഹ്മാസ്മി എന്ന് പഠിപ്പിക്കുന്ന
ബ്രഹദാരണ്യകോപനിഷത്തിനോ?
തലപോകിലും ധര്‍മ്മച്യുതിയരുതേയെന്ന്
ഉദ്ഘോഷിക്കുന്ന പൗരാണികഗ്രന്ഥങ്ങള്‍ക്കോ?
തെറ്റുകള്‍ ചെയ്‌താല്‍ മോക്ഷം ലഭിക്കില്ലെന്നു
ഭീഷണിപ്പെടുത്തിയ ആത്മീയാചാര്യര്‍ക്കോ?
അതോ, മേല്പ്പറഞ്ഞതൊക്കെ ജീവിതത്തില്‍
ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്ന പാവംമനുഷ്യര്‍ക്കോ?
ആര്‍ക്കാണിന്ന് തെറ്റുപറ്റിക്കൊണ്ടിരിക്കുന്നത്?!!...
എന്നുമെപ്പോഴും ഞാന്‍ അന്വേഷിക്കുന്ന പൊരുള്‍....
- ജോയ് ഗുരുവായൂര്‍

ദൈവാലയപ്രവേശനത്തിന് തടസ്സം നില്ക്കുന്ന ആര്‍ത്തവം!

സ്ത്രീകളുടെ അശുദ്ധി.. അതൊരു മുടന്തന്‍ന്യായം മാത്രമാണ് എന്നാണു എന്‍റെ അഭിപ്രായം. ദൈവവിശ്വാസികളേ.... ദൈവം പുരുഷന്മാരെ സൃഷ്ടിച്ചപോലെ സ്ത്രീകളേയും സൃഷ്ടിച്ചു. സ്ത്രീകളില്‍ ഇങ്ങനെയൊരു പ്രതിഭാസം ഉണ്ടാവുമെന്ന് അറിയാതെയായിരിക്കില്ലല്ലോ സര്‍വ്വജ്ഞാനിയായ ദൈവം അവരെ സൃഷ്ടിച്ചിരിക്കുക? അപ്പോള്‍ അത് സ്വാഭാവികം മാത്രം. അതിനെ അശുദ്ധിയായി കണക്കാക്കുന്നത് തന്നേ ദൈവനിഷേധം ആവുന്നു. ആര്‍ത്തവം അശുദ്ധമാണെങ്കില്‍ മലമൂത്രവിസര്‍ജ്ജനം അതിലും വലിയ വൃത്തികേട്‌ ആകുന്നു... മലമൂത്രവിസ്സര്‍ജ്ജനം എന്ന അസുഖം ഇല്ലാത്തവരുണ്ടെങ്കില്‍ മാത്രം ഇനി ദേവാലയങ്ങളില്‍ പോയാല്‍ മതി.. എന്തേ?

മല്ലിയില വാങ്ങാന്‍വന്ന സായിപ്പ്

ഇന്നലെ ഒരു ചെറിയ സൂപ്പര്‍മാര്‍ക്കറ്റില്‍ ഏതാനും സാധനങ്ങള്‍ വാങ്ങാനായി പോയപ്പോള്‍ വളരെ സൂക്ഷ്മതയോടെ മല്ലിയിലകള്‍ പെറുക്കി പോളീത്തീന്‍ സഞ്ചിയില്‍ നിക്ഷേപിച്ചുകൊണ്ടിരുന്ന ഒരു സായിപ്പിനെ ശ്രദ്ധിക്കുകയുണ്ടായി. കാണാന്‍ ബഹുകേമന്‍. ഏതോ കമ്പനിയില്‍ നല്ല പൊസിഷനില്‍ത്തന്നെയായിരിക്കും ജോലി ചെയ്യുന്നതെന്ന് നിസ്സംശയം പറയാം. എന്നാല്‍ മല്ലിയിലകള്‍ നല്ലതുനോക്കി തിരഞ്ഞെടുത്തതിനുശേഷം അദ്ദേഹം ചെയ്തതുകണ്ട് അന്തംവിട്ടുപോയി. മല്ലിയിലയുടെ തണ്ടുകളെല്ലാം കൂട്ടിപ്പിടിച്ച് കൈകൊണ്ട് മുറിച്ചുകളയുന്നു. തണ്ടിന്‍റെ ഭാരം ഒഴിവാക്കി, കൊടുക്കുന്ന പൈസയ്ക്ക് പരമാവധി മുതലാക്കുകയെന്ന തന്ത്രം! "സായിപ്പുമാരിലും എച്ചികളോ?!" എന്ന് 'ചിത്രം' സിനിമയില്‍ മോഹന്‍ലാല്‍ അടിച്ച ഡയലോഗാണ് ഓര്‍മ്മവന്നത്.
തുച്ഛമായ വിലയുള്ള മല്ലിയില വാങ്ങുന്നതില്‍വരേ ഇത്രയും ലാഭനഷ്ടക്കണക്കുകള്‍ നോക്കുന്ന ആ സായിപ്പ്, ജീവിതത്തില്‍ ഒരുപാട് ലാഭം ഉണ്ടാക്കിയിരിക്കുമെന്ന് മനസ്സില്‍ക്കരുതി. പൊതുവേ പറയുകയാണെങ്കില്‍ ഇദ്ദേഹത്തിന്‍റെ ഈ ചെയ്തിയില്‍ മറ്റൊരു വാസ്തവം ഒളിച്ചിരിക്കുന്നുണ്ട്. ആളുകള്‍ എത്രമാത്രം പണക്കാരാകുന്നുവോ അത്രമാത്രം പിശുക്കരുമായി മാറുന്നു.
നല്ല കാര്യങ്ങള്‍ക്കുവേണ്ടി തനിക്കുനേരെ നീളുന്ന സഹായഹസ്തങ്ങളെ അവഗണിക്കുന്നവരാണ് ധനികരില്‍ ഏറിയപങ്കും. പത്തുപൈസ പോക്കറ്റില്‍നിന്നും നഷ്ടപ്പെടുകയെന്നാല്‍ അവര്‍ക്ക് നെഞ്ചുവേദന വരുന്നതിനുതുല്യവും. സംഭാവനകള്‍ പിരിക്കുന്നവരെ കണ്ടാല്‍ ഒഴിഞ്ഞുമാറുവാനുള്ള തത്രപ്പാടും. ധനികരെ കാടടച്ച്‌ വെടിവക്കുന്നില്ലാ.. നല്ല ധനികരും ഉണ്ട്. കഷ്ടപ്പാട് അനുഭവിച്ച് വളര്‍ന്നുവലുതായ ധനികര്‍ക്കേ മനസ്സില്‍ 'അലിവ്' എന്ന ഗുണം ഉണ്ടായിരിക്കുകയുള്ളൂ.
ഇവിടെ ഗള്‍ഫില്‍ ജോലിചെയ്യുന്ന ചില മഹാന്മാരുടെ സ്വഭാവം കണ്ടാല്‍ നമ്മള്‍ അമ്പരക്കും. നല്ല തസ്തികകളില്‍ ജോലി ചെയ്യുന്ന പലരിലും മാസാനവസാനമാവുമ്പോഴേക്കും പത്തിന്‍റെ പൈസ കാണില്ല. കിട്ടുന്ന ശമ്പളം ഏകദേശം പൂര്‍ണ്ണമായുംതന്നേ നാട്ടിലേക്ക് ചവിട്ടിവിടും. കൈയിലുള്ള തുച്ഛമായ പണം അരിഷ്ടിച്ച് ചിലവഴിക്കും. അവസാനം, നിസ്സാരശമ്പളക്കാരായ ലേബര്‍മാരില്‍നിന്നും ഉളുപ്പില്ലാതെ അമ്പതോ, നൂറോ ഒക്കെ കടംവാങ്ങി മാസം തള്ളിനീക്കും. ഇങ്ങനെ എച്ചിത്തരം കാണിക്കുന്ന കുറേപേരെ ഞാന്‍ കണ്ടിട്ടുണ്ട്. നായ നടുക്കടലില്‍പ്പോയാലും നക്കിയേ കുടിക്കൂ എന്നത് എത്ര വാസ്തവം!
കൈയില്‍ പൈസയേറുമ്പോള്‍ അതിനനുസരിച്ച് പിശുക്കും കൂടുന്ന ഈ പ്രതിഭാസത്തിന് കാരണം എന്തായിരിക്കും? ഭാവിയില്‍ ഒരു പണക്കാരനാവാന്‍ യോഗമുണ്ടാവുകയാണെങ്കില്‍ ചിലപ്പോള്‍ സ്വയം മനസ്സിലാവുമായിരിക്കും അല്ലേ?
എല്ലാവര്‍ക്കും ശുഭദിനം ആശംസിക്കുന്നു.
- ജോയ് ഗുരുവായൂര്‍

നിന്നിലെ ഞാന്‍!

നിന്നിലെ ഞാന്‍!

നിന്‍റെ നോക്കിലും വാക്കിലും
ഉടലിലും എന്നോടുള്ള
നിന്‍റെ പ്രണയത്തെ 
ഞാന്‍ തിരഞ്ഞുനടക്കുന്നു.
മനോഹരമായ കണ്ണുകളുടെ
ഓരോ ഇമവെട്ടലിലും
ചുണ്ടില്‍നിന്നുതിരുന്ന
മധുരമൊഴികളിലും
അതിന്‍റെ ഗദ്ഗദങ്ങളെങ്കിലും
കാണാതിരിക്കില്ലല്ലോ.
ഉടലിനേക്കാള്‍ എപ്പോഴും
തലഭാഗത്ത് കൂടുകൂട്ടാനാണ്
പൊതുവേ പ്രണയങ്ങള്‍
ഇഷ്ടപ്പെടുന്നതെങ്കിലും
നിന്‍റെയോരോ
ഉടലളവുകളില്‍പ്പോലും
ഞാനെന്‍റെ പ്രണയക്കൂടുകള്‍
തേടിനടക്കാറുണ്ട്.
- ജോയ് ഗുരുവായൂര്‍

ഫീലിങ്ങില്‍ തൊട്ടുകളിക്കരുത്!

ഫീലിങ്ങില്‍ തൊട്ടുകളിക്കരുത്!
വേണ്ടാ വേണ്ടായെന്നൊരു
നൂറുവട്ടം പറഞ്ഞതാ.. 
കേട്ടില്ലാ..
വെല്ലുവിളിയാണുപോലും..
നിന്‍റെ രക്തത്തിലോടുന്നത്
നമ്മുടെ ചോരയാണെങ്കില്‍
നിന്നെത്തൊട്ടുകളിച്ചവരെ
വച്ചേക്കില്ല പോലും..
രക്തം രക്തത്തേയറിയുന്നു..
രക്തബന്ധം ശ്രേഷ്ഠബന്ധം!
സമ്മതിക്കാതെ വയ്യാ...
ഇപ്പോഴെന്തായി?....
മനുഷ്യന് സ്വസ്ഥമായി ജീവിക്കാന്‍വരേ
സമയമില്ലാത്തപ്പോഴാണൊരു പ്രതികാരം.
ഒന്നോര്‍ത്താല്‍,
ശത്രുക്കളുടെ മനസ്സിന്‍റെയൊരു
കോണിലെങ്കിലും കാണും
നമ്മോടുള്ള സ്നേഹം.. നഷ്ടബോധം..
ചിലപ്പോള്‍ മിത്രങ്ങളേക്കാളുമേറെ!
പ്രസവിച്ചുപേക്ഷിച്ച അമ്മയ്ക്ക്
മകനെ കാണുമ്പോഴുണ്ടാകുന്ന വാത്സല്യം.
കാരണം,
സ്നേഹബന്ധങ്ങളത്രേ കാലാന്തരേ
ശത്രുതയെ ഗര്‍ഭം ധരിക്കുന്നത്.
ശത്രുക്കളായിരുന്നു നമ്മുടെ യഥാര്‍ത്ഥ മിത്രങ്ങള്‍
നമ്മുടെ മനസ്സറിയുന്നവര്‍,
നമ്മേപ്പറ്റി കരുതലുള്ളവര്‍...
അവരൊരിക്കല്‍ നമ്മളായിരുന്നു..നമ്മളവരും...
മിത്രങ്ങവളൊരുദിനം ശത്രുക്കാളായാല്‍
പക വെറും പുകഞ്ഞകൊള്ളിയാവണം.
നമ്മുടെ വൈകാരികതകളുടെ 'ബാന്നറില്‍'
അപരര്‍ എത്ര കളിച്ചാലും
നമ്മുടെയൊരു മുരടനക്കം പോലുമാവില്ലാ
നമ്മുടെ ദുഃഖങ്ങള്‍
നമ്മുടെ മാത്രം സ്വകാര്യതകളാകുന്നു
സന്തോഷങ്ങളും....
പ്രതികാരങ്ങള്‍ ഉണ്ടെങ്കിലുമത്
നമ്മുടേത്‌ മാത്രമായിരിക്കണം
ക്ഷമയില്‍ പൊതിഞ്ഞുവയ്ക്കാനൊട്ടും കഴിയില്ലെങ്കില്‍.
മകനായാലും മച്ചുനനായാലും
'ഫീലിങ്ങില്‍' തൊട്ടുകളിക്കരുത്.
ചിലര്‍ക്കതൊരു വിനോദമായിരിക്കാം
പക്ഷേ.. നമുക്ക് നഷ്ടമാകുന്നത്
നമ്മളെ സ്നേഹിക്കുന്ന ഒരാത്മാവിനെയാണ്.
- ജോയ് ഗുരുവായൂര്‍

വിശ്വാസമെന്നാല്‍...


വിശ്വാസമെന്നാല്‍ വെറും
ചേമ്പുപുഴുങ്ങിയതല്ലാ,
ചക്കക്കുരുവല്ലാ, 
മാങ്ങാത്തൊലിയുമല്ലാ..
വിശ്വാസമെന്നാല്‍.......
ചിന്തകള്‍ ചെയ്തികളോടും,
കണ്ണുകള്‍ കാഴ്ചകളോടും,
കാതുകള്‍ കേള്‍വികളോടും,
ചുണ്ടുകള്‍ വാക്കുകളോടും,
ഹൃത്തടം സ്നേഹത്തോടും,
സ്നേഹം പ്രിയത്തോടും,
മനസ്സ് മനസ്സാക്ഷിയോടും,
ശരീരം തലച്ചോറിനോടും,
സൗന്ദര്യം കുലീനതയോടും,
വ്യക്തിത്വം വ്യക്തിയോടും,
ഒടുവില്‍...
ഞാൻ നിന്നോടും,
നീ എന്നോടും,
നീതിപുലര്‍ത്തുന്നുണ്ടെന്ന,
സുഖമുള്ള തോന്നലാണ്.....
- ജോയ് ഗുരുവായൂര്‍

നിന്നുടെ വലയിലാണെന്‍ ജീവിതം

നിന്നുടെ വലയിലാണെന്‍ജീവിതം സഖേ,
നിന്‍റെ വലയത്തിലാണെന്‍റെ വിലയം.
ദൂരേ നിന്നന്നാദ്യം പുഞ്ചിരിച്ചു പിന്നെ,
മെല്ലേ ചിരിച്ചങ്ങു കാട്ടീ...
മാദകഹാസത്തില്‍ മയക്കി-യദൃശ്യമാം,
വലക്കണ്ണികളിലെന്നെ കുരുക്കീ...
നീയൊന്നു വൈകിയാല്‍,
നീയൊന്നു പിണങ്ങിയാല്‍
നീയൊന്നു വരാതിരുന്നാലതുമതി-
യൊരു ഭ്രാന്തന്‍ കുതിരയെപ്പോല്‍
പരക്കം പാഞ്ഞൊടുവിലെന്‍
ശ്വാസനിശ്വാസങ്ങള്‍ നിലച്ചീടുവാന്‍...
നിന്നുടെ വലയിലാണെന്‍ജീവിതം സഖേ,
നിന്‍റെ വലയത്തിലാണെന്‍റെ വിലയം .
നീയും ഞാനും സംവദിച്ചത്രയും
സംവദിച്ചതാരെന്നു ചൊല്ലുക നീ,
നിന്‍റെ ചിരികള്‍ക്ക് മങ്ങലേല്‍പ്പിക്കാതെ
കാത്തവരാരുണ്ട് മൊഴിയുക നീ
ഒരുതരി മണ്ണുനിന്‍ ദേഹത്തു വീഴുകില്‍
സടകുടഞ്ഞെന്നുംഞാന്‍ കാവല്‍നിന്നൂ.
തുച്ഛമായെന്നുടെ വരുമാനംകൊണ്ടുഞാന്‍
നിത്യവും നിന്നെഞാന്‍ കാത്തുവയ്ച്ചൂ,യിന്ന്.
നിന്നുടെ വലയിലാണെന്‍ജീവിതം സഖേ,
നിന്‍റെ വലയത്തിലാണെന്‍റെ വിലയം...
ഇണക്കവും പിണക്കവു-മായിരമനുദിനം
നമ്മുടെ വീഥിയില്‍ പൂത്തുനില്പ്പൂ,
പിണക്കമിണക്കമായ് മാറുവാനൊരുചിരി
മാത്രകള്‍ പോലുമേ വേണ്ടതില്ലേ..
നിന്‍റെ സ്നേഹവായ്പ്പിനാല്‍ ഞാനെന്നും
ഉറ്റവരെയെല്ലാം തഴഞ്ഞീടുന്നു
നിന്നുടെ വലയിലാണെന്‍ജീവിതം സഖേ,
നിന്‍റെ വലയത്തിലാണെന്‍റെ വിലയം...
നിന്‍മൃദുസ്പര്‍ശനം കൂടാതെയൊരുമാത്ര,
വര്‍ഷത്തിന്‍ ദൈര്‍ഘ്യങ്ങളേകിടുന്നു.
ഊണുമുറക്കവും നിനക്കായിയര്‍പ്പിച്ച
കാലങ്ങളെത്രയെന്നോര്‍മ്മയുണ്ടോ?
നിന്നെത്തലോടിത്തലോടിത്തഴമ്പിച്ചീ-
കൈകള്‍ കഴപ്പത് കാണ്മതുണ്ടോ?
നിന്നുടെ വലയിലാണെന്‍ജീവിതം സഖേ,
നിന്‍റെ വലയത്തിലാണെന്‍റെ വിലയം...
നിന്നുടെ താരയില്‍ താരകങ്ങളേപ്പോലെ,
ആയിരം പൂവുകള്‍ പൂത്തുനില്ക്കേ,
കാലം നരപ്പിച്ച മുഖവുമായ് നിന്നീടും
പാവം, ഈ ഭ്രാന്തനെ മറന്നീടല്ലേ.
കഷ്ടപ്പാടിന്‍റെ കെണിയിലാണെന്നാലും
'ഫോര്‍ ജി'യുടുപ്പൊന്നു വാങ്ങിത്തരാം.
നിന്നുടെ സാമീപ്യം മാത്രമതൊന്നുഞാന്‍
ജീവിതപുണ്യമായ് കണ്ടീടുന്നു.
നിന്നുടെ വലയിലാണെന്‍ജീവിതം സഖേ,
നിന്‍റെ വലയത്തിലാണെന്‍റെ വിലയം...
- ജോയ് ഗുരുവായൂര്‍
ഒന്നും നമ്മുടേതല്ലാ.....
=================
ഒന്നും നമ്മുടേതല്ലാ.....
ഈ ഭൂമിയിലുള്ള യാതൊന്നും 
നമ്മുടേതല്ലാ..
ശൈശവത്തിലിഴഞ്ഞുകളിച്ച
പഞ്ചാരമണലും,
ബാല്യത്തില്‍ വെള്ളംതെറിപ്പിച്ചുനടന്ന
പാടങ്ങളും,
എഴുത്തുമായ്ക്കാനായെടുത്തിരുന്ന
മഷിത്തണ്ടുകളും,
കൗമാരത്തില്‍ മുഖത്തുദിച്ച
മുഖക്കുരുക്കളും,
യൗവ്വനത്തില്‍, നോക്കി മന്ദസ്മിതംപൊഴിച്ച
മോഹനയനങ്ങളും,
വാര്‍ദ്ധക്യക്കൂട്ടിനായിവന്നിരുന്ന
ഊന്നുവടികളും,
എന്തിനേറേ......
കാലമിത്രയും ദേഹിയെ പേറിയ
ഈ ദേഹം പോലും
നമ്മുടേതല്ലാ...
എല്ലാം നമ്മുടേതാണെന്ന തോന്നല്‍
വെറുമൊരു തോന്നല്‍മാത്രം!
- ജോയ് ഗുരുവായൂര്‍