Sunday, August 14, 2016

ഗോള്‍ഡന്‍ സിക്സര്‍!

അവസാന ഓവറിലെ അവസാന പന്തെറിയാനായി അതാ നോണ്‍ സ്ട്രൈക്കെര്‍'സ് എന്‍ഡില്‍നിന്നും ബാംഗ്ലൂര്‍ യൂണിവേര്‍സിറ്റി ടീമിലെ മെലിഞ്ഞുതോട്ടിക്കോലുപോലെ തോന്നിപ്പിക്കുന്ന ഫാസ്റ്റ്ബൌളര്‍  പാഞ്ഞടുക്കുന്നു. കാലിക്കറ്റ് യൂണിവേര്‍സിറ്റിക്ക് ജയിക്കാനായി മൂന്ന്‍ റണ്‍ കൂടി ആവശ്യമുണ്ട്. സകല ക്രിക്കറ്റുദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ഞാന്‍ ബാറ്റുവീശി.

അടികൊണ്ട പന്ത്, കാലിക്കറ്റിന്‍റെ പ്രതീക്ഷകളും വഹിച്ചുകൊണ്ട് ഉയര്‍ന്നുപൊന്തി, ആരവംമുഴക്കുന്ന ആരാധകരുടെ ഇരിപ്പിടത്തെ ലക്ഷ്യമാക്കിയെന്നോണം പ്രയാണം തുടങ്ങി. പന്തിനെ എത്തിപ്പിടിക്കാനായി  എതിര്‍ടീമിലെ  ഒരു മൊട്ടത്തലയന്‍ഫീല്‍ഡര്‍ മിഡ്ഫീല്‍ഡില്‍നിന്നും റോക്കറ്റുപോലെ ബൌണ്ടറിയെ ലക്ഷ്യമാക്കി കുതിക്കുന്നു. നിമിഷനേരങ്ങള്‍ക്കുള്ളില്‍ എന്തുവേണമെങ്കിലും സംഭവിക്കാം. 'കപ്പിനും ചുണ്ടിനുമിടയില്‍ വിജയപരാജയങ്ങള്‍ നിന്നുഞെളിപിരികൊള്ളുന്ന നിമിഷങ്ങള്‍... പന്തിന്‍റെ പോക്ക് കാര്യമായി നിരീക്ഷിക്കാന്‍നില്ക്കാതെ ഞാനും കൂട്ടാളിയും ക്രീസില്‍ ആവുന്നത്ര റണ്‍ ഓടിയെടുക്കാനുള്ള നെട്ടോട്ടത്തിലും.

അതാ പന്തിന്‍റെ വായുവിലൂടെയുള്ള ആരോഹണം അവരോഹണത്തിനു വഴിമാറിയിരിക്കുന്നു. അതിന്‍റെ താഴേക്കുള്ള വരവുകണ്ടാല്‍ ഫീല്‍ഡര്‍ക്കു എത്തിപ്പിടിക്കാവുന്ന തരത്തില്‍ ഏകദേശം ബൌണ്ടറി ലൈനിന്‍റെ തൊട്ടകത്തോ, പുറത്തോ ആയി അത് പതിക്കുമെന്നുറപ്പ്. എന്തുവേണമെങ്കിലും സംഭവിക്കാം.  കാണികളുടെ ഹൃദയമിടിപ്പുകള്‍ ദ്രുതഗതിയിലാവുന്നത് അറിയുന്നു.  

ജീവന്‍ പണയംവച്ചുകൊണ്ടെന്നപോലെ  മൊട്ടത്തലയന്‍ പന്തിനുനേര്‍ക്ക് കുതിച്ചുചാടി, അത് കൈവശപ്പെടുത്തിയിരിക്കുന്നു... ഗാലറിയില്‍ വിജയപ്രതീക്ഷയോടെ ത്രസിച്ചുനിന്നിരുന്ന കാലിക്കറ്റിന്‍റെ മുഖം ഫ്യൂസായ ഹാലൊജന്‍ബള്‍ബ്‌ പോലെയായി. തൊണ്ടയില്‍ കുരുങ്ങിയതുപോലെ ആരവം പെട്ടെന്നുനിലച്ചു. ഞാന്‍ തലയില്‍കൈവച്ച് നിരാശനായി നിലത്തിരുന്നു.

പക്ഷേ.. ഒരു കൊടുങ്കാറ്റിന് മുമ്പുണ്ടാവാറുള്ള നിശബ്ദതയെ അനുസ്മരിപ്പിച്ചുകൊണ്ട് നിമിഷനേരത്തിനുള്ളില്‍ ചെകിടടപ്പിക്കുന്നരീതിയില്‍ കാലിക്കറ്റ് ആരാധകരുടെ ആരവം ഗാലറിയില്‍ വീണ്ടുമുയര്‍ന്നു. പന്ത് കൈക്കലാക്കാനുള്ള കുതിച്ചുചാട്ടത്തിന്റെ ആക്കത്തില്‍ നിയന്ത്രണംകിട്ടാതെ, പന്തുമായി ഫീല്‍ഡര്‍ ബൌണ്ടറിലൈന്‍ മുറിച്ചുകടന്നിരിക്കുന്നു. അമ്പയറുടെ രണ്ടുകൈകളും ആകാശത്തെ ലക്ഷ്യമാക്കി ഉയരുകയുംചെയ്തു. സിക്സര്‍!

ഞാന്‍ ചാടിയെഴുന്നേറ്റ് അഭിമാനബോധത്തോടെ വായുവില്‍ ബാറ്റു ചുഴറ്റി കാണികളെ അഭിവാദ്യം ചെയ്തു.

"അയ്യോ...ഈ  ഇബലീസ് ഇന്‍റെ മൂക്കിന്‍റെ പാലം തകര്‍ത്തല്ലോ.. അള്ളാ... ചോരാ.. "

ഒരലര്‍ച്ച കേട്ട് ഉറക്കത്തില്‍നിന്നും ഞെട്ടിയുണര്‍ന്ന ഞാന്‍ പുലരിയിലെ യഥാര്‍ത്ഥ്യത്തിലേക്കു കണ്ണുതുറന്നു. ഇതൊന്നുമറിഞ്ഞില്ലെന്ന ഭാവത്തോടെ ചാറ്റല്‍മഴയോടു ശൃംഗരിച്ചുകൊണ്ട് മാംഗളൂര്‍ എക്സ്പ്രസ് ഓടിക്കൊണ്ടേയിരിക്കുന്നു. തൊട്ടടുത്ത സീറ്റിലിരുന്നിരുന്ന ഒരു കോഴിക്കോടന്‍ കാക്ക, രക്തം കിനിയുന്ന തന്‍റെ മൂക്ക് പൊത്തിപ്പിടിച്ചുകൊണ്ട് ദേഷ്യത്തില്‍ കണ്ണുരുട്ടിക്കാണിക്കുന്നു. വിജയാഹ്ലാദത്തിന്‍റെ സ്വപ്നാവേശമേറ്റുവാങ്ങിയ തന്‍റെ വലതുകൈമുട്ടിന്‍റെ അതിരാവിലെയുള്ള ഒരു വീരപരാക്രമം!....

"അല്ലാ.. ഒന്നു ചോയ്ച്ചോട്ടേ.. ഇങ്ങക്ക് പിരാന്തുണ്ടോ?" എതിരേയിരുന്ന ഒരു വൃദ്ധന്‍റെ പ്രതികരണത്തില്‍ ദേഷ്യവും പരിഹാസവും.  

"ക്ഷമിക്കണം ചേട്ടാ..  കരുതിക്കൂട്ടിയല്ലാ..  ഞാന്‍ കാലുപിടിച്ചു മാപ്പുപറയാം.. അറിയാതെയൊന്ന്... "

"ഹും ഹും.. അറ്യാതെയോ.. നെഞ്ഞത്ത് ചവിട്ടീട്ട് മാപ്പുപറയണ പോല്യായി ഇത്... ഓന്റെ മൂക്കിന്‍റെ ഷെയിപ്പ് മാറീല്ല്യേന്നീം..." മൂക്ക്  തകര്‍ന്നായാളേക്കാള്‍ അസ്ക്കിത എതിരേയിരുന്ന വൃദ്ധനാണെന്നു തോന്നും. ഭാഗ്യത്തിന് പിന്നെ ആരും അതില്‍ക്കയറി ഇടപെട്ടില്ല. 

അവിടെ രൂപംകൊണ്ട കനത്ത മൗനത്തെ ഘനഘംഭീരമായൊരു ചൂളംവിളിയാല്‍ ഭേദിച്ചുകൊണ്ട്, പരശുറാം എക്സ്പ്രസ് ഫെറോക്ക്സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലേക്ക് ഇരച്ചുകയറി. ഇറങ്ങാന്‍നേരം രാവിലെത്തന്നേ വേദന തിന്നേണ്ടിവന്ന വിഷാദത്തോടെ,  തൂവാലകൊണ്ട്  മൂക്കുപൊത്തിയിരുന്നിരുന്ന ആ ഹതഭാഗ്യനുനേരെ ദയനീയമായി ഒന്നുകൂടി നോക്കി.  

ഫെറോക്കില്‍നിന്നും തേഞ്ഞിപ്പാലത്തുള്ള കോഴിക്കോട് സര്‍വ്വകലാശാലയിലേക്ക് ഏകദേശം 12  കിലോമീറ്റര്‍ കാണും. അതിനു രണ്ടുകിലോമീറ്റര്‍ മുമ്പായാണു എന്റെ കുടുംബത്തിലെ  ഒരു അമ്മാവന്‍റെ വീടുള്ളത്. അന്തര്‍സര്‍വ്വകലാശാല ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഫൈനലിന്  മൂന്നുദിവസം കൂടി  ബാക്കിയുണ്ട്. രണ്ടുദിവസം  യൂണിവേര്‍സിറ്റി കോച്ചിന്‍റെ പരിശീലനം. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ക്രിക്കറ്റ്ടീം ക്യാപ്റ്റനും ഓപ്പണിംഗ് ബാറ്റ്സ്മാനുമായ താനാണ് സര്‍വ്വകലാശാലയെ പ്രതിനിധീകരിക്കുന്ന  ടീമിലെ  'ഡി' സോണില്‍ നിന്നുമുള്ള മൂന്നംഗങ്ങളില്‍  ഒരാള്‍. ശക്തരായ ബാംഗ്ലൂര്‍ യൂണിവേര്‍സിറ്റിയാണ്  എതിരാളി. കോളേജിന്റെയും സോണിന്റെയും അഭിമാനം  കാത്തുസൂക്ഷിക്കുവാന്‍ നന്നായി പെര്‍ഫോം  ചെയ്തേ തീരൂ. ഫൈനല്‍  കഴിയുന്നതുവരെ  കോളേജിന്റെ തൊട്ടടുത്തുള്ള അമ്മാവന്‍റെ  വീട്ടില്‍ തങ്ങാമല്ലോ  എന്നതൊരു ഭാഗ്യം തന്നേ. 

ഫാത്തിമാ എന്നുപേരുള്ള ചുവപ്പുചായമടിച്ച ഒരു ബസ്സ് മുന്നിലെ സ്റ്റോപ്പില്‍ വന്നുനിന്നു. കോളേജ് വിദ്യാര്‍ത്ഥികളുടെ തിക്കുംതിരക്കും മൂലം ഇരിക്കാന്‍ പോയിട്ട് മര്യാദയ്ക്കൊന്നുനില്ക്കാന്‍പോലും ബസ്സില്‍  ഇടമില്ല. ഒരു സീറ്റിന്‍റെ  അരികുചാരി നിലയുറപ്പിച്ചു. പെട്ടെന്നുതന്നേ ആ സീറ്റിലിരുന്ന സുമുഖനും സമപ്രായക്കാരനുമായ ചെറുപ്പക്കാരന്‍ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.

"ഹല്ലാ... ആരിത്?!...  മാഷ്‌ ദേ ഇവടെയിരുന്നോ... "

ഒന്ന് മടിച്ചെങ്കിലും നിര്‍ബന്ധപൂര്‍വ്വമുള്ള ക്ഷണം സ്വീകരിച്ച് സീറ്റിലിരിക്കുമ്പോള്‍ മണ്മറഞ്ഞ ഓര്‍മ്മകളുടെ ഇരുണ്ട ശ്മശാനഭൂമിയില്‍ ആ ചെറുപ്പക്കാരന്‍റെ മുഖം തിരയുകയായിരുന്നു ഞാന്‍.. കോഴിക്കോട്ടുകാരുടെ പ്രസിദ്ധമായ ആതിഥ്യമനോഭാവത്തെക്കുറിച്ച് ഒരുപാടുകേട്ടിട്ടുണ്ട്. ഇതും അതിന്‍റെ ഒരു ലക്ഷണമായിരിക്കാം . 

"അബ്‌ടെ.. ടിക്കറ്റ്.. ടിക്കറ്റ്.. ടിക്കറ്റ്.."  തിരക്കിനിടയിലൂടെ വിദഗ്ദ്ധമായി ഊളിയിട്ടുകൊണ്ട് കണ്ടക്ട്ടര്‍ വന്നപ്പോള്‍ ഞാന്‍ ജീന്‍സില്‍നിന്നും ബുദ്ധിമുട്ടി പേഴ്സ് എടുത്തുതുറന്നു. അതില്‍ അഞ്ഞൂറിന്‍റെ നാല് നോട്ടുകള്‍ മാത്രം. ചില്ലറയില്ലാത്തതിനു കണ്ടക്ട്ടറുടെ പഴികേള്‍ക്കുമെന്നുറച്ചുതന്നേ അതിലൊരെണ്ണമെടുത്തു നീട്ടി.

"തെന്താ..നേരം ബെളിച്ചാവുമ്പോത്തന്നേ എല്ലാരുമിങ്ങനെ ബെല്ല്യെബെല്ല്യേ നോട്ടായിട്ട് എറങ്ങ്യാ, ബാക്കീള്ളോരെബ്ടുന്നാ പടച്ചോനേ ബാക്കി കൊട്ക്കാന്‍ ചില്ലറണ്ടാക്കാ?.. അല്ലാ.. ഞമ്മളിതിന്റെ ഒരു കസണം കീറിട്ത്ത് ബാക്കി തന്നാമത്യാ ങ്ങക്ക്?.. "  

കണ്ടക്ട്ടറുടെ ഹാസ്യത്തില്‍ച്ചാലിച്ച  പ്രതികരണം... അയാളെ നിസ്സഹായനായൊന്നുനോക്കുവാനല്ലാതെ ആ അവസ്ഥയില്‍ എന്തുചെയ്യാന്‍ കഴിയും? 

അരികില്‍ത്തന്നേ നിന്നിരുന്ന ആ ചെറുപ്പക്കാരന്‍ ഉടനേ തന്‍റെ കീശയില്‍ക്കിടന്ന പൈസ കൊടുത്ത് ടിക്കറ്റെടുത്തുനീട്ടി.

"സോറീട്ടോ ചില്ലറയില്ലാ....." നിസ്സഹായതയില്‍ ദയനീയതയും കുഴച്ചുചേര്‍ത്തുകൊണ്ടു ഞാന്‍..

"അത് സാരല്യാ മാഷേ.. ങ്ങള് ബേജാറാവാണ്ട്രിക്ക്.. " ഒരു പുഞ്ചിരിയോടെ എന്‍റെ തോളില്‍ത്തട്ടി അയാള്‍ പ്രതിവചിച്ചു.  

മറ്റുള്ള ജില്ലക്കാരേയപേക്ഷിച്ച് ഈ കോഴിക്കോടുകാരെല്ലാം എത്രയോ ഹൃദയവിശാലതയുള്ള മനുഷ്യരാണ്! തദ്ദേശവാസികള്‍ക്കും പ്രത്യേകിച്ച്  ആ യുവാവിനും ഞാന്‍ മനസ്സുകൊണ്ട് നന്മകള്‍നേര്‍ന്നു. ഏറുകണ്ണിട്ടുനോക്കിയപ്പോള്‍ ആ ചെറുപ്പക്കാരന്‍ തന്നെത്തന്നേ ശ്രദ്ധിച്ചുകൊണ്ട് നില്ക്കുകയാണെന്നു തോന്നി.      

ഇറങ്ങാനുള്ള സ്റ്റോപ്പ്‌ എത്തിയപ്പോള്‍ ഞാന്‍ എഴുന്നേറ്റ് ആ ചെറുപ്പക്കാരന് ഹസ്തദാനംനല്‍കി ഭവ്യതയോടെ പറഞ്ഞു.

"വളരെ നന്ദിയുണ്ട് ട്ടോ.. ഞാനിവിടെ ഇറങ്ങാണേ.. അപ്പോ മാഷിന്‍റെ പേരെന്താന്നാ പറഞ്ഞേ?"  

"ഹ ഹ ഹ ഇതാപ്പോ നന്നായേ.. അതിന ഞാന്‍ പേര് പറഞ്ഞിട്ടില്ലല്ലോ.. മാഷേ.. എനിക്കും ഇവിടെത്തന്ന്യാ ഏറങ്ങണ്ടത്.."

ആ നല്ല സമരിയാക്കാരനും എന്നോടൊപ്പം അവിടെയിറങ്ങി.

"അല്ലാ.. പേരു പറഞ്ഞില്ലാട്ടോ.. " തന്ന നോക്കി നിര്‍ന്നിമേഷനായി നിന്ന ആ ചെറുപ്പക്കാരനോട് ചോദിച്ചു.

"എന്‍റെ പേര് സൂരജ്... എന്‍റെ പേര് മാഷിന് ഓര്‍മ്മ വരുമോന്നുനോക്കുകയായിരുന്നു ഞാന്‍. വാ നമ്മുക്കവിടെ ഇരിക്കാം... " ഇരിക്കാനായി ബസ്റ്റോപ്പിലെ സിമന്റുബഞ്ചിലേക്ക് അയാള്‍ ക്ഷണിച്ചപ്പോള്‍ നിരസിക്കാനാവാതെ കൂടെച്ചെന്നു.

"ക്ഷമിക്കണം.. എവിടെവച്ചാണ്  അല്ലെങ്കില്‍ എങ്ങനെയാണ് സൂരജിനെയെനിക്ക് പരിചയമെന്ന്‍ എനിക്കോര്‍ക്കാന്‍ സാധിക്കുന്നില്ലാട്ടോ.. ഒന്നുപറയാമോ.. പ്ലീസ് ?" തന്‍റെ മുഖത്തുനിന്നും കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്ന സൂരജിനോട് ചോദിച്ചു.

"ഇതാപ്പൊ നന്നായേ.. അത്രപെട്ടെന്നു മറക്കാന്‍കഴിയുന്നൊരു ബന്ധമായിരുന്നില്ലല്ലോ നമ്മളുടേത്.. മാഷിനെങ്ങനെ ഇത്രയുംപെട്ടെന്നെന്നെ മറക്കാന്‍ കഴിഞ്ഞതെങ്ങനെയെന്നാ ഞാനാലോചിക്കുന്നത്.. ശെരിക്കൊന്നോര്‍ത്തു നോക്ക്യാട്ടേ.. നോക്കാലോ.. പുടികിട്ട്വോ ഇല്ല്യേന്ന് "

അയാളുടെ മുഖത്തൊരു നിഗൂഢതകലര്‍ന്ന ചിരിവിരിയുന്നതു ശ്രദ്ധിച്ചു. വീണ്ടും ഞാന്‍ പഴയ ഓര്‍മ്മകളുടെ അസ്ഥിപന്ജരങ്ങളില്‍ ആ  യുവാവിന്‍റെ മുഖം ചികഞ്ഞു.

"ഹോ.. പിടികിട്ടി..  ഭോപ്പാല്‍ ക്രിക്കറ്റ ക്യാമ്പില്‍ വച്ചുപരിചയപ്പെട്ട് കൂട്ടുകാരായ ഭോപ്പാല്‍ യൂണിവേര്‍സിറ്റി ടീമിലെ മലയാളി വിക്കറ്റ്കീപ്പര്‍ സൂരജ് സുബ്രമണ്യന്‍!... അങ്ങനെ വാ... " ചിരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

"അതാരാണാവോ ഈ സുബ്രമണ്യന്‍ സാമി ... നോ നെവര്‍... ഹ ഹ ഹ  ഒന്നുകൂടി ആലോചിച്ചു നോക്കൂ പഹയാ..."

ഇനി കൂടുതല്‍ ചിന്തിച്ചിട്ട് ഒരുകാര്യവുമില്ലെന്നുള്ള ബോദ്ധ്യം മനസ്സില്‍ ഭയത്തിന്‍റെ വിത്തുകള്‍ പാകുന്നതായി അനുഭവപ്പെട്ടു. കോഴിക്കോട്ടുകാരെക്കുറിച്ച് ധാരാളം നല്ലകാര്യങ്ങള്‍ പലരില്‍നിന്നും കേട്ടിരുന്ന കൂട്ടത്തില്‍ അപൂര്‍വ്വമായി ചില ചീത്തകാര്യങ്ങളും കേട്ടിരുന്നത് പെട്ടെന്നോര്‍ത്തു. എത്രയും പെട്ടെന്ന് അവിടെനിന്നും തടിയൂരുകയായിരിക്കും നല്ലതെന്ന തീരുമാനത്തില്‍ ഞാനെത്തി.

"സോറി.. സൂരജ്, എനിക്കുടനേ അമ്മാവന്‍റെ വീട്ടില്‍പ്പോയി കുളിച്ചുഫ്രെഷായി യൂണിവേര്‍സിറ്റി കോളേജ് ഗ്രൗണ്ടിലെത്തണം. നമുക്ക് പിന്നെക്കാണാംട്ടോ.. ബൈ.. താങ്ക്സ് ഫോര്‍ യുവര്‍ ടൈംലി ഹെല്പ്. ഗോഡ് ബ്ലെസ് യു.." ഞാന്‍ പോകാന്‍ തിടുക്കപ്പെട്ടു.

"ഹോ ഹോ.. അതെന്ത് പോക്കാ മാഷേ.. ഞാനും വരാം മാഷിന്‍റെകൂടേ. ഞാനിന്ന്‍ മൊത്തത്തില്‍ ഫ്രീയാണ്. എനിക്കുമൊരു ടൈംപാസ് ആവുമല്ലോ"
.
തികച്ചും അപ്രതീക്ഷിതമായി അയാള്‍ തന്നെ അനുഗമിക്കാനൊരുങ്ങി. തോളില്‍ കൈയിട്ടുകൊണ്ടു ഒപ്പം നടക്കാന്‍ തുടങ്ങിയ സൂരജിനെ പിന്തിരിപ്പിക്കാന്‍ അപ്പോഴത്തെ മാനസികാവസ്ഥയില്‍ ആവുമായിരുന്നില്ലാ.  

അമ്മാവന്‍റെ വീട്ടിലേക്കെത്താന്‍ ഏകദേശം പത്തുമിനിറ്റോളം കാടുംപടലവും നിറഞ്ഞ ഒറ്റയടിപ്പാതയിലൂടെ നടക്കേണ്ടതുണ്ട്. സൂരജ് വാതോരാതെ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നത് പൂര്‍ണ്ണമായി ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്തായിരിക്കും സൂരജിന്‍റെ മനസ്സിലിരുപ്പ്?.. ഇനി വല്ല മനോരോഗിയോ, സ്വവര്‍ഗ്ഗഭോഗിയോ, കള്ളനോ ആയിരിക്കുമോ?.. എന്തായാലും ഇയാളുടെ തികച്ചും അസാധാരണമായ ഈ പെരുമാറ്റം ശുഭസൂചകമല്ല. അന്യനാട്ടില്‍ താന്‍ കടുത്തൊരു പ്രതികരണം എടുത്താല്‍ അതിന്‍റെ ഭവിഷ്യത്ത് ചിലപ്പോള്‍ മോശമായിരിക്കുകയും ചെയ്യാം. ആലോചിച്ചിട്ട് ഭ്രാന്തു പിടിക്കുന്നതുപോലെ.  

തന്‍റെ മനോഗതങ്ങളെ തെല്ലുപോലും ഗൌനിക്കാനോ മനസ്സിലാക്കാനോ ശ്രമിക്കാതെ സൂരജ് വീണ്ടും എന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരുന്നു.

അമ്മായിയും മകള്‍ ജാസ്മിനും വീട്ടുമുറ്റത്തു തന്നെയുണ്ടായിരുന്നു. ഞങ്ങള്‍ നടന്നുവരുന്നത് ദൂരെനിന്നേ കണ്ട ജാസ്മിന്‍, അലക്കിയ തുണികള്‍ അയയില്‍  വിരിച്ചുകൊണ്ടിരുന്ന അമ്മായിയുടെ ശ്രദ്ധ വീട്ടുപടിക്കലേക്കു തിരിച്ചു വിട്ടു.

"അമ്മായീ... സുഖല്ലേ.. എന്തൊക്ക്യാ വിശേഷം? മഴ വരാനുള്ള ലക്ഷണോണ്ട്.. ഈ തുണ്യോക്കെ വിരിച്ചിടണത് ചെലപ്പോ വെര്‍ത്യാവും.."

ചിരകാലമായി അമ്മായിയെ പരിചയമുള്ളതുപോലുള്ള സൂരജിന്‍റെ സംസാരംകേട്ടപ്പോള്‍ അന്തംവിട്ടുപോയി.  മനസ്സില്‍ ഭീതിയും അങ്കലാപ്പും ദേഷ്യവും സങ്കടവും സമ്മിശ്രമായി അരങ്ങു തകര്‍ത്തു.

"ബാ മക്കളേ.. കോലായിലോട്ടിരിക്ക്.... സമീറ് നാളെ വരുംന്നാ ഞമ്മള് വിചാരിച്ചേര്‍ന്നേ... " ആരെ കണ്ടാലും വളരേ സ്നേഹത്തോടെ ഇടപഴകുന്ന ഒരു തനി കോഴിക്കോട്ടുകാരിയായ അമ്മായി മറ്റൊന്നും ചോദിക്കാതെ  ഇരുവരേയും അകത്തേക്കു ക്ഷണിച്ചു.  മുറ്റമടി തീര്‍ത്ത് കുശലം പറയാന്‍ ജാസ്മിനും വന്നു.

"മഴയൊക്കെയല്ലേ അമ്മായീ.. ഒരു ദിവസം മുമ്പേത്തന്നെ പോരാമെന്നുകരുതി. ങാ.. ജാസ്മിന്‍ നിന്‍റെ പരീക്ഷയൊക്കെ കഴിഞ്ഞോ? റിസള്‍ട്ട് വരുമ്പോള്‍ ന്യൂസ്പേപ്പറില്‍ തലയൊക്കെ കാണുമല്ലോ അല്ലേ?.. "  ഞാന്‍  ജാസ്മിനോടു ചോദിച്ചു.

"പിന്നല്ലാതെ.. ജാസ്മിന്‍ പരീക്ഷയൊക്കെ തകര്‍ത്തെഴുതീട്ട്ണ്ട്... ല്ലേ.. ജാസ്മിന്‍?  ഇനി ന്യൂസ്പ്പേപ്പറില്‍ ഫോട്ടോ വന്നേയൊക്കൂങ്കില്‍ നമുക്കു വഴീണ്ടാക്കാം.. എന്തേ?.. ഹ ഹ ഹ.. ങാ പിന്നേയ് കുറച്ച് വെള്ളം ഇങ്ങട്ട് എടുത്തോ.. ദാഹിച്ചിട്ടുവയ്യാ.."

ജാസ്മിന്‍ മറുപടി പറയുന്നതിനും മുമ്പ് സൂരജ് ഇടയ്ക്കു കയറിപ്പറഞ്ഞതുകേട്ടു ദേഷ്യം വന്നു നിയന്ത്രണം പാലിക്കാതെ നിവൃത്തിയില്ലല്ലോ.    

വെള്ളമെടുക്കാനായി ജാസ്മിന്‍ അകത്തേക്കു പോയതക്കം നോക്കി ഞാന്‍ സൂരജിനോടു ചോദിച്ചു..

"സൂരജ്..  നിങ്ങളാരാണ്‌.. എന്തിനാണ് എന്നെയിങ്ങനെ ബുദ്ധിമുട്ടിക്കുന്നത്‌.. പ്ലീസ് ദയവായി എന്നെയൊന്നു ഒഴിവാക്കാമോ.. ഞാന്‍ വേണേല്‍ കാലുപിടിക്കാം.. ഇവരൊക്കെ പാവങ്ങളാ.. മാത്രമല്ലാ ആണുങ്ങളായി മറ്റാരുമിവിടെയില്ലതാനും... പ്ലീസ് ഭായ്.. പ്ലീസ്..."

"ഛെ.. സുഹൃത്തേ നിങ്ങളെന്തിനാണിത്ര ബേജാറാവുന്നത്?.. ഇതൊക്കെ ഞങ്ങള്‍ കോഴിക്കോടുകാരുടെ മാമൂലുകളല്ലേ.. ഞാനായിട്ടു മാഷിനൊരു കൊഴപ്പോം ഉണ്ടാക്കില്ല പോരേ?.. അതേയ്.. കൂട്ടുകാരാവുമ്പോള്‍ കുറച്ചൊക്കെ വിശ്വാസവും മര്യാദയുമൊക്കെ വേണ്ടേ?.. ഇതൊരുമാതിരി... ഹും"

അവന്‍ മറുപടി പറഞ്ഞപ്പോഴേക്കും ജാസ്മിന്‍ വെള്ളവുമായി വന്നു.    
ദിവസങ്ങളായി വെള്ളമേ കാണാത്തവനെപ്പോലെ ജാസ്മിന്‍ കൊണ്ടുവന്ന രണ്ടു ഗ്ലാസ്സു വെള്ളവും ഒന്നിനു പിറകേ മറ്റൊന്നായി സൂരജ് കുടിച്ചു. എനിക്ക് വെള്ളമെടുക്കാനായി ജാസ്മിന്‍ വീണ്ടും അകത്തേക്കു പോയപ്പോള്‍ സൂരജ് എന്നെ നോക്കി ഒന്നു കണ്ണിറുക്കി. അതിന്‍റെ അര്‍ത്ഥം മനസ്സിലാവാതെ ഞാന്‍ വിയര്‍ത്തു.

എന്താണാവോ ഈ മനുഷ്യന്‍റെ ഉദ്ദേശ്യമെന്നോര്‍ത്തുള്ള അങ്കലാപ്പില്‍ ഇരിക്കുമ്പോള്‍ അമ്മായി ചായയുമായി വന്നു.

"മക്കളേ.. ചായ കുടീന്‍.. "

"നല്ല ചായ.. രാവിലെ പലഹാരൊന്നും ഉണ്ടാക്കീല്ലേ അമ്മായി?" സൂരജ് ഒരു ഉളുപ്പും കൂടാതെ ചോദിച്ചതു കേട്ട് എന്‍റെ നെറ്റി ചുളിഞ്ഞു. തന്നെക്കൊണ്ട്  അവസാനമിവന്‍ വല്ല കടുംകൈയും ചെയ്യിപ്പിക്കുമോയെന്ന് മനസ്സില്‍ ശങ്ക തോന്നി.

"ഉണ്ടല്ലോ..റൂമാലി റൊട്ടിയും നല്ല കോയിക്കറീം ഉണ്ടല്ലോ.. ആദ്യം നിങ്ങള് പോയി ദേ ആ കൊളത്തില്‍ കുളിച്ചു വരൂ... അപ്പോയേക്കും എല്ലാം റെഡിയാവും.."

അമ്മായിയുടെ ആതിഥ്യം അതിരുകവിഞ്ഞൊഴുകി.

"ആഹാ കൊളത്തില് കുളിച്ചിട്ടു കാലമിശ്ശിയായി.. അമ്മായി ഒരു തോര്‍ത്തുമുണ്ടിങ്ങട് തന്നേ.. ശരിക്കുമൊന്നു മുങ്ങിക്കുളിച്ചിട്ടുതന്നെ കാര്യം.. "

"എടാ പാപീ... ഇവനെക്കൊണ്ടു തോറ്റല്ലോ.. മിക്കവാറും ആ കുളത്തിലെങ്ങാനുമിവനെ മുക്കിക്കൊല്ലേണ്ടി വരുമെന്നാ തോന്നുന്നേ.." എനിക്ക്  വീണ്ടും  ദേഷ്യം  വന്നു.

സൂരജ് വളരെ ഉത്സാഹത്തോടെ കുളത്തില്‍ നീന്തിത്തുടിക്കുന്നത് നോക്കി നില്ക്കാനേ നീന്തലറിയാത്ത എനിക്ക് കഴിഞ്ഞുള്ളൂ.

"ഇങ്ങിറങ്ങി വാ മാഷേ.. നീന്തലൊക്കെ ഞാന്‍ പഠിപ്പിച്ചു തരാം.. "    സൂരജിന്‍റെ ക്ഷണം കേട്ടില്ലെന്നു നടിച്ച് ഞാന്‍ കടവില്‍നിന്നു കുളിച്ചു. ചിലപ്പോള്‍ ഇവന്‍ തന്‍റെ അന്ത്യം തന്നെ സംഭവിപ്പിച്ചേക്കാം. ഞാനെന്‍റെ ദുര്‍വിധിയെ പഴിച്ചു.

"കേട്ടോ ജാസ്മിക്കുട്ടീ... ഇവന്  നീന്തല്‍ അറിയില്ലാത്രേ.. ഹ ഹ ഹ.. എന്തൊരു മോശം അല്ലേ.? ഇക്കാലത്തു നീന്തലറിയാത്ത വല്ലോരുമുണ്ടാവുമോ? കഷ്ടം.. "  

കുളിച്ചുവന്നവഴി സൂരജ് പറഞ്ഞതുകേട്ട് ജാസ്മിന്‍ ചിരിച്ചു. മുറപ്പെണ്ണിന്‍റെ മുന്നില്‍വച്ച് തന്നെ പരിഹസിച്ചതു വേറെ നിവൃത്തിയില്ലാതെ സഹിക്കേണ്ടി വന്നു. അവന്‍റെയൊരു ജാസ്മിക്കുട്ടി പോലും... കള്ളന്‍...

മേശയില്‍ അമ്മായി നിരത്തിയിരുന്ന വിഭവങ്ങള്‍ കണ്ണുംമൂക്കുമില്ലാതെ സൂരജ് വെട്ടിവിഴുങ്ങാന്‍തുടങ്ങി. തീരുമ്പോള്‍ത്തീരുമ്പോള്‍ മാമിയും ജാസ്മിനും അവനു വിളമ്പിക്കൊണ്ടേയിരുന്നു. നിസ്സഹായതയുടെ ആള്‍രൂപമായി ഞാന്‍ ഇരുന്നു.

"ശരി മാമീ.. ഞങ്ങളപ്പോള്‍ ഇറങ്ങട്ടേ.. കോളേജിലെ പ്രാക്ടീസ് കഴിഞ്ഞ് ഞാന്‍ വൈകീട്ട് തിരിച്ചു വരാംട്ടോ.." കോളേജിലേക്കു പോകാനായി ഞാന്‍ തയ്യാറായി.

"വാ സൂരജ്.. പോകാം.. " വീടിന്‍റെ തിണ്ണയില്‍ പേപ്പര്‍ വായിച്ച് മലര്‍ന്നുകിടക്കുന്ന സൂരജിനെ വിളിച്ചു.

"ഹോ.. ഇപ്പോത്തന്നെ പോണോ മാഷേ?.. ഭക്ഷണം കഴിച്ചവഴി എനിക്കിത്തിരിനേരം റസ്റ്റ്‌ വേണേ.. മാഷ്‌ക്ക് ധൃതിയുണ്ടേല്‍ നേര്‍ത്തേ വിട്ടോളൂ.. ഞാന്‍ പുറകേ വന്നോളാം."

അമ്പടാ.. നിന്നെയങ്ങനെ വെറുതേ വിട്ടാല്‍ പറ്റില്ലാ.. ദേഷ്യം സഹിക്കവയ്യാതെ ഞാന്‍ചെന്ന് അവന്‍റെ കൈ ശക്തിയായി പിടിച്ചുവലിച്ചു കൊണ്ടുപറഞ്ഞു.

"ഡാ മടിയാ.. എണീക്കെടാ.. മര്യാദയ്ക്കിപ്പോ എന്‍റെ കൂടെ വന്നോ? അല്ലെങ്കില്‍ ഇവിടെ ചവിട്ടിക്കൂട്ടും ഞാന്‍.. "

സുഹൃത്തുക്കള്‍ തമ്മിലുള്ള പിടിവലികണ്ട് ജാസ്മിന്‍ പൊട്ടിച്ചിരിച്ചു.

"മോനേ സമീ.. ഓനവിടെ കെടന്നോട്ടേഡാ.. നീ പോയി വാ.. ഞങ്ങള്‍ക്കൊന്ന് മിണ്ടാനും പറയാനും ഒരാളായല്ലോ... " മാമി പറഞ്ഞു. അവര്‍ പറയുന്നത്  ന്യായമല്ലേ എന്ന മുഖഭാവത്തോടെ  അവനും. എനിക്കങ്ങ് അരിശം അരിച്ചുകയറി.

"അങ്ങനിപ്പോ ഇവനിവിടെ കെടക്കണ്ടാ..." ഞാന്‍ സൂരജിനെ വലിച്ചെഴുന്നേല്‍പ്പിച്ചു. മാമിയുടെ കൈയില്‍നിന്നും വണ്ടിക്കൂലിക്കുള്ള ചില്ലറയും  വാങ്ങി അധികം താമസിയാതെത്തന്നെ ഒരുവിധത്തില്‍ സൂരജിനെയും കൊണ്ടു വീട്ടില്‍നിന്നും ഇറങ്ങി.

എന്തുപറഞ്ഞിട്ടും കേട്ട ഭാവം നടിക്കാതെ ഒന്നും വ്യക്തമായി തുറന്നുപറയാതെ ശരിക്കും ഒരു ഇത്തിള്‍ക്കണ്ണിപോലെ സൂരജ് എന്നെ ഗ്രസിച്ചുനിന്നു. വല്ലാത്തൊരു മാരണമാണല്ലോ തന്‍റെ തലയില്‍ കയറിയിരിക്കുന്നത് എന്നോര്‍ത്ത് എനിക്ക് കോഴിക്കോടുകാരോട് മൊത്തത്തില്‍ത്തന്നേ ഈര്‍ഷ്യ തോന്നി.    

യൂണിവേര്‍സിറ്റി  സ്പോര്‍ട്സ് ഹോസ്റ്റലിലെ ഡ്രസ്സിംഗ്റൂമില്‍ പോയി പ്രാക്റ്റീസിനുള്ള യൂണിഫോം ധരിച്ചശേഷം ഞാന്‍ എന്‍റെ നിഴലുപോലെ കൂടെയുണ്ടായിരുന്ന സൂരജിനെ ക്രിക്കറ്റ്ഗ്രൌണ്ടിലേക്ക് ക്ഷണിച്ചു.      

"സമീര്‍.. ഈ ഭ്രാന്തന്‍കളി കാണുന്നതുതന്നേ എനിക്കിഷ്ടല്ലാ.. ഗ്രൗണ്ടില്‍ വന്ന് നട്ടാറവെയിലുംകൊണ്ട് ഞാന്‍ ഉണങ്ങിപ്പൊക്കോട്ടേന്നോ?"

"എന്നാ താന്‍ സ്ഥലം കാലിയാക്ക്.. ദാ പിടിച്ചോ രാവിലെ നീ ടിക്കറ്റെടുത്തതിന്റെ പൈസ.. ഇനി ഈ ബന്ധവും പറഞ്ഞ് എന്‍റെ പിറകിലെങ്ങാനും വന്നാലുണ്ടല്ലോ.. കൊല്ലും ഞാന്‍.. മനുഷ്യന്‍റെ ക്ഷമയ്ക്കൊക്കെ ഒരതിരുണ്ട്‌.. ങാ..."   പോക്കറ്റില്‍ നിന്നും ഒരു ഇരുപത്  രൂപയെടുത്തുനീട്ടി ദേഷ്യത്തോടെ ഞാന്‍ പറഞ്ഞു.

"ഹേയ്... എന്താ മാഷേ ഇങ്ങനോക്കെ  ചൂടാവാന്‍?.. അതിനൊക്ക്വോളം ഞാനിപ്പോ എന്താ ചെയ്തേ?.. ങ്ങള് പോയി പ്രാക്ടീസ് ചെയ്തോളീന്നേയ്.. ക്രിക്കറ്റിനേപ്പറ്റി കുറ്റംപറഞ്ഞത് പിടിച്ചില്ലാല്ലേ?.. സോറി സോറി.. എന്‍റെ കളിതമാശകള്‍ നിന്നെകൊറേ ഹര്‍ട്ട് ചെയ്തെങ്കില്‍ ദയവായി ക്ഷമിക്കണേ . നല്ലൊരു സുഹൃത്തല്ലേ എന്നു കരുതിയാ.. അല്ലാതെ... "      

പെട്ടെന്നു വിഷാദം സ്ഫുരിക്കുന്ന ഭാവത്തോടെ സൂരജ് പ്രതികരിച്ചപ്പോള്‍ എനിക്ക് വല്ലായ്മ തോന്നി.    

"അതുപിന്നേ.. വല്ലാതെയെന്നെ ഇറിറ്റേറ്റ് ചെയ്തപ്പോള്‍.. സാരല്യ പോട്ടേ.. എനിക്കു സൂരജിനെ ഒരു പരിചയവും ഇല്ലാ.. എന്നിട്ടും ഞാന്‍ ഇതേവരെ സഹിച്ചില്ലേ?.. ഇനിയെങ്കിലും എന്നെ വിട്ടൊന്നു പൊയ്ക്കൂടെ സുഹൃത്തേ..." ഞാന്‍ പറഞ്ഞു.

"സമീര്‍.. അതു മാത്രം പറയരുത്.. എനിക്കിപ്പോ മാഷില്ലാതെ പറ്റില്ലാ.. ഏതോ ജന്മത്തില്‍ ചിലപ്പോള്‍ നമ്മള്‍ സുഹൃത്തുക്കള്‍ ആയിരിക്കണം.. ഈ ജന്മത്തിലും അതു തടരണമെന്നാണ് ഞാനാഗ്രഹിക്കുന്നത്... പ്ലീസ് എന്നോടിങ്ങനെ ഒരിക്കലും ദേഷ്യപ്പെടല്ലേ.. മാഷിനു ഞാനൊരു ബുദ്ധിമുട്ടാവില്ല... പോകാന്‍ മാത്രം പറയരുത്.. " സൂരജ് നിന്നു വിതുമ്പി..

'ദൈവമേ..  ഇതു വല്ലാത്തൊരു കുരിശായല്ലോ... എങ്ങനെയാണു ഇതൊന്നു ഒഴിവാക്കുക.. എത്ര ചോദിച്ചിട്ടും അവനെക്കുറിച്ചൊന്നും വിട്ടു പറയുന്നുമില്ല.' ഞാനാകെ ആശയക്കുഴപ്പത്തിലായി.

"മാഷേ.. മാഷ്‌ കളിക്കാന്‍ പൊക്കോളൂ.. ഞാന്‍ മാമിയുടെ വീട്ടിലേക്കു പോയി അവിടെ കാത്തിരുന്നോളാം.. മാഷ്‌ വേഗം വരണേ.. " അവന്‍ പോകാന്‍ തുനിഞ്ഞു വാതിലിലേക്ക് നടന്നു.

'ഹോ.. ഇതൊരു നടയ്ക്കു പോകുന്ന കേസല്ലല്ലോ.. ഒന്ന് അനുകമ്പകാണിച്ചപ്പോള്‍ പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തതുപോലെയങ്ങ്  തകര്‍ക്കുകയോ?!... ഇതങ്ങനെ വെറുതേവിട്ടാല്‍ പറ്റില്ലാ.. ഇവന്‍റെ ഈ നടപടിക്കുപിന്നില്‍ തീര്‍ച്ചയായും എന്തോ നിഗൂഢത ഉണ്ട്."      

"സൂരജ്.. നീയിപ്പോള്‍ അങ്ങനെ എന്‍റെ മാമിയുടെ വീട്ടിലേക്കു പോകുന്നില്ലാ.. മര്യാദയ്ക്കു എന്‍റെകൂടെ ഗ്രൌണ്ടിലേക്കു വന്നോ.. അല്ലെങ്കില്‍ നിന്‍റെ വീട്ടിലേക്കുതന്നേ പോ.. സോറി.. എനിക്കിനി നിന്നെ താങ്ങാന്‍ വയ്യാ.. ജന്മത്തിലെന്നല്ലാ  അടുത്ത ജന്മത്തില്‍വരേ നിന്നേപ്പോലെയുള്ള ഒരു കൂട്ടുകാരനെ എനിക്കു വേണ്ടേ വേണ്ടാ.. ഐ ആം റിയലി ഫെഡ് അപ്പ്.. പ്ലീസ് ഗെറ്റ് ലോസ്റ്റ്‌... " എനിക്ക് നിയന്ത്രണം വിട്ടു.

"ഓഹോ.. അതുശരി.. വിരട്ടാണോ? വേണ്ടാട്ടോ.. പാവമല്ലേയെന്നുകരുതി ഇതേവരെ ഞാനങ്ങുക്ഷമിച്ചു. വല്ലാതെ കളിച്ചാലുണ്ടല്ലോ.. മര്യാദയ്ക്കിവിടേന്നു തൃശ്ശൂരിലേക്കു മടങ്ങിപ്പോവില്ലാ.. ഞാനെവിടെ പോകണം പോകണ്ടാന്നുതീരുമാനിക്കുന്നത് ഇയാളല്ലാ.. മനസ്സിലായോ?.. ഇയാളിയാളുടെ കാര്യം നോക്ക്..  ഞാന്‍ പോകുന്നു."

സൂരജില്‍ പെട്ടെന്നുണ്ടായ ഭാവമാറ്റം കണ്ട് തലക്കടിയേറ്റവനെപ്പോലെയായി ഞാന്‍.. അയാള്‍ വീണ്ടും പുറത്തേക്ക് പോകാന്‍ തുനിഞ്ഞു. ഓടിച്ചെ ന്ന് സൂരജിന്‍റെ കൈയില്‍പ്പിടിച്ചു വലിച്ചുകൊണ്ടു പറഞ്ഞു.

" നിക്കെടായവിടെ..അങ്ങനെ നീയിപ്പോ നിനക്കിഷ്ടമുള്ളിടത്തേക്കു പോകേണ്ടാ..  "

സൂരജ് അതിനെ പ്രതിരോധിക്കാന്‍ തുടങ്ങിയതോടെ മല്‍പ്പിടുത്തമായി. സാമാന്യം തന്റെ നിയന്ത്രണത്തില്‍ ഒതുങ്ങാത്ത വിധത്തില്‍ താരതമ്യേന മെലിഞ്ഞിരുന്ന സൂരജ് ഒരു കാളക്കൂറ്റന്‍റെ ശക്തിയാര്‍ജ്ജിച്ചുകുതറി. മാത്രമല്ലാ എന്നെ ആക്രമിക്കാനും തുടങ്ങി. നിവൃത്തിയില്ലാതെ ഞാന്‍ ഒരു ക്രിക്കറ്റ് ബാറ്റ് എടുത്ത് അവന്‍റെ തലയ്ക്കിട്ടുതന്നെ ഒന്നുകൊടുത്തു. തലപിളര്‍ന്ന്  ചോരചീറ്റിക്കൊണ്ട് സൂരജ് ഒരാര്‍ത്തനാദത്തോടെ നിലത്തുവീണുപിടഞ്ഞു. ഡ്രെസ്സിംഗ് റൂമാകെ ചോരപ്രളയമായി. ഞാന്‍ അമ്പരപ്പോടെ ചുറ്റുംനോക്കി.

തന്‍റെനേര്‍ക്ക് ആരൊക്കെയോ പാഞ്ഞുവരുന്നതുപോലെ എനിക്ക് തോന്നി. കൈയിലുള്ള ബാറ്റ് വലിച്ചെറിഞ്ഞുകൊണ്ടു ഞാന്‍ എങ്ങോട്ടെന്നില്ലാതെ പാഞ്ഞു.

"അയ്യോ... അമ്മേ... ഞാന്‍ ചത്തേ...  ഹയ്യോ.. ഓടിക്കോടാ... ഭൂമികുലുക്കം...   ഹോസ്റ്റല്‍ ബില്‍ഡിംഗ് ദാ തകര്‍ന്നു വീഴുന്നേ... "

ആകെ ബഹളമയം..

ആരോ ഒരാള്‍ സ്വിച്ച് കണ്ടുപിടിച്ചു ലൈറ്റ് തെളിയിച്ചു. തലേ ദിവസത്തെ നൈറ്റ്‌ പ്രാക്ടീസ് കഴിഞ്ഞു സ്പോര്‍ട്സ് ഹോസ്റ്റല്‍ മുറിയിയിലെ തറയില്‍ പായ് വിരിച്ചുറങ്ങിക്കിടന്നിരുന്ന സഹകളിക്കാര്‍ ഞെട്ടിയുണര്‍ന്നപ്പോള്‍ കണ്ടത് കണ്ണുകള്‍ ഇറുക്കിയടച്ചുകൊണ്ടു ഭ്രാന്തനെപ്പോലെ നിന്നുകിതയ്ക്കുന്ന തങ്ങളുടെ ക്യാപ്റ്റനെ. നെഞ്ചിലും വയറ്റത്തും ചവിട്ടുകൊണ്ടു രണ്ടു മൂന്നുപേര്‍ കിടന്നുഞെരുങ്ങുന്നു.  

"എന്തുപറ്റിയളിയാ?.. എന്തായിതൊക്കെ?!.." ഭയപ്പാടോടെ വിനോദ്കുമാര്‍ ചോദിച്ചു. അപ്പോഴാണ്‌ ഞാന്‍ കണ്ണുതുറന്നു സ്ഥലകാലബോധം വീണ്ടെടുക്കുന്നത്.
               
"സോറി... അയാം വെരി സോറി..  നാളെ രാത്രി പുറപ്പെടുന്നതിനുപകരം  ഞാനിത്തിരി നേരത്തേയങ്ങു കാലിക്കറ്റ് യൂണിവേര്‍സിറ്റിവരെ പോയളിയാ.."

മേശയിലിരുന്ന കൂജയില്‍നിന്നും തണുത്തവെള്ളം മോന്തിക്കുടിച്ച് ദീര്‍ഘനിശ്വാസം വിട്ടുകൊണ്ടു ഞാനതുപറയുമ്പോഴും എന്റെ കണ്ണുകള്‍ ഞാനറിയാതെ അവിടെ സൂരജിനെ തിരയുന്നുണ്ടായിരുന്നു..

- ജോയ് ഗുരുവായൂര്‍

1 comment:

  1. എന്റെ പൊന്ന് ചേട്ടാ.എന്നെ നിങ്ങൾ ടെൻഷനടിപ്പിച്ച്‌ കൊന്നേനേല്ലോ!!!!!!!

    ReplyDelete