Sunday, August 14, 2016

മൗനം... വാചാലം!....

മൗനങ്ങളെന്നാല്‍ വാചാലങ്ങളുടെ മുട്ടകളാണ്. അടയിരുന്നടയിരുന്ന്, ഒടുവിലവ വിരിഞ്ഞാണ് മൗനങ്ങള്‍ വാചാലങ്ങളായി പുറത്തുവരുന്നത്.
വാചാലങ്ങള്‍ക്ക് മഴവില്ലിന്‍റെ നിറമാണ്, കൈതപ്പൂവിന്‍റെ ഗന്ധമാണ്, കാട്ടാറിന്‍റെ കളകളാരവമാണ്... പാല്‍നിലാവിന്‍റെ ശോഭയാണ്. പ്രത്യക്ഷത്തില്‍ മൗനങ്ങള്‍ക്ക് ഇവയൊന്നും അവകാശപ്പെടാനില്ലാ.
മൗനങ്ങളേക്കാള്‍ വാചാലങ്ങളോടാണ് മിക്കവര്‍ക്കും മമത.
ഒരിക്കല്‍ വാചാലങ്ങളായി രൂപാന്തരപ്പെട്ട മൗനങ്ങള്‍ പിന്നീടെപ്പോഴെങ്കിലും ആകസ്മികമായി വീണ്ടും മൗനത്തിന്‍റെ തോടുകള്‍ക്കുള്ളിലേക്കു വലിയാന്‍ ശ്രമം നടത്തുന്നത് കാണുമ്പോള്‍ സൂക്ഷിക്കേണ്ടതുണ്ട്. വളരേ അപകടകരമായൊരവസ്ഥയുടെ മുന്നോടിയായിരിക്കാവുന്ന ഒരു മുന്നറിയിപ്പായിരിക്കുമത്.
ഒരിക്കല്‍ പുറംതോട് തകര്‍ന്നുപോയ മൗനങ്ങളെ എത്രതന്നെ പുനര്‍നിര്‍മ്മിച്ചാലും അതില്‍നിന്നും ഇടയ്ക്കിടെ വാചാലതയുടെ കിനിവുകള്‍ വിങ്ങലുകളായി പുറത്തേക്കൊലിച്ചിറങ്ങി ദുര്‍ഗന്ധം വമിപ്പിച്ചുകൊണ്ടേയിരിക്കും. വിശ്വപ്രശസ്തമായ താജ്മഹലിലെ ഇനിയും കണ്ടുപിടിക്കാനാവാത്തൊരു സൂക്ഷ്മസുഷിരത്തില്‍നിന്നു ഇറ്റുവീഴുന്ന നീര്‍ത്തുള്ളികളെപ്പോലെ...
അപകര്‍ഷബോധത്തിന്‍റെ ചുട്ടുകട്ടകളും നിരാശയില്‍ നീറ്റിയ ചുണ്ണാമ്പും ദുഖത്തിന്‍റെ കണ്ണീര്‍ക്കണങ്ങളുമാലാണ് മൗനച്ചുമരുകള്‍ പണിതിരിക്കുന്നത്. വിങ്ങലുകള്‍ കിനിഞ്ഞുതുടങ്ങിയ അത്തരം മൗനങ്ങളെ ഭയന്നേ തീരൂ. വാചാലതയുടെ സകലഭാവങ്ങളും ഒരിക്കല്‍ അനുഭവിച്ചറിഞ്ഞവരാണവര്‍!
കണ്മുന്നില്‍കാണുന്നത് കണ്ടില്ലെന്നുനടിച്ചും, കേള്‍ക്കുന്നതൊന്നും കേട്ടില്ലെന്നുവരുത്തിയും ഉള്ളില്‍ തിളയ്ക്കുന്ന ലാവയെ അമര്‍ത്തിവച്ചുമാണ് വാചാലതയുടെ പത്തിയടക്കി ആ മൗനങ്ങള്‍ സ്വരൂപത്തില്‍ നിലകൊള്ളാന്‍ പാടുപെടുന്നത്. ഒരു സുനാമിക്കുമുമ്പുള്ള സാഗരത്തിന്‍റെ ഉള്‍വലിവ്...
അപകടഭീതിയുള്ള അണക്കെട്ടില്‍നിന്നെന്നപോലെ, അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളുടെ തള്ളലില്‍ അപ്രതീക്ഷിതമായി ഷട്ടറുകള്‍ തകര്‍ത്തവ കണ്മുന്നിലുള്ളതൊക്കെ നിമിഷനേരംകൊണ്ട് ഒഴുക്കിക്കളഞ്ഞേക്കാം.
കാരാഗൃഹത്തിലുള്ള മൗനങ്ങള്‍...
കൊടുങ്കാറ്റിനെ ഗര്‍ഭംധരിച്ചവര്‍.. സംഹാരരുദ്രര്‍!...
പൊട്ടിക്കാത്ത ആറ്റം ബോംബുകള്‍.. കാര്‍മേഘപാളിയിലൊളിച്ചിരിക്കുന്ന ഇടിമിന്നലുകള്‍..
പുകയുന്ന അഗ്നിപര്‍വ്വതങ്ങള്‍...
കൊടുങ്കാറ്റിനുമുമ്പുള്ള ശാന്തതയാണ് തടവിലാക്കപ്പെട്ട മൗനങ്ങളുടെ മുഖമുദ്ര.
തിരിച്ച് ഗോദായിലിറങ്ങുന്ന ചില മൗനങ്ങള്‍ ചാവേറുകളായി സ്വയം പൊട്ടിത്തെറിക്കാനും മതി... സൂക്ഷിക്കുക... സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടാ..  
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment