Monday, August 15, 2016

അമരമീ പ്രണയം

കാട്ടിലെ മാനിന്‍റെ തോലു കൊണ്ടുണ്ടാക്കി
മാരാര് പണ്ടൊരു ചെണ്ടാ...
എന്ന കവിതയുടെ വൃത്തമായ "മാരകാകളി" വൃത്തത്തില്‍ ഞാന്‍ രചിച്ച കവിത
അമരമീ പ്രണയം
===============
കെട്ടിക്കിടക്കുന്ന ഓടയോരത്താരോ
എന്നോ പൊഴിച്ചെന്നെ വിത്തായ്
പൊട്ടിമുളച്ചു ഞാന്‍,വേരു കിളിര്‍ത്തപ്പോള്‍
കണ്ണുതുറന്നൊന്നു നോക്കി
മാലിന്യക്കൂട്ടങ്ങള്‍ കുന്നായ്ക്കിടക്കുമാ
കാഴ്ചകള്‍ കണ്ടു ഞാന്‍ ഞെട്ടി
ദുര്‍ഗന്ധപൂരിതമാം അവശിഷ്ടങ്ങള്‍
ചുറ്റിലും വന്നുനിറഞ്ഞു
ശ്വാസമെടുക്കുവാന്‍, ചില്ലകള്‍ നീര്‍ത്തുവാന്‍
പറ്റാതെ ഞാന്‍ വീര്‍പ്പുമുട്ടി
ഏതോ പ്രഭാതത്തിലെന്നുടെ ചില്ലയില്‍
മൊട്ടുപോലെന്തോ കുരുത്തു
സൂര്യനൊരുദിനം ആ കുഞ്ഞുമൊട്ടിനെ
മെല്ലേ തഴുകിവിടര്‍ത്തി
പൂവിന്‍സുഗന്ധം സ്വദിച്ചൊരാ വണ്ടുകള്‍
തേനുണ്ണുവാന്‍ പറന്നെത്തി
പേടിച്ചരണ്ടു ഞാന്‍ ചില്ലകള്‍ വീശിയാ-
വണ്ടുകളെ ദൂരെ മാറ്റി
എത്രനാളീവിധം നില്ക്കുവാനൊക്കുമോ-
യെന്നു ചിന്തിച്ചൂ,ഭയന്നൂ
അന്നെന്‍ സമീപത്തിലെന്നെ രക്ഷിക്കുവാന്‍
വന്നു നീ,യെന്റെ സൌഭാഗ്യം!
പങ്കത്തില്‍നിന്നു ഞാന്‍ പുഞ്ചിരി തൂകവേ
ഇഷ്ടത്തോടെത്തി നീ വേഗം
ഏറെ മോഹിച്ചു ഞാന്‍ നിന്‍റെ സാമീപ്യവും
തൊട്ടുതലോടലുമേല്ക്കാന്‍
വാരിയെടുത്തെന്നെ മാറോടണച്ചു നീ
ചുംബനം കൊണ്ടു പൊതിഞ്ഞു.
വേരോടെടുത്തെന്നെ നിന്നുടെ സുന്ദര -
മന്ദിരമൊന്നിലായ് വച്ചു
ഏറെക്കരുതലും സാന്ത്വനവര്‍ഷവും
നീയെനിക്കെന്നെന്നുമേകി
പങ്കിലമായൊരെന്‍ ചില്ലകളൊക്കെ നീ
മെല്ലേ വെടിപ്പാക്കി വച്ചു
വെട്ടിത്തിളങ്ങുന്ന ചില്ലിന്റെ പാത്രത്തില്‍
സാമോദമെന്നെ വളര്‍ത്തി
നിന്നുടെ സ്നേഹാതിരേകത്തിന്‍ ഛായയില്‍
ഞാനേറ്റം സംതൃപ്തയായി
നിന്നുടെ പുഞ്ചിരി കാണുവാനായെന്നും
പൂവുകളെന്നും വിടര്‍ത്തി
സ്നേഹം ലഭിക്കാതെ സ്നേഹം ലഭിച്ചപ്പോള്‍
ഞാനെന്നെയാകെ മറന്നു
നിന്‍റെ ശ്വാസങ്ങളെന്‍ നിശ്വാസമാകുവാ-
നെപ്പോഴും ഞാനും മോഹിച്ചു
നിന്നെക്കാണാത്തൊരു മാത്ര വന്‍ദുഃഖമായ്,
ആവില്ലാ കാത്തുനിന്നീടാന്‍
തീവ്രമാമെന്റെ പ്രണയക്കൊടുങ്കാറ്റില്‍
നീയുമൊന്നാടിയുലഞ്ഞു
സ്നേഹിച്ചതൊന്നുമേ പോരെന്ന വാശിയില്‍
നിന്നോട് ഞാനും കയര്‍ത്തു
തെറ്റുകളോരോന്നു ജീവിതത്താരയില്‍
ചീറ്റി ഫണങ്ങളുയര്‍ത്തി
എന്നിട്ടും നീയെന്നെ കൈവിട്ടുപോവാതെ
ഹൃത്തിലായ് ഭദ്രമായ്‌ വച്ചു
കോപാന്ധയായൊരു നാളൊന്നില്‍ നിന്നെ ഞാന്‍
നിഷ്‌ഠൂരനെന്നു വിളിച്ചു
എന്നിട്ടുമെന്നെ നീ ആശ്വാസവാക്കുകള്‍
കൊണ്ടങ്ങു മൂടിയതോര്‍പ്പൂ
ഓരോദിനത്തിലുമെന്റെ ധാര്‍ഷ്ട്യത്തിന്റെ
മൊട്ടുകള്‍ ദുഃഖം പരത്തി
ഒട്ടും സഹിക്കാതെയെന്നെ നീ നിര്‍ദ്ദയം
മാലിന്യക്കൂട്ടിലെറിഞ്ഞു
വീണ്ടുമെന്‍ ജീവിതത്താരയില്‍ നിത്യവും
കാര്‍വണ്ടിന്‍ കൂട്ടങ്ങള്‍ മൂളി
ഹുങ്കു നിറഞ്ഞൊരെന്‍ മാനസത്തില്‍നിന്നു
വങ്കത്തരങ്ങളൊഴിഞ്ഞു
മറ്റുമാര്‍ഗ്ഗങ്ങളില്ലാതെന്നെ നിര്‍ദ്ദയം
തള്ളിക്കളഞ്ഞുവെന്നാലും
എന്‍ പ്രിയാ, നിന്നോടു ചെയ്തവയൊക്കെയും
മാപ്പാക്കി വന്നെന്നെ പുല്കൂ
അത്രയ്ക്കു നിന്നെയെന്‍ ജീവന്‍റെ ജീവനാ-
യിപ്പൊഴും സ്നേഹിച്ചിടുന്നു.
- ജോയ് ഗുരുവായൂര്‍

സ്നേഹച്ചങ്ങല

"ആറുമണിക്ക് ഓഫീസ് കഴിഞ്ഞിറങ്ങിയിട്ട് ഇതേവരെ നിങ്ങളെവിടെയായിരുന്നുവെന്നാണെനിക്കറിയേണ്ടത്... "
"ഇതേവരെയോ?!.... എടീ അത്... ഇപ്പൊ ആറേമുക്കാലല്ലേ ആയുള്ളൂ.. ഈ സമയത്തിനുള്ളില്‍ ഞാനെങ്ങോട്ടുപോകാനാ സന്ധ്യേ.. ദേ ഇങ്ങോട്ട് തിരിയുന്ന വളവില്‍വച്ച് നമ്മുടെ തോമാച്ചേട്ടനെ കണ്ടു. കുറേ കാലായി ചേട്ടനോടൊക്കെയൊന്നു സംസാരിച്ചിട്ട്. മകന്‍ എഞ്ചിനീയറിംഗ് ഫൈനല്‍ ഇയര്‍ ആണത്രേ.. നമ്മുടെ തറവാട്ടിലെ തെങ്ങുകയറ്റം കഴിയുമ്പോള്‍ സ്ഥിരമായി തേങ്ങ പൊളിക്കാന്‍ വന്നിരുന്ന കക്ഷിയാ.. മൂത്തവളിപ്പോ നര്‍സിംഗ് പഠിച്ച് അമേരിക്കയിലാണ് പോലും... "
"ഹോ.. തുടങ്ങി നുണ പറച്ചില്‍.. ഓക്കേ.. ഒരാളോട് സംസാരിക്കാന്‍ എത്ര നേരം വേണം?.. ഒരഞ്ചു മിനിറ്റ്.. ഏറിമറിഞ്ഞാല്‍ പത്ത്.. ആറേ ഇരുപതിന് എന്നും വീട്ടിലെത്തുന്ന നിങ്ങള്‍ ബാക്കി അരമണിക്കൂര്‍ എന്തുചെയ്യുകയായിരുന്നു എന്ന് പറയൂ...കുറേ കാലമായി നിങ്ങളെന്നെ പറ്റിക്കാന്‍ നോക്കുന്നു.. ഇപ്രാവശ്യം ഞാന്‍ ക്ഷമിക്കുമെന്നു നിങ്ങള്‍ കരുതേണ്ടാ.. മനുഷ്യനിവിടെ നിങ്ങളിപ്പോ വരൂലോ എന്നും കാത്ത് കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്നു... നിങ്ങളോ.. കണ്ണീക്കണ്ട ജന്തുക്കളുമായി ആടിനടക്കുന്നു.. എനിക്കെന്തു വിലയാണ് നിങ്ങള്‍ തന്നിരിക്കുന്നത്.. ഈ അവഗണന മാത്രം... എന്താ ഇങ്ങനെ അവഗണിച്ചു കൊല്ലാനാണോ എന്നെ കല്യാണവും കഴിച്ച് ഇങ്ങോട്ട് കൊണ്ടുവന്നിരിക്കുന്നത്... അതോ നിങ്ങളുടെ കള്ളക്കഥകളൊക്കെ വിശ്വസിച്ച് എപ്പോഴും ചിരിച്ചുകാണിക്കുന്ന ഒരു സത്യവതിയെയാണോ നിങ്ങള്‍ എന്നില്‍നിന്നും പ്രതീക്ഷിക്കുന്നത്? രണ്ടിലൊന്ന് എനിക്കിപ്പോ അറിയണം...ഹും..."
"എന്‍റെ സന്ധ്യക്കുട്ടീ... എനിക്ക് നീ ജീവനായിരുന്നെങ്കിലും, എന്നെത്തന്നെ കെട്ടണം.. അല്ലെങ്കില്‍ ആത്മഹത്യ ചെയ്തുകളയും എന്നൊക്കെ നീത്തന്നെയല്ലേ നിന്‍റെ അച്ഛനെ വിരട്ടി ഈ കല്യാണം നടത്തിച്ചത്?.. അല്ലെങ്കില്‍ റെയില്‍വേ പോര്‍ട്ടര്‍ ആയ നിന്‍റെ മുറച്ചെറുക്കന്‍ കോന്തന്‍ നിന്നെയങ്ങു കേട്ട്യേനെ... എന്നിട്ടിപ്പോ ഞാനാണ് ഇതിനു കാരണം എന്നു പറയുന്നുവോ? അല്ലെങ്കിലും ഇത്രയൊക്കെ പറയാനായിട്ട് എന്താപ്പോ ഇവിടെയുണ്ടായേ? ഞാനൊരു അരമണിക്കൂര്‍ വൈകി.. അതിനെന്താ.. അതില്‍ തലപോകുന്ന കേസുകെട്ടുകള്‍ ഒന്നുമില്ലല്ലോ?... ആണുങ്ങളായാല്‍ ചിലപ്പോള്‍ പല കാര്യങ്ങളിലും ഇടപെടേണ്ടതായി വരും.. അത്തരമോരോന്നിനും ഭാര്യയോടു കണക്കുപറയണമെന്നു പറഞ്ഞാല്‍ ശ്ശി പാടാണേ.. സന്ധ്യേ.. വെറുതേയെന്നെ നീ ദേഷ്യം പിടിപ്പിക്കേണ്ടാ.. എന്‍റെ ബിപി കൂട്ടാതെ നിനക്ക് ഒരുദിവസം പോലും കഴിയാനാവില്ലെന്നു വച്ചാല്‍ വല്ല്യ കഷ്ടം തന്നെയാണുട്ടോ... പണ്ടാരമടങ്ങാന്‍..."
"ങാ... ഇപ്പോ ഞാന്‍ നിങ്ങള്‍ക്കൊരു വേസ്റ്റ് ആയി... കല്യാണം കഴിഞ്ഞ കാലത്തൊക്കെ എന്തായിരുന്നൊരു സ്നേഹം... അവിടേന്നങ്ങോട്ട് അത് നിന്നു. ഇപ്പൊ നിങ്ങള്‍ക്കെന്നെ സ്റ്റൈല്‍ പിടിക്കില്ലാ.. മിണ്ടിയാല്‍ ഞാനൊരു സംശയരോഗി... അല്ലേ? ഇങ്ങനെപ്പോയാല്‍ മിക്കവാറും താമസിയാതെ നിങ്ങളെന്നെയൊരു ഭ്രാന്തിയാക്കും.. എന്‍റെ തലവിധി... ഒന്നു ചത്തുകിട്ടാന്‍ വേണ്ടി എന്താണ് ഭഗവതീ ഞാന്‍ ചെയ്യേണ്ടത്?... എന്‍റെ ജീവിതം തകര്‍ന്നേ... നിങ്ങളത് തകര്‍ത്തു... നിങ്ങളുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് വേണ്ടി എന്തിനാ എന്‍റെ ജീവിതം നിങ്ങള്‍ നശിപ്പിച്ചത്? പറയൂ... എന്തിനെന്നെ നശിപ്പിച്ചു?.. "
"പിന്നേ... നിന്‍റെ ജീവിതം നശിച്ചു... എപ്പോഴും നിന്‍റെ മൂഡ്‌ ശരിയാക്കി വയ്ക്കാനുള്ള ശ്രമങ്ങളില്‍ ശരിക്കും എന്‍റെ ജീവിതമാണ് തകര്‍ന്നത്. ഓഫീസ് വിട്ടാല്‍ വീട്.. വീട് വിട്ടാല്‍ ഓഫീസ്.. നാല് കൊല്ലമായില്ലേ നിന്നെ പരിചരിച്ചും സന്തോഷിപ്പിച്ചും നിന്റെ നിഴല് പോലെ ഞാന്‍ നടക്കുന്നു? ഇല്ലേന്ന്... ഒരു വര്ഷം.. ഒരു വര്ഷം മാത്രം.. അതിനുശേഷം ഈ അവസാന മൂന്നു വര്‍ഷത്തിനുള്ളില്‍ എന്നെങ്കിലുമൊരിക്കല്‍ നീയെനിക്കൊരു മനസ്സമാധാനം തന്നിട്ടുണ്ടോ? എന്തെങ്കിലും പറഞ്ഞുചൊറിയാത്ത ഒരു ദിവസമെങ്കിലും നമ്മുടെയിടയില്‍ ഉണ്ടായിട്ടുണ്ടോ? കഷ്ടം... എന്‍റെ ജീവിതം നേര്‍ച്ചപ്പെട്ടിയില്‍ ഇട്ടതുപോലായല്ലോ ഭഗവാനേ...എന്നെ എത്രയും പെട്ടെന്നൊന്നു മുകളിലേക്കെടുക്കാന്‍ കനിവുണ്ടാകണേ"
"ഹും.... നിങ്ങളെ വിശ്വസിച്ച് നിങ്ങളുടെകൂടെ ജീവിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട എന്നെത്തന്നെ പറഞ്ഞിട്ടേ കാര്യമുള്ളൂ... ദൈവമേ ഇങ്ങനെയൊരു നീചനെയാണല്ലോ നീയെനിക്കുവേണ്ടി തന്നത്... ഇതിലും ഭേദം കല്യാണമേ ഇല്ലാതിരിക്കുന്നതായിരുന്നല്ലോ.. ഈ ആണ്‍വര്‍ഗ്ഗം തന്നെ ഇങ്ങനെയാണ്. ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയുന്ന ജന്മങ്ങള്‍... ശവങ്ങള്‍.. പോ എന്‍റെ മുന്നീന്ന്.. എനിക്കിനി നിങ്ങളെ കാണേണ്ടാ... പോ..."
"എടീ നീയെന്തിനാ അനാവശ്യമായി ഇങ്ങനെ ചൂടാവുന്നേ?..അതിനുമാത്രം എന്തുണ്ടായി ഇവിടെ? സത്യത്തില്‍ ഇന്ന് ജെയിംസിന്റെ വിവാഹവാര്‍ഷികമായിരുന്നു... അതിന്റെ സന്തോഷത്തില്‍ വരുന്ന വഴി ഒരു ബീയര്‍ അടിക്കാന്‍ കേറാമെന്നു പറഞ്ഞപ്പോള്‍.. ഒരു പത്തിരുപതു മിനിറ്റ് വൈകി.. അതിനാണോ നീയിങ്ങനെ ചന്ദ്രഹാസം ഇളക്കുന്നത്.. ചവിട്ടിക്കൂട്ടും ഞാന്‍.. എന്നെ നിനക്കറിയില്ല... എന്‍റെ സ്വഭാവം എനിക്ക് തന്നെ പിടിക്കാതിരിക്കുകയാ... അതിനിടയില്‍ ചൊറിയാന്‍ വന്നാലുണ്ടല്ലോ.... ചവിട്ടിക്കൂട്ടി ചമ്മന്തിയാക്കി നിന്‍റെ തന്തേടെ മുന്നില്‍ കൊണ്ടുപോയി വലിച്ചെറിയും ഞാന്‍.. കുറേ കാലമായി നീയെന്നെ കൊരങ്ങു കളിപ്പിക്കുന്നു... എനിക്ക് സൌകര്യമില്ല നിന്‍റെ ഒരടിമയായി ജീവിക്കാന്‍.. ക്ഷമയുടെ നെല്ലിപ്പടിയും കഴിഞ്ഞു നില്ക്കുകയാ ഞാന്‍... ശവം... നിന്റെയൊരു ഫിഷ്‌ ടാങ്ക്.. ഇതിലെ മീനുകളെപ്പോലെ നീയെന്നെ ചില്ലിന്‍കൂട്ടിലിട്ടു വച്ചോ... അതിനു എന്നെക്കിട്ടില്ലാ.. ഉണ്ടല്ലോ നിന്‍റെ പുന്നാര ആങ്ങള... പെണ്‍കോന്തന്‍... അവനെപ്പോലെ ഞാനുമാവണമെന്നുള്ള ചിന്തയുണ്ടെങ്കിലേയ്.. അതങ്ങ് കോത്താഴത്തു പറഞ്ഞാല്‍ മതീട്ടോ.. നീയൊന്നും ജീവിതത്തില്‍ ആണത്തമുള്ള ആണുങ്ങളെ കണ്ടിട്ടില്ലാ... അതിന്‍റെ കുഴപ്പാ... നാശം..."
" കണ്ടോ കണ്ടോ നുണ പൊളിഞ്ഞത്... തോമാച്ചേട്ടനും കോമാച്ചേട്ടനും... വായീത്തോന്നീത് പറഞ്ഞു പറ്റിക്കാന്‍ ഞാനൊരു വിഡ്ഢിയാണെന്ന് നിങ്ങള്‍ ധരിച്ചുപോയി.. കണ്ടില്ലേ ഇപ്പൊ സത്യം മണിമണി പോലെ പുറത്തു വന്നത്.. പ്രേമിച്ചു നടന്നതടക്കം അഞ്ചാറുവര്‍ഷമായി നിങ്ങളെന്നെ പറ്റിക്കുന്നു. ഞാനെന്താ വെറുമൊരു മണ്ടിയാണെന്നു നിങ്ങള്‍ കരുതിയോ? മിനിഞ്ഞാന്ന് നിങ്ങള്‍ പറഞ്ഞു ബോസിന്‍റെ കുട്ടിക്ക് രക്തം കൊടുക്കാനായി പോയതാണെന്ന്. പിന്നീട് നിങ്ങളുടെ വായില്‍നിന്നും തന്നെ വീണു ആ കുട്ടിയുടെ രക്തം നിങ്ങളുടെ ഗ്രൂപ്പല്ലായെന്ന്.. അത് ചോദിച്ചപ്പോള്‍ വീണ്ടും ഉരുണ്ടുകളി.. എനിക്കുമുണ്ട് അത്യാവശ്യം ലോകവിവരങ്ങളൊക്കെ.. എന്നെ ഇങ്ങനെ മണ്ടിയാക്കി നിങ്ങള്‍ക്ക് സന്തോഷിച്ചു ജീവിക്കാമെന്നാണോ നിങ്ങള്‍ കരുതിയിരിക്കുന്നത്?.. അത് സന്ധ്യയോടു വേണ്ടാ കേട്ടോ.. കണ്ടു ഞാന്‍ നിങ്ങളുടെ ജീമെയിലില്‍ പ്രാണസഖിയുടെ പിറന്നാള്‍ ആശംസകള്‍.. ഹോ എന്താ ഒരു ഒലിപ്പീര്... ചേട്ടാ... ചേട്ടന് സുഖല്ലേ.... ആരോഗ്യം ശ്രദ്ധിക്കണേ.. ഹോഓഓ.. എനിക്ക് ഭ്രാന്താവുന്നേ...എന്‍റെ ഭഗവതീ ഇങ്ങനെയൊരു കള്ളജന്മത്തെയാണല്ലോ നീയെനിക്ക് തുണയായി തന്നത്.."
"ഹലോ.. നീ വല്ലാതെ കളിക്കേണ്ടാ.. പറഞ്ഞല്ലോ ഞാന്‍.. നിനക്ക് വിവരമില്ലെങ്കില്‍ നീ വിവരമുള്ളവര് പറേണത് കേള്‍ക്കാ... ഇക്കാലത്ത് രോഗിക്ക് ആവശ്യമുള്ള അതേ ഗ്രൂപ്പ് രക്തം തന്നെ കൊടുക്കണം എന്നൊന്നുമില്ല. കൊടുക്കുന്ന രക്തത്തിന് പകരം ബ്ലഡ് ബാങ്കിന് ഏതെങ്കിലുമൊരു ഗ്രൂപ്പിലെ ബ്ലഡ് വേണമേന്നേയുള്ളൂ. നീയൊക്കെ ഇപ്പോഴും ജാംബവാന്റെ കാലത്താണ് ജീവിക്കുന്നത്. നിന്‍റെ അടിമയായി എന്നെ നീയിനി പ്രതീക്ഷിക്കേണ്ടാ... നിന്നോടുള്ള പ്രിയം എനിക്ക് നഷ്ടമായി.. നീത്തന്നെയതു നഷ്ടമാക്കി... രമ എനിക്കൊരു പെങ്ങളെപ്പോലെയാണ്.. അവളെനിക്കു പിറന്നാള്‍ സന്ദേശം മാത്രമല്ലാ.. ചോക്കലേറ്റും വാങ്ങിത്തന്നിരുന്നു.. എന്താ കുഴപ്പം?.. നീ പോയി കേസ് കൊടുക്ക്‌... ഹല്ലാപ്പിന്നെ... നിന്‍റെ തന്തയുണ്ടല്ലോ.. ആ ഫല്‍ഗുനന്‍... അയാളുടെ ഗുണം എന്തായിരുന്നുവെന്ന് എനിക്കറിയാം... ആ സ്വഭാവം നീയെന്‍റെ നേര്‍ക്ക്‌ ആരോപിച്ചാലുണ്ടല്ലോ.. വെട്ടിനുറുക്കും ഞാന്‍.. ഇനിയെനിക്ക് ക്ഷമിക്കാനാവില്ല.. നീ വേണേല്‍ എന്നെ ഉപേക്ഷിച്ചോളൂ... ഒരിക്കലും മനസ്സമാധാനം തരാത്ത.. എന്ത് ചെയ്താലും സംശയിക്കുന്ന ഒരു ഭാര്യയേ എനിക്കിനി വേണ്ടാ... ഞാന്‍ നല്ലവനാണെന്ന ബോധം എനിക്ക് മാത്രം മതി... നിന്‍റെ സര്‍ട്ടിഫിക്കറ്റ് എനിക്കിനി വേണ്ടാ... ശവം...ത്ഫൂ...!@#$%^&"
"കുറേക്കാലമായി അതുമിതും പറഞ്ഞ് നിങ്ങളെന്നെ പറ്റിക്കുന്നു.. ഇനിയെന്നേ അതിനു കിട്ടുമെന്നു കരുതേണ്ടാ.. നിങ്ങളുടെ മുഖം തന്നേ ഒരു കള്ളലക്ഷണമാണ്.. എന്നെങ്കിലും നിങ്ങളെന്നോടു സത്യം പറഞ്ഞിട്ടുണ്ടോ? എപ്പോഴും ഓരോ ഉരുണ്ടുകളികള്‍.. എന്നെ കാന്‍സര്‍ പോലെ കാര്‍ന്നു തിന്നുകയാണ് നിങ്ങള്‍.. തിന്നുതിന്നു ഞാനിപ്പോള്‍ ഒരുപാട് ക്ഷീണിച്ചുപോയി.. ഇനിയുമിവിടെ നിന്നാല്‍ നിങ്ങളെന്നെ കൊല്ലും... നിങ്ങളും നിങ്ങടെ കൂട്ടുകാരും കൂട്ടുകാരികളുമായി നിങ്ങള്‍ ആര്‍മ്മാദിക്കൂ... സന്തോഷമായി ജീവിക്കൂ... നിങ്ങളുടെ ആടിക്കുഴച്ചിലിനു ഞാനിനിയൊരു തടസ്സമാകില്ലാ... എന്നത്തേയും പോലെ ഇനിയെന്നെ വിളിക്കാന്‍ വന്നിട്ടുണ്ടെങ്കിലുണ്ടല്ലോ.. പോലീസില്‍ പറഞ്ഞ് സ്ത്രീ പീഡനത്തിനു കേസെടുപ്പിക്കും ഞാന്‍ ഓര്‍ത്തോ.. വൃത്തികെട്ടവന്‍.. ഇങ്ങനെയൊരു വൃത്തികെട്ട ജന്മത്തെ ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. നാശം പിടിച്ചവന്‍.."
"എടീ എങ്ങോട്ടാ നീയിപ്പോ പോണേന്ന്?.. അതിനുമാത്രം ഞാനെന്തു തെറ്റ് ചെയ്തു?.. കല്യാണം കഴിഞ്ഞതുമുതല്‍ ഇന്നേവരെ വല്ലകാര്യത്തിനും നിന്നെ ഞാന്‍ സംശയിച്ചിട്ടുണ്ടോ? ഡിഗ്രിക്ക് പഠിക്കുമ്പോ നീ പ്രേമിച്ച ആ കോന്തനെപ്പറ്റി ഞാന്‍ നിന്നോട് ചോദിച്ച് ഭ്രാന്താക്കാറുണ്ടോ?.. അവന്‍ നിനക്കയക്കുന്ന സീസണല്‍ മേസേജസിനെക്കുറിച്ച് ഞാന്‍ സംശയം പറയാറുണ്ടോ? നിനക്ക് തോന്നുമ്പോഴൊക്കെ നിന്‍റെ കൂട്ടുകാരികളുടേയും വീട്ടുകാരുടേയുമൊപ്പം തോന്നിയിടങ്ങളിലേക്ക് പോയി, തോന്നിയ സമയത്ത് കയറിവരുന്നതില്‍ ഞാന്‍ വല്ല അസ്ക്കിതകളും പ്രകടിപ്പിച്ചിട്ടുണ്ടോ?.. ഇല്ലാ... ഞാന്‍ നിന്നെ ഒരു മനുഷ്യജന്മമായി കാണുന്നുവെന്നല്ലേ അതിന്‍റെയൊക്കെയര്‍ത്ഥം? എന്നാ നീയോ?...ഞാന്‍ ബാത്ത്രൂമില്‍ പോയി വരാന്‍ വൈകിയാല്‍വരെ സംശയിക്കുന്ന ഒരു നികൃഷ്ട ജന്മമല്ലേ?.. ഭാര്യഭര്‍ത്താക്കന്മാര്‍ തമ്മില്‍ ഏറ്റവും കൂടുതല്‍ വേണ്ടത് പരസ്പര വിശ്വാസമാണ്. ഇതെന്നല്ലാ ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം വിശ്വാസം തന്നെയാണ്. അതില്ലെങ്കില്‍ ഒരിക്കലും സ്നേഹം എന്ന വികാരം വില പോകുകയില്ലാ. നീയായി നിന്‍റെ പാടായി.. ഭ്രാന്തിനു മരുന്ന് വാങ്ങിത്തരാന്‍ നിന്‍റെ തന്തയോട് പറ... അതിലും വല്യ ഉപദേശമൊന്നും എനിക്ക് തരാനില്ല."
"മതീ നിങ്ങടെ പ്രസംഗം.. നിങ്ങളൊരു വിശുദ്ധനാണ്.. എനിക്ക് നിങ്ങളെപ്പോലെയുള്ള ഒരാളുടെയൊപ്പം കഴിയാനുള്ള വിശുദ്ധിയില്ലാ... വിശുദ്ധകളായ രമാവതി, സൂസന്നത്തമ്പുരാട്ടി എന്നിവരൊക്കെയുണ്ടല്ലോ... പോയി അവരോടു ആടിത്തിമിര്‍ക്കൂ... എന്നെ ഒഴിവാക്കി നിങ്ങള്‍ മറ്റുള്ളവരുമായി ആടിത്തിമിര്‍ക്കുകയാണ്.. ആയിക്കോളൂ... എനിക്കിനിയൊരു നിമിഷംപോലും നിങ്ങടെയൊപ്പം നിക്കാന്‍ സാധിക്കുകയില്ലാ... ഞാന്‍ പോകുന്നൂ... ഇനിയെങ്ങാനും എന്റെയടുത്തു മാപ്പും പറഞ്ഞുവന്നാലുണ്ടല്ലോ... അപ്പോഴറിയാം.. ഹും..."
"പോടീ പുല്ലേ... ലോകം മുഴുവന്‍ സഞ്ചരിച്ചിട്ടും ഞാനൊരു പെണ്ണിന്റെയും വലയില്‍ വീണിട്ടില്ല.. ഒരു പെണ്ണിനോടും എനിക്ക് പ്രേമവും തോന്നിയിട്ടില്ലാ... നീയെന്ന ഒരു വെടക്കിനെ എപ്പോഴോ കണ്ടപ്പോള്‍ എന്തോ വല്ലാത്തൊരടുപ്പം തോന്നി.. മുജ്ജന്മസുകൃതം ലഭിച്ചതുപോലെ ഞാനതില്‍ അഹങ്കരിക്കുകയും ചെയ്തു. അതിങ്ങനെയൊക്കെ ആയിത്തീരുമെന്നു ഒരിക്കലും പ്രതീക്ഷിച്ചതല്ലാ.. വലിയ ഫോര്‍വേഡ് തിങ്കിംഗ് ആണെന്നാണ്‌ കരുതിയത്‌. എന്നെപ്രതി നീയൊരിക്കലും സംശയിക്കല്ലേ സംശയിക്കല്ലേയെന്ന് ഒരു ലക്ഷം പ്രാവശ്യമെങ്കിലും നിന്നോട് ഞാന്‍ പറഞ്ഞുകഴിഞ്ഞു. ഇനിയെനിക്ക് സൌകര്യമില്ല. ഞാനുമൊരു മനുഷ്യനാണ്. ഒരാളുടേയും അടിമയായി ജീവിക്കാന്‍ ഇനിയെന്നെ കിട്ടില്ലാ. നിനക്ക് എന്നേക്കാള്‍ വല്യ യോഗ്യന്മാരെ കിട്ടും... അപ്പോള്‍ നീ പഠിക്കും.. നീയോര്‍ക്കും.. രാജീവ് ആരായിരുന്നെന്ന്. നിന്‍റെ ജീവിതത്തിലെ കാന്‍സര്‍ ആണല്ലേ ഞാന്‍? ഹ ഹ ഹ ഹ നിന്‍റെ തന്തയും തള്ളയും ഏട്ടന്മാരും അനിയന്മാരുമൊക്കെ നിന്നെ പുല്ലുവില വച്ചപ്പോഴും ഞാനെന്ന ഈ കാന്‍സര്‍ ആയിരുന്നു നിനക്കുവേണ്ടി വാദിച്ചിരുന്നത്.. നീ തളര്‍ന്നുകിടക്കുമ്പോഴും മാനസികമായി സ്വന്തം ആളുകളില്‍ നിന്നും വേദനകള്‍ അനുഭവിച്ചപ്പോഴും നിനക്ക് ഈ കാന്‍സറിനെ ഒരുപാട് പ്രിയമായിരുന്നു.. ഇപ്പോള്‍ ഈ കാന്‍സര്‍ നിനക്ക് വെറുപ്പായി...ഹ ഹ ഹ .. എന്നെ ഇനിയെങ്കിലും ഒരു ചെറിയ വിലയെങ്കിലും വയ്ക്കാന്‍ നീ തയ്യാറല്ലെങ്കില്‍ എനിക്കും നിന്നെ വേണ്ടാ.. എന്നെയുമായി കൂടി നീയൊരു കാന്‍സര്‍ രോഗിയായി മാറുകയും വേണ്ടാ... എന്നോട് നിരുപാധികം മാപ്പ് പറയാതെ ഇനിയെന്‍റെ ജീവിതത്തില്‍ നിന്നെ ഞാന്‍ ചേര്‍ക്കുകയുമില്ല. ജനിച്ചേമുതല്‍ ഒരുപാടനുഭവിച്ചവനാ ഈ ഞാന്‍.. ഇനിയും അനുഭവങ്ങള്‍ തീര്‍ന്നിട്ടില്ലാ എന്ന് ഞാന്‍ കരുതിക്കോളാം.. പോടീ അശ്രീകരം... നിന്‍റെ മോന്തയിനി എനിക്ക് കാണുകയേ വേണ്ടാ... അസത്ത്... !@#$%^&*"
--------------------------------------------------------
അവള്‍ പോയി.. പോയ നിമിഷം മുതല്‍ അസ്വസ്ഥനായി നായകനും... പക്ഷേ ഒരിക്കലും ഇനി നായകന്‍ എന്നത്തേയും പോലെ എല്ലാം ക്ഷമിച്ച്‌ സ്വയമായി ഒരു നീക്കുപോക്കിനു തയ്യാറാവും എന്നു തോന്നുന്നില്ല. അത്രയും അദ്ദേഹത്തിന്‍റെ മനസ്സ് വിഷമിച്ചു കഴിഞ്ഞു. ജീവിതം സ്വര്‍ഗ്ഗത്തിലാണ് എന്നൊക്കെയായിരുന്നു കല്യാണം കഴിഞ്ഞ അവസരത്തില്‍ ആ മനുഷ്യന്‍ എന്നോട് പറഞ്ഞിരുന്നത്. ഒന്നുമുതല്‍ ഡിഗ്രീ വരെ എന്റെയൊപ്പം പഠിച്ച എന്‍റെ ആ ബാല്യകാലസുഹൃത്തിനേക്കുറിച്ച് ആലോചിക്കുമ്പോള്‍ സങ്കടമുണ്ട്. വ്യക്തിബന്ധങ്ങളോട് ഇത്രമാത്രം ആത്മാര്‍ത്ഥത പുലര്‍ത്തുന്ന ഒരു വ്യക്തിയെ ഞാനും ജീവിതത്തില്‍ കണ്ടിട്ടില്ലാ. അധികമായാല്‍ അമൃതും വിഷം എന്നാണല്ലോ. സ്നേഹബന്ധങ്ങളില്‍ എത്രമാത്രം ആത്മാര്‍ത്ഥത കൂടിയിരിക്കുന്നുവോ, സ്നേഹവും വിശ്വാസവും നിഷേധിക്കുമ്പോള്‍ അത്രമാത്രം അവര്‍ പൊട്ടിത്തെറിക്കും.. മാത്രമല്ലാ അവനൊരു വിര്‍ഗോ രാശിക്കാരനാണ്. വിശ്വാസമില്ലായ്മ ഒരിക്കലും സഹിക്കുകയില്ല. സ്വജീവിതത്തില്‍ മറ്റൊരാളുടെ ഇടപെടല്‍ ഇഷ്ടപ്പെടുകയുമില്ല. അവന്‍റെ ചെറുപ്പം മുതലുള്ള സ്വഭാവം അറിയാവുന്നതുകൊണ്ട്‌ ഇനി എനിക്കൊന്നും ഇതില്‍ ചെയ്യാനുമില്ല. ഒക്കെ നേരെയാവും സമാധാനമായിരിക്കൂ എന്ന് സമാശ്വസിപ്പിക്കാനല്ലാതെ..
വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഓരോ വ്യക്തികളോടും എനിക്കൊന്നേ പറയാനുള്ളൂ... ആത്മാര്‍ത്ഥമായ സ്നേഹം കാംക്ഷിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ അന്ധമായി പരസ്പരം വിശ്വസിക്കണം.. വിശ്വാസത്തിന്‍റെ അടിത്തറയിലാണ് സ്നേഹം പടുത്തുയര്‍ത്തേണ്ടത്. അകാരണമായ വിമര്‍ശനങ്ങള്‍ ഒഴിവാക്കുക. ഏതുതരം ബന്ധത്തിലായാലും വിശ്വാസരഹിതമായ സമീപനങ്ങള്‍ പ്രിയം കുറയ്ക്കും. പ്രിയം എന്നതാണ് സ്നേഹമെന്ന വികാരത്തിന്‍റെ മുഖമുദ്ര. ഭാര്യക്ക് ഭര്‍ത്താവിനേയോ തിരിച്ചോ തന്‍റെ അടിമയാക്കാം. പക്ഷേ പരസ്പരം അത്രമാത്രം പ്രിയമുള്ളവരായിരിക്കാന്‍ അവര്‍ ശ്രമിക്കണം. പരസ്പരം വ്യക്തിത്വങ്ങളെ ബഹുമാനിക്കണം.. ബഹുമാനത്തില്‍ അധിഷ്ഠിതമായ സ്നേഹമാണ് ദമ്പതികള്‍ക്കിടയില്‍ വേണ്ടത്. കാരണം നല്ല മാതാപിതാക്കളായി മക്കള്‍ക്ക്‌ മാതൃക കാണിക്കേണ്ടവരാണവര്‍. നിസ്സാര പ്രശ്നങ്ങള്‍ക്ക് വേണ്ടി വഴക്കടിക്കുമ്പോള്‍ സ്വജീവിതം തന്നെയാണ് പണയം വയ്ക്കുന്നത് എന്ന് എല്ലാവരും ഓര്‍ത്താല്‍ നന്ന്.
ഈ പ്രണയദിനത്തില്‍ എല്ലാ സുഹൃത്തുക്കള്‍ക്കും ശുഭാശംസകള്‍ നേരുന്നു. പ്രണയം എന്നത് മൂന്നാമതൊരാള്‍ അറിയാത്ത ഒരതുല്യ വികാരമാണ്. ഓരോ അവസ്ഥകളിലും നിങ്ങളായിരിക്കുന്ന പ്രണയത്തില്‍ സായൂജ്യം കണ്ടെത്തുക. സമയമുള്ളവര്‍ എനിക്കേറ്റവും ഇഷ്ടമുള്ള ഈ പ്രണയഗാനം കേള്‍ക്കുക.
- ജോയ് ഗുരുവായൂര്‍

സ്വയം കണ്ടെത്താന്‍ പാടുപെടുന്നവര്‍

"കോനോ?.. ആപ് ബാഹര്‍ ലഡ്ക്കായാ ഹുവ ബോര്‍ഡ് ദേഖാ നഹി ക്യാ? വിസിറ്റേര്‍സ് ടൈം ഛെ ബജേ തക് ഹി ഹൈ.. പ്ലീസ്.. ആപ് കല്‍ ആയിയേഗാ.."
"ബഹന്ജീ.. മേ കേരള്‍ സെ, യാനീ ടെസ്സാമിസ്സ്‌ കി ഗാംവ് സെ ആരഹാ ഹൂം..ഉന്‍സെ ഥോടാ സരൂരി ബാത്ത് കര്‍നാ ഥാ..ബസ് സിര്‍ഫ്‌ ദോ മിനിറ്റ് ചാഹിയേ.. പ്ലീസ്.. ആപ് ഉസ്കോ സരാ ബുലായിയേഗാ"
'ഭാഗ്യം ആ സ്ത്രീ സമ്മതിച്ച മട്ടാണ്. അല്പം കൂടി വൈകിയിരുന്നെങ്കില്‍ ഇന്ന് ടെസ്സയെ കാണാന്‍ സാധിക്കുമായിരുന്നില്ല. ഹോ.. മുടിഞ്ഞ തണുപ്പ്.. വേനല്‍ക്കാലത്തെ എതിരേല്‍ക്കാന്‍ ഗ്വാളിയറിലെ പ്രകൃതിക്ക് ഇനിയും വിമുഖതയോ?'
കന്യാസ്ത്രീ മഠത്തിന്‍റെ മുന്നിലുള്ള ചെറിയ പൂന്തോട്ടത്തിലെ സിമന്‍റ് ബഞ്ചില്‍ മനോജ്‌ ഷാള്‍ പുതച്ച് ഇരുന്നു. അന്നത്തെ അലച്ചില്‍ നിറുത്തി അരികിലുള്ള മരങ്ങളില്‍ ചേക്കേറുന്ന ചെറുകിളികളുടെ കലകലാരവം.
"മനൂ.... മനുവല്ലേ?.. " തിരിഞ്ഞുനോക്കുമ്പോള്‍ തലവഴി സാരി വലിച്ചിട്ട് ഒരു സ്ത്രീ രൂപം വരാന്തയില്‍ നില്ക്കുന്നു.
"ടെസ്സാ..." അവന്‍ ആര്‍ദ്രമായി വിളിച്ചു.
"ങ്ങും... " പതിഞ്ഞ ശബ്ദത്തില്‍ അവള്‍ പ്രതിവചിച്ചു.
"നീ പ്രതീക്ഷിച്ചിരുന്നോ എന്നെങ്കിലുമെന്നെയിവിടെ?.."
"ങ്ങും.. എന്നെങ്കിലുമൊരിക്കല്‍ നീയിവിടെ വരുമെന്നുള്ള പ്രതീക്ഷയുണ്ടായിരുന്നു.. നമുക്കങ്ങനെ മറക്കാനാവില്ലല്ലോ.. പക്ഷേ എന്തിനാണ് മനൂ ഇത്രയും കാലങ്ങള്‍ക്ക് ശേഷം നീയിവിടെയിപ്പോ എന്നെ കാണാന്‍ വന്നത്?.. നിന്‍റെ ജീവിതം നശിപ്പിച്ചവളല്ലേ ഞാന്‍?!"
"ടെസ്സാ.. അതൊക്കെ പോട്ടേ.. നിന്നോടെനിക്ക് യാതൊരു വിരോധവുമില്ല. മനസ്സൊരുപാട് വേദനിച്ചിരുന്നുവെന്നത് സത്യം. നിനക്ക് സുഖല്ലേ..?"
"ങ്ങും.. മനൂ.. എന്നോട് ക്ഷമിക്കണേ.. എനിക്കറിയാം മനുവെന്നോട് ക്ഷമിക്കുമെന്ന്.. ഈ ലോകത്തില്‍ എന്നെ മനസ്സിലാക്കിയ ഒരേയൊരു വ്യക്തി നീയായിരുന്നല്ലോ.. മുന്‍പോരോ തവണയും ഞാന്‍ പറഞ്ഞ ആയിരക്കണക്കിന് സോറികളൊക്കെയും സ്വീകരിച്ചിരുന്നവനല്ലേ നീ.... " ടെസ്സ കണ്ണുകള്‍ തുടച്ചു.
"ഛെ.. ടെസ്സാ.. എന്തായിത്... വല്ലോരും കാണും... മുകളില്‍നിന്നും കന്യാസ്ത്രീകള്‍ നോക്കുന്നുണ്ടായിരിക്കും "
"ഇല്ല മനൂ.. അവരൊക്കെ ഫൊറോനാപ്പള്ളിയിലേക്ക് ധ്യാനത്തിനു പോയിരിക്കുവാ.. വരാനൊരു പത്തുമണിയെങ്കിലുമാവും.. ഇവിടെയിപ്പോ അടുക്കളയിലെ ചേടത്തിമാരും വയസ്സായി കിടപ്പിലായ ഒരു സിസ്റ്ററും ഞാനും മാത്രമേയുള്ളൂ.. തല്ക്കാലത്തേക്ക് ഞാനാണ് ഇവിടത്തെ മേധാവി..."
"ഹോഹോഹോ.. നിന്‍റെ പൊങ്ങച്ചം പറച്ചിലിന് ഇപ്പോഴും ഒരു കുറവും വന്നിട്ടില്ലാല്ലേ?... ഹ ഹ ഹ "
"ഹ ഹ ഹ... മനൂ... എല്ലാ ദുഖങ്ങളും മറന്ന് ഞാന്‍ ചിരിച്ചിട്ടുള്ളതും, എന്‍റെ പ്രശ്നങ്ങളെല്ലാം ആയിരം തവണ ആവര്‍ത്തിച്ചുപറഞ്ഞിട്ടുള്ളതും നിന്‍റെ മുന്നിലായിരുന്നില്ലേ?.. ഒരിക്കല്‍പ്പോലും നീയതില്‍ വിരസത കാണിച്ചിരുന്നുമില്ല. എന്നോട് പൊറുക്കണേ മനൂ... വിരോധമില്ലെങ്കില്‍ നിന്റെയരികില്‍ ഞാനൊന്നിരുന്നോട്ടേ? " വീണ്ടുമവള്‍ സാരിത്തലകൊണ്ടു കണ്ണുനീര്‍ ഒപ്പി.
"ഹോ മൈ ഗോഡ്.. എന്തായിത് ടെസ്സാ?.. നിന്‍റെയീ കരച്ചില്‍ കാണുമ്പോള്‍ എനിക്ക് ഉടനേത്തന്നെ ആ പഴയ മനുവാകേണ്ടിവരുമെന്നാണ് തോന്നുന്നത്.. നിന്‍റെയോരോരോ ഭ്രാന്തുകളും ഒതുക്കാന്‍ ഞാനുപയോഗിച്ചിരുന്ന മിസൈലുകളുടെ ഭണ്ഡാരപ്പെട്ടി ഇവിടെ ഞാന്‍ തുറക്കണോ?... ഹ ഹ ഹ ":
"അയ്യോ.. വേണ്ടാ പൊന്നേ.. നോം നിറുത്തീ.. പിന്നെ മനൂ എന്താണ് വിശേഷങ്ങള്‍? വളരെനാളായി നിന്നെക്കുറിച്ചു യാതോന്നുമെനിക്ക് അറിയില്ലെങ്കിലും എന്നെക്കുറിച്ചെല്ലാം നീയറിയുന്നുണ്ടായിരിക്കുമെന്നൊരു തോന്നലെനിക്കുണ്ടായിരുന്നു. കാരണം, എന്നെ നിനക്കത്രമാത്രം പ്രിയമായിരുന്നെന്ന് എനിക്കറിയാം"
അവന്‍ എഴുന്നേറ്റ് ടെസ്സയെ പിടിച്ച് അടുത്തിരുത്തി. അവളുടെ കൈത്തണ്ടയിലെ നനുത്ത രോമരാജികള്‍ കൈത്തണ്ടയിലുരഞ്ഞപ്പോള്‍ അവന്‍ വികാരാര്‍ദ്രമായി അവളുടെ കണ്ണുകളിലേക്കു നോക്കി.
"എന്‍റെ ജീവിതത്തിലെനിക്കു സംഭവിച്ച ഏറ്റവും വലിയ ദുരന്തം ഒരിക്കലും സംഭവിക്കില്ലെന്നു കരുതിയിരുന്ന നമ്മുടെയാ പിരിയലായിരുന്നു. നമുക്ക് രണ്ടിനും ഭ്രാന്തായിരുന്നെടാ... നല്ല മുഴുത്ത ഭ്രാന്ത്... എന്തുകാര്യത്തിനായിരുന്നു അതൊക്കെ?... രണ്ടുമാസത്തോളം ഞാന്‍ ഓഫീസില്‍ പോയില്ല. അവരെന്നെ ഡീപ്രൊമോട്ട് ചെയ്തു. ആ വാശിയില്‍ ഞാന്‍ ജോലി രാജി വച്ചു. അതിനിടയില്‍ നിന്നെയുമായുള്ള എന്റെയടുപ്പം അറിയാമായിരുന്ന ഏകവ്യക്തി, ആ ഷിനോജ് അപ്രതീക്ഷിതമായി ഒരു പാര വച്ചു. നിന്നെയുമായുള്ള എന്‍റെ ബന്ധം തകര്‍ന്നതാണ് എല്ലാ കുഴപ്പത്തിനും കാരണമെന്ന് അവന്‍ കാതറീനോട്‌ പറഞ്ഞു."
"അയ്യോ... എന്നിട്ട്?... ഞാന്‍ പണ്ടേ പറഞ്ഞിരുന്നതാ അവനത്ര നല്ല പാര്‍ട്ടിയൊന്നുമല്ലായെന്ന്.. എന്നിട്ട് കാതറീന്‍?..."
"അവന്‍ പറഞ്ഞതിലും കാര്യമില്ലാതില്ലല്ലോ?.. അവളെന്നോട് ഏതുസമയവും വക്കീല്‍ ചമഞ്ഞ് ക്രോസ് വിസ്താരങ്ങള്‍ തുടങ്ങി. വിവാഹേതരബന്ധത്തിലായിരിക്കുന്ന സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള ബന്ധത്തെ സമൂഹം ഏതൊക്കെ കണ്ണുകളില്‍ക്കൂടിയാണ് നോക്കുകയെന്നു നിനക്കറിയാലോ.."
"ഹും.."
"വല്ലാത്തൊരു നഷ്ടബോധത്തിന്റെ ചുഴിയിലായിരുന്ന ഞാനും അവളോട്‌ പൊട്ടിത്തെറിച്ചു. അവളുടെ ആ പഴയ കാമുകനുണ്ടല്ലോ ആ ശ്യാം ജോര്‍ജ്.. ഇപ്പോഴുമിടയ്ക്കിടെ അവനവളെ ഫോണില്‍ വിളിച്ചു സംസാരിക്കുന്നതിനേക്കുറിച്ചും അവളുടെ ചേട്ടന്‍റെ കൂടെ ഇടയ്ക്കിടെ വീട്ടിലേക്കു വരുന്നതിനേക്കുറിച്ചുമൊക്കെ പറഞ്ഞ് ഞാനുമവളെ അസ്സലായങ്ങ് ചൊറിഞ്ഞു."
"ഹോ.. ചൊറിയാന്‍പ്പിന്നെ ഇവിടുത്തെക്കഴിഞ്ഞല്ലേ മറ്റൊരാളുള്ളൂ... എന്നിട്ട്?.. "
"നീയെന്റേന്നിപ്പോ വാങ്ങും ചുമ്മാതിരുന്നോ... ങാ.. അവസാനം അവളുടെ ചേട്ടനും തന്തയുമൊക്കെ ഇടപെട്ടു പ്രശ്നം കൂടുതല്‍ വഷളാക്കി. ഞാനിനി ഒരു ദിവസം പോലും നാട്ടില്‍ നില്ക്കാന്‍ പാടില്ലാ, ഇന്തോനേഷ്യയിലുള്ള അവളുടെ പപ്പയുടെ മരക്കമ്പനിയിനിമുതല്‍ ഞാന്‍ നോക്കിനടത്തണം പോലും. പിന്നേ... എന്‍റെ പട്ടിപോകും അവര്‍ക്കടിമപ്പണി ചെയ്യാന്‍.."
"കാതറീന്‍ അതിനെതിരെ ഒന്നും പറഞ്ഞില്ലേ?"
"ഞാന്‍ ജോലി രാജി വച്ചത് തന്നെ അവള്‍ക്കു തീരേ പിടിച്ചിരുന്നില്ല. അവളുടെ വാദങ്ങള്‍ കേട്ടാല്‍ എന്നെ എത്രയും പെട്ടെന്ന് ഇന്തോനേഷ്യയിലേക്ക് പാക്ക് ചെയ്യാന്‍ അവരേക്കാളൊക്കെ ധൃതി അവള്‍ക്കാണെന്നു തോന്നുമായിരുന്നു. സംസാരത്തിനിടയില്‍ അവളുടെ ചേട്ടനൊരിക്കല്‍ നിന്നെപ്പറ്റി വളരെ മോശമായി ചിത്രീകരിച്ചതെനിക്കു ക്ഷമിക്കാന്‍ സാധിച്ചില്ല. കൊടുത്തൂ.. മോന്തക്കുനോക്കി  നാലഞ്ചെണ്ണം. അയാളെയവര്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തു. രണ്ടുമൂന്നു പല്ലുകള്‍ കൊഴിഞ്ഞുപോലും."
"അയ്യോ മനൂ.. എനിക്കാണ് ഭ്രാന്തെന്നു പറഞ്ഞിരുന്ന നീയും ഇങ്ങനെയൊക്കെ ചെയ്യുമ്പോഴോ ?...."
"കാതറീനെക്കൊണ്ട് അവര്‍ ഡൈവോര്‍സ് നോട്ടീസ് കൊടുപ്പിച്ചു. കൂടാതെ അവരുടെവക പോലീസ് കേസും. എന്‍റെ സുഹൃത്ത് അഡ്വക്കേറ്റ് സാംകുട്ടി തക്കസമയത്ത് എന്നെ സഹായിച്ചു സംഗതികള്‍ എല്ലാം വേണ്ടപോലെ നടത്തിത്തന്നു."
"ഹോ... സാംകുട്ടി.. അയാളുടെ പേരേ എനിക്ക് കേള്‍ക്കേണ്ടാ.. പുള്ളിയാണ് നിന്നെ നശിപ്പിക്കുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു പുന്നാര സുഹൃത്ത്.. കള്ളുടിയന്‍.. ഹും.. എന്നിട്ടെന്തായി"
"എന്നിട്ടെന്തുണ്ടാവാന്‍.. ഡൈവോര്‍സ് പാസ്സായി.. അവളുടെ കൂടെപ്പോകാന്‍ ഒരുകാരണവശാലും കുട്ടികള്‍ തയ്യാറായിരുന്നില്ല. അത്രയ്ക്ക് സ്നേഹവും കെയറുമായിരുന്നല്ലോ അവളവര്‍ക്ക് കൊടുത്തിരുന്നത്. ഒരമ്മയുടെ സ്നേഹം ഒരര്‍ത്ഥത്തിലും അവര്‍ക്ക് ലഭിച്ചിരുന്നില്ലാ. എന്‍റെ ടെസ്സാ, കല്യാണം കഴിഞ്ഞ് ഇത്രയും കാലത്തിനിടയില്‍ എന്തെങ്കിലുമൊരു സമാധാനം അവളെനിക്ക്‌ തന്നിട്ടുണ്ടോ? ഏതുനേരവും അവളുടെ തന്തയുടേയും ചേട്ടന്റെയും പൊങ്ങച്ചങ്ങള്‍ പറഞ്ഞ് എന്നെ പരിഹസിക്കുവാനല്ലാതെ മറ്റൊന്നും അവള്‍ക്കു കഴിയുമായിരുന്നില്ല. എന്തിനാണാവോ അവരവളെ എനിക്ക് കെട്ടിച്ചുതന്നത്. അവള്‍ക്കവരെയും കെട്ടിപ്പിടിച്ചങ്ങിരുന്നാല്‍ മതിയായിരുന്നല്ലോ.. ശവം.."
"എന്നിട്ട് കുട്ടികളിപ്പോള്‍?... "
"അവര്‍ ബാംഗളൂരിലുണ്ട്. ഒരു സുഹൃത്തുവഴി അവിടത്തെ സൈനിക സ്കൂളില്‍ അഡ്മിഷന്‍ ശരിയാക്കി.. അവിടെ ഹോസ്റ്റലിലാ. ഇടയ്ക്ക് പോയി കാണും."
"കാതറീന്‍?.."
"ടെസ്സാ.. എന്നോടുള്ള വാശി തീര്‍ക്കാനെന്നപോലെ ഒരു മാസത്തിനുള്ളില്‍ത്തന്നെ അവള്‍ അവളുടെ ചേട്ടന്‍റെ ഉറ്റ സുഹൃത്തുമായിരുന്ന ആ പഴയ കാമുകനെ കല്യാണം കഴിച്ചു. ഇപ്പോളവര്‍ ഓസ്‌ട്രേലിയയിലാണെന്നു കേട്ടു.. അവന്‍റെ കഷ്ടകാലം തുടങ്ങിയെന്നല്ലാതെയെന്തു പറയാന്‍... ഹ ഹ ഹ ഹ"
"കഷ്ടം... മനൂ.. എന്നോട് ക്ഷമിക്കെടാ.. നമ്മുടെ രണ്ടുപേരുടേയും മുന്‍ശുണ്ഠിയാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമായത്‌. എന്‍റെ ചേച്ചിമാരുടെ അവസ്ഥ കണ്ട് ഒരു കുടുംബജീവിതംവരെ വേണ്ടായെന്നുവച്ചവളായിരുന്നില്ലേ ഞാന്‍? എങ്ങനെയോ കണ്ടുമുട്ടിയ നമ്മള്‍ നല്ല സുഹൃത്തുക്കളായിരുന്നെങ്കിലും പതിയേ എന്‍റെ സങ്കല്‍പ്പങ്ങളിലെ ഒരു ഭര്‍ത്താവായി എന്‍റെ മനസ്സില്‍ നീ വളര്‍ന്നു. സ്ത്രീകളുടെ കുഴപ്പം അതാണ്‌. പോസ്സസീവ്നസ്.. ആണ്‍പെണ്‍ഭേദമെന്യേ നിന്നെയുമായി മറ്റാരും ബന്ധപ്പെടുന്നത് സഹിക്കാനെനിക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ടായിരുന്നു നിസ്സാരകാര്യങ്ങള്‍ക്ക് വരെ നിന്നോട് വഴക്കുകൂടാനും നിന്നെ സംശയിക്കാനും എനിക്ക് തോന്നിയിരുന്നത്. ഇപ്പോഴെനിക്ക്‌ എല്ലാം മനസ്സിലായി.. പാവം നിന്നെ ഞാന്‍ എത്രയോ പ്രാവശ്യം അനാവശ്യമായി പീഡിപ്പിച്ചു. സോറി.. സോറി.. സോറി.."
"ടെസ്സാ.. എനിക്ക് നിന്നെ മനസ്സിലാക്കാന്‍ കഴിയും. ചിലപ്പോഴൊക്കെ എന്‍റെ മനസ്സിനും നീയൊരു ഭാര്യപോലെത്തന്നെയായിരുന്നു. ശാരീരികമായി ഉണ്ടാകുന്ന ബന്ധം മാത്രമല്ലല്ലോ വ്യക്തികളെ ഭാര്യാഭര്‍ത്താക്കന്മാരാക്കുന്നത്. സ്നേഹം, കെയര്‍, വിശ്വാസം, ബഹുമാനം ഇതെല്ലാമാണ് പ്രധാനമായും യഥാര്‍ത്ഥ ഭാര്യാഭര്‍ത്താക്കന്മാരെ വാര്‍ത്തെടുക്കുന്നത്.
"ശരിയാണ് മനൂ..."
"വിവാഹിതനായ ഒരു പുരുഷന്‍ സ്വാഭാവികമായും ഭാര്യയുടേതായ സ്നേഹവാത്സല്യങ്ങളും കെയറും ബഹുമാനവും പ്രതീക്ഷിക്കും. എനിക്ക് അവയൊന്നും ഒരിറ്റുപോലും കിട്ടാതെവന്നപ്പോഴായിരിക്കും സ്വാഭാവികമായും നിന്നിലൊരു ഭാര്യയൊളിച്ചിരിക്കുന്നതായി എന്‍റെ മനസ്സ് കണ്ടെത്തിയിരിക്കുക. ഒരിക്കലുമൊരുമിച്ചൊരു ജീവിതം സാദ്ധ്യമാകില്ലായെന്നറിഞ്ഞുകൊണ്ടുതന്നേ..
"നമ്മള്‍ അതിരുകടക്കരുതായിരുന്നു മനൂ... ഛെ.. അതോണ്ടിപ്പോ എന്തോക്കെയുണ്ടായി.. കഷ്ടമായിപ്പോയി"
ഹും.. നടക്കാനുള്ളത് എന്നായാലും നടക്കും ടെസ്സാ.. അല്ലെങ്കിലും എന്നെയൊരു ഭര്‍ത്താവായി കാണാന്‍ അവള്‍ക്കൊരിക്കലും കഴിഞ്ഞിരുന്നില്ലാ. അതൊക്കെ പോട്ടേ... ടെസ്സാ നീയിവിടെയീ ഗ്വാളിയറിലെങ്ങനെയെത്തി?"
"മനൂ.. അപ്പച്ചന്റെ മൂത്ത ചേച്ചി ഈ മഠത്തിലെ സുപ്പീരിയര്‍ ആയിരുന്നു. കഴിഞ്ഞവര്‍ഷമാണ് അമ്മായി മരണപ്പെട്ടത്. നീ ദേഷ്യപ്പെട്ട് പോയതില്‍പ്പിന്നെ എന്‍റെ മാനസികനിലയാകെ തെറ്റിയിരുന്നു. മറ്റാരും ശ്രദ്ധിക്കപ്പെടും മുമ്പ് അവരെന്നെ ഇവിടേക്ക് മാറ്റി. ആറേഴു മാസത്തോളം കന്യാസ്ത്രീകള്‍ നടത്തുന്ന ഭ്രാന്താലയത്തിലായിരുന്നു ഞാന്‍. എന്നോട് ക്ഷമിക്കെടാ.. നീ പറഞ്ഞിരുന്നത് സത്യമായിരുന്നു. സത്യമായും എനിക്ക് ഡിപ്രഷനായിരുന്നു. നിന്നെ നഷ്ടപ്പെടുമോ എന്നുള്ള ഭീതിയെന്നെ അനുനിമിഷം വേട്ടയാടിക്കൊണ്ടിരുന്നു. അതാണ്‌ കുഴപ്പങ്ങളുണ്ടാക്കിയത്"
"ടെസ്സാ... ഒന്നുനിറുത്തൂ... മതിയതൊക്കെ പറഞ്ഞത്.... വീണ്ടുമെനിക്ക് ദേഷ്യം വരുമേ... വേണോയിനിയും വഴക്ക്? "
"പ്ലീസ്.. ഒന്ന് കേള്‍ക്കൂ മനൂ.. സത്യത്തില്‍ നിന്നെപ്പോലെയൊരാളെ ഈ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ലാ. ഇപ്പോ ഞാനെല്ലാം മനസ്സിലാക്കുന്നു. എന്നോടൊന്നു ക്ഷമിക്കെടാ പ്ലീസ്... ബി.എഡ് ഉണ്ടായിരുന്നതുകൊണ്ട് സിസ്റ്ററമ്മായി എന്നെ ഈ മഠം നടത്തുന്ന സ്കൂളിലെ ടീച്ചറാക്കി നിയമിച്ചു. പിന്നേ, ഇവിടെ ബോര്‍ഡിങ്ങില്‍ സുരക്ഷിതമായി താമസിക്കുകയും ചെയ്യാമല്ലോ"
"എന്നിട്ട് നിന്‍റെ ഭ്രാന്തൊക്കെയിപ്പോ മാറിയെന്നാണോ നീ പറഞ്ഞുവരുന്നത്?!.. ദേ..യിപ്പോള്‍ത്തന്നെ ആ ധാരണ തെറ്റാണെന്ന് നിന്‍റെ സംസാരത്തില്‍ നിന്നും തെളിയുന്നു... ഹ ഹ ഹ "
"മനൂട്ടാ... ഡാ.. പോട്ടേടാ... ഇത്രയ്ക്കെങ്കിലും ഭ്രാന്തില്ലെങ്കില്‍ എന്നെ വല്ലതിനും കൊള്ളുമോടാ.. ഞാനിനിയൊരിക്കലും നിന്നോട് വഴക്കിനു വരില്ലാ... നീ സുഖമായിരുന്നാല്‍ മാത്രം മതി. നമ്മള്‍ത്തമ്മിലൊരു ജീവിതം വിധിച്ചിട്ടില്ലായെന്നു എനിക്കറിയാം. ഇനി വഴക്ക് വേണ്ടാ..  മരിക്കുവോളം നമുക്ക് നല്ല സുഹൃത്തുക്കളായിരിക്കാം.."
"പിന്നേ..കോപ്പാ... നീയിതൊക്കെ അവസാനിപ്പിച്ച് എന്‍റെ കൂടെ വരണം.. എനിക്കിപ്പോള്‍ ഭോപ്പാലിലാണ് ജോലി. ഈ ജീവിതത്തില്‍ നമ്മുടെ പ്രായോഗികബുദ്ധിമോശം കൊണ്ടു രണ്ടുപേര്‍ക്കും നഷ്ടപ്പെട്ടിരുന്നതൊക്കേയും ഈ ജീവിത സായാഹ്നത്തിലെങ്കിലും നമുക്ക് നേടിയെടുക്കണം. അത് പറയാനും നിന്നെ കൊണ്ടുപോകാനുമാണ് ഞാന്‍ വന്നത്.
"വേണ്ടാ മനൂ.. ഇനിയുമൊരു ദുരന്തം താങ്ങാനെനിക്കു കഴിവില്ലാ... മനു സുഖമായി ജീവിക്കൂ.. നീ സന്തോഷമായിരിക്കുന്നത് കാണുക. അതുമാത്രമാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം.."
"എടീ... പുല്ലേ... നീയിനിയുമെന്നെ ദേഷ്യം പിടിപ്പിക്കേണ്ടാ... നീയില്ലെങ്കില്‍ എന്‍റെ ജീവിതത്തിലൊരിക്കലും യാതൊരു സന്തോഷമോ പൂര്‍ണ്ണതയോ ഉണ്ടാവുമെന്ന് കരുതുന്നുണ്ടോ? ഒരിക്കലുമൊരു ഭാര്യയുടേയും ഒരമ്മയുടേയും പരിലാളനമറിയാത്ത മൂന്നു ജന്മങ്ങള്‍ക്ക് ഒരു തണലാവാന്‍ നിന്നോട് ഞാന്‍ അപേക്ഷിക്കുന്നു."
"മനൂ.. എന്‍റെ കണ്ണാ.. എന്‍റെ ചങ്ക് പൊട്ടുന്നൂ.. ഞാനിപ്പോ അലറിക്കരയുമേ... എനിക്ക് വയ്യാ... "
"നാളെ രാവിലെ ഞാന്‍ വീണ്ടും വരും... നിന്‍റെ കൂടും കുടുക്കയുമെല്ലാമെടുത്ത് റെഡിയായിരുന്നോ.. ഇപ്പോ ഞാനിവിടെ നിന്നാല്‍ ശരിയാവില്ലാ... അപ്പൊ നാളെ കാണാം..." അവളെ ആലിംഗനം ചെയ്ത് മൂര്‍ദ്ധാവില്‍ ചുംബിച്ച്, അവളുടെ കണ്ണുകള്‍ കൈക്കൊണ്ടു തുടച്ചുകൊണ്ട് മനോജ്‌ തിരിഞ്ഞു നടന്നു.
"ആഹാ... അങ്ങനെയോ... നാളെയിങ്ങു വാ.. ഞാന്‍ ശരിയാക്കിത്തരാം... ഞാനെന്താ കടലാസ്സിന്റെ ആളോ.. ഓടിവന്ന് എന്നെയങ്ങനെ കൊണ്ടുപോകാന്‍..പിന്നേ...  മനൂ... മനൂ... നില്ക്കൂ.. ഡാ.. ഒന്നുനില്ക്കൂ... പ്ലീസ്"
തിരിഞ്ഞുനോക്കിയില്ലാ.. പിറകില്‍നിന്നും കേട്ടിരുന്ന ടെസ്സയുടെ പഴയപോലുള്ള കുറുമ്പുവാക്കുകള്‍ മനുവിന്‍റെ ഹൃദയത്തില്‍ കുളിര്‍ കോരിയിടുന്നുണ്ടായിരുന്നു.
- ജോയ് ഗുരുവായൂര്‍

ഷാര്‍ജാ ചതുരമേശ സമ്മേളനം - അവലോകനം

തികച്ചും അപ്രതീക്ഷിതമായായിരുന്നു നാരായണന്‍സര്‍ ദുബായ് സന്ദര്‍ശനപരിപാടി ഉറപ്പിക്കുന്നതും ആ വിവരം മനസ്സിലെ കൂട്ടുകാരെ അറിയിക്കുന്നതും. നാരായണന്‍സര്‍ ദുബായില്‍ വരുന്നുണ്ടെങ്കില്‍ കണ്ടിരിക്കുമെന്ന്  അപ്പോഴേ മനസ്സില്‍  ഉറപ്പിച്ചിരുന്നു. കുറച്ചുദിവസം മുമ്പ് മനോജ്‌ ജേക്കബ്സാറും ദുബായില്‍ എത്തിച്ചേര്‍ന്ന വിവരമെന്നെ  ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. എന്നാല്‍പ്പിന്നെ ഈ  അസുലഭ സന്ദര്‍ഭം വിനിയോഗിച്ച് ഒരു സ്നേഹസംഗമം തന്നെ നടത്തിക്കളയാമെന്ന് ഉണ്ണ്യേട്ടന്‍, ജോസേട്ടന്‍, സീനോ ചേട്ടന്‍, വിജു, ഷാനു എന്നിവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കപ്പെടുകയും ചെയ്തു. 

ഞാന്‍ ജോലി ചെയ്യുന്ന റുവൈസ് ഓയില്‍ഫീല്‍ഡില്‍നിന്നും ദുബായിലേക്കെത്താന്‍ ഏകദേശം 435ല്‍പ്പരം   കിലോമീറ്ററുകള്‍ താണ്ടേണ്ടതുണ്ട്. ഒരൊറ്റയടിക്ക് ഇവിടേനിന്നും ദുബായിലേക്ക് ഡ്രൈവ് ചെയ്തെത്തുമ്പോഴേക്കും സമയമൊരുപാടാവും എന്നതിലുപരി ക്ഷീണവും അനുഭവപ്പെടുമെന്നതിനാല്‍ തലേദിവസം രാത്രി അബുദാബിയിലുള്ള ഒരു സുഹൃത്തിന്‍റെ വീട്ടിലെ വിരുന്നുകാരനാവാമെന്ന് നിശ്ചയിച്ചു.  അബുദാബിയില്‍ത്തന്നെയുള്ള മനസ്സ്  മെമ്പര്‍ ശ്രീ. അജിതന്‍നായരേയും കൂട്ടിക്കൊണ്ട് ഞങ്ങളുടെ ആ പൊതുസുഹൃത്തിന്റെ വീട്ടില്‍ വ്യാഴാഴ്ച്ച രാത്രി അന്തിയുറങ്ങി.  പിറ്റേ ദിവസം അതിരാവിലേത്തന്നെ അബുദാബിയില്‍ കുടുംബസമേതം കഴിയുന്ന ശ്രീ. വിജു നമ്പ്യാരേയും 'പിക്അപ്' ചെയ്ത് മൂവരുംകൂടി ദുബായിലേക്ക് വിട്ടുപിടിക്കാനായിരുന്നു പ്രോഗ്രാം. പക്ഷേ, ചില അസൌകര്യങ്ങള്‍മൂലം വിജുവിന് അതിരാവിലേത്തന്നെ പുറപ്പെടാന്‍ സാധിക്കില്ലായെന്ന്‍ അറിയിക്കുകയായിരുന്നു.

ഞാനും അജിതനും കൂടി ഏഴുമണിയോടെ പ്രയാണമാരംഭിച്ചു. എട്ടരയോടെ ഷാര്‍ജയിലുള്ള ഉണ്ണ്യേട്ടന്‍റെ ഭവനത്തില്‍ എത്തിച്ചേര്‍ന്ന്‍ അവിടേനിന്നും ഉണ്ണ്യേട്ടനേയും കൂട്ടിക്കൊണ്ട് നാരായണന്‍സാറിനെ കൂട്ടിക്കൊണ്ടുവരാന്‍ പോകാനുമായിരുന്നു ഞങ്ങളുടെ പദ്ധതി. പക്ഷേ, ഏകദേശം ഉണ്ണ്യേട്ടന്‍റെ താമസസ്ഥലത്തെത്തിച്ചേരുന്നതിന് തൊട്ടടുത്തുവച്ച് ഒന്നുവഴി തെറ്റി. ഇവിടത്തെ കാര്യം പലര്‍ക്കും അറിയാമായിരിക്കും ഒരു റോഡ്‌ മിസ്സ്‌ ആയാല്‍ പിന്നെ തിരിച്ച് അവിടേക്കുതന്നെ എത്തിച്ചേരാന്‍ ഒരുപാട് വണ്ടിയോടിക്കേണ്ടി വരും. പരിണിതഫലം: ഏകദേശം 50 കിലോമീറ്റര്‍ എക്സ്ട്രാ ഡ്രൈവും ഒരു ഓവര്‍സ്പീഡ് ക്യാമറ ഫ്ലാഷും (ഫൈന്‍).

വൈതരണികള്‍ തരണം ചെയ്തുകൊണ്ട് ഉദ്ദേശിച്ചതിനേക്കാളും അരമണിക്കൂര്‍ വൈകിയാണ് ഞങ്ങള്‍ ഉണ്ണ്യേട്ടന്‍റെ ഫ്ലാറ്റിലേക്ക് എത്തിച്ചേര്‍ന്നത്. അവിടെ ഉണ്ണ്യേട്ടനും തലേദിവസം രാത്രിമുതല്‍ അവിടെ സന്നിഹിതരായിരുന്ന  അദ്ദേഹത്തിന്റെ ബന്ധുക്കളും കൂട്ടുകാരുമായ നാലഞ്ചുപേരും - മനു, വിനു, അനില്‍, സുനില്‍,  ഹംസാക്ക എന്നിവര്‍ - ഞങ്ങളെ ഹാര്‍ദ്ദമായി സ്വീകരിച്ചു.  അടുക്കളയില്‍നിന്നും ഭക്ഷണപദാര്‍ത്ഥങ്ങള്‍ തയ്യാറാക്കുന്നതിന്റെ സുഗന്ധം സന്ദര്‍ശനമുറിയിലേക്ക് ഒഴുകിവരുന്നുണ്ടായിരുന്നു. ഉണ്ണ്യേട്ടന്‍ രണ്ടുംകല്‍പ്പിച്ചാണ് തന്‍റെ വസതിയില്‍വച്ച് ഈ പരിപാടി നടത്താനായി തുനിഞ്ഞിരിക്കുന്നതെന്ന് അപ്പോഴേ തോന്നി. 

കുശലപ്രശ്നങ്ങള്‍ നടത്തുന്നതിനിടെ മേശമേല്‍ പ്രാതല്‍ നിരന്നു. ഒന്നാംതരം ചട്ണി, സാമ്പാര്‍, കുറുമാസഹിതം തട്ടുദോശയും  ചായയും.  അതൊരു  റിഹേര്‍സല്‍ മാത്രമാണെന്നും ഉച്ചഭക്ഷണം "വെടിയും പുകയും" തന്നെയായിരിക്കുമെന്നതിന്റെ ലക്ഷണങ്ങള്‍ പ്രാതലിനുള്ള സജ്ജീകരണങ്ങളില്‍നിന്നുതന്നെ വ്യക്തമായിരുന്നു. 

പത്തുമണിക്ക് നാരായണന്‍സര്‍ താമസിക്കുന്ന ദുബായിലെ ചെല്‍സിയ ടവറില്‍ എത്തിച്ചേരാമെന്നായിരുന്നു  തീരുമാനിച്ചിരുന്നതെങ്കിലും സ്ഥലം കണ്ടുപിടിക്കുന്നതിലുണ്ടായ ചില ആശയക്കുഴപ്പങ്ങള്‍ക്കും തദ്ധ്വാരായുണ്ടായ അധികകറക്കങ്ങള്‍ക്കുമൊടുവില്‍ അവിടെയെത്തുമ്പോഴേക്കും ഏകദേശം പതിനൊന്നുമണി കഴിഞ്ഞു. 

വഴിതെറ്റിപ്പോയപ്പോള്‍ "ഉണ്ണ്യേട്ടാ... ത്രേം കാലം ഈ തുഫായിയിലും  ഷാര്‍ജയിലുമൊക്കെ കയില് കുത്തിയിട്ടും ഈ ബഴികളൊന്നും ഇനീം നേരായി നിശ്ചയല്ല്യാന്നുണ്ടോ?!" എന്ന എന്‍റെ വിനീതമായ സംശയോക്തിക്ക് ഉണ്ണ്യേട്ടന്‍ തന്ന ഉത്തരം ഇതായിരുന്നു.    

"തുഫായ് ഇപ്പൊ പഴേ തുഫായിയൊന്നുമല്ലാ ജോയിച്ചാ...." 

നാരായണന്‍സാറും പത്നിയും പറഞ്ഞസമയത്തുതന്നെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് റെഡിയായിരുന്നിരുന്നു. ചെല്‍സിയ ടവറിന്റെ  കവാടത്തില്‍ത്തന്നെ  വണ്ടി പാര്‍ക്ക് ചെയ്തുകൊണ്ട്  ഞങ്ങള്‍ ലോഞ്ചില്‍ വെയിറ്റ്  ചെയ്തു. താമസിയാതെ അവര്‍ ലിഫ്റ്റിറങ്ങി വന്ന് സുസ്മേരവദനരായി ഞങ്ങളെ ഹസ്തദാനം ചെയ്തു. ഷാര്‍ജയിലുള്ള ഒരു ബന്ധുവീട്ടില്‍ നടക്കുന്ന ഒഴിച്ചുകൂടാനാവാത്ത കുടുംബസംഗമത്തില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാല്‍ വരുന്നവഴി നാരായണന്‍സാറിന്‍റെ നല്ല പകുതിയെ അവിടെ ഡ്രോപ്പ് ചെയ്യേണ്ടി വന്നു. മീറ്റ്‌ കഴിഞ്ഞ് അവിടേക്ക് വൈകീട്ട് എത്തിക്കോളാമെന്ന അവരുമായുള്ള ധാരണയില്‍  നാരായണന്‍സര്‍ ഞങ്ങളോടൊപ്പം ഉണ്ണ്യേട്ടന്‍റെ വീട്ടിലേക്കുവന്നു.            

ഞങ്ങള്‍ എത്തുമ്പോള്‍ മനസ്സിന്‍റെ പ്രിയങ്കരന്‍ ഡോക്റ്റര്‍. റഹീം പൂച്ചക്കാടനും ശ്രീ. ഷിജു എസ്. വിസ്മയയും വീട്ടില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന്, മനോജ്‌ ജേക്കബ് സാറും സീനോ ജോണ്‍ നെറ്റോ ചേട്ടനും എത്തിച്ചേര്‍ന്നു. 

യാതൊരു ഔപചാരികതകളുമില്ലാതെ  സംഗമത്തിന് തുടക്കം....

ഔപചാരികമായി നടത്തപ്പെടുന്ന മീറ്റുകളുടെ രൂപഭാവങ്ങള്‍ ഇല്ലാതെയുള്ള ഒരു കൂടിച്ചേരല്‍ തന്നെയായിരുന്നു ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നതും. നമ്മുടെ പ്രിയ സഹയാത്രികരായ  നാരായണന്‍സാറിനും മനോജ്‌സാറിനും സമ്മാനിക്കാനായി ഒരു "മറുനാടന്‍ കത്തിയടി!..." അതിനാല്‍ത്തന്നെയതിന് ഒരു കുടുംബസംഗമത്തിന്റെ മട്ടുംഭാവവും തന്നെയായിരുന്നു.. മനോജ്‌സാറും നാരായണന്‍സാറും അമരത്തിരുന്നുകൊണ്ട് നയിച്ച ചര്‍ച്ചകളില്‍ ഞങ്ങളെല്ലാവരും വളരെ  സന്തോഷമായും സജീവമായും  പങ്കെടുത്തു. നാരായണന്‍സാറിന്റെയും മനോജ്‌സാറിന്റെയും സ്വതസിദ്ധമായ ഫലിതങ്ങള്‍ ഉണ്ണ്യേട്ടന്‍റെ സന്ദര്‍ശകമുറിയുടെ ചുമരുകളെ നിലയ്ക്കാത്ത പൊട്ടിച്ചിരികളാല്‍ ആലേപനം ചെയ്തു പുളകിതമാക്കി. 

മാനസികമായും ശാരീരികമായും ഒരു പുത്തനുണര്‍വ്!
അതിനിടെ നല്ല ഞാലിപ്പൂവന്‍പഴവും പഴങ്ങളുടെ രാജാക്കന്മാരായ റംബൂട്ടാനും മങ്കോസ്റ്റീനും തീന്മേശയിലെ തളികകളില്‍ നിരന്നു. ഈ "രാജാക്കന്മാരെ" ആദ്യമായാണ്‌ ഈയുള്ളവന്‍ കഴിക്കുന്നത്‌ തന്നേ!. അതിന് ഉണ്ണ്യേട്ടനോട്  കടപ്പാട്.
ചര്‍ച്ച ചെയ്യപ്പെടുന്ന ഓരോ വിഷയങ്ങളിലും ഓരോരുത്തര്‍ക്കുമുള്ള ആധികാരികമായ അറിവുകള്‍ പങ്കുവയ്ക്കപ്പെട്ടു. അങ്ങനെ, പലര്‍ക്കും പല അപൂര്‍വ്വജ്ഞാനങ്ങളും നേടിയെടുക്കാനുള്ള ഒരു വേദികൂടിയായി ഈ കൂടിച്ചേരല്‍. ശ്രീ. റഹിം പൂച്ചക്കാടന്‍ അദ്ദേഹം വര്‍ഷങ്ങളായി ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന മേഖലയായ ആയുര്‍വേദ ചികിത്സാവിധികളേക്കുറിച്ച് പലര്‍ക്കും അജ്ഞാതമായിരിക്കുന്നവയും എന്നാല്‍  വളരെ ലളിതമായി പ്രാവര്‍ത്തികമാക്കാവുന്നതുമായ ചില അറിവുകള്‍ പങ്കുവച്ചപ്പോള്‍ ഉണ്ണ്യേട്ടനും സീനോ ചേട്ടനും  ആദ്യകാല UAE പ്രവാസികളുടേയും ആധുനികകാല പ്രവാസികളുടേയും പ്രയാസങ്ങള്‍ താരതമ്യാത്മകമായി സ്വാനുഭവങ്ങളുടെ വെളിച്ചത്തില്‍ പങ്കുവച്ചു. നഗ്നപാദനായി/യായി ദിവസവും അല്പസമയം (അര മണിക്കൂറോളം) ഭൂമിയിലൂടെ (natural earth surface) നടക്കാന്‍ സമയം കണ്ടെത്തിയാല്‍ ഒരുമാതിരിപ്പെട്ട എല്ലാ  അസുഖങ്ങളും വിട്ടുമാറുമെന്നുള്ളതാണ് ശ്രീ. റഹീം പൂച്ചക്കാടന്റെ ആരോഗ്യപരിപാലനനിര്‍ദ്ദേശങ്ങളില്‍ ‍മുഖ്യമായി തോന്നിയത്.   

പിന്നെ, ഭൂമിശാസ്ത്രപരമായി  കേരളത്തില്‍ നിലവിലുള്ള  മലയാളഭാഷാപ്രയോഗഭേദങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയായി. അതൊരുപാട് തുറന്ന ചിരികള്‍ക്ക് വഴിവച്ചു. പ്രത്യേകിച്ച് കാസര്‍ഗോഡ്‌ സ്വദേശിയായ ഡോക്റ്റര്‍ റഹീം അദ്ദേഹത്തിന്‍റെ നാട്ടില്‍ നിലവിലുള്ള,  മലയാളം എന്നുപോലും വിളിക്കാനാവാത്ത "മലയാളഭാഷകളുടെ" ഉത്ഭവത്തെക്കുറിച്ചും അതിനു യഥാര്‍ത്ഥ മലയാളവുമായുള്ള വിഭിന്നതകളേക്കുറിച്ചുമെല്ലാം ഫലിതാത്മകമായി വിവരിച്ചത് വളരേ രസകരമായി. 

"തിരുവനന്തപുരത്തുനിന്നും ഒഴുകിത്തുടങ്ങിയ മലയാളം, കാസര്‍ഗോഡ്‌ എത്തിയപ്പോഴേക്കും നക്കിയെടുക്കാനുള്ളത് മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. അതുകൊണ്ടാണ് അന്നാട്ടുകാരുടെ മലയാളം, മലയാളികള്‍ക്ക് മനസ്സിലാവാത്ത ഈ വിധത്തിലായിത്തീര്‍ന്നതത്രേ.." എന്നുള്ള ശ്രീ. റഹീം പൂച്ചക്കാടന്റെ കമന്റ് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു. 

ജീവിതാനുഭവങ്ങളില്‍നിന്നും നേടിയ അതുല്യമായ അറിവുകള്‍ ഗുരുതുല്യരായവര്‍ പങ്കുവയ്ക്കപ്പെടുന്നതെല്ലാം സംശയദുരീകരണം നടത്തി, മനസ്സിലാവാഹിച്ചുകൊണ്ട് ഷിജുവും അജിതനും ഞാനുമുള്‍പ്പെടെ ബാക്കിയുള്ളവരും അതീവ ജിജ്ഞാസരായി ഇരുന്നു. 

ഒരു പരസ്പരം പരിചയപ്പെടുത്തലിന്റെ  ആവശ്യം ഇന്നലെയുണ്ടായില്ല. പതിവിനുവിപരീതമായി, മനസ്സിന്‍റെ നടത്തിപ്പിനെക്കുറിച്ചും നിലവിലുള്ള  അവസ്ഥകളേക്കുറിച്ചുമുള്ള ഒരുകാര്യവും ചര്‍ച്ചയ്ക്ക്  വിധേയമായില്ലെന്നും പറയാം. മറിച്ച്,  വര്‍ത്തമാനകാല ജീവിതത്തില്‍ അനുഭവവേദ്യമായിക്കൊണ്ടിരിക്കുന്ന പൊതുവായ ചില പ്രധാനവിഷയങ്ങളേക്കുറിച്ച് ചിരപരിചിതരായ സുഹൃത്തുക്കളേപ്പോലെ അല്ലെങ്കില്‍ വളരേയടുത്ത കുടുംബാംഗങ്ങളേപ്പോലെ, 'വാ തോരാവിധമുള്ള' ചര്‍ച്ചകളായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ നടന്നത്. 

തിരക്കിട്ട കാര്യക്രമങ്ങളുടെയിടയില്‍നിന്നും മനസ്സിലെ പ്രിയസൂനങ്ങളെ കാണാനോടിയെത്തിയ മനോജ്‌സാറായിരുന്നു ആദ്യം യാത്ര പറഞ്ഞത്. തീന്‍മേശയിലപ്പോള്‍ രുചികരമായ സദ്യ നിരന്നുകൊണ്ടിരിക്കുന്ന  സമയവുമായിരുന്നു. ദുഃഖവെള്ളിയാഴ്ച തലേന്ന് അര്‍ദ്ധരാത്രിമുതല്‍ ഉപവാസമെടുത്ത്‌ പള്ളിയില്‍പ്പോയി വീട്ടിലേക്ക് തിരിച്ചെത്തിയവഴി ഭക്ഷണം കഴിച്ച് വിശപ്പടക്കിയാണ് വന്നിരിക്കുന്നതെന്ന കാരണത്താല്‍ ഉച്ചഭക്ഷണം കഴിക്കുന്നതില്‍നിന്നും തന്നെ ഒഴിവാക്കണമെന്ന് മനോജ്‌സര്‍ അഭ്യര്‍ത്ഥിച്ചു. ഭക്ഷണം കഴിച്ചുതുടങ്ങുന്നതിനു മുന്‍പുതന്നേ ശ്രീ. സീനോ ജോണ്‍ നെറ്റോ രചിച്ച "വെയില്‍ പൂക്കുന്ന മരങ്ങള്‍" എന്ന കവിതാസമാഹാരം അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം നാരായണന്‍സര്‍ മനോജ്‌സാറിനു സമ്മാനിച്ചു. തുടര്‍ന്ന് ഉണ്ണ്യേട്ടന്‍ രചിച്ച കവിതാസമാഹാരങ്ങളും ശ്രീ. ഷിജു എസ് വിസ്മയ രചിച്ച കവിതാസമാഹാരവും മനോജ്‌സാറിനു സമ്മാനിക്കപ്പെട്ടു. യാത്ര പറയുന്നതിനുംമുന്‍പ്, മനസ്സ് ഷാര്‍ജാ കുടുംബസംഗമ ഓര്‍മ്മകള്‍ അനശ്വരമാവാനായി മനസ്സിന്‍റെ  ഒരു ചെറിയ ഉപഹാരവും ഉണ്ണ്യേട്ടന്‍ അദ്ദേഹത്തിന്  കൈമാറി.   

"പിന്ന്യങ്ങട്  ഒന്നുമ്പറയേണ്ടാ... തൊട്ടുമുന്നില്‍ വിരിച്ച വാഴയിലകളില്‍നിന്നും തങ്ങളേനോക്കി പല വര്‍ണ്ണങ്ങളില്‍ പുഞ്ചിരിച്ചുകൊണ്ടിരുന്ന രുചികരങ്ങളായ പച്ചക്കറിവിഭവങ്ങളേയും മണ്‍ചട്ടിയില്‍ തയ്യാറാക്കിയ മത്സ്യക്കറികളേയും കുത്തരിച്ചോറില്‍ കുതിര്‍ത്തിയകത്താക്കാനുള്ള ഒരു കൂട്ടയജ്ഞം! ഉണ്ണ്യേട്ടന്‍റെ 'സ്പെഷല്‍ ടീം' തയ്യാറാക്കിയ 'ഹോംലി' വിഭവങ്ങള്‍ വളയിട്ട കൈകള്‍ തയ്യാറാക്കുന്ന വിഭവങ്ങളുടെ രുചികളേക്കാള്‍ മികച്ചുനിന്നുവെന്ന്‍ പറഞ്ഞാല്‍ അതിശയോക്തിയാവില്ലാ. ഓരോന്നും എടുത്തെടുത്തുപറഞ്ഞ് വായനക്കാരുടെ കീബോര്‍ഡ് "നനയ്ക്കാന്‍" ഞാനുദ്ദേശിക്കുന്നില്ലാ. എരിവും പുളിയും തല്ക്കാലത്തേക്ക്  നിഷിദ്ധമായ നാരായണന്‍സാറിനുവേണ്ടി പ്രത്യേകം  തയ്യാറാക്കിയ കുത്തരിക്കഞ്ഞിയും ചെറുപയര്‍ തോരനും ഏത്തപ്പഴപ്പുഴുക്കും പപ്പടവും അദ്ദേഹത്തിന്‍റെ മുന്നില്‍ സ്ഥലം പിടിച്ചിരുന്നു. മറുനാട്ടില്‍ 'നാടനേക്കാള്‍' മികച്ചയൊരു സദ്യ തരമാക്കിയതിന് ഉണ്ണ്യേട്ടനേയും കൂട്ടരേയും ആത്മാര്‍ത്ഥമായി അഭിനന്ദിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്നു. 

ഊണ് കഴിഞ്ഞവഴി നാരായണന്‍സര്‍ തൃശ്ശൂര്‍ ഭാഷയില്‍ പറഞ്ഞു.

"ന്നാ..മ്പ്ക്ക് വീണ്ടും തൊട്ങ്ങല്ലേ?...." വീണ്ടും ചര്‍ച്ചകള്‍ വേദി കീഴടക്കി. 

തുടര്‍ന്ന് ശ്രീ. സീനോ ജോണ്‍ നെറ്റോ, താന്‍  രചിച്ച "വെയില്‍ പൂക്കുന്ന മരങ്ങള്‍" എന്ന കവിത മനോഹരമായി ആലപിച്ചത് എല്ലാവരും ആസ്വദിച്ചു. അദ്ദേഹം നല്ലൊരു ഗായകനുംകൂടിയാണെന്ന് ആ ആലാപനം കേട്ട ആര്‍ക്കും ഒരു സംശയവുമുണ്ടാവില്ല. അത്രയ്ക്ക്  ഹൃദ്യമായിരുന്നു അത്.

അതിനിടയില്‍ എപ്പോഴോ കൊണ്ടുവച്ച കോഴിക്കോടന്‍ ഹലുവയില്‍  ആരൊക്കെയോ  പിടുത്തമിടുന്നത് എന്‍റെ കണ്ണില്‍പ്പെട്ടത് വൈകിയാണ്. 

"സീനോ ചേട്ടാ, ഹലുവ കഴിക്കാണോ?.. പ്രമേഹമുണ്ടെന്നൊക്കെ നേരത്തേ പറയുന്നതുകേട്ടപോലെ നിക്ക്യ് തോന്ന്യല്ലോ?" ഞാന്‍ ചോദിച്ചു. 

"അയ്യോ.. ഞാനതങ്ങ് മറന്നു... കഴിച്ചും പോയീ..  ഇനിയിപ്പോയേതായാലും ഒരു കഷണംകൂടിയങ്ങ്  കഴിക്കുകതന്നേ.."  സീനോ ചേട്ടന്‍റെ മറുപടി കേട്ട് എല്ലാവരും ചിരിച്ചു. ഹലുവ കഴിക്കുന്ന കാര്യത്തില്‍ ഞാനും നാരായണന്‍സാറുമടക്കമുള്ള "സ്ഥലത്തെ പ്രധാന പഞ്ചാരക്കുട്ടന്മാരും" പുറകിലോട്ടുനിന്നില്ലായെന്നതാണ്  വാസ്തവം.  ഹല്ലാ... ഉണ്ണ്യേട്ടനും അതില്‍ പിടുത്തമിട്ടിരുന്നോ?... ശ്രദ്ധിച്ചില്ലാട്ടോ...  

"ന്നാ..പ്പിന്നെ സ്കൂള്‍ വിടാന്‍ കൂട്ടമണിയടിക്കട്ടേ ഉണ്ണ്യേട്ടാ" എന്ന് ഞാന്‍ ചോദിച്ചപ്പോഴല്ലേ ഉണ്ണ്യേട്ടന്‍ പറയുന്നത്... 

"അങ്ങനെയങ്ങ് പോകാറായിട്ടില്ലാ.. ഒരു സ്പെഷല്‍ക്ലാസ് കൂടിയുണ്ട്.. അത് കഴിഞ്ഞിട്ട് പോയാ മതീട്ടാ..." 

എല്ലാരും നെറ്റിചുളിച്ച് നില്ക്കുമ്പോള്‍, അതാ തീന്‍മേശ വീണ്ടും സജീവമാകുന്നു. ആവിപറക്കുന്ന ചായയും സ്വയമ്പന്‍ ഉഴുന്നുവടയും തളികകളില്‍ നിരന്നുകഴിഞ്ഞു. ചര്‍ച്ചകള്‍ക്കിടയില്‍ മിക്സി നിരന്തരം പ്രവര്‍ത്തിക്കുന്ന ശബ്ദം അടുക്കളയില്‍നിന്നും കേട്ടിരുന്നതിന്റെ ഗുട്ടന്‍സ്  അപ്പോഴാണ്‌  പുടികിട്ടിയത്. 

"ശ്ശൊ.. ഉണ്ണ്യേട്ടാ.. ഇതൊന്നും  വേണ്ടായിരുന്നൂ... " എന്നൊക്കെ ഒരു 'ഫോര്‍മാലിറ്റിക്ക്'   എല്ലാരും പറഞ്ഞെങ്കിലും ഉഴുന്നുവടകള്‍ ഞൊടിയിടയില്‍ കാലിയാവാന്‍ യാതൊരു പ്രതിബന്ധവും അതുണ്ടാക്കിയില്ലാ.. അത്രയ്ക്കും രുചികരമായിരുന്നു അതും... 

"ഇനി വലിച്ചാല്‍  വലിയില്ല വൈദ്യരേ... " എന്ന് പറയുന്നതുപോലെ ഇനിയും അവിടെത്തന്നെയിരിക്കാന്‍ സമയപരിമിതി ആരേയും അനുവദിക്കുന്നുണ്ടായിരുന്നില്ലാ. ശ്രീ. സീനോ ജോണും ഉണ്ണ്യേട്ടനും ഷിജു വിസ്മയയും താന്താങ്ങളുടെ പുസ്തകങ്ങളുടെ കോപ്പികള്‍ എല്ലാവര്‍ക്കും സമ്മാനിച്ചു.ഈ കൂടിച്ചേരലിന്റെ ഓര്‍മ്മ എന്നും നിലനില്ക്കുവാനായി മനസ്സിന്‍റെ ഒരു ചെറിയ ഉപഹാരം നാരായണന്‍സാറിന് സമ്മാനിക്കപ്പെട്ടു.  ഏകദേശം അഞ്ചരമണിയോടെ പരസ്പരം ആശ്ലേഷിച്ചുകൊണ്ടും ഉണ്ണ്യേട്ടന്‍ & ടീമിനോട് നന്ദി പറഞ്ഞുകൊണ്ടും ഞങ്ങള്‍ പടിയിറങ്ങി. 

പിന്നീട് നാരായണന്‍സാറിനെ തിരികേകൊണ്ടുവിടാനായി ഞാനും അജിതനും ഉണ്ണ്യേട്ടനും കൂടി യാത്രയായി. അതിനുശേഷം ആറരമണിയോടെ ഞാനും അജിതനും അബുദാബി ലക്ഷ്യമാക്കിയുള്ള പ്രയാണമാരംഭിച്ചു. വഴിയില്‍വച്ച് തലേദിവസം ഞങ്ങള്‍ രണ്ടും തങ്ങിയിരുന്ന വീടിന്‍റെ ഉടമസ്ഥനായ ഞങ്ങളുടെ ആ പാവം സുഹൃത്തിനെ വിളിച്ചുപറഞ്ഞു.

"അത്താഴത്തിന് രണ്ടുപേര്‍ക്കുള്ള  അരികൂടി ഇട്ടോളൂ.. " ഇങ്ങനെയൊക്കെയല്ലേ നല്ല സുഹൃത്തുക്കള്‍ക്കൊക്കെ കഴിയുന്ന ഉപകാരങ്ങള്‍ ചെയ്യാന്‍  നമ്മളേക്കൊണ്ട് പറ്റൂ...  

അതിരാവിലെ എഴുന്നേറ്റ് അജിതനെ അബുദാബിയിലെ താമസസ്ഥലത്ത് കൊണ്ടുപോയി വിട്ടതിനു ശേഷം 250 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മറ്റൊരു യാത്രയുടെ തുടക്കത്തിനായി ഞാന്‍ ആക്സിലരേറ്ററില്‍ കാലുകൊടുത്തു. 
- ജോയ് ഗുരുവായൂര്‍