Tuesday, December 8, 2015

ആരാണ് നാം?... [ലേഖനം]

എല്ലാവര്‍ക്കും ശുഭപ്രതീക്ഷകളുടെ ഒരു പുതുവര്‍ഷം ആശംസിക്കുന്നൂ..
എത്ര അല്ലാ എന്നു പറഞ്ഞാലും എല്ലാ മനുഷ്യരും ഉള്ളിന്റെയുള്ളില്‍ ശുഭപ്രതീക്ഷകള്‍ വച്ച് പുലര്‍ത്തുന്നവര്‍ത്തന്നെയാണ്. ജീവിതത്തെ ബാധിക്കുന്ന എന്തും തങ്ങളുടെ ഇംഗിതത്തിനനുസരിച്ചു തന്നെ നടക്കണമേ എന്ന് പുറത്തു ഘോഷിച്ചില്ലെങ്കിലും ഓരോരുത്തരും ആഗ്രഹിക്കുന്നു. മാനസികമായും ശാരീരികമായും വേദനിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ലാ എന്നതാണ് ഇതിനു കാരണം.
മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ്. കാലാകാലങ്ങളായി സമൂഹം ലിഖിതമായും അലിഖിതമായും നിഷ്ക്കര്‍ഷിച്ച നിയമങ്ങള്‍ ബോധപൂര്‍വ്വമല്ലാതെത്തന്നെ പാലിച്ചു ജീവിക്കാനുള്ള ഉള്‍വിളി ഓരോ മനുഷ്യരിലും ഉണ്ട് താനും.. എന്നാല്‍, ഈ വക നിഷ്ക്കര്‍ഷകള്‍ക്ക് എതിരെ ചലിക്കുവാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഘടകങ്ങളില്‍ ആകൃഷ്ടരായി ചിലര്‍ ഒഴുക്കിനെതിരെ നീന്താന്‍ ആഗ്രഹിക്കുകയും തദ്ധ്വാരാ പൊതുജന ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്. ഇതില്‍ വ്യക്തിദ്രോഹത്തില്‍ തുടങ്ങി, രാജ്യദ്രോഹത്തില്‍ വരെ കലാശിക്കുന്ന ഘടകങ്ങളുണ്ട്. ഇത്തരക്കാരുടെ മനസ്സില്‍ മുഖ്യധാരയില്‍ ഒഴുകുന്ന എല്ലാവരും കഴിവില്ലാത്തവരും നട്ടെല്ലില്ലാത്തവരുമാകുന്നു. അവിടെയാണ് ഇവര്‍ക്ക് തെറ്റ് പറ്റുന്നത്. കാലാകാലമായി അനുവര്‍ത്തിച്ചു വരുന്ന, കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമായ, ചില അന്ധമായ സാമൂഹ്യ അനാചാരങ്ങള്‍ക്കു എതിരെയുള്ള സത്ചിന്ത ഉണര്‍ത്തുന്ന മഹാത്മാക്കളും അപൂര്‍വ്വമായി ഇന്നത്തെ സമൂഹത്തില്‍ പ്രത്യക്ഷപ്പെടുകയും കവലകളിലെ രക്തസാക്ഷി മണ്ഡപങ്ങളില്‍ കുടിയിരിക്കുകയും ചെയ്യുന്നുണ്ട് എന്നതും വിസ്മരിച്ചു കൂടാ.. അവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി നേരാം..
എപ്പോഴാണ് ഒരു വ്യക്തി തെറ്റ് ചെയ്യുന്നത്?
പ്രതികൂലമായ സാഹചര്യത്തില്‍ നിലനില്‍പ്പ്‌ തന്നെ ഒരു ചോദ്യചിഹ്നം ആവുമ്പോള്‍ സ്വാഭാവികമായും വളഞ്ഞ വഴികളിലൂടെ പിടിച്ചു നില്‍ക്കാന്‍ ആരും ശ്രമിക്കും. ഇതിനുവേണ്ടി, അതേവരെ സ്വായത്തമാക്കി നടപ്പിലാക്കിക്കൊണ്ടിരുന്ന ധാര്‍മികതയെ അല്പ്പനേരത്തേക്ക് അവഗണിക്കാന്‍ വരെ പലരും തയ്യാറായേക്കാം. ഇത്തരക്കാരെ പച്ചയായ മനുഷ്യര്‍ എന്നു വിളിക്കാം. എന്നാല്‍, അഹങ്കാരം മുറ്റി, സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ സംസ്ഥാപനം മാത്രം ലക്ഷ്യമിട്ട് കൊണ്ട് മറ്റുള്ളവരെ പുച്ഛിക്കുകയും അതേവരെ അവര്‍ തന്നുകൊണ്ടിരുന്ന സ്നേഹബഹുമാനങ്ങളെ തൃണവല്‍ക്കരിക്കുകയും ചെയ്തുകൊണ്ട്, വ്യക്തിക്കും സമൂഹത്തിനും എതിരായി പ്രവര്‍ത്തിക്കുകയും, താന്‍ ചിന്തിക്കുന്നതും ആഗ്രഹിക്കുന്നതുമായ കാര്യങ്ങളും തത്വസംഹിതകളും മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന മറ്റൊരു കൂട്ടരും ഉണ്ട്.. ഇവരെ വിളിക്കേണ്ടത് സാമൂഹ്യദ്രോഹികള്‍ എന്നു മാത്രമല്ലാ.. നന്ദിയില്ലാത്തവര്‍ അല്ലെങ്കില്‍ നാണമില്ലാത്തവര്‍ എന്ന വിശേഷണവും അവര്‍ക്കു ചേരും.. ഇത്തരക്കാരുടെ കാല്‍നക്കികളായി കൂലിക്ക് പാപം ചെയ്യുന്ന മറ്റൊരു ഇത്തിള്‍ക്കണ്ണി ഗണവും ഉണ്ട്.. അവരെ കൊട്ടേഷന്‍ ടീം എന്നു നമുക്ക് വിളിക്കാം.
മേല്‍പ്പറഞ്ഞതില്‍ നിന്നും ഒരു കാര്യം വ്യക്തമാകുന്നു. എന്തും പരിധിവിട്ട് അധികമാകുമ്പോഴോ അല്ലെങ്കില്‍ കുറയുമ്പോഴോ ആണ് മനുഷ്യന്‍റെ മനസ്സില്‍ പാപചിന്തകള്‍ ഉടലെടുക്കുന്നത്. ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതെ ജീവിക്കുന്നവര്‍ക്ക് ജീവിതത്തില്‍ സമാധാനവും സന്തോഷവും ഉണ്ടെന്നു സാരം. അപ്പോള്‍ ധനവും പ്രശസ്തിയും കിട്ടാന്‍ വേണ്ടി മനുഷ്യര്‍ ഇത്രയും കിടന്നു കഷ്ടപ്പെടുന്നത് ജീവിതത്തില്‍ അസമാധാനം ക്ഷണിച്ചു വരുത്താന്‍ ആണെന്നും ഊഹിക്കേണ്ടിയിരിക്കുന്നു. അതേ, അത് തന്നെയാണ് സംഭവിക്കുന്നതും. ഒരു വെടിമരുന്നു കുന്നിന്‍റെ മുകളില്‍ ഇരുന്നു വിയര്‍ക്കുകയാണ് എല്ലാ ധനവാന്മാരും.. അവരുടെ മനസ്സില്‍ ശാന്തിയില്ലാ..
ലോകം വെട്ടിപ്പിടിക്കാന്‍ തുനിഞ്ഞിറങ്ങിയ അലക്സാണ്ടര്‍ ചക്രവര്‍ത്തിയ്ക്കു മാനസാന്തരം ഉണ്ടായപ്പോള്‍ അദ്ദേഹം പറഞ്ഞു. തന്‍റെ ശവശരീരത്തിന്‍റെ രണ്ടു കൈകളും പുറത്തേക്ക് നീട്ടി വച്ചു കൊണ്ടായിരിക്കണം അടക്കാനായി കൊണ്ടു പോകേണ്ടത്. മനുഷ്യന്‍ വെറുംകൈയോടെ വരുന്നു, വെറുംകൈയോടെത്തന്നെ പോകുന്നു എന്ന് ലോകം കാണാന്‍ വേണ്ടിയായിരുന്നു അദ്ദേഹം അന്ത്യാഭിലാഷമായി അങ്ങനെ പറഞ്ഞു വച്ചത്.
മനുഷ്യജീവിതം ക്ഷണികമാണ്. ആ ജീവിതത്തിനിടയില്‍ ഒരു തരത്തിലും കൊക്കില്‍ ഒതുങ്ങാത്തത് കൊത്താനോ മറ്റുള്ളവരുടെ മനസ്സമാധാനം കളയാനോ നമ്മള്‍ ശ്രമിക്കരുത്, മറിച്ച് നമ്മെ നോക്കി മന്ദസ്മിതം തൂകുന്ന മുഖങ്ങളെ ആവോളം സമ്പാദിക്കാന്‍ ഉള്ള ശ്രമമാണ് നമ്മുടെ എളിയ ജീവിതത്തിലുടനീളം നടത്തേണ്ടത്. അതോടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിത്യശോഭയോടെ വിളയാടും.
നമ്മള്‍ എത്രയധികം സ്നേഹിച്ചിട്ടും വിശ്വസിച്ചിട്ടും വരെ തരം കിട്ടുമ്പോള്‍ നമ്മെ ഭരിക്കാനും വഞ്ചിക്കാനും ശ്രമിക്കുന്നവരുണ്ട്. അത്തരക്കാരെ തിരിച്ചറിയുകയും അവരില്‍ നിന്നും അകലം പാലിക്കാന്‍ ശ്രമിക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്. ഇത്തരക്കാര്‍ സ്വാര്‍ത്ഥരും ചൂഷകരുമാണ്. നമ്മളോട് ചിരിച്ചു കാണിക്കുകയും നമ്മുടെ ഏറ്റവും വിശ്വസ്തരാണെന്നു അഭിനയിക്കുകയും കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടു ചോറു വാരിക്കുന്നത് പോലെ നമ്മെ പുകഴ്ത്തിപ്പറഞ്ഞു കൊണ്ടു അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യിപ്പിച്ചെടുക്കുകയും ഒടുവില്‍ മറ്റുള്ളവരുടെ ശത്രുതകള്‍ അകാരണമായി നേടിത്തരികയും ചെയ്യുന്ന ദുഷ്ടാത്മാക്കളുമാകുന്നു ഇവര്‍. നമ്മുടെ അപദാനങ്ങളെ വാഴ്ത്തുമ്പോഴും നമ്മളറിയാതെ നമ്മുടെ അഭ്യുദയകാംക്ഷികളെ നമുക്കെതിരെ തിരിച്ചു കൊണ്ടിരിക്കാനും ഇവര്‍ മടികാണിക്കില്ലാ. തിരിച്ചറിയാന്‍ വൈകുംതോറും ഒരു ആത്മഹത്യയുടെ വക്കില്‍ വരെ ഇവര്‍ നമ്മളെ കൊണ്ടു ചെന്നെത്തിച്ചേക്കാം. സൂക്ഷിക്കുക.
ഇവിടെയാണ്‌ ആരാണ് നാം? എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടാവുന്നത്. ഇതിനുത്തരം ലഭിക്കണമെങ്കില്‍ എങ്ങനെയായിരിക്കണം നാം എന്നത് ആദ്യം മനസ്സിലാക്കേണ്ടതുണ്ട്.
എത്ര നല്ല അടുപ്പവും സ്നേഹവും ഉള്ള സുഹൃത്തുക്കളോ ബന്ധുക്കളോ ആണെങ്കില്‍ക്കൂടി അവരുടെ വ്യക്തിത്വത്തിലേക്ക് കൈകടത്താനോ അതിനെ തേജോവധം ചെയ്യാനോ തുനിഞ്ഞാല്‍ ബന്ധങ്ങളുടെ ശിഥിലീകരണം ആരംഭിക്കുന്നു. ഏതൊരു വ്യക്തിക്കും അല്പ്പസ്വല്പ്പം സ്വസ്ഥത ആവശ്യമാണ്‌. ഏതു നേരവും ഒരു വ്യക്തിയെ മാനസികമായി കയ്യടക്കി വയ്ക്കുകയും അവര്‍ക്കു സ്വതന്ത്രമായി ശ്വാസം കഴിക്കാന്‍ വരെ സാധിക്കാത്ത വിധത്തില്‍ അവരുടെ ഓരോ ചലനങ്ങളും അറിയാനും നിയന്ത്രിക്കാനും ശ്രമിക്കുകയും ചെയ്യുമ്പോള്‍ ആത്യന്തികമായി ആ വ്യക്തിയില്‍ അമര്‍ഷം രൂപം കൊള്ളുന്നു. ഇന്ന് അനേകം കുടുംബങ്ങളില്‍ അശാന്തി വിളയിപ്പിക്കുന്നത് ഈ പ്രവണതയാണ്. അമിതമായ വാത്സല്യമോ സ്നേഹമോ അല്ലെങ്കില്‍ സംശയമോ ആയിരിക്കാം ഇതിനു ഹേതു. അപ്പോള്‍, സ്നേഹബന്ധങ്ങളിലെ നമ്മുടെ സ്വാധീനം ഏതു തരത്തിലുള്ളതാണെന്ന് നാം കാര്യമായി വിലയിരുത്തേണ്ടിയിരിക്കുന്നു.
ഒരു വ്യക്തിയെ നാം മനസ്സ് കൊണ്ടു നന്നായി സ്നേഹിക്കുന്നുണ്ടെങ്കില്‍ അയാളുടെ ഏതെങ്കിലും പ്രവൃത്തിയില്‍ സംശയത്തിന്‍റെ ഒരു ലാഞ്ചന പോലും നമ്മള്‍ പ്രകടിപ്പിക്കരുത്‌. പ്രവൃത്തികളില്‍ സംശയം തോന്നുന്ന അവസരങ്ങളില്‍ മറ്റേതെങ്കിലും വഴികളിലൂടെ അവയെ പരിശോധിച്ച് തൃപ്തിപ്പെടാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്. നേരിട്ടു സംശയങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ നിഷ്ക്കളങ്ക ഹൃദയങ്ങളില്‍ അത് ആഴത്തിലുള്ള മുറിവേല്‍പ്പിക്കുകയും പിന്നീട് സ്നേഹബന്ധങ്ങള്‍ക്ക്‌ ഉലച്ചിലുണ്ടാക്കാന്‍ അത് വഴി തെളിക്കുകയും ചെയ്യും.
നാം സ്നേഹിക്കുന്ന വ്യക്തി, നമ്മളറിയാതെ നമ്മളെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ് എന്നു തെളിവുകള്‍ സഹിതം ബോദ്ധ്യപ്പെടുകയാനെങ്കില്‍ ആ നിമിഷം തന്നെ അയാളുമായുള്ള ബന്ധങ്ങള്‍ നിര്‍ത്തണം. ഈ തെളിവുകള്‍ എന്ന് പറയുന്നത് മറ്റുള്ളവരുടെ പരദൂഷണങ്ങളോ നമ്മുടെത്തന്നെ മനസ്സില്‍ രൂപപ്പെടുന്ന ഊഹാപോഹങ്ങളോ ആവരുത്. രണ്ടു വ്യക്തികള്‍ തമ്മിലുള്ള ഉറച്ച സുഹൃദ്ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്താനായി ചെന്നായ്ക്കളെപ്പോലെ തക്കം പാര്‍ത്തിരിക്കുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ടെന്നു എപ്പോഴും ഓര്‍ക്കുക.പരദൂഷണങ്ങള്‍ ആസ്വദിക്കുന്ന സ്വഭാവം നമ്മളെ അനാവശ്യമായ കുഴപ്പങ്ങളില്‍ കൊണ്ടു ചാടിക്കുകയേ ഉള്ളൂ. ഇന്നത്തെ കമ്പ്യൂട്ടര്‍ യുഗത്തില്‍ മനസ്സ് വച്ചാല്‍ എന്തും ഏതും തെളിവുകളായി അനായാസേന സൃഷ്ടിച്ചെടുക്കാവുന്നതേയുള്ളൂ. നമ്മുടെ ചെവിയില്‍ പതിക്കുന്ന വാക്കുകളുടെ നിജസ്ഥിതി മനസ്സിലാക്കാനുള്ള സഹിഷ്ണുതയും ക്ഷമയും നമ്മുക്ക് ഉണ്ടാവേണ്ടതുണ്ട്. നമ്മളെ വഞ്ചിക്കുന്നു എന്നു നമ്മള്‍ വിശ്വസിക്കുന്ന വ്യക്തി ഒരുപക്ഷെ തികച്ചും നിഷ്ക്കളങ്കമായ മനസ്സിന്‍റെ ഉടമയാണ് എങ്കില്‍ അതുമൂലം ഉണ്ടാവുന്ന കുഴപ്പങ്ങളുടെ പ്രത്യാഘാതങ്ങള്‍ താങ്ങാന്‍ നമുക്കും ആ വ്യക്തിക്കും ആയെന്നു വരില്ല.തെറ്റിദ്ധാരണകള്‍ നമ്മുടെ മനസ്സില്‍ വാഴാതിരിക്കട്ടേ. വിശ്വാസത്തില്‍ പൂര്‍ണ്ണമായും അധിഷ്ഠിതമാണ് സ്നേഹബന്ധങ്ങള്‍. വിശ്വാസത്തിന്‍റെ മൂലക്കല്ലില്‍ നിന്നും പടുത്തുയര്‍ത്താത്ത ബന്ധങ്ങള്‍ മണലില്‍ പടുത്തുയര്‍ത്തിയ മനോഹര സൌധങ്ങള്‍ക്ക് സമാനം. ഒരു ചെറിയ കാറ്റിലോ ഭൂമികുലുക്കത്തിലോ അവ നിലം പൊത്തും.
മറ്റുള്ള വ്യക്തികളുടെ കഴിവില്‍ നമുക്ക് അസ്വസ്ഥതകള്‍ ഉണ്ടാവുമ്പോള്‍ സ്വാഭാവികമായും ആ വ്യക്തികളെ പൂര്‍ണ്ണമായി സ്നേഹിക്കാന്‍ നമ്മുടെ മനസ്സിനാവില്ല. കഴിവുകളില്‍ ചിലത് ജന്മനാ ഉണ്ടാവുന്നതും ചിലവ സ്വപ്രയത്നം കൊണ്ടു വളര്‍ത്തിയെടുക്കുന്നതുമാണ് എന്ന യഥാര്‍ത്ഥ്യം നമ്മള്‍ മനസ്സിലാക്കിയാല്‍ ആ ബലഹീനതയില്‍ നിന്നും രക്ഷ നേടാം. മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള മനസ്സാണ് കെട്ടുറപ്പുള്ള ബന്ധങ്ങള്‍ക്ക് വഴി തെളിക്കുന്നത്.കഴിവുള്ളവരെ മാതൃകയാക്കിയും സംശയ ദുരീകരണങ്ങള്‍ നടത്തിയും അലസത കളഞ്ഞ് സ്വപ്രയത്നത്താല്‍ നമുക്കും കഴിവുകള്‍ നേടാന്‍ സാധിക്കും. ഈ ലോകത്തില്‍ അസാധ്യമായത് ഒന്നുമില്ലെന്നാണല്ലോ.
ഉപദേശം കേള്‍ക്കുക എന്നത് ഏറ്റവും വിരസമായ ഒരു സംഗതിയാണ്. എന്നാല്‍, അറിവുള്ളവരുടെ ഉപദേശങ്ങള്‍ കേള്‍ക്കുന്നതും അവ പ്രവര്‍ത്തികമാക്കുന്നതും ജീവിത വിജയങ്ങള്‍ കൊയ്യാന്‍ മാത്രമേ ഉപകരിക്കൂ എന്ന് മനസ്സിലാക്കണം. നമ്മളില്‍ ഭൂരിഭാഗവും കൂപമണ്ഡൂകങ്ങളാണ്. നമ്മുടെ ജീവിതവഴിത്താരയില്‍ സ്വായത്തമാക്കിയ കാര്യങ്ങളില്‍ മാത്രം ന്യായവും സംതൃപ്തിയും കണ്ടെത്തുന്ന പ്രവണത മിക്കവരിലും ഉണ്ട്. തനിക്കു അറിവില്ലാത്ത കാര്യങ്ങള്‍ പ്രായഭേദമെന്ന്യേയുള്ളവര്‍ പറയുന്നതും ഉപദേശിക്കുന്നതും ഒന്നും ഈ മര്‍ക്കടമുഷ്ടിക്കാര്‍ ഗൗനിക്കാറില്ല. ഇത്തരം സ്വഭാവം ഉള്ളവരുടെ ജീവിതം ഒരിക്കലും ഭാവിയില്‍ ഉന്നതനിലവാരം പുലര്‍ത്തുകയില്ലാ. അവര്‍ കിണറ്റിലെ തവളകളായിത്തന്നെ ജീവിക്കുമ്പോള്‍ അവരെ ആശ്രയിച്ചു കഴിയുന്ന മറ്റുള്ളവരും അങ്ങനെത്തന്നെയായിത്തീരാന്‍ നിര്‍ബന്ധിതരാകുകയാണ് എന്ന കാര്യവും ഇവര്‍ വിസ്മരിക്കുന്നു. നമ്മുടെ പോലെത്തന്നെ തലച്ചോറും ചിന്തിക്കാനും അപഗ്രഥിക്കാനുമുള്ള ശക്തിയുള്ളവര്‍ തന്നെയാണ് നമ്മള്‍ ഇടപഴകുന്ന ഓരോരുത്തരും എന്ന ബോധം നമ്മില്‍ ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. മറ്റുള്ളവരുടെ വ്യക്തിത്വത്തെ അംഗീകരിക്കാന്‍ മനസ്സില്ലാത്തവര്‍ക്ക് എന്ത് വ്യക്തിത്വമാണു അവകാശപ്പെടാനുള്ളത്? നമ്മള്‍ മറ്റുള്ളവരെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്‌താല്‍ മാത്രമേ അവരുടെ അംഗീകാരവും ബഹുമാനവും നമുക്കും ലഭിക്കൂ എന്ന് മനസ്സിലാക്കുക. അതല്ലാത്ത സമീപനങ്ങള്‍ തികച്ചും സ്വാര്‍ത്ഥപരം ആണ്.
പരിഹാസം എന്നത് നമ്മുടെ മനസ്സിന് ഏറ്റവും കൂടുതല്‍ ആഘാതം സംഭവിപ്പിക്കുന്ന സംഗതികളില്‍ ഒന്നാണ്. പ്രത്യേകിച്ച്, നമ്മള്‍ സ്നേഹിക്കുന്നവരില്‍ നിന്നും തമാശയ്ക്കാണെങ്കില്‍ക്കൂടി മറ്റുള്ളവരുടെ മുന്നില്‍ നമ്മള്‍ പരിഹാസപാത്രമാകുമ്പോള്‍ നമ്മളറിയാതെ ആ വ്യക്തികളോടുള്ള അമര്‍ഷം മനസ്സില്‍ നുരഞ്ഞു തുടങ്ങും. അത് പിന്നീട് ബന്ധങ്ങളുടെ മൂല്യച്യുതിയിലേക്കുള്ള ചൂണ്ടുപലകയായി മാറുന്നു. ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ബന്ധങ്ങളേയും കഴിവുകളേയും വളര്‍ത്തുകയേയുള്ളൂ. പക്ഷേ, ഒരു വ്യക്തിയുടെ കഴിവുകുറവുകളില്‍ കടിച്ചുതൂങ്ങി അയാളെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുമ്പോള്‍ യഥാര്‍ത്ഥത്തില്‍ പരിഹാസ്യരാവുന്നത് നമ്മള്‍ത്തന്നെയാണ്. അതോടെ പരിഹാസപാത്രമാകുന്ന വ്യക്തിയുടെ ശത്രുക്കളായി നാം മാറുന്നു. ഒരാളെ പരിഹസിച്ചത്‌ കൊണ്ടു നമുക്ക് കിട്ടുന്ന നേട്ടം എന്താണ് എന്നോര്‍ക്കാനുള്ള വിവരം പോലും നമുക്കുണ്ടാവുന്നുണ്ടോ? ഓരോ വ്യക്തിയും ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ കഴിവുകള്‍ ഉള്ളവരായിരിക്കും. ആ കഴിവുകളെ കണ്ടെത്തി വാഴ്ത്തിക്കൊണ്ട് ആ വ്യക്തിയുടെ കാര്യക്ഷമത വളര്‍ത്തിയെടുക്കാന്‍ തുനിയുന്നതിനു പകരം പരിഹാസ ശരങ്ങളാല്‍ തളര്‍ത്തുന്നതു കൊണ്ടു എന്ത് നേട്ടം.മറ്റുള്ളവരെ പരിഹസിക്കാന്‍ മാത്രം പരിപൂര്‍ണ്ണരല്ല നമ്മളാരും എന്ന അവബോധം മനസ്സില്‍ വളര്‍ത്തിയെടുക്കണം.
നമ്മളെ ഏതെങ്കിലുമൊരു വ്യക്തി അടിച്ചമര്‍ത്താന്‍ തുനിഞ്ഞാല്‍ നമ്മിലെ ആത്മാഭിമാനം അതിനെ ചെറുക്കാന്‍ ശ്രമിക്കും. പരസ്പ്പര ബന്ധങ്ങളിലെ അടുപ്പം മുതലെടുത്ത്‌ പങ്കാളിയെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പ്രവണതയുള്ളവര്‍ നമ്മുടെയിടയില്‍ത്തന്നെയുണ്ട്‌. അമിതമായ സ്വാതന്ത്ര്യം ഉപയോഗിച്ചു നമ്മുടെ സമ്മതമോ അറിവോ ഇല്ലാതെ നമ്മുടെ വക്താക്കളാവാന്‍ വരെ ഇത്തരക്കാര്‍ മടിക്കാറില്ല. ഫലമോ, മനസ്സാവാചാകര്‍മ്മണാ നമ്മള്‍ അറിയാത്ത കാരണങ്ങള്‍ മൂലം നമ്മള്‍ വിവാദങ്ങളില്‍ ഉള്‍പ്പെടുന്നു. എത്ര നല്ല സ്നേഹബന്ധമായാലും നമ്മുടെ വ്യക്തിത്വം ആര്‍ക്കും പണയം വയ്ക്കരുത്. മറ്റുള്ളവരുടെ വ്യക്തിത്വത്തെ കയ്യിലെടുത്തു നിയന്ത്രിക്കാന്‍ ശ്രമിക്കുകയുമരുത്. കാരണം ഓരോരുത്തരുടേയും മനോഗതങ്ങള്‍ വ്യത്യസ്തമായിരിക്കും. മറ്റൊരാളുടെ വ്യക്തിത്വം എന്ന കുപ്പായം എടുത്തണിഞ്ഞത്‌ കൊണ്ടു ഒരിക്കലും നമ്മള്‍ അവരാവുന്നില്ലാ. നമ്മുടെ ചെയ്തികളും സ്വഭാവങ്ങളും അവരുടേതിനു സമാനമാകുന്നില്ലാ. അതിനാല്‍ നമ്മള്‍ നമ്മുടെ വ്യക്തിത്വത്തില്‍ തന്നെ ജീവിക്കാന്‍ പഠിയ്ക്കണം.
അനവസരത്തിലുള്ള പുകഴ്ത്തലുകളോ പരിഗണനകളോ അല്ലെങ്കില്‍ ആവശ്യത്തില്‍ക്കൂടുതല്‍ പണമോ ആകാരമോ ഒരു വ്യക്തിക്കു ലഭിക്കുമ്പോള്‍ ആകുന്നു അഹങ്കാരം മനസ്സില്‍ മുള പൊട്ടുന്നത്. മറ്റുള്ളവരേക്കാള്‍ ഭേദപ്പെട്ടവരാണ് നാമെന്ന ചിന്ത സഹജീവികളെ പുച്ഛത്തോടെ വീക്ഷിക്കുവാന്‍ നമ്മളെ പ്രേരിപ്പിക്കുന്നു. അത്തരം വ്യക്തികള്‍ എപ്പോഴും തനിക്കു ചേര്‍ന്ന വ്യക്തികളുമായെ ഇടപഴകലുകള്‍ നടത്തൂ..ഗതകാലം മറന്നുകൊണ്ടുള്ള ഈ "തല മറന്ന് എണ്ണ തേയ്ക്കല്‍" അവസാനം നമ്മെ കൊണ്ടെത്തിക്കുന്നത് ഏകാന്തതയുടേയും കഷ്ടപ്പാടുകളുടേയും തുരുത്തുകളില്‍ ആയിരിക്കും.
ധനവാന്‍ മരിച്ചു നരകത്തില്‍പ്പോയി അവിടത്തെ കഷ്ടതകള്‍ അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍, ദൂരെ.. സ്വര്‍ഗ്ഗത്തില്‍, തന്‍റെ വീട്ടുപടിക്കല്‍ ഉച്ഛിഷ്ടത്തിനു വേണ്ടി കൈ നീട്ടിയിരുന്ന ലാസര്‍ എന്ന പിച്ചക്കാരന്‍, അബ്രാഹത്തിനോടൊത്തു സുഖമായി ഇരിക്കുന്നത് കണ്ടു അവനെ തന്‍റെ അടുത്തേക്ക്‌ വിട്ടു തന്നെ പരിചരിക്കാന്‍ അനുവദിക്കണമേ എന്ന് അബ്രാഹത്തിനോട് വിളിച്ചപേക്ഷിച്ചു. എന്നാല്‍, ജീവിച്ചിരിക്കുമ്പോള്‍ അളവറ്റ സുഖസൌകര്യങ്ങള്‍ അനുഭവിക്കുമ്പോഴും നീ ദരിദ്രനായ ലാസറിനെ അവഗണിച്ചു അതിനാല്‍ ഒരു നിവൃത്തിയുമില്ലാ എന്ന് അബ്രാഹം അറിയിച്ചു. അപ്പോള്‍, ചുരുങ്ങിയ പക്ഷം ലാസറിനെ ഭൂമിയിലുള്ള തന്‍റെ ഭവനത്തിലേക്കയച്ചു മരിച്ചു കഴിഞ്ഞാലുള്ള ഇവിടത്തെ അവസ്ഥ അവിടെയുള്ളവരെ ബോദ്ധ്യപ്പെടുത്താന്‍ എങ്കിലും സഹായിക്കണമേ എന്ന് ധനവാന്‍ അപേക്ഷിച്ചു. പക്ഷേ, അവരെ ഉപദേശിക്കാന്‍ ഭൂമിയില്‍ത്തന്നെ ഇപ്പോള്‍ ധാരാളം പ്രവാചകന്മാര്‍ ഉണ്ടല്ലോ.. അവരെ ശ്രവിക്കാത്തവര്‍പ്പിന്നെ ഈ പാവം ലാസറിനെ എങ്ങനെ ഗൌനിക്കും?.. അത് കൊണ്ടു തല്‍ക്കാലം അടങ്ങിയൊതുങ്ങിയിരുന്നു തനിക്കുള്ള ശിക്ഷ അനുഭവിച്ചോളൂ എന്നായിരുന്നു അബ്രാഹത്തിന്റെ ചുട്ട മറുപടി. ഈ ബൈബിള്‍ കഥയില്‍ നിന്നും ബോദ്ധ്യമാവുന്ന ഒരു കാര്യം, മരിച്ചു കഴിഞ്ഞാലും മനുഷ്യന്‍റെ മനസ്സില്‍ ഒരിക്കല്‍ തഴച്ചു വളര്‍ന്ന അഹന്ത നശിച്ചു പോകില്ലാ എന്നതാണ്. നരകത്തില്‍ കഴിയുമ്പോഴും തന്നേക്കാള്‍ വളരെ ഉന്നതനായി സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്ന ലാസറിനെ തന്‍റെ ഭൃത്യനായാണ് ധനവാന്‍ കണക്കാക്കുന്നത്. അതിനാല്‍ മനസ്സില്‍, അഹങ്കാരം ഒരിക്കലും കൂട് കൂട്ടാതിരിക്കാന്‍ നമ്മള്‍ അനുനിമിഷം ശ്രദ്ധിക്കണം.
ഇത്രയും വിവരിച്ചതില്‍ നിന്നും, സമധാനപരരായി ജീവിക്കാന്‍ നാം എങ്ങനെയൊക്കെയാവണം എന്ന് മനസ്സിലായിക്കാണുമല്ലോ. എന്നാല്‍ സംഗതി ലളിതമായി.. ഈ പറഞ്ഞ കാര്യങ്ങളില്‍ എത്രയെണ്ണം നാമോരോരുത്തരും ജീവിതത്തില്‍ പാലിച്ചു നടപ്പിലാക്കുന്നുണ്ട് എന്നൊരു അപഗ്രഥനം സ്വയം നടത്തിക്കഴിയുന്ന നിമിഷത്തില്‍ നാം ആരാണെന്ന് ആരും പറഞ്ഞു തരാതെത്തന്നെ നമുക്ക് മനസ്സിലാവും.
ചിലര്‍ക്ക് ഒരു ചിന്തയുണ്ട്.. ഇന്ന വ്യക്തി തന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നതാണ് തന്‍റെ എല്ലാ പുരോഗതിക്കും അല്ലെങ്കില്‍ അധോഗതിക്കും കാരണം എന്ന്. അത് നമ്മള്‍ ആ വ്യക്തിയുടെ വീക്ഷണകോണില്‍ നിന്നും ചിന്തിക്കുമ്പോള്‍ നാമറിയാതെ നാമും നല്ല അല്ലെങ്കില്‍ മോശം വ്യക്തിയാവുന്നത് കാണാം. ചില വ്യക്തികള്‍ ഒത്തുചേര്‍ന്നാല്‍ ലോകം തന്നെ കീഴ്മേല്‍ മറിച്ചു വയ്ക്കാന്‍ സാധിക്കും എന്നത് ഒരു സത്യം തന്നെ. പക്ഷെ അവര്‍ ത്തമ്മില്‍ കറകളഞ്ഞ സ്നേഹവും വിശ്വാസവും ആത്മാര്‍ത്ഥതയും ഉണ്ടായിരിക്കണം എന്നു മാത്രം. അല്ലാത്ത പക്ഷം അത് വളരെ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ആണ് ഉണ്ടാക്കുക. വളരെ അടുപ്പത്തില്‍ കഴിഞ്ഞിരുന്ന രണ്ടു പേര്‍ ഒരു സുപ്രഭാതത്തില്‍ ശത്രുക്കളായാല്‍ ആ ശത്രുതയുടെ ശക്തി അനിര്‍വചനീയമായിരിക്കും എന്നോര്‍ക്കുക.
[ഇതൊരു ഉപദേശമാല ആയി കണക്കാക്കരുത്.. ജീവിതത്തില്‍ സമാധാനം നഷ്ടപ്പെടുന്നത് എങ്ങനെയെന്നു എന്‍റെ ജീവിതത്തിലെ ഓരോ പാഠങ്ങളില്‍ നിന്നും ഞാന്‍ സ്വയം അപഗ്രഥിച്ചു കണ്ടെത്തിയ ചില നിഗമനങ്ങളാണ് മേല്‍പ്പറഞ്ഞവ. ഇതുപോലെ ഒരു പാതിരിയോ ഒരു സ്വാമിജിയോ ഒരു ഇമാമോ ഒരു ബുദ്ധസന്ന്യാസിയോ ഒരു ആള്‍ ദൈവമോ ഉപദേശിക്കുന്നുണ്ടെങ്കില്‍ ഇതുമായി അവയ്ക്കോ അവയുമായി ഇതിനോ യാതൊരു ബന്ധവുമില്ലാ]
പുതുവത്സരാശംസകളോടെ
ജോയ് ഗുരു.

നിസ്സഹായത


എത്രയോ തവണ അവളുടെ മനസ്സാക്ഷിക്കോടതിയുടെ ഏകാധിപത്യ സ്വഭാവത്താല്‍ അപമാനത്തിന്‍റെ കയങ്ങളില്‍ എറിയപ്പെട്ടിരിക്കുന്നു എങ്കിലും അവളെ മറക്കാന്‍ അയാള്‍ക്കാവുമായിരുന്നില്ല. സമുദ്ര നീലിമ കൂടുകെട്ടിയ അവളുടെ കണ്ണുകള്‍ ചിമ്മിത്തുറക്കുമ്പോള്‍ പളുങ്കുകള്‍ തിളങ്ങുന്നത് കാണാം. അത് ശ്രദ്ധിച്ചിട്ട് തന്നെയായിരിക്കണം ബ്രിഗേഡിയര്‍ അമ്മാവന്‍ അവള്‍ക്കു നീലിമയെന്ന പേരിട്ടു വിളിച്ചിരിക്കുക.
പുല്ലുമേയാന്‍ വന്നിരുന്ന ആട്ടിന്‍കൂട്ടത്തിലെ അവസാനത്തെ ചെമ്മരിയാടും മൊട്ടക്കുന്നിനു താഴേക്കു ഇഴയുന്ന വീതികുറഞ്ഞ നടപ്പാതയിലൂടെ അപ്രത്യക്ഷമായിക്കഴിഞ്ഞിട്ടും, കയറ്റം കയറിവരുന്ന അവളുടെ സ്കൂട്ടിയുടെ മുനിഞ്ഞു കത്തുന്ന ഒറ്റക്കണ്ണിനായി അയാള്‍ ആകാംക്ഷാഭരിതനായി താഴേക്കു മിഴികളെറിഞ്ഞു കൊണ്ടിരുന്നു. ദിവസം മുഴുവന്‍ വെളിച്ചം വീശി അവശനായ സൂര്യന്‍ ദൂരെ അവ്യക്തമായി കാണുന്ന വലിയ കുന്നിന്‍ നെറുകയില്‍ തളര്‍ന്നു വീണുകഴിഞ്ഞാല്‍പ്പിന്നെ അവിടെ മലങ്കുറത്തിയമ്മയുടെ മുന്നിലെ കല്‍വിളക്കില്‍ എണ്ണയും മൃഗക്കൊഴുപ്പും ആവാഹിച്ചു കത്തുന്ന ഒരു തിരി മാത്രമായിരിക്കും ഇരുട്ടിനെ കീറിമുറിക്കാനായി ഉണ്ടാവുക.
"ഇത്രയും വൈകിയ സ്ഥിതിക്ക് ഇനിയവള്‍ വരുന്നുണ്ടാവില്ലാ.. പക്ഷേ, മാസങ്ങള്‍ക്കു ശേഷമുള്ള ഇന്നത്തെ കണ്ടുമുട്ടല്‍ അവള്‍ക്കെങ്ങനെ അവഗണിക്കാന്‍ സാധിക്കും?!.. വരുന്ന വഴി ഇനി വല്ല....." ജീന്‍സില്‍ നിന്നും മൊബൈല്‍ എടുത്തു നീലിമയെ വിളിക്കാന്‍ തുനിഞ്ഞ പ്രമോദിനെ പെട്ടെന്ന് ചില ചിന്തകള്‍ വിലക്കി.
പരിപാടിയില്‍ എന്തെങ്കിലും മാറ്റം ഉണ്ടെങ്കില്‍ സാധാരണ ഗതിയില്‍ അവള്‍ വിളിച്ചു പറയേണ്ടതാണ്. അവള്‍ വിളിച്ചില്ലാ എന്നതിനര്‍ത്ഥം അവള്‍ എന്തോ ഗൌരവമായ കാര്യങ്ങളില്‍ കുടുങ്ങിക്കാണണം എന്നു തന്നേ. ആ അവസ്ഥയില്‍ തന്‍റെ ഫോണ്‍ ചെല്ലുന്നത് തികച്ചും അനുചിതമായിരിക്കും. പണ്ടാണെങ്കില്‍ കഥ ഇതല്ലായിരുന്നെങ്കിലും.. ഇന്ന് തന്‍റെ അധികാരപരിധിയില്‍ നിന്നും അവളെത്രയോ അകലത്തായിരിക്കുന്നു.
മലങ്കുറത്തിയമ്മയുടെ മുന്നില്‍ കത്തിക്കൊണ്ടിരിക്കുന്ന വിളക്കിനു ചുറ്റും ഭക്തിപരവശരായെന്നോണം അനന്തമായി ഭ്രമണം ചെയ്ത മോഹാലസ്യത്തില്‍ ആത്മാഹുതി ചെയ്യുന്ന പ്രാണികളുടെ നൈമിഷികങ്ങളായ ചിതകളില്‍ നിന്നും നിര്‍ഗ്ഗമിക്കുന്ന കരിഞ്ഞ മാംസത്തിന്‍റെ ദുര്‍ഗന്ധം അവനിരിക്കുന്ന കല്‍മണ്ഡപത്തിലേക്ക് ഒഴുകിവന്നിരുന്നത് അരോചകമായി തോന്നി. എങ്കിലും അയാള്‍ക്ക്‌ ഈ മണ്ഡപത്തെ ഒരിക്കലും മറക്കാനാവില്ല.
ഒരിക്കലും പിരിയില്ലെന്ന് കരുതിയിരുന്ന ആ ബന്ധം തുടങ്ങിയത് പൌരാണികതയുടെ ഊന്നുവടിയും പേറി കാഴ്ച്ചയില്‍ ഏതു നിമിഷവും നിലംപൊത്തിയേക്കാം എന്ന രീതിയില്‍ സ്ഥിതി ചെയ്യുന്ന ഈ കല്‍മണ്ഡപത്തേയും അതിനു അല്പ്പം മാറി ചെറിയൊരു കോവിലില്‍ പ്രതിഷ്ഠിച്ച മലങ്കുറത്തിയമ്മയേയും സാക്ഷി നിര്‍ത്തിയായിരുന്നു. ജീവിതത്തില്‍ ഉണ്ടായിക്കൊണ്ടിരുന്ന സകല സമസ്യകള്‍ക്കും പരിഹാരമേകാന്‍ സന്ധ്യാസമയങ്ങളില്‍ മൊട്ടക്കുന്നിലെ കല്‍മണ്ഡപത്തെ തഴുകുന്ന ആ കുളിര്‍ക്കാറ്റിനു സാധിച്ചിരുന്നു. എന്നാല്‍, ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഒരു ദുരന്തം പോലെ കടന്നുപോയ ആ ത്രിസന്ധ്യയില്‍ കല്‍മണ്ഡപത്തിളിരുന്ന തങ്ങളെ തഴുകിയ കാറ്റിനു പറയാന്‍ പ്രത്യേകിച്ചൊന്നും ഉണ്ടായിരുന്നില്ല. മാത്രമല്ലാ ഏതോ ഉള്‍ത്താപത്തില്‍ നിന്നുരുവായ ദീര്‍ഘനിശ്വാസം പോലെ ഉഷ്ണമായിരുന്നു അത് പേറി വന്നിരുന്നതും.
താഴ്വാരത്തില്‍ മിന്നാമിനുങ്ങിനെപ്പോലെ തിളങ്ങുന്ന ഒരു തെരുവു വിളക്ക് മാത്രം മൊട്ടക്കുന്നില്‍ നിന്നും നോക്കുമ്പോള്‍ കാണാം. ഇനി കാത്തിരുന്നിട്ടു കാര്യമില്ലാ എന്ന തിരിച്ചറിവില്‍ പ്രമോദ് ബൈക്കില്‍ കയറിയിരുന്നു സ്റ്റാര്‍ട്ട്‌ ബട്ടണില്‍ വിരലമര്‍ത്തി. ഒരു പന്തയത്തിന് തയ്യാറെടുത്ത കുതിരയെപ്പോലെ മോട്ടോര്‍ സൈക്കിള്‍ മുരണ്ടു. വളഞ്ഞുപുളഞ്ഞു കുന്നിറങ്ങിപ്പോകുന്ന പ്രകാശത്തില്‍ പൊന്തക്കാടുകളിലെ ഇരുളില്‍ ഇരപിടിച്ചിരുന്ന കാടന്‍പൂച്ചകളുടെ കണ്ണുകള്‍ വൈരക്കല്ലുകള്‍ പോലെ തിളങ്ങി.
കുഞ്ഞോളങ്ങളില്‍ താമരനൂലിളകുന്നത് പോല്‍, ആദ്യരാത്രിയില്‍, തന്‍റെ കരവലയത്തിനുള്ളില്‍ സ്വയം മറന്നവള്‍ ഇളകുമ്പോള്‍ തന്‍റെ മനസ്സില്‍ അധിനിവേശത്തിന്റെ പ്രത്യയശാസ്ത്രങ്ങളാല്‍ നീതികള്‍ നെയ്യാന്‍ ശ്രമിക്കുന്ന വിപ്ലവങ്ങള്‍ നടക്കുകയായിരുന്നുവോ? അതോ എന്നെന്നേക്കുമായി തന്‍റെ പൌരുഷവും സ്വാതന്ത്ര്യങ്ങളും അതേവരെയില്ലായിരുന്ന ഒരു ലക്ഷ്മണരേഖയ്ക്കുള്ളില്‍ തളയ്ക്കപ്പെടാന്‍ അനുവദിക്കുകയായിരുന്നുവോ?
തന്നെക്കുറിച്ചുള്ള നീലിമയുടെ കൌശലപരമായ അന്വേഷണങ്ങള്‍ക്ക് കൊടുത്ത നിഷ്ക്കളങ്കമായ വിശദീകരണങ്ങള്‍ അവളില്‍ അതിശക്തമായ ഞെട്ടലുകള്‍ ഉളവാക്കിയിരുന്നു എന്ന്‍ മനസ്സിലാക്കാന്‍ അന്നേരങ്ങളില്‍ അയാള്‍ക്ക് സാധിച്ചിരുന്നില്ലാ. പ്രമോദിനെ സംബന്ധിച്ച് അയാള്‍ ഒരു തുറന്ന പുസ്തകം ആയിരുന്നു. തന്‍റെ പ്രിയതമയോട് എന്തും ഏതും നിറഞ്ഞ മനസ്സോടെ തുറന്നു പറയാന്‍ ഒരു മടിയും കാണിക്കാത്ത പ്രകൃതം തന്നെ പിന്നീട് അയാള്‍ക്ക്‌ വലിയൊരു വിനയായി മാറുകയായിരുന്നു.
നിറഞ്ഞ പുഞ്ചിരിയോടെ പ്രമോദ് പറയുന്നതൊക്കെ സ്വീകരിക്കുന്ന നീലിമ പിന്നീട് എപ്പോഴെങ്കിലും സാഹചര്യങ്ങള്‍ക്കനുസരിച്ച് ഓരോ സംഭവങ്ങളും പൊക്കിപ്പിടിച്ചു കൊണ്ട് അയാള്‍ക്ക്‌ സംശയത്തില്‍ പൊതിഞ്ഞ ചോദ്യശരങ്ങള്‍ കൊണ്ട് ശയ്യയൊരുക്കി. തന്‍റെ ലാളനകളാകുന്ന നീരാളിക്കരങ്ങളില്‍ അകപ്പെട്ടു ശ്വാസം പോലും കഴിക്കാന്‍ ബുദ്ധി മുട്ടുന്ന അയാളെ വീക്ഷിക്കുവാന്‍ സംശയദൃഷ്ടിയല്ലാതെ അവളില്‍ മറ്റൊന്നുണ്ടായിരുന്നില്ല. പ്രമോദിന്‍റെ അനിതരസാധാരണമായ ബഹുവ്യക്തിത്വങ്ങളുടെ ഒരു ഇരയാണോ അവളും എന്ന ഉപബോധചിന്തകളുടെ നെരിപ്പോട് അവളില്‍ സദാ എരിയുന്നതായി അയാള്‍ മനസ്സിലാക്കുകയും ചെയ്തിരുന്നു.
പക്ഷേ എന്ത് ചെയ്യാം.. കല്‍മണ്ഡപത്തെ തഴുകിയൊഴുകുന്ന ഇളംകാറ്റല്ലാതെ മൂന്നാമതൊരാള്‍ പ്രശ്നപരിഹാരങ്ങള്‍ക്കായി അവരുടെ ഇടയില്‍ നിയമിതനായിരുന്നില്ലല്ലോ. പരസ്പ്പരം പറയുന്നത് അതേപടി വിശ്വസിക്കുക എന്നതിലുപരി സംശയദുരീകരണ സാദ്ധ്യത അസാദ്ധ്യമായ അവസ്ഥ ശരിക്കും നിസ്സഹായവും ദുരിതപൂര്‍ണ്ണവും തന്നെ. പ്രമോദിനു തന്നേക്കാള്‍ അടുപ്പമുള്ള മറ്റാരോ ആയി കൂട്ടുണ്ട് എന്നവള്‍ ആവര്‍ത്തിച്ചു ആരോപിച്ചപ്പോള്‍ ആദ്യം ഒരു തമാശയായായിരുന്നു അയാള്‍ കണക്കാക്കിയിരുന്നത്. എന്നാല്‍, ഒരു ദിവസം അക്കാര്യം വീണ്ടും ആരോപിക്കുമ്പോള്‍ അവളുടെ നീലക്കണ്ണുകളില്‍ തിളങ്ങി നിന്നിരുന്ന ഉന്മാദഭാവം അയാളെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.
അവള്‍ക്കുവേണ്ടി തന്‍റെ ഹൃദയവും മനസ്സും തുറന്നിട്ടിട്ടും നിസ്സാരകാര്യങ്ങളില്‍ സംശയപ്പെട്ടു കൊണ്ടു തന്‍റെ വ്യക്തിത്വത്തെ അവള്‍ അപമാനിക്കുന്നുവല്ലോ എന്ന ചിന്തയില്‍ അനുദിനം അയാള്‍ ഉരുകി. മദ്യത്തിലും പുകവലിയിലും നിമഗ്നനായി മനസ്സിന്‍റെ ഭാരം കുറയ്ക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. അവള്‍ തന്നെ ഒരു വിധത്തിലും വിശ്വസിക്കാന്‍ തയ്യാറല്ലെങ്കില്‍ പിന്നെ എന്താണ് മറ്റൊരു നിവൃത്തി.
സത്യം നേരിട്ടു തുറന്നുപറയുക എന്നതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലാതിരിക്കെ, തന്‍റെ നിഷ്ക്കളങ്കത ആണയിട്ടു പറഞ്ഞും കത്തുകളിലൂടെയും തെളിയിക്കാനും പല പ്രാവശ്യം അയാള്‍ ആവതു ശ്രമിച്ചു. എല്ലാം വിഫലമാവുമ്പോള്‍ അയാളുടെ ഹൃദയം വീണ്ടും ഭാരപ്പെട്ടു കൊണ്ടിരുന്നു. താമസസ്ഥലത്തും ഓഫീസിലും അയാള്‍ അകാരണമായി പൊട്ടിത്തെറിച്ചു. ഒരു മാനസികരോഗിയെ നോക്കുന്നത് പോലെ സഹപ്രവര്‍ത്തകര്‍ അയാളെ നോക്കാന്‍ തുടങ്ങി.
അയാളുടെ അനുദിന ജീവിതത്തിന്‍റെ ഓരോ നിമിഷങ്ങളും ഒപ്പിയെടുക്കുവാന്‍ ഒരു റഡാര്‍ എന്ന പോലെ അവളുടെ കരാള നയനങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചു. തന്‍റേതായ ഒരു നിമിഷം പോലും അവള്‍ അയാള്‍ക്ക്‌ വിട്ടു കൊടുത്തിരുന്നില്ലാ. സംസാരിക്കുന്നതിനിടയില്‍ കീ ബോര്‍ഡില്‍ ഒന്നു ടൈപ്പ് ചെയ്യുന്നത് വരെ അവളില്‍ സംശയം ജനിപ്പിച്ചു. നിസ്സാര കാര്യങ്ങള്‍ക്ക് വരെ അവള്‍ അയാളോട് മുമ്പെങ്ങും ഇല്ലാത്ത വിധം ഭ്രാന്തമായി അലറി. ഒരു വളര്‍ത്തു മൃഗത്തെപ്പോലെ തന്‍റെ ജീവിതം ചങ്ങലയില്‍ കുരുങ്ങിയിരിക്കുന്നു എന്ന തിരിച്ചറിവില്‍ അയാളുടെ പൌരുഷം ഉണര്‍ന്നു.
അവളുടെ ആരോപണങ്ങളെയെല്ലാം അതിശക്തമായി അയാള്‍ പ്രതിരോധിക്കാന്‍ തുടങ്ങി. അതൊരിക്കലും അവള്‍ പ്രതീക്ഷിച്ചിരുന്നില്ല എന്ന് തോന്നുന്നു. ഏതൊരു സാധുജീവിയും നിവൃത്തിയില്ലാതെ വരുമ്പോള്‍ മനശക്തി വീണ്ടെടുത്തു ജീവന്മരണ പോരാട്ടം നടത്തും എന്നു പറയാറുള്ളത് പോലെ അയാള്‍ അവളുടെ അടിസ്ഥാനമില്ലാത്ത സംശയാരോപണങ്ങള്‍ക്കെതിരെ ഒരു ഹിംസ്രജന്തുവിനെപ്പോലെ പല്ലുകടിക്കുകയും വിഷം ചീറ്റുകയും ചെയ്തു.
ഒരു തെറ്റും ചെയ്യാത്ത തന്നെ ഇല്ലാത്ത ആരോപണങ്ങളാകുന്ന കുരിശില്‍ തറയ്ക്കാന്‍ ശ്രമിക്കുന്ന അവളെ, നിരുപാധികം മാപ്പ് അപേക്ഷിച്ച് തന്‍റെ കാലില്‍ വീഴുന്ന നിമിഷം വരെ അവഗണിക്കുക എന്നത് മാത്രമേ മുറിവേറ്റ ആത്മാവിനു ആശ്വാസം ലഭിക്കുവാനുള്ള ഏകമാര്‍ഗ്ഗമെന്നു അയാള്‍ തിരിച്ചറിഞ്ഞു. അല്ലെങ്കില്‍ ചാറ്റിലൂടെയും ഫോണിലൂടെയും അവള്‍ ഇല്ലാത്തത് പറഞ്ഞു വീണ്ടും വീണ്ടും പീഡിപ്പിച്ചുകൊണ്ടേയിരിക്കും. ഇപ്പോള്‍ മാസങ്ങളായിരിക്കുന്നു അവളുമായി ഇടപഴകിയിട്ട്. ജോലി കഴിഞ്ഞെത്തുന്ന വൈകുന്നേരങ്ങളില്‍ അയാള്‍ മനസ്സിനെ സ്വതന്ത്രമായി അലയാന്‍ വിടും. അലച്ചില്‍ കഴിഞ്ഞ്തിരിച്ചു വരുന്ന പാടേ അതിനെ ചുരുട്ടിക്കൂട്ടി തലച്ചോറിലേക്ക് കുത്തിത്തിരുകി അയാള്‍ കിടക്കയിലേക്ക് മറിയും.
അതിനിടയിലാണ് അത്യാവശ്യമായി ഒന്ന് കാണണം എന്ന ആവശ്യം അവളിന്നു മുന്നോട്ടു വച്ചത്. അവളെ അപ്പോഴും ആത്മാര്‍ഥമായി സ്നേഹിച്ചിരുന്നു എന്നത് കൊണ്ട് അയാളത് സമ്മതിക്കുകയുമായിരുന്നു.
"സോറി.. ഐ വാസ് ഹെല്‍ഡ് അപ്പ്‌ വിത്ത്‌ സം അണ്‍എക്സ്പ്പെകറ്റഡ് തിങ്ങ്സ്‌.. വില്‍ കോണ്ടാക്റ്റ് യു ടുമാറോ" നീലിമയുടെ മെസേജ്.
അര്‍ദ്ധമയക്കം ബാധിച്ചിരുന്ന പ്രമോദ് ഒരു ദീര്‍ഘനിശ്വാസം വിട്ടു കിടക്കയില്‍ നിന്നും എണീറ്റ്‌ മേശവലിപ്പില്‍ സിഗരറ്റ് കൂട് തിരഞ്ഞു കാണാതായപ്പോഴാണ് ഓര്‍ത്തത്.. താന്‍ പുകവലിയും മദ്യപാനവും നിര്‍ത്തിയിട്ട് ഇതു നാലാമത്തെ ദിവസമാണ്.
"പ്രമോദ്... ഇറ്റ്‌ ഈസ്‌ എ സസ്പെക്റ്റഡ് സ്വെല്ലിംഗ്... ഐ വില്‍ ട്രൈ മൈ ലെവല്‍ ബെസ്റ്റ് ടു സേവ് യുവര്‍ ലൈഫ്.. ഇഫ്‌ യു കാന്‍ അറ്റ്‌ ലീസ്റ്റ് സ്റ്റോപ്പ്‌ ദിസ്‌ ബ്ലഡി സ്മോക്കിംഗ് ആന്‍ഡ്‌ ഡ്രിങ്കിംഗ്" പുതുവത്സരദിനത്തിലുണ്ടായ നെഞ്ചുവേദനയെത്തുടര്‍ന്നു ക്ലിനിക്കില്‍ പോയപ്പോള്‍ ഡോക്റ്റര്‍ മാത്യൂ തരകന്‍ പറഞ്ഞത് അയാള്‍ വേദനയോടെ ഓര്‍ത്തു.
- ഗുരുവായൂര്‍...

അതിജീവനം

[ഇതൊരു കഥയല്ലാ... മറിച്ച് അഞ്ഞൂറോ ആയിരമോ പതിനായിരമോ വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ പരിണാമ പ്രക്രിയയുടെ ഭാഗമായി ഈ ഭൂതലത്തില്‍ ഉപരിതലിച്ചു തുടങ്ങാനിടയുള്ള ഒരു പ്രതിഭാസത്തെ കഥയുടെ മേലങ്കിയണിയിച്ചു അവതരിപ്പിക്കാനുള്ള ഒരു എളിയ ശ്രമം മാത്രം. ജനസംഖ്യാ വിസ്ഫോടനം മൂലം പ്രകൃതി വിഭവങ്ങള്‍ അതിവേഗം ദുര്‍ലഭമായിക്കൊണ്ടിരിക്കുന്ന ഈ ജീവിത സാഹചര്യത്തില്‍, പരിണാമ സിദ്ധാന്തങ്ങളില്‍ ഒന്നായ അഡാപ്റ്റീവ് റേഡിയേഷന്‍ എന്ന രൂപാന്തരപ്രക്രിയയെ അടിസ്ഥാനമാക്കിയാണ് ഈ രചന നിര്‍വഹിച്ചിരിക്കുന്നത്.]
സാറായുടെ നിരന്തരമായ ഓക്കാനം കണ്ട് മൂന്നു വയസ്സുകാരനായ മകന്‍ കീത്ത് അമ്പരപ്പോടെ അവരുടെ മുഖത്തേക്ക് നോക്കി. അസ്വസ്ഥനായ ആല്‍ബെര്‍ട്ട് ഉദ്യാനത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി.
"സാറാ നീ ഞാന്‍ പറയുന്നതൊന്നു കേള്‍ക്കൂ.. നമുക്കതങ്ങ് കളയാം.. എന്തിനാ വെറുതെ പുലിവാലുകള്‍ പിടിക്കുന്നത്‌.. "
"സോറി ആല്‍ബീ.. എങ്കില്‍ എന്നെ കൊന്നോളൂ.. ഇക്കാര്യത്തില്‍ മാത്രം എന്നെ വീണ്ടും വീണ്ടും നിര്‍ബന്ധിക്കരുത് പ്ലീസ്.. " സാറാ കരഞ്ഞു പറഞ്ഞു.
"ഇത്രയും വിദ്യാഭ്യാസമുള്ള നീ തന്നെ ഇങ്ങനെ വാശി പിടിച്ചാലോ.. എടീ പ്രസവിച്ചയുടനെ നിനക്കൊന്നു ലാളിക്കാന്‍ സാധിക്കുന്നതിലും മുമ്പ് തന്നെ അവര്‍ വന്നു കുഞ്ഞിനെ എടുത്ത് കൊണ്ടു പോകും.. നമുക്ക് സര്‍ക്കാര്‍ തരുന്ന ആനുകൂല്യങ്ങളെല്ലാം അതോടെ നിര്‍ത്തലാക്കപ്പെടുകയും ചെയ്യും.. ഇതൊന്നും ഓര്‍ക്കാതെയാണോ സാറാ നീ ഇമ്മാതിരി വര്‍ത്തമാനം പറയുന്നത്?" അല്‍പ്പം രോഷാകുലനായി ആല്‍ബെര്‍ട്ട് ചോദിച്ചു.
"എനിക്കൊന്നും കേള്‍ക്കണ്ടാ. അറിയേണ്ടാ.. എനിക്കെന്‍റെ കുഞ്ഞിനെ പ്രസവിക്കണം.. ദൈവം തന്ന ഈ കുഞ്ഞിനെ കൊല്ലാന്‍ ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ സമ്മതിക്കില്ലാ... നിങ്ങള്‍ക്കെന്നെ വേണ്ടെങ്കില്‍ ഇറക്കി വിട്ടോളൂ.. അതിനും കാണുമല്ലോ നിയമങ്ങള്‍" സാറാ ചീറി..
അല്പ്പനേരം കൂടി ഉദ്യാനത്തില്‍ ചിന്താമഗ്നനായി ഉലാത്തിയ ശേഷം എന്തോ തീരുമാനിച്ചുറച്ച പോലെ പോര്‍ട്ടിക്കോയില്‍ കിടന്ന കാറില്‍ കയറി ആല്‍ബെര്‍ട്ട് എവിടേയ്ക്കോ ചീറിപ്പാഞ്ഞു പോയി.
ഭാര്യാഭാര്‍ത്താക്കന്മാര്‍ക്ക് ഒന്നില്‍ക്കൂടുതല്‍ സന്താനങ്ങള്‍ ഉണ്ടാകുന്നത് വിലക്കിക്കൊണ്ട് അന്താരാഷ്‌ട്ര വ്യാപകമായി നിലവില്‍ വന്ന കടുത്ത നിയമത്തെ ശപിച്ചു മനസ്സ് തളര്‍ന്ന് സാറാ തല കുമ്പിട്ടിരുന്നു.
ആല്‍ബെര്‍ട്ടിനേയും സാറായേയും കൂട്ടി അവനീശ്വര മഹര്‍ഷി, പാറക്കെട്ടുകളും നിബിഢവനങ്ങളും നിറഞ്ഞ ടിക്കോണോ ദ്വീപില്‍ ആ ചെറിയ ബോട്ട് കരയ്ക്കടുപ്പിക്കുമ്പോള്‍, അസ്തമയ സൂര്യന്‍ ചുവന്നു തുടുത്ത മുഖവുമായി കടലില്‍ നിന്നും ആകാശത്തേക്ക് ഉയരാനുള്ള വെമ്പല്‍ കൂട്ടുകയായിരുന്നു. സൂര്യതേരാളിയായ അരുണന്‍ തന്‍റെ കിരീടത്തില്‍ തട്ടി പ്രതിഫലിക്കുന്ന അരുണകിരണങ്ങളെ അയച്ച് തിരയടിച്ചു നനഞ്ഞ പാറക്കൂട്ടങ്ങള്‍ക്ക് ചെഞ്ചായം പൂശി അവരെ സ്വാഗതം ചെയ്തു.
കീഴ്ക്കാംതൂക്കായ പാറകള്‍ക്കിടയിലൂടെ അള്ളിപ്പിടിച്ചു യുഗാന്തരേശ്വരന്‍ മുനിയുടെ ഗുഹയെ ലക്ഷ്യമാക്കി നടക്കുമ്പോള്‍ നാലുമാസം പ്രായമായ തന്‍റെ ഗര്‍ഭത്തിനു ഇളക്കം തട്ടാതെ സുരക്ഷിതമാക്കി വയ്ക്കാന്‍ സാറാ ആവതു പണിപ്പെടുന്നുണ്ടായിരുന്നു.
ഓം ഭദ്രം കർണേഭിഃ ശൃണുയാമ ദേവാഃ .. ഭദ്രം പശ്യേമാക്ഷഭിര്യജത്രാഃ ..
സ്ഥിരൈരംഗൈസ്തുഷ്ടുവാം ̐സസ്തനൂഭിഃ .. വ്യശേമ ദേവഹിതം യദായുഃ ..
സ്വസ്തി ന ഇന്ദ്രോ വൃദ്ധശ്രവാഃ .. സ്വസ്തി നഃ പൂഷാ വിശ്വവേദാഃ ..
സ്വസ്തി നസ്താർക്ഷ്യോ അരിഷ്ടനേമിഃ .. സ്വസ്തി നോ ബൃഹസ്പതിർദധാതു ..
ഓം ശാന്തിഃ...... ശാന്തിഃ ..............ശാന്തിഃ
പരബ്രഹ്മോപനിഷദ് മന്ത്രങ്ങള്‍ ഒഴുകി വന്നൊരു ഗുഹാമുഖത്തിലെക്കുള്ള കവാടം കാല്‍മുട്ടുവരെ വെള്ളത്തില്‍ മൂടിക്കിടന്നു. വരൂ എന്ന് പറഞ്ഞു മുന്നില്‍ നടന്ന അവനീശ്വരനു പിറകേ ഇരുവരും വെള്ളത്തിലൂടെ ഗുഹയിലേക്ക് പ്രവേശിച്ചു. അതൊരു തുരങ്കമായിരുന്നു. യാഗാഗ്നിയില്‍ ചമതയും കര്‍പ്പൂരവും രാമച്ചവും എരിയുന്ന സുഗന്ധം ഒഴുകി വരുന്നുണ്ടായിരുന്നു. ഏകദേശം അഞ്ചു മിനുട്ടോളം ഇരുളിലൂടെ നടന്നപ്പോള്‍ യാഗാഗ്നിയുടെ വെട്ടം കുറേശ്ശേയായി അവര്‍ക്കു മുന്നില്‍ പരന്നുതുടങ്ങുന്നത് അവര്‍ കണ്ടു. വെളിച്ചത്തിന്‍റെ ഉത്ഭവസ്ഥാനത്തു ഒരു മുനി ധ്യാനമഗ്നനായി പുറംതിരിഞ്ഞിരിക്കുന്നു. മന്ത്രോച്ഛാരണങ്ങള്‍ നിലച്ചിരിക്കുന്നു.
"അവനീശ്വരനായിരിക്കും? ......... "
ഭവ്യതയോടെ ഗുഹയിലേക്ക് കാലെടുത്തു വച്ച പാടേ മുനിയുടെ ഘനഘംഭീരമായ ശബ്ദം പാറയില്‍ തട്ടി പ്രതിദ്ധ്വനിച്ചു.
"അതേ... ഭവാന്‍... ഇവരെയൊന്നു സഹായിക്കണം.. അങ്ങേയ്ക്ക് മാത്രമേ അതിനു കഴിയൂ..." അവനീശ്വരന്‍ മഹര്‍ഷി പതിഞ്ഞ സ്വരത്തില്‍ സംഗതികള്‍ ധരിപ്പിച്ചു.
"നോക്കാം ഇവിടത്തെ ചില രീതികളൊക്കെയുമായി ഇവള്‍ക്ക് പൊരുത്തപ്പെടാന്‍ സാധിക്കുമെങ്കില്‍ എല്ലാം മംഗളമാവും.. അല്ലെങ്കില്‍ ജീവന്‍ പോലും കൈമോശം വന്നേക്കാം... അതേ പോലെ ഇങ്ങനെയൊരു സ്ഥലം ഇവിടെയുള്ള വിവരം ഇവര്‍ വഴി പുറംലോകം ഒരിക്കലും അറിയാനും പാടില്ലാ.. അവനീശ്വരന്‍ മാത്രമാണ് ഇതിനു മുമ്പ് ഇവിടം സന്ദര്‍ശിച്ചിട്ടുള്ള ഒരേയൊരു മനുഷ്യന്‍.. അറിയാമല്ലോ?" മുനിയുടെ സ്വരത്തില്‍ അല്പ്പം ഭീഷണിയുടെ ധ്വനി.
"ഇല്ലാ അങ്ങുന്നേ.. അങ്ങ് പറയുന്നതെന്തും ഞാന്‍ അതേപടി അനുസരിച്ചോളാം..ഒന്നുകൊണ്ടും വിഷമിക്കേണ്ടാ... എങ്ങനെയെങ്കിലും എന്‍റെ കുഞ്ഞിനെ അങ്ങ് രക്ഷിക്കണം.." സാറാ താണുകേണു അപേക്ഷിച്ചു. അതു വീക്ഷിച്ചു കൊണ്ട് കുറ്റബോധം സ്ഫുരിക്കുന്ന മുഖവുമായി ആല്‍ബെര്‍ട്ട് നിന്നു.
ആറുമാസം കഴിഞ്ഞപ്പോള്‍ ഒരു ആണ്‍കുഞ്ഞിന്‍റെ കരച്ചില്‍ ആ ഗുഹാഭിത്തികളില്‍ പ്രതിദ്ധ്വനിച്ചു. അന്നൊരു അമാവാസി നാള്‍ ആയിരുന്നു. ഉടമ്പടിപ്രകാരം കുഞ്ഞിനു ആറുമാസമാവുന്ന ദിവസംതന്നെ യുഗാന്തരേശ്വരന്‍ സാറായെ നാട്ടിലേക്കയയ്ക്കാനൊരുങ്ങുമ്പോള്‍ നീല്‍ എന്ന തന്‍റെ കുഞ്ഞ് സാഹചര്യം സമ്മാനിച്ച ആ സ്നേഹസ്വരൂപനായ മുത്തച്ഛന്റെ കൈകളില്‍ സുരക്ഷിതം ആണെന്ന ആത്മവിശ്വാസം അവള്‍ക്കുണ്ടായിരുന്നു. എന്നാല്‍, തനിക്കവനെ ഇനി എന്നാണു ഒന്നു കാണാന്‍ സാധിക്കുക എന്ന ഉല്‍ക്കണ്ഠയും വിരഹതാപവും അവളെ വല്ലാതെ അലട്ടി. പക്ഷേ, ആ തിരിച്ചു പോക്ക് തികച്ചും അനിവാര്യമായിരുന്നു.
പ്രകൃതിയുടെ ഏതു ഭാവമാറ്റങ്ങളേയും ചെറുക്കാനുള്ള ശാരീരിക മാനസിക ശക്തികള്‍ പകര്‍ന്നു കൊടുത്തു കൊണ്ടു നീലിനെ മുനി വളര്‍ത്തി. കരയിലും വെള്ളത്തിലും ഒരേപോലെ ജീവിക്കാനുള്ള കഴിവ് അവന്‍ ഒന്നര വയസ്സിലേ ആര്‍ജ്ജിച്ചിരുന്നു. പിന്നീട് കൂടുതലും കടലില്‍ത്തന്നെയായിരുന്നു അവന്‍റെ വാസം. കടല്‍ജീവികള്‍ അവന്‍റെ കളിക്കൂട്ടുകാരായി.. പതിയേ അവരുടെയെല്ലാം രാജാവായി അവന്‍ കടല്‍ വാണു. ഇടയ്ക്കിടെ ഗുഹയിലുള്ള മുത്തച്ഛനെ കാണാന്‍ അവനെത്താറുണ്ടായിരുന്നു. അവര്‍ത്തന്നെ വികസിപ്പിച്ചെടുത്ത, അവര്‍ക്കും അവരോടിടപഴകി ജീവിക്കുന്ന ജന്തുലോകത്തിനും മാത്രം മനസ്സിലാവുന്ന ഒരു പ്രത്യേക ഭാഷയിലായിരുന്നു അവര്‍ ആശയവിനിമയം നടത്തിയിരുന്നത്.
യുഗാന്തരേശ്വരന്‍ മുനിയുമായി ബന്ധമുള്ള ഒരേയൊരു മനുഷ്യന്‍ അവനീശ്വരന്‍ എന്ന മുനിയാണ്. അദ്ദേഹമെങ്ങാനും കാലം ചെയ്‌താല്‍ തന്‍റെ മകനെക്കാണാന്‍ പോകാന്‍ ഒരിക്കലും സാധിക്കില്ലല്ലോ എന്ന സാറായുടെ വേവലാതികള്‍ക്കൊടുവില്‍ ആല്‍ബെര്‍ട്ട് വീണ്ടും അവനീശ്വരന്‍ തപസ്സിരിക്കുന്ന ഗ്രേറ്റ് പൈന്‍സ് കടലിടുക്കിലെ മലനിരകളെ ലക്ഷ്യമാക്കി തന്‍റെ വാഹനമോടിച്ചു.
അന്ന് സാറയെ അനുഗമിക്കാന്‍ അവനീശ്വരന്‍ ആല്‍ബെര്‍ട്ടിനെ അനുവദിച്ചില്ലാ .. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ നീല്‍ ജനിക്കുന്നതിനും മുമ്പേ തന്നെക്കൊണ്ട് ദുര്‍മന്ത്രവാദം ചെയ്യിച്ചു അവനെ വധിക്കാന്‍ ശ്രമിച്ച ഘാതകനാണ് ആല്‍ബെര്‍ട്ട്. മാതാവ് സ്വമേധയാ തന്‍റെ വയറ്റില്‍ വളരുന്ന കുഞ്ഞിനെ നശിപ്പിക്കാന്‍ ആഗ്രഹിക്കാത്ത പക്ഷം അത്തരം ഹത്യ ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നത് ഒരു ദൈവസന്നിധിയിലും പൊറുക്കപ്പെടാത്ത കര്‍മ്മമാണെന്നാണ് അവനീശ്വരന്‍ മഹര്‍ഷിയുടെ മതം.
ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം തന്‍റെ പൊന്നുമകനെ കാണാന്‍ പോകുന്നുവല്ലോ എന്നോര്‍ത്തു ആ മാതാവിന്‍റെ ഹൃദയം ത്രസിച്ചു കൊണ്ടിരുന്നു.
"ഇത്തവണ നമുക്ക് ഗുഹ വരെ പോകേണ്ടതില്ലാ.. മഹാശയന്‍ പുത്രനുമായി തീരത്തേക്ക് വരാം എന്നറിയിച്ചിരിക്കുന്നു" അവനീശ്വരന്‍ സാറായോടു പറഞ്ഞു.
"എന്‍റെ മോനേ.. എന്‍റെ പൊന്നു മോനേ.." ദൂരെ നിന്നും ടിക്കോണ ദ്വീപിന്‍റെ പച്ചത്തലപ്പുകള്‍ കണ്ട പാടേ സാറാ ആര്‍ത്തു വിളിച്ചു.
ബോട്ട് തീരത്തടുക്കുമ്പോള്‍ പ്രഭാതകിരണങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു കറുത്ത രൂപം പോലെ തീരത്തെ പാറക്കല്ലില്‍ നിലകൊണ്ടിരുന്ന യുഗാന്തരേശ്വരന്‍ മുനി അവരുടെ അടുത്തേക്ക്‌ നടന്നു വന്നു. ഒരു മകളെ ആശ്ലേഷിക്കുന്ന വാത്സല്യത്തോടെ അദ്ദേഹം സാറായെ ആലിംഗനം ചെയ്തു മൂര്‍ദ്ധാവില്‍ ചുംബിച്ചു.
"നീലാ... നീലാ... " രണ്ടു കൈപ്പത്തികളും വായ്ക്കിരുവശത്തുമായി വച്ചുകൊണ്ട് യുഗാന്തരേശ്വരന്‍ മുനി കടലിലേക്ക്‌ നോക്കി ഉച്ചത്തില്‍ വിളിച്ചു. സാറാ ആകാംക്ഷാഭരിതയായി നിന്നു.
അല്‍പ്പ സമയത്തിന് ശേഷം ദൂരെ കണ്ട ഒരു തിരയിളക്കം അടുത്തടുത്തു വന്നു. ആജാനുബാഹുവായ ഒരു മനുഷ്യരൂപം കടലില്‍ നിന്നും കയറി തങ്ങളുടെ അടുത്തേക്ക്‌ നടന്നു വരുന്നത് കണ്ടു സാറായും അവനീശ്വരനും അമ്പരന്നു. പൂര്‍ണ്ണ നഗ്നനായിരുന്ന ആ മനുഷ്യന്‍റെ ചെവികള്‍ രൂപാന്തരപ്പെട്ട് മത്സ്യത്തിന്റെ ചെകിളകള്‍ പോലെയും കൈകാലുകളിലെ വിരലുകള്‍ക്കിടയില്‍ താറാവിന്റേതു പോലുള്ള ചര്‍മ്മങ്ങളും അവര്‍ കണ്ടു.
"സംശയിക്കേണ്ടാ.. ഇത് തന്നെ നിന്‍റെ നീലന്‍.." യുഗാന്തരേശ്വരന്‍ മുനി സാറായോട് പറഞ്ഞതു. കണ്ണുകളെ വിശ്വസിക്കാനാവാതെ അവള്‍ അന്തംവിട്ടു നിന്നു.
നീലനോട് തങ്ങളുടെ ഭാഷയില്‍ മുനി എന്തോ പറഞ്ഞപ്പോള്‍ അവന്‍ സാറായെ നോക്കി മന്ദഹസിച്ചു. പിന്നെ അടുത്തേക്ക്‌ വന്നു അവളെ ആലിംഗനം ചെയ്തു. അവന്‍റെ മുതുകില്‍ രൂപംകൊണ്ടിരുന്ന ശല്‍ക്കങ്ങള്‍ അരുണകിരണങ്ങളേറ്റ് വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു.
അവളുടെ കണ്ണുകളില്‍ നിന്നും ഒരു സാഗരം അലയടിച്ചൊഴുകി.. അവനെ ഗാഢമായി പുണര്‍ന്നുകൊണ്ട് അവള്‍ അലമുറയിട്ടു കരഞ്ഞു.
- ഗുരുവായൂര്‍
-------------------------------------------------------------------------------------------------------------------
അഡാപ്റ്റീവ് റേഡിയേഷന്‍:
മാറുന്ന ആവാസ്ഥവ്യവസ്ഥിതികള്‍ക്കനുസരിച്ച് അതിജീവനം സാധ്യമാക്കാനായി ജീവികള്‍ക്ക് അല്പ്പാല്പ്പമായി ശാരീരികഘടനാ വ്യതിയാനങ്ങള്‍ സംഭവിക്കുന്നു എന്നതാണ് അഡാപ്റ്റീവ് റേഡിയേഷന്‍ എന്ന പ്രതിഭാസം കൊണ്ടു അര്‍ത്ഥമാക്കുന്നത്. ജിറാഫുകളുടെ കഴുത്തു നീണ്ടതും ഉഭയജീവികള്‍ ഉണ്ടായതും മരുഭൂമിയിലും തണുപ്പുള്ള പ്രദേശങ്ങളിലും ജീവിക്കാനുള്ള കഴിവുകള്‍ ചില ജീവികളും സസ്യങ്ങളും സ്വയം നേടിയെടുക്കുന്നതും ഒക്കെ ഇതിനുദാഹരണങ്ങള്‍ മാത്രം.

ജന്മാവകാശം

തണുപ്പ് മാമലകളില്‍ നിന്നിറങ്ങി 
കുടിലുകളെ ഗ്രസിച്ചെങ്കിലല്ലേ 
പുതപ്പിന് നിവരാനും അതില്‍ 
ആളെ ചുരുട്ടിവയ്ക്കാനും കഴിയൂ?..
ഭൂമി സര്‍വ്വശക്തിയുമെടുത്ത് അതിന്‍റെ 
അച്ചുതണ്ടില്‍ കറങ്ങിയിരുന്നില്ലെങ്കില്‍ 
ഒരുപോള കണ്ണടയ്ക്കാന്‍ വരെ കഴിയാതെ 
മനുഷ്യന്‍ ഉഴറിയിരുന്നേനെയല്ലോ?..
മേഘങ്ങളെ കറുപ്പിച്ചും പിന്നെ 
സര്‍വ്വശക്തിയുമെടുത്ത് വലിച്ചു കീറിയും 
പ്രകൃതി, വിയര്‍പ്പുകണങ്ങളെ താഴോട്ട് 
കുടഞ്ഞെറിഞ്ഞിരുന്നില്ലെങ്കില്‍ ഒരു 
പുല്‍നാമ്പിനു വരെ സൂര്യപ്രകാശം 
കാണാനൊക്കുമായിരുന്നുവോ?
എന്നിട്ടോ, ചോരയും നീരുമൂറ്റി അവകളെ  
അതിശയോക്തികളില്‍ കുടുക്കിയിട്ട് കൊണ്ട് 
പുച്ഛിക്കുവാനാണത്രേ മാനവര്‍ക്കിഷ്ടം!
അല്ലാ.. ഈ അഹങ്കാരവും നന്ദികേടും 
ഏദെന്‍ തോട്ടത്തിന്‍ മദ്ധ്യത്തിലെ 
നന്മതിന്മകള്‍ കായ്ക്കുന്ന വൃക്ഷത്തിന്‍റെ 
കനിയറുത്ത ഉണങ്ങാത്ത മുറിവില്‍ നിന്നും 
പുറപ്പെട്ടൊരു നിലയ്ക്കാത്ത ലാവയായി  
ലോകം മുഴുവന്‍ പരന്നൊഴുകി നമ്മുടെ 
വിധി പോലൊരു സുപ്രഭാതത്തില്‍ നമ്മിലും 
സന്നിവേശിക്കപ്പെട്ടതിനു കാരണക്കാര്‍ 
ഒരിക്കലും നമ്മളായിയിരുന്നില്ലല്ലോ.. 
ചുമ്മാ ഓരോന്നും ഇങ്ങനെയുണ്ടാക്കി വച്ചിട്ട് 
പാവം മനുഷ്യരെ പഴിക്കാന്‍ നോക്കുന്നുവോ?
ഈ നന്ദികേടും നെറികേടുമെല്ലാം ഞങ്ങള്‍ക്ക്
തായ് വഴി ജന്മനാലുണ്ടായ അവകാശങ്ങളാണ്
കൊക്കില്‍ ജീവനുള്ളിടത്തോളം കാലം 
അവയില്‍ ഞങ്ങള്‍ ജീവിക്കുകയും ചെയ്യും. 
 
- ഗുരുവായൂര്‍ 

സംഗമ സാക്ഷാല്‍ക്കാരം

പ്രിയരേ, നവംബര്‍ രണ്ടിന് കഴിഞ്ഞ കൊടുങ്ങല്ലൂര്‍ മീറ്റിന്‍റെ ഒരു അവലോകനം എഴുതണം എന്നു കരുതിയിട്ട് ഒരുപാട് ദിവസമായി പക്ഷെ തിരക്കുകള്‍ മൂലം അതിനു കഴിയാതെയിരിക്കുകയായിരുന്നു. സ്വപ്നതുല്യമായ കൊടുങ്ങല്ലൂര്‍ മീറ്റ്‌ ഒരുമാസക്കാലത്തിലുപരിയായ കാത്തിരിപ്പിനു ശേഷം സാക്ഷാല്‍കൃതമായതാണല്ലോ. കലാസാഹിത്യ സൌഹൃദരംഗത്തെ അതുല്യ പ്രതിഭകളുടെ സംഗമം.. അതും ചരിത്രമുറങ്ങുന്ന കൊടുങ്ങല്ലൂരിന്റെ മണ്ണില്‍!..
അനുഗ്രഹീത കലാകാരനും മനസ്സിന്‍റെ അഭ്യുദയകാംക്ഷികളില്‍ പ്രധാനിയുമായ ശ്രീ ഡാവിഞ്ചി സുരേഷിന്‍റെ ഭവനത്തില്‍ സകല ചാരുതകളും സംഘടനാപാടവവും വിരാജിച്ചു നിന്ന ഈ സ്നേഹസംഗമം ഓരോരുത്തരുടെയും മനസ്സിന്‍റെ മണിയറയില്‍ ദീര്‍ഘകാലം തങ്ങി നില്‍ക്കുമെന്നതില്‍ ലവലേശവും സംശയമില്ല.
ഇതിനു മുമ്പ് കൊച്ചിക്കായലില്‍ വച്ചു നടന്ന സംഭവബഹുലമായിരുന്ന മനസ്സ് മീറ്റില്‍ നിന്നും ഉള്‍ക്കൊണ്ട ഊര്‍ജ്ജം കൊടുങ്ങല്ലൂര്‍ മീറ്റിലും ഓരോരുത്തരിലും ഒളിമങ്ങാതെ നിന്നു. കഴിഞ്ഞ മീറ്റില്‍ നിന്നും വിഭിന്നമായി ഇത്തവണ പ്രശസ്ത കലാസാഹിത്യപ്രതിഭകളായ ഭരത് സലിംകുമാര്‍, സിപ്പി പള്ളിപ്പുറം, ബക്കര്‍ മേത്തല, രാജന്‍ കോട്ടപ്പുറം, ഭരതന്‍ മാസ്റ്റര്‍, ചന്ദ്രിക സോപ്പ്സ് ചെയര്‍മാന്‍ ഡോക്റ്റര്‍ സി.കെ. രവി, കലാകാരനായ അബ്ദുള്‍മജീദ്‌ എന്നിവര്‍ക്കു പുറമേ അതേവരെ പരസ്പ്പരം നേരില്‍ക്കാണാത്ത മനസ്സിലെ പുതുമുഖ പ്രതിഭകളായ ബ്ലോഗ്ഗര്‍മാരുടെ സജീവ സാന്നിദ്ധ്യവും മീറ്റിനെ ഉയരങ്ങളിലേക്കെത്തിച്ചു.
ഏഴു വര്‍ത്തമാനപത്രങ്ങളായിരുന്നു മീറ്റിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ സചിത്രമായി റിപ്പോര്‍ട്ട് ചെയ്തിരുന്നത് എന്നത് തന്നെ മീറ്റിന്‍റെ പ്രാധാന്യം വിളിച്ചോതുന്നു.
മീറ്റിനെക്കുറിച്ചുള്ള ചര്‍ച്ച ഏകദേശം ഒരുമാസം മുമ്പേ മനസ്സില്‍ പോസ്റ്റ്‌ ചെയ്ത ദിവസം തന്നെ അംഗങ്ങളില്‍ നിന്നും മീറ്റിനോടുള്ള അനുഭാവം പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളുടെ പ്രവാഹമായിരുന്നു. നിര്‍ഭാഗ്യവശാല്‍ വരാമെന്നു ഉറപ്പു പറഞ്ഞിരുന്ന ചിലര്‍ക്ക് സാങ്കേതിക ബുദ്ധിമുട്ടുകള്‍ മൂലം അവസാന നിമിഷം മീറ്റിനു പങ്കെടുക്കാനായില്ല എന്നത് ഖേദകരമായിപ്പോയി. തീര്‍ച്ചയായും അതവരില്‍ വളരെക്കാലം നഷ്ടബോധം ഉണര്‍ത്തുമെന്നതില്‍ സംശയമില്ല. നേരില്‍ക്കണ്ട് വീണ്ടും പരിചയം പുതുക്കാനിരുന്ന അംഗങ്ങളിലും അത് നിരാശ പടര്‍ത്താതിരുന്നില്ല എങ്കിലും സംഗമത്തിന്‍റെ പൊലിമ കുറയ്ക്കാന്‍ ആ ഇച്ഛാഭംഗങ്ങള്‍ക്കായില്ലാ എന്നതാണ് ആശ്വാസകരം. മീറ്റില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നവരോട് ഒന്നേ പറയാനുള്ളൂ.. "എല്ലാത്തിനും വേണം ഒരു യോഗം"
കൊച്ചിക്കായല്‍ മീറ്റിനു ശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ ലേഖകന്‍റെ വീട്ടില്‍ വച്ചു നടന്ന ഒരു ചെറിയ സുഹൃദ് സംഗമത്തില്‍ കുടുംബസമേതം ശ്രീ. ഡാവിഞ്ചി സുരേഷ്, കേരളദാസനുണ്ണി ചേട്ടന്‍, മീനു എന്നിവര്‍ക്കു പുറമേ സി. വി. കൃഷ്ണകുമാര്‍, അബ്ദുള്‍ റസാഖ് വൈശ്യംവീട്ടില്‍ എന്നിവരും പങ്കെടുത്തിരുന്നു. ആ യോഗത്തില്‍ വച്ച് ശ്രീ ഡാവിഞ്ചി സുരേഷ്, "ജോയേട്ടന്‍ ഇനി നാട്ടില്‍ വരുന്ന സമയത്ത്, അടുത്ത മനസ്സ് മീറ്റ് കൊടുങ്ങല്ലൂരിലെ തന്‍റെ വസതിയില്‍ വച്ചാവട്ടെ" എന്നു ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിന്‍റെ മഹത്തായ സാക്ഷാല്‍ക്കാരമായിരുന്നു സാങ്കേതികതയിലും സംഘാടനച്ചാരുതയിലും മികച്ചു നിന്ന ഈ കൊടുങ്ങല്ലൂര്‍ മീറ്റ്‌.
പ്രളയത്തില്‍ നശിച്ചു പോയെന്നു കരുതപ്പെടുന്ന ഭാരതത്തിലെ പ്രമുഖ തുറമുഖം ആയിരുന്ന മുസിരിസ് [ഇന്നത്തെ കൊടുങ്ങല്ലൂര്‍] വഴിയായിരുന്നു പണ്ട് കാലത്തു പ്രധാനമായും രാജ്യങ്ങള്‍ തമ്മിലുള്ള നമ്മുടെ വ്യാപാരങ്ങള്‍ നടന്നിരുന്നത്. വി. തോമാശ്ലീഹയുടെ പാദസ്പര്‍ശമേറ്റ മണല്‍ത്തരികള്‍, ഇന്ത്യയിലെത്തന്നെ ആദ്യത്തെ മുസ്ലീം പള്ളിയായ ചേരമാന്‍ മസ്ജിദ് സ്ഥിതി ചെയ്യുന്ന മണ്ണ്, മധുര ചുട്ടെരിച്ച കണ്ണകിയുടെ പേരിൽ ചേരൻ ചെങ്കുട്ടുവൻ നിർമ്മിച്ച അതിപുരാതനമായ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം, ഭരണി ഉത്സവം എന്നിവയാൽ പ്രസിദ്ധമായ കൊടുങ്ങല്ലൂർ, ചേരമാന്‍ പെരുമാള്‍ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു. ജൂത-കൈസ്തവ-ഇസ്ലാം മതക്കാരുടെ ആദ്യത്തെ സങ്കേതങ്ങളും ദേവാലയങ്ങളും ഇവിടെയാണ്‌ സ്ഥാപിതമായത്. പ്രശസ്ത നിമിഷകവിയായ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ കൊടുങ്ങല്ലൂരാണ് ജീവിച്ചിരുന്നത് എന്നതും കൊടുങ്ങല്ലൂരിന്റെ പ്രശസ്തി വര്‍ദ്ധിപ്പിക്കുന്നു. സര്‍വ്വോപരി, മനസ്സിന്‍റെ അഭിമാനവും കറകളഞ്ഞ ചിത്രകാരനും ശില്പ്പിയുമായ ശ്രീ. ഡാവിഞ്ചി സുരേഷിന്‍റെ ജന്മഗേഹവും ഈ മണ്ണില്‍ തന്നെ!
ക്ഷേത്രദര്‍ശനവും ലക്ഷ്യമാക്കി ഗുരുവായൂരില്‍ തലേദിവസം തമ്പടിച്ചിരുന്ന മുംബൈയില്‍ നിന്നും മീറ്റില്‍ പങ്കെടുക്കാനെത്തിയ മുരള്യേട്ടനേയും കുടുംബത്തേയും കൂട്ടിക്കൊണ്ടു മീറ്റിനു എത്താം എന്ന പദ്ധതിയനുസരിച്ച് രാവിലെ ആറേകാലിനു തന്നെ ഞാനും സുഹൃത്ത് ബിജുവും വീട്ടില്‍ നിന്നിറങ്ങിപ്പുറപ്പെട്ടു. നിശ്ചയിച്ച പോലെത്തന്നെ ആറരയ്ക്ക് ഞങ്ങള്‍ ഗുരുവായൂരില്‍ വച്ച് മുരള്യേട്ടനെ കണ്ടുമുട്ടി എങ്കിലും തന്‍റെ പ്രിയതമ ഗുരുവായൂരപ്പനെ തൊഴാനുള്ള വരിയില്‍ത്തന്നെയാണ് അപ്പോഴും എന്നദ്ദേഹം അറിയിച്ചു. ഏകദേശം ഏഴര മണിയോടെ ഞങ്ങള്‍ നാല്‍വര്‍ സംഘം പ്രാതല്‍ ഒരുമിച്ചു കഴിച്ചു കൊടുങ്ങല്ലൂര്‍ ബസ്സ്‌ പിടിച്ചു. ഏതായാലും കൊടുങ്ങല്ലൂരിലേക്കുള്ള വഴിമദ്ധ്യേയുള്ള തൃപ്രയാര്‍ ക്ഷേത്രവും ഒന്ന് സന്ദര്‍ശിച്ചാലോ, എന്ന ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് വേണ്ടത്ര മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി മുരള്യേട്ടനേയും പ്രിയതമയേയും തൃപ്രയാര്‍ ഇറക്കിവിട്ടു.
ഗുരുവായൂരില്‍ നിന്നും പുറപ്പെട്ടു അല്‍പ്പ സമയത്തിനുള്ളില്‍ തന്നെ ടി. കെ. ഉണ്ണ്യേട്ടന്‍റെ ഫോണ്‍ വന്നിരുന്നു. അദ്ദേഹം രാവിലെ എട്ടര മണിയ്ക്ക് തന്നെ കുടുംബസമേതം വേദിയിലേക്ക് എത്തിയിരിക്കുന്നു! കെ കെ യും അല്‍പ്പസമയത്തിനുള്ളില്‍ എത്തിച്ചേരും എന്നും അദ്ദേഹം അറിയിച്ചു. മീറ്റിന്‍റെ പ്രധാന സംഘാടകരായ ഉണ്ണ്യേട്ടന്റെയും കെ കെ യുടെയും ഡാവിഞ്ചിയുടെയും അര്‍പ്പണബോധത്തെ വാഴ്ത്തുന്നു.
ഏകദേശം ഒമ്പതേകാലിനു കൊടുങ്ങല്ലൂരില്‍ ബസ്സിറങ്ങിയപ്പോള്‍ മീറ്റിനെക്കുറിച്ചുള്ള ആകാംക്ഷയില്‍ മനസ്സില്‍ സന്തോഷത്തിരകള്‍ അലയടിച്ചു. അവിടെ കിടന്നിരുന്ന ഒരു ഓട്ടോയുടെ ഡ്രൈവറോട്, ശ്രീ. ഡാവിഞ്ചി സുരേഷിന്‍റെ വീട്ടിലേക്കു പോകണമെന്ന് പറഞ്ഞത് പാതിയാവുമ്പോഴേക്കും വണ്ടി സ്റ്റാര്‍ട്ട് ചെയ്തുകൊണ്ട് അയാള്‍ "ഇരിക്കു സര്‍" എന്നു പറഞ്ഞതു കേട്ട് ഞങ്ങള്‍ അമ്പരന്നു പോയി. കൊടുങ്ങല്ലൂരിന്റെ അഭിമാനമാണ് ഡാവിഞ്ചി എന്ന ഭാവം അയാളുടെ മുഖത്തു വിളങ്ങിയിരുന്നു. പിന്നീട് പ്രകൃതിരമണീയമായ അസംഖ്യം
ഇടവഴികളിലൂടെയുള്ള ഇരുപത് മിനുട്ടോളം നീണ്ട യാത്രയ്ക്കിടയിലെ കവലകളില്‍ മനസ്സ് മീറ്റിലേക്ക് സ്വാഗതമോതിക്കൊണ്ടുള്ള ബോര്‍ഡുകള്‍ ദൃശ്യമായിരുന്നു.
ഡാവിഞ്ചിയുടെ വീട്ടുമുറ്റത്ത് വളരെ മനോഹരമായി തയ്യാറാക്കിയ സംഗമവേദി കണ്ടു മനം കുളിര്‍ന്നു. സന്ദര്‍ശകര്‍ക്ക് സ്വാഗതമോതിക്കൊണ്ട് വേദിയുടെ അഭിമുഖമായുള്ള പുരയിടത്തില്‍ തളച്ച രണ്ടു കൊമ്പന്മാര്‍ വിസ്മയമായി. പടിയ്ക്കല്‍ത്തന്നെ അതാ നില്‍ക്കുന്നു പുഞ്ചിരിച്ചു കൊണ്ട് പ്രേംകുമാര്‍ കുമാരമംഗലം എന്ന എന്‍റെ സ്വന്തം പ്രേമേട്ടന്‍. ഞാന്‍ ഓടിച്ചെന്നു അദ്ദേഹത്തെ ആലിംഗനം ചെയ്തു. അപ്പോഴേക്കും നിറഞ്ഞ പുഞ്ചിരിയോടെ സുരേഷ്ജി വന്നു ഹസ്തദാനം ചെയ്തു കൊണ്ട് മീറ്റിന്‍റെ സംഘാടനപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ഞങ്ങളെ കരിവീരന്മാരുടെ അരികിലേക്ക് കൂട്ടിക്കൊണ്ടു പോയി. ലക്ഷണമൊത്ത ആ ഗജരാജന്മാര്‍ക്ക് എതിര്‍വശത്തുനിന്നും ഡാവിഞ്ചിയുടെ മറ്റൊരു കരവിസ്മയം ഒരു ഭീമന്‍പുലിയുടെ രൂപത്തില്‍ ഞങ്ങളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.
ഇലക്ട്രിസിറ്റി ഉപയോഗിച്ച് തന്മയത്ത്വമായ അംഗവിക്ഷേപങ്ങള്‍ കൊണ്ട് തങ്ങള്‍ ഒറിജിനലിനേക്കാള്‍ മോശമല്ലാ എന്നു തെളിയിച്ചു കൊണ്ടിരുന്ന ആ ചലിക്കുന്ന ശില്പങ്ങള്‍ ഞൊടിയിടയില്‍ മീറ്റിനെത്തിയ അനേകം പേരുടെ ഫോട്ടോകള്‍ക്ക് പശ്ചാത്തലമായി മാറി.
"അങ്കിള്‍ ഓര്‍മ്മയുണ്ടോ ഈ മുഖം" എന്നു മന്ദസ്മിതം തൂകിക്കൊണ്ട്‌ ചോദിച്ച ആണ്‍കുട്ടിയെ ഓര്‍മ്മകളില്‍ നിന്നും ചികഞ്ഞെടുത്തു. മീനുവിന്റെ മകന്‍ വിഷ്ണു. അപ്പോഴേക്കും മീനുവും മകളും നാരായണന്‍ സാറും പ്രിയതമയും ബോബിച്ചായനും പ്രിയതമയും അവിടേക്ക് കടന്നു വന്നു. ആദ്യമായാണ് കാണുന്നതെങ്കിലും ഒരു അപരിചിതത്വവും തോന്നിയില്ല. കൂടെ ചന്ദ്രിക സോപ്പ് ചെയര്‍മാന്‍ ഡോക്റ്റര്‍ രവിയും, സാഹിത്യകാരനായ ഭരതന്‍ മാസ്റ്ററും ഉണ്ടായിരുന്നു. കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു കുറിയ മനുഷ്യനെ ചൂണ്ടിക്കാണിച്ചു കൊണ്ട് അതാരാണെന്ന് മനസ്സിലായോ എന്നു
പ്രേമേട്ടന്‍ ചോദിച്ചു. ഒറ്റനോട്ടത്തില്‍ത്തന്നെ എനിക്ക് ആളെ പുടികിട്ടി...മനോഹരമായ ബ്ലോഗുകള്‍ എഴുതുന്ന മനസ്സിന്‍റെ മണിമുത്ത് - ഹരിയേട്ടന്‍ [ഹരിനായര്‍]. പിന്നീട് വെട്ടത്താന്‍ സാറും പ്രിയതമയും അവിടേക്കെത്തി. കോഴിക്കോട് നിന്നും കാറോടിച്ചു എത്തിച്ചേര്‍ന്ന ക്ഷീണത്തിന് പകരം പ്രസരിപ്പായിരുന്നു അവരുടെ മുഖത്ത് വിളങ്ങിയിരുന്നത്.
വിശിഷ്ടാതിഥികളായ സാഹിത്യപ്രതിഭകള്‍ ബക്കര്‍ മേത്തലയും രാജന്‍ കോട്ടപ്പുറവും കാറില്‍ വന്നിറങ്ങി. താമസിയാതെ സിപ്പി പള്ളിപ്പുറവും. എല്ലാവരും, ചെവികളും തുമ്പിക്കയ്യുകളും ഇളക്കിക്കൊണ്ടു അതിഥികളെ സ്വാഗതം ചെയ്തിരുന്ന ഗജവീരന്മാരെക്കണ്ട് അത്ഭുതം കൂറുകയും അവയ്ക്ക് മുന്നില്‍ നിന്നു കൊണ്ട് ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു.
നാരായണന്‍ സാറും പ്രിയതമയും ബോബിച്ചായനും പ്രിയതമയും വെട്ടത്താന്‍ സാറും പ്രിയതമയും മാത്രമല്ലാ മീറ്റിനെത്തിയ
മിക്കവാറും പേരും "എന്‍റെ ഉപ്പൂപ്പായ്ക്കൊരു ആനേണ്ടാര്‍ന്നൂ" എന്ന മുഖഭാവത്തോടെ ആനകള്‍ക്ക് മുമ്പില്‍ ഞെളിഞ്ഞു നിന്നു ഫോട്ടോസ് എടുക്കുമ്പോള്‍ എല്ലാവരില്‍ നിന്നും ഫലിതങ്ങള്‍ ഇടതടവില്ലാതെ പൊട്ടിപ്പുറപ്പെടുന്നുണ്ടായിരുന്നു. തമാശാ വെടിക്കെട്ടിന്‍റെ കാര്യത്തില്‍ തങ്ങളാരും പിറകിലല്ലാ എന്നു തെളിയിക്കുമാറ് നാരായണന്‍ സാറും, വെട്ടത്താന്‍ സാറും ത്രേസ്യാ ടീച്ചറും ബോബിച്ചായനും മീനുവും പ്രേമേട്ടനും ബക്കര്‍ മേത്തലയും രാജന്‍ കോട്ടപ്പുറവും ഒപ്പം നിറഞ്ഞ പുഞ്ചിരിയോടെ ഡാവിഞ്ചിയും. ശരിക്കും മനസ്സില്‍ ആഹ്ലാദം തിരതല്ലിയ നിമിഷങ്ങള്‍ തന്നെയായിരുന്നു അത്.
അതിനിടയില്‍ വെളുത്തു കൊലുന്നനേയുള്ള ഒരു ചെറുക്കന്‍ വന്നു എന്‍റെ കരം ഗ്രഹിച്ചു ചോദിച്ചു. ജോയിച്ചാ എന്നെ മനസ്സിലായോ? രാവിലെ അഞ്ചു മണിയ്ക്ക് ഉണര്‍ന്നവഴി തന്നെ എന്‍റെ മനോമുകുരത്തിലേക്ക് ഓടിവന്ന ആ മുഖം ഓര്‍ത്തെടുക്കാന്‍ എനിക്കധികം പാടുപെടേണ്ടി വന്നില്ല. അന്നേരം തന്നെ ഞാന്‍ വിളിച്ചപ്പോള്‍.."ഞങ്ങള്‍ മീറ്റിലെക്കുള്ള മാര്‍ഗ്ഗമദ്ധ്യേ ട്രെയിനില്‍ ആണെന്നും പറഞ്ഞിരുന്നു. അത് മറ്റാരുമായിരുന്നില്ലാ.. കേരളത്തിന്‍റെ അങ്ങേയറ്റമായ കാസര്‍ഗോഡ്‌ നിന്നും അനിയനും കൂട്ടുകാരുമൊത്ത് മനസ്സിലെ മണിമുത്തുകളെ നേരിട്ടു കാണാനെത്തിയ അസീസ്‌ ഈസയായിരുന്നു അത്. അസീസ്സിന്റെ വരവിനു പിറകില്‍ മറ്റൊരു ലക്ഷ്യവുമുണ്ടായിരുന്നു എന്നു മീറ്റ്‌ അവസാനിക്കുന്ന വേളകളില്‍ ആണ് വെളിപ്പെട്ടത്. ഈ വരുന്ന 20 നു നടക്കുന്ന അദ്ദേഹത്തിന്‍റെ വിവാഹത്തിലേക്കു പങ്കെടുക്കാനുള്ള ക്ഷണക്കത്ത് എല്ലാവര്‍ക്കും വിതരണം ചെയ്ത സമയത്ത് മാത്രം. നേരത്തേ അതറിഞ്ഞിരുന്നെങ്കില്‍ അസീസ്സിന്റെ നാണം കൊണ്ട് തരളിതമായൊരു മുഖം നമുക്ക് കാണാമായിരുന്നു. അതു മനസ്സിലാക്കിത്തന്നെ വിരുതന്‍ വിവരം മറയ്ച്ചു വയ്ക്കുകയായിരുന്നു.
സമയം രാവിലെ പതിനൊന്നോട് അടുത്തു തുടങ്ങിയപ്പോള്‍ എല്ലാവരിലും അതേവരെയുംഎത്തിച്ചേരാതിരുന്ന ഉദ്ഘാടകനെക്കുറിച്ച് ഉത്ക്കണ്ഠയുള്ളതായി തോന്നി. പക്ഷേ, നിമിഷങ്ങള്‍ക്കകം തന്നെ ലളിതവസ്ത്രധാരനായി പുഞ്ചിരി തൂകിക്കൊണ്ട് സാക്ഷാല്‍ ഭരത് സലിംകുമാര്‍ കാറില്‍ നിന്നും ഇറങ്ങി വേദിയിലേക്ക് വരുന്ന കാഴ്ച്ചയാണ് കാണാനായത്. ഈയുള്ളവനടക്കം എല്ലാവരും ഓടിച്ചെന്നു ഹസ്തദാനം നല്‍കി അദ്ദേഹത്തെ വേദിയിലേക്ക് സ്വീകരിച്ചിരുത്തി. ഇന്‍ഡ്യന്‍ സിനിമയിലെ ഏറ്റവും ശ്രേഷ്ഠമായ അവാര്‍ഡ്‌ നേടിയ വ്യക്തിയെന്ന ഒരു ഗമയും അദ്ദേഹത്തിന്‍റെ മുഖത്ത് ഉണ്ടായിരുന്നില്ല.
വിശിഷ്ടാതിഥികളില്‍ ഒരാളായിരുന്ന ശ്രീ. സിപ്പി പള്ളിപ്പുറം തനിക്കു പോകാന്‍ അല്പ്പം തിടുക്കമുണ്ടെന്നു അറിയിച്ചതിനെത്തുടര്‍ന്ന് പ്രാര്‍ത്ഥനയ്ക്കും ശ്രീ. ഡാവിഞ്ചിയുടെ സ്വാഗത പ്രസംഗത്തിനു ശേഷം ആശംസകള്‍ അര്‍പ്പിക്കാനായി അദ്ദേഹത്തെ ആദ്യം ക്ഷണിച്ചു. അല്പ്പം നീണ്ടതായിരുന്നുവെങ്കിലും വളരെ മൂല്യമുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ വാക്കുകള്‍ എല്ലാവരും സശ്രദ്ധം കേട്ടിരുന്നു. അദ്ദേഹം എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങിയ വഴി ശ്രീ സലിം കുമാറിനെ പ്രസംഗപീഠത്തിലേക്ക് ആനയിക്കുകയും നമ്മളില്‍ മിക്കവരും സിനിമയില്‍ മാത്രം കേട്ടിട്ടുള്ള അദ്ദേഹത്തിന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ഏതാനും വാക്കുകള്‍ പറഞ്ഞതിനു ശേഷം അദ്ദേഹം നിലവിളക്ക് കൊളുത്തി മീറ്റിന്‍റെ ഔപചാരികമായ ഉദ്ഘാടനം നടത്തി. വിശിഷ്ടാതിഥികളും വിളക്കിലെ തിരികള്‍ തെളിയിച്ചു കൊണ്ട് ഉദ്ഘാടനപ്രക്രിയയില്‍ പങ്കെടുത്തു.
സിപ്പി പള്ളിപ്പുറം പ്രസംഗിക്കുന്നതിനിടയില്‍ത്തന്നെ കോഴിക്കോട് നിന്നും വിശ്വേട്ടനും നളിനച്ചേച്ചിയും വന്നെത്തിയതിനാല്‍ ഉദ്ഘാടനച്ചടങ്ങ്‌ വീക്ഷിക്കാനുള്ള അവസരമുണ്ടായി. അതിനു മുമ്പ് തന്നെ ബോംബെയില്‍ നിന്നുള്ള മുരള്യേട്ടനും ഭാര്യയും വന്നെത്തുന്ന രംഗം തിരക്കിനിടയില്‍ കണ്ടില്ല. അതേപോലെ, കലാകാരനും മനസ്സിന്‍റെ സ്ഥാപക നേതാവുമായ ശ്രീ ഷാനവാസ് കണ്ണഞ്ചേരിയുടെ അമ്മാവനുമായ ശ്രീ. അബ്ദുള്‍മജീദും പ്രേക്ഷകരുടെ ഇടയില്‍ ഇടം പിടിച്ചിരുന്നത് തത്സമയം ശ്രദ്ധിക്കാന്‍ സാധിച്ചില്ല. പ്രധാന മൈക്ക് മാഷുടെ റോള്‍ ഞാന്‍ തന്നെ കൈകാര്യം ചെയ്യേണ്ടി വന്നതു കൊണ്ടുണ്ടായ ചില നോട്ടക്കുറവുകള്‍.. ഉണ്ണ്യേട്ടനും മീനുവും ഡാവിഞ്ചിയും ചില അവസരങ്ങളില്‍ മൈക്ക് കയ്യിലെടുത്തു യോഗം നിയന്ത്രിച്ചിരുന്നു. വിശിഷ്ട വ്യക്തികളെ പരിചയപ്പെടുത്തുന്നതില്‍ മീനു കാണിച്ച ആങ്കറിംഗ് ചാതുര്യവും എടുത്തു പറയത്തക്കതായിരുന്നു.
പിന്നീട് സലിംകുമാര്‍ എന്ന നടന്‍റെ മനസ്സ്, സുമനസ്സുകള്‍ക്ക്‌ മുമ്പില്‍ മലര്‍ക്കേ തുറക്കുന്ന വേദിയായി മാറുകയായിരുന്നു അല്പ്പനേരത്തേക്ക് മനസ്സ് മീറ്റ്‌. സദസ്സിനോട് സ്വതന്ത്രമായി എന്തുവേണമെങ്കിലും ചോദിച്ചു കൊള്ളുവാന്‍ ആഹ്വാനം ചെയ്തു കൊണ്ട് സലിംകുമാര്‍ മന്ദസ്മിതം തൂകി നിന്നു. ഞാന്‍ തന്നെ ചോദ്യശരങ്ങള്‍ക്കു തുടക്കമിട്ടു. "ഭരത് അവാര്‍ഡ് ജേതാവായ താങ്കളില്‍ ആ നേട്ടത്തിനു ശേഷം ഉണ്ടായ സ്വഭാവ മാറ്റങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന എന്‍റെ തുറന്ന ചോദ്യത്തിന്‍റെ മുനയൊടിച്ചു കൊണ്ട് അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി. "സലിംകുമാറിനു ഭരത് അവാര്‍ഡ്‌ കിട്ടുന്നതിനും മുമ്പും മലയാള സിനിമയിലെ പല മഹദ്വക്തികളും ഈ നേട്ടത്തിനു അര്‍ഹരായിട്ടുണ്ട്. അത്തരക്കാരെയാരെയെങ്കിലും നിങ്ങളുടെ ഈ പരിപാടിപോലുള്ള ലളിതമായ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ വിളിച്ചാല്‍ അവര്‍ സന്നദ്ധരാവുമായിരുന്നോ?.. ഭരത്
ലഭിച്ചതില്‍പ്പിന്നെ സലിംകുമാര്‍ നിലത്തൊന്നുമല്ല എന്ന ചിലരുടെ ആരോപണങ്ങളില്‍ യാതൊരു കഴമ്പും ഇല്ലെന്നു ഇതില്‍നിന്നു തന്നെ തെളിഞ്ഞുവല്ലോ. ഇന്നലെ രാത്രി വൈകി വരെ ഷൂട്ടിങ്ങുണ്ടായിരുന്നു. ഇന്ന് നടക്കുന്ന ഒരു ബന്ധുവിന്റെ വിവാഹത്തിലും പങ്കെടുക്കേണ്ടതുണ്ട്. സഹോദരതുല്യനായ സുരേഷ് ക്ഷണിച്ച ഒരു പരിപാടിയ്ക്കും ഇതിനു മുമ്പും എനിക്കു വരാതിരിക്കാനായിട്ടില്ലാ. ഈ അവാര്‍ഡ് എന്നെല്ലാം പറയുന്നത് നമ്മള്‍ കലയോട് പുലര്‍ത്തുന്ന ആത്മാര്‍ത്ഥതയിലെ മികവിന്‍റെ അംഗീകാരമാണ്. അതില്‍ അഹങ്കരിക്കേണ്ട യാതൊരു ആവശ്യവും ഇല്ലാ.. "
പിന്നീട് വെട്ടത്താന്‍ സാറും ഉണ്ണ്യേട്ടനും മുരള്യേട്ടനും മീനുവും ഒക്കെ ചോദിച്ച ചോദ്യങ്ങള്‍ക്കും സമകാലീന ജീവിത സാഹചര്യങ്ങളെ അതിവിദഗ്ദമായി കോര്‍ത്തിണക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞ ഉത്തരങ്ങള്‍ അദ്ദേഹത്തിലെ ധിഷണാശാലിയെ ഏവര്‍ക്കും പരിചയപ്പെടുത്തുന്ന രീതിയിലുള്ളതായിരുന്നു. വെറും തമാശകള്‍ പൊട്ടിക്കാന്‍ മാത്രമല്ലാ മറിച്ച് ഭക്ഷ്യവിഷബാധകള്‍ അടക്കം ഇന്നത്തെ സമൂഹം നേരിടുന്ന ഓരോ സമസ്യകളിലും തന്‍റേതായ നിരീക്ഷണങ്ങള്‍ പങ്കു വച്ചും അവയെ എങ്ങനെ ചെറുത്തു നില്‍ക്കണമെന്നുള്ള ഉപദേശങ്ങളും നല്‍കി അദ്ദേഹം തന്നിലെ പക്വമതിയെ വെളിപ്പെടുത്തി. ഏകദേശം ഒരു മണിക്കൂറില്‍ക്കൂടുതല്‍ മനസ്സിലെ അംഗങ്ങളുമായി സല്ലപിച്ചതിനു ശേഷം മനസ്സിന് എല്ലാവിധ ആശംസകളും നേര്‍ന്നു കൊണ്ട് അദ്ദേഹം യാത്ര പറഞ്ഞു.
സലിംകുമാറിനെ പൊന്നാടയണിയിച്ചു ആദരിക്കാനുള്ള അസുലഭാവസരം എനിക്ക് ലഭിച്ചു. അദ്ദേഹത്തിനു മെമെന്ടോയും ഛായാചിത്രവും ഡാവിഞ്ചി സമ്മാനിച്ചപ്പോള്‍, കെ. ആര്‍ നാരായണന്‍ സാറിന്‍റെ രണ്ടു പുസ്തകങ്ങളും ടി. കെ. ഉണ്ണ്യേട്ടന്‍ രചിച്ച കവിതാസമാഹാരമുള്ള ഒരു പുസ്തകവും സലിംകുമാറിനു സമ്മാനിച്ചത്‌ മീനുവായിരുന്നു.
മീറ്റില്‍ പങ്കെടുക്കുന്ന ഓരോ അംഗങ്ങള്‍ക്കും സമ്മാനിക്കാനായി, ഡാവിഞ്ചിയുടെ അനുജനും പ്രശസ്ത ശില്പ്പിയുമായ ശ്രീ. മോഹനന്‍
ശില്‍പ്പശാല, "മനസ്സ് കൊടുങ്ങല്ലൂര്‍ മീറ്റ്‌" എന്നു പിച്ചളയില്‍ ഇമ്പ്രിന്റ്റ് ചെയ്ത്, സ്പെഷല്‍ ആയി ഓരോരുത്തരുടെയും ചിത്രം ആലേഖനം ചെയ്ത് ` തയ്യാറാക്കിയിരുന്ന മെമെന്ടോകള്‍ അതിമനോഹരങ്ങളായിരുന്നു. അദ്ദേഹത്തിന്‍റെ കലാവൈഭവത്തെയും അര്‍പ്പണ മനോഭാവത്തേയും നമിക്കുന്നു. അതേപോലെത്തന്നെ സലിംകുമാറിന്റെ ഉള്‍പ്പെടെ മീറ്റില്‍ പങ്കെടുത്ത ബക്കര്‍ മേത്തല, രാജന്‍ കോട്ടപ്പുറം, സിപ്പി പള്ളിപ്പുറം, കെ ആര്‍ നാരായണന്‍, മുരളീധരന്‍ എ ആര്‍, മീനു, കൃഷ്ണകുമാര്‍ സി വി, വെട്ടത്താന്‍, നളിനച്ചേച്ചി, വിശ്വേട്ടന്‍, ബോബി ജോസഫ്‌, ടി. കെ ഉണ്ണി, എന്നിവര്‍ക്കു പുറമേ മീറ്റിനു വരാതിരുന്ന ഗീത ടീച്ചര്‍, ഷെലിന്‍ ബിജു, സമയമില്ലാത്ത ഉണ്ണി എന്നിവരുടെ ജീവന്‍ തുളുമ്പുന്ന ഛായാചിത്രങ്ങള്‍ ഈ തിരക്കിനിടയിലും വരച്ചു തയ്യാറാക്കി സമ്മാനിച്ച ഡാവിഞ്ചി സുരേഷ്ജിയുടെ
അര്‍പ്പണമനോഭാവത്തെയും എത്ര പുകഴ്ത്തിയാലാണ് മതിവരിക?! വിശിഷ്ട വ്യക്തികളെ ആദരിക്കുന്നതിനായി പൊന്നാടകള്‍ സംഘടിപ്പിച്ച ടി കെ ഉണ്ണ്യെട്ടനേയും നന്ദിപൂര്‍വ്വം സ്മരിക്കുന്നു.
പിന്നീട് വിശിഷ്ടാതിഥികളായ സര്‍വ്വശ്രീ. ബക്കര്‍ മേത്തല, രാജന്‍ പള്ളിപ്പുറം, ഡോക്റ്റര്‍ രവി എന്നിവരുടെ ആശംസാപ്രസംഗങ്ങള്‍ക്കു ശേഷം ഏവരും അക്ഷമരായി കാത്തിരുന്ന മനസ്സിന്‍റെ സ്വന്തം അംഗങ്ങളുടെ സൗഹൃദ വേദിയ്ക്ക് യോഗാദ്ധ്യക്ഷനായ ശ്രീ. ടി. കെ ഉണ്ണിയുടെ നേതൃത്വത്തില്‍ തുടക്കമായി. സമയപരിമിതി മൂലം ഓരോരുത്തര്‍ക്കും വേണ്ടത്ര സംസാരിക്കാനുള്ള അവസരം ലഭിച്ചില്ലെങ്കിലും സൗഹൃദം തുളുമ്പി നില്‍ക്കുന്ന ആ അന്തരീക്ഷത്തിലൂടെ കടന്നുപോയ ഓരോ നിമിഷങ്ങളും മനസ്സ്നിറയേ ആസ്വദിക്കാന്‍ ഏവര്‍ക്കും സാധിച്ചു എന്നതിനു തര്‍ക്കമുണ്ടാവില്ല. കെ. ആര്‍ നാരായണന്‍ സര്‍ രചിച്ച ഹിറ്റ്‌ പുസ്തകങ്ങള്‍ ആയ കുടയൂര്‍ കഥകളും കടല്‍ വിസ്മയങ്ങളും ടി. കെ. ഉണ്ണ്യേട്ടന്‍ രചിച്ച കവിതാസമാഹാരമുള്ള പുസ്തകവും മീറ്റിനു വന്നവര്‍ക്ക് സൗജന്യമായി നല്‍കി.
പിന്നീട് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം!.. അതിനു മുമ്പായി വീണ്ടും ഫോട്ടോ സെഷന്‍. അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന കൊമ്പന്മാരും ഭീമന്‍ പുലിയും തന്നെ അവിടെയും താരങ്ങള്‍.
പാചകറാണിയായ ഹേമ സുരേഷ് ഡാവിഞ്ചിയുടെ പ്രത്യേക
മേല്‍നോട്ടത്തില്‍ വളയിട്ട കൈകളാല്‍ തയ്യാറാക്കപ്പെട്ട നാടന്‍ ഉച്ചഭക്ഷണം രുചിയിലും വിഭവസമൃദ്ധിയിലും  അതുല്യമായി. സാമ്പാര്‍, അവിയല്‍, കാളന്‍, പച്ചടി, തുടങ്ങി പത്തോളം പച്ചക്കറി വിഭവങ്ങളും, ചിക്കന്‍, മട്ടന്‍, ബീഫ്, മീന്‍,പോര്‍ക്ക്‌, ഞണ്ട്, ചെമ്മീന്‍ തുടങ്ങിയവയുടെ പന്ത്രണ്ടോളം ഐറ്റങ്ങളും, പപ്പടം, രസം, മോര്, ഐസ് ക്രീം, പഴങ്ങള്‍ തുടങ്ങിയവയും എല്ലാമായി ശരിക്കും എല്ലാവരെയും അതിശയിപ്പിക്കുന്ന വിധത്തിലുള്ള സദ്യ ഒരുക്കിയ ഹേമാജിയേയും പെണ്‍പടയേയും അഭിനന്ദിക്കാന്‍ വാക്കുകളില്ലാ.. ഒന്നേ ചോദിക്കാനുള്ളൂ.. ഇനിയെന്നു കാണും നമ്മള്‍?....
എരിവ് ഒട്ടും കഴിക്കാന്‍ പാടില്ലാത്ത നാരായണന്‍ സാറിനു വേണ്ടി ഇന്റര്‍ കോണ്ടിനെന്റല്‍ കഞ്ഞിയും പയറും നേന്ത്രപ്പഴം പുഴുങ്ങിയതും പപ്പടവും പ്രത്യേകമായി തയ്യാറാക്കിയിരുന്നു. നാരായണന്‍ സാറിനു കഞ്ഞികുടിയ്ക്കാന്‍ ഒരു പ്ലാവിലയ്ക്കായി ആ പരിസരം മുഴുവന്‍ തെരഞ്ഞു നടന്ന ഞാന്‍ നിരാശനായി എന്നും പറയട്ടേ.
ഭക്ഷണാനന്തരം മീറ്റ്‌ ഏകദേശം എല്ലാം കഴിഞ്ഞു എന്ന ചിന്തയില്‍ ആയിരുന്ന എല്ലാവരിലും അതിശയം ജനിപ്പിക്കുമാറ് അതാ ഉയര്‍ന്നു ഉണ്ണ്യേട്ടന്‍റെ അനൌണ്‍സ്മെന്റ് "മനസ്സിന്‍റെ സജീവസാരഥിയും ഏവര്‍ക്കും പ്രിയങ്കരിയുമായ ശ്രീമതി മീനുവിന്റെ പിറന്നാള്‍ കൂടിയാണിന്ന് എന്ന സന്തോഷവാര്‍ത്ത എല്ലാവരേയും അറിയിക്കുന്നതോടൊപ്പം കേക്ക് മുറിച്ച് ആ സന്തോഷത്തില്‍ പങ്കു ചേരുന്നതിനായി എല്ലാവരേയും ക്ഷണിച്ചു കൊള്ളുന്നു. ഇതു കേട്ട് മീനു അത്ഭുത പരതന്ത്രയായി നില്‍ക്കുമ്പോള്‍ ഡാവിഞ്ചി വലിയൊരു കേക്കും വേദിയില്‍ കൊണ്ടുവന്നു വച്ചു. തുടര്‍ന്ന് മീനുവും കുട്ടികളും കൂടി കേക്ക് മുറിച്ചു. പിന്നെകലാപരമായി എങ്ങനെ കേക്ക് മുറിച്ചു വിതരണം ചെയ്യാം എന്നു കാണിച്ചു തരാം എന്ന ഭാവത്തില്‍ കേക്ക് മുറിയ്ക്കാന്‍ തുടങ്ങിയ കെ. കെ, കൈ മുഴുവനും ക്രീമില്‍ പൊതിഞ്ഞു ഇനിയെന്തു ചെയ്യും എന്നു അന്തം വിട്ടു നില്‍ക്കുന്ന രസകരമായ കാഴ്ച്ചയും ആ പരിപാടിക്കു കൊഴുപ്പേകി.
അന്നേരമാണ് നമ്മുടെ അസീസ് എല്ലാവര്‍ക്കും തന്‍റെ വിവാഹത്തിനുള്ള ക്ഷണക്കത്ത് വിതരണം ചെയ്യുന്നത്. ഈ മാസം 20 നു വിവാഹിതനാകുന്ന അസീസ്സിന് വിവാഹമംഗളാശംസകള്‍ നേരുന്നു.
ഷാര്‍ജയില്‍ നിന്നും അബുദാബിയില്‍ നിന്നും ബോംബെയില്‍ നിന്നും കാസര്‍ഗോഡ്‌, കൊല്ലം, കോട്ടയം, കോഴിക്കോട്, കൊയിലാണ്ടി തുടങ്ങിയ വിദൂരസ്ഥലങ്ങളില്‍ നിന്നും മീറ്റിലേക്കെത്തിച്ചേര്‍ന്ന സൗഹൃദസ്നേഹികളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.
ഒരുപാട് സ്നേഹത്തോടെ..
ജോയ് ഗുരുവായൂര്‍