Wednesday, August 20, 2014

സൂര്യനിലേക്കിനിയെത്ര ദൂരം?


രാത്രിയിലെ കടുത്ത മദ്യപാനം ബാക്കി വച്ച ക്ഷീണം ആദിത്യനെ രാവിലെ കിടയ്ക്ക വിട്ടെഴുന്നേല്‍ക്കാന്‍ വിസമ്മതിപ്പിച്ചു. ജനലിലൂടെ മുറിയിലേക്ക് അരിച്ചിറങ്ങുന്ന ആദിത്യ കിരണങ്ങള്‍ക്ക് നേരെ മിഴി തുറക്കാനാവാതെ നിസ്സഹായതയുടെ പര്യായമായി മറ്റൊരു സൂര്യന്‍ മനുഷ്യരൂപം പൂണ്ടു കിടയ്ക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു.

സമയം ഒമ്പതുമണിയായിരിക്കുന്നു.. ബോസ്സ് ഇപ്പോള്‍ അക്ഷമനായി വാച്ചില്‍ നോക്കിക്കൊണ്ടിരിക്കുന്നുണ്ടാവും.. ഇന്നും ലീവ് എടുക്കാമെന്ന് വച്ചാല്‍ അത് തന്‍റെ ഈ മാസത്തെ മൂന്നാമത്തെ ലീവ് ആയിരിക്കും. മാത്രമല്ല അമേരിക്കന്‍ ക്ലയിന്റുമായി ഇന്ദ്രപ്രസ്ഥയില്‍ പതിനൊന്നു മണിക്കൊരു മീറ്റിങ്ങും. ഹോ വയ്യാ.. തല പൊളിയുന്നു.. ചര്‍ദ്ദിക്കാനും വരുന്നു...  

അവളുണ്ടായിരുന്നെങ്കില്‍... എപ്പോഴോ തന്നെ വിളിച്ചുണര്‍ത്തി തയ്യാറാക്കി ഓഫീസിലേക്ക് ഉന്തിത്തള്ളി വിട്ടേനെ.. എല്ലാം വിധി.. അനുഭവിക്കുക തന്നേ..

"എന്താടോ ഇന്നലത്തെ കെട്ടിറങ്ങിയിട്ടില്ലേ ഇതുവരെ?.. ഡെല്‍റ്റയുടെ ഡെലിഗേറ്റ്സ് ഇന്ദ്രപ്രസ്ഥയില്‍ പ്രിപ്പെയര്‍ ആയി ഇരിക്കുന്നു.. പതിനൊന്നു മണിക്ക് മുമ്പ് അവിടെ എത്തണം.. യു ആര്‍ സോ ലേറ്റ് ടുഡേ..  ഗെറ്റ് ഓള്‍ റിലേറ്റഡ് കറസ്പ്പോണ്ടന്‍സ് റെഡി.."

റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോള്‍ ഇരിങ്ങാലക്കുടക്കാരനായ ബോസ്സിന്റെ തിരുവായില്‍ നിന്നും പ്രതീക്ഷിച്ച പ്രതികരണം തന്നെ.. അതിപ്പോ ഇന്നും ഇന്നലെയുമൊന്നും കേള്‍ക്കാന്‍ തുടങ്ങിയതല്ലല്ലോ.. അതത്ര കാര്യമാക്കാതെ സമ്മതപൂര്‍വ്വം തലയാട്ടിക്കൊണ്ട് അദ്ദേഹത്തിനു അപകര്‍ഷതയില്‍ പൊതിഞ്ഞൊരു പുഞ്ചിരിയും നല്‍കി ആദിത്യന്‍ തന്‍റെ ക്യാബിനിലേക്ക്‌ നടന്നു.  

മീറ്റിംഗ് കഴിഞ്ഞിറങ്ങുമ്പോള്‍ നാലുമണി.

"ടോ.. താന്‍ വരുന്നോടോ.. നമുക്ക് വൈന്‍പ്ലാസയില്‍ നിന്നും രണ്ടു ഷോട്ട് സ്ക്ര്യൂഡ്രൈവര്‍ അടിച്ചു കുറച്ചു സംസാരിക്കാം"

ധനവാന്മാരുടെ പ്രശസ്ത മദിരാപാനശാലയായ വൈന്‍പ്ലാസയുടെ മുമ്പില്‍ കാര്‍  നിര്‍ത്തുമ്പോള്‍ ബോസ്സ് ചോദിച്ചു.
"കം.. ഐ വിഷ്  ടു ഡിസ്കസ് സംതിംഗ് പെര്‍സണലി വിത്ത്‌ യു"  

മറുപടിക്കു കാത്തുനില്‍ക്കാതെ വണ്ടി പാര്‍ക്കിങ്ങിലേക്ക് കയറ്റിയിട്ട് അതില്‍ നിന്നിറങ്ങി കോട്ടും ടൈയ്യുമെല്ലാം ഊരി ബാക്ക് സീറ്റിലേക്ക് വലിച്ചെറിഞ്ഞു ഡോര്‍ വലിച്ചടച്ചു കൊണ്ട് അയാള്‍ ആദിത്യനെ ക്ഷണിച്ചു. പ്രതികരണബോധമില്ലാത്ത ഒരനുയായിയെപ്പോലെ അവന്‍ കാറില്‍ നിന്നിറങ്ങി അദ്ദേഹത്തെ അനുഗമിച്ചു.

"ഐ ആം റിയലി പ്രൌഡ് ഓഫ് യു മൈ ഡിയര്‍ ഓണ്‍ യുവര്‍ എബിലിറ്റി ടു ടാക്കിള്‍ ആന്‍ഡ്‌ സോള്‍വ് ദി ക്ലയന്റ്റ് ഇഷ്യൂസ്.. അതല്ലേ ഇത്രയുമൊക്കെ ഡ്യൂട്ടി ടൈമിങ്ങില്‍ ഒട്ടും കൃത്യനിഷ്ഠ പാലിക്കാഞ്ഞിട്ടും ആദിയെ ഇപ്പോഴും കമ്പനി സഹിക്കുന്നത്.. ഹ ഹ ഹ ഹ.. പിന്നെ ഞാന്‍ ഉണ്ടല്ലോ എന്ന ധൈര്യത്തിലായിരിക്കും നീ അല്ലേ?.. ഹ ഹ ഹ..  ആസ് യൂഷ്വല്‍ യു ഡിഡ് ആന്‍ എക്സലന്റ്റ് ജോബ്‌ ടുഡേ ടൂ.. നിന്‍റെ പോലെ ഞാനൊരു എംബിയേക്കാരനോന്നുമല്ലേലും.. ഇതിന്‍റെ ഗുട്ടന്‍സ് നീയെനിക്ക് പറഞ്ഞു തരണം.. വെള്ളം കുടിപ്പിച്ചില്ലേ നീയിന്നത്തെ മീറ്റിങ്ങിലവരെ... റിയലി യു ആര്‍ എ ഗ്രേറ്റ്‌ ഫിഗര്‍.. ഫോര്‍ ദി കമ്പനി.."

"താങ്ക് യു സര്‍.. " മേശയില്‍ കൈമുട്ടുകള്‍ കുത്തിവച്ച് താടിക്ക് കൈകൊടുത്തിരുന്നു കൊണ്ട് ആദിത്യന്‍ മറുപടി പറഞ്ഞു.

"ആദി... ലെറ്റ്‌ മി ആസ്ക്‌ യു.. കുറേ നാളായി ഞാന്‍ ചോദിക്കണം എന്നു വിചാരിക്കുന്നു.. ഐ തിങ്ക്‌ സംതിംഗ് ഈസ്‌ ഹോണ്ടിംഗ് യു നവഡേയ്സ്.. ആദി.. നീയിടെ ജോലിയില്‍ അത്ര കോണ്‍സെന്‍ട്രേറ്റ് ചെയ്യുന്നതായി കാണുന്നില്ല.. എന്ത് പറ്റി?.. ക്ലോസ്ഡ്  ചാപ്റ്റര്‍ ആയ സൂര്യഗായത്രിയെക്കുറിച്ച് തന്നെയാണോ ഇപ്പോഴും നീ ചിന്തിച്ചു തലപുണ്ണാക്കുന്നത്?.. "      

"ഹും....അതെ.. ഐ നെവെര്‍ എക്സ്പെക്റ്റഡ് സച്ച് എ ടര്‍മോയില്‍ ഇന്‍ മൈ ലൈഫ്.." മദ്യം നുണഞ്ഞു കൊണ്ട് ആദിത്യന്‍ മൊഴിഞ്ഞു.

"ആദി.. ആസ് യു നോസ്.. അയാം വെരി ഫ്രാങ്ക്...  ആസ് പെര്‍ മൈ ഒപ്പീനിയന്‍.. ഐ കാന്‍ ഓണ്‍ലി ബ്ലെയിം യു ഫോര്‍ ഓള്‍ ദി ഹാപ്പനിങ്ങ്സ്.. അവളും ഒരു വ്യക്തിയാണ്.. സ്വന്തമായ ഒരു വ്യക്തിത്വം അവള്‍ക്കുമുണ്ടാകും എന്നു ഓര്‍ക്കാന്‍ നീ മറന്നു... ഷീ വാസ് ലിറ്ററലി ക്രയിംഗ് വെന്‍ ഐ സ്പോക് ടു ഹേര്‍ ലാസ്റ്റ് ടൈം ആഫ്ടര്‍ യുവര്‍ സെപ്പരേഷന്‍.. യു നോ?.."    

"ഹും.. എല്ലാവരും എന്നെ പഴിക്കുന്നു.. ആദി.. യു ആര്‍ ദി റീസണ്‍ ആന്‍ഡ്‌ കള്‍പ്രിറ്റ് ഫോര്‍ ഓള്‍... ബട്ട്‌.. സാറടക്കം ആരെങ്കിലും എന്‍റെ ഭാഗത്തു നിന്നും ചിന്തിക്കാന്‍ മിനക്കെട്ടിട്ടുണ്ടോ?.. ഞാനും വ്യക്തിത്വമുള്ള ഒരു വ്യക്തി തന്നെയാണ്.. ധര്‍മ്മിഷ്ടയായ ഒരു അമ്മ കഷ്ടപ്പെട്ടു വളര്‍ത്തിയ മക്കളില്‍ ഒരാള്‍.. അതിനെ.. കുറച്ചെങ്കിലും അംഗീകരിക്കാന്‍ ഒരു ഭാര്യയെന്ന ലെവലില്‍ അവള്‍ക്കും സാധിച്ചിരുന്നില്ല. അതാരും ശ്രദ്ധിച്ചില്ല."

"ആദി.. പ്ലീസ് ടെല്‍ മി ഫ്രാങ്ക് ലി..  എന്തായിരുന്നു നിങ്ങള്‍ തമ്മിലുണ്ടായിരുന്ന മെയിന്‍ ഡിസ്പ്യൂട്ട്?.. ഞാനൊന്നു നോക്കട്ടെ.. ആസ് ഷീ വേര്‍ റെസ്പെക്റ്റ് മി ടൂ മച്ച്.. ഒരു സൊല്യൂഷന് വേണ്ടി എനിക്കെന്തെങ്കിലും കോണ്ട്രിബ്യൂട്ട് ചെയ്യാനൊക്കുമോ എന്ന്"

"വേണ്ട സര്‍.. അതൊന്നും നേരെയാവില്ല.. ഞങ്ങള്‍ തമ്മിലുള്ള പ്രശ്നം അറിഞ്ഞാല്‍ സര്‍ തന്നെ ചിരിക്കും.. 'ചില വ്യക്തിപരമായ കാരണങ്ങളാല്‍ ഒരുമിച്ചു ജീവിക്കാന്‍ സാധ്യമല്ല..' ഡിവോര്‍സ് നോട്ടീസില്‍ അവള്‍ കാണിച്ച കാരണം.. ഒന്നിച്ചതില്‍ പിന്നെ എല്ലാക്കാര്യങ്ങളും പരസ്പ്പരം നന്നായി അറിയാമെന്നതിനാല്‍ അധികം എതിര്‍ക്കാതെ ഞാനും അതിലൊപ്പു വച്ചു.."

"വിശദമായി പറയൂ.. ആദി.. എന്തായിരുന്നു ആ പെക്യൂലിയര്‍ കോമ്പ്ലിക്കേഷന്‍?"

"വിവാഹം കഴിഞ്ഞിട്ട് നാലുവര്‍ഷമായിട്ടും ഒരമ്മയാവാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോള്‍ ഡോക്ട്ടര്‍ സത്യദാസ് ആയിരുന്നു ജോലി രാജി വച്ച് ഗായത്രിയോട് ഹോം റസ്റ്റ്‌ എടുക്കണം എന്ന് സജസ്റ്റ് ചെയ്തത്. അവളും ആ നിര്‍ദ്ദേശം അന്ന് യാതൊരു എതിര്‍പ്പും കൂടാതെ അനുസരിക്കുകയും ചെയ്തു. അതോടെ തുടങ്ങി കല്ലുകടികള്‍.."

"എന്നിട്ട്?....."  മദ്യം മൊത്തിക്കുടിച്ചു ഒരു സിഗരറ്റിനു തീ കൊളുത്തിക്കൊണ്ട് ബോസ്സ് അക്ഷമനായി ചോദിച്ചു.

"അവള്‍ വളരെയധികം എന്നില്‍ ഡിവോട്ടഡ് ആയിരുന്നെങ്കിലും ജോലിയില്ലാതെ വീട്ടിലിരുന്നപ്പോള്‍ അവള്‍ക്കു ചിന്തിക്കാന്‍ ഒരുപാട് ഫ്രീ ടൈം കിട്ടിയത് പ്രോബ്ലം ആയി. പണ്ട് ഞാന്‍ എവിടെപ്പോയാലും.. ബിസിനസ് ടൂറുകള്‍ക്ക് വരെ അവളെ ലീവെടുപ്പിച്ചു എന്‍റെ കൂടെ കൂട്ടിയിട്ടില്ലാത്ത സമയങ്ങള്‍ വളരെ കുറവായിരുന്നല്ലോ.. അത് സാറിനും നല്ലോണം അറിയാമല്ലോ..എന്നാല്‍ പകല്‍ മുഴുവനുമുള്ള വീട്ടിലെ ആ ഏകാന്തത അവളില്‍ എന്നെക്കുറിച്ചുള്ള സംശയങ്ങളുടെ വിത്തുകള്‍ പാകി."

"ഓ മൈ ഗോഡ്.. എന്നിട്ട്?"        

"അവള്‍ വിളിക്കുന്ന നേരത്ത് എന്‍റെ ഫോണ്‍ ഒന്ന് എംഗേജ്ഡ്  ആയാല്‍.. അല്ലെങ്കില്‍ വീട്ടിലെത്താന്‍ ഞാനൊന്നു താമസിച്ചാല്‍.. അല്ലെങ്കില്‍ ഞാനേതെങ്കിലും ഒരു പെണ്‍കുട്ടിയോട് സംസാരിച്ചുവെന്നറിഞ്ഞാല്‍ പെട്ടെന്ന് അവളുടെ മുഖം വാടും.. ആദ്യമൊക്കെ അതൊരു നിസ്സാര പരിഭവമായേ ഞാനും കണക്കിലെടുത്തുള്ളൂ... പക്ഷേ.. സംഗതി സീരിയസ് ആയിരുന്നു... എനിക്ക് അവള്‍ അറിയാത്ത എന്തോ ഒരു ബന്ധമുണ്ട്.. ഞാന്‍ അവളെ വഞ്ചിക്കുകയാണ്.. അവള്‍ക്കു കുട്ടികള്‍ ഉണ്ടാവില്ല എന്നുള്ള ചിന്തയില്‍ ഞാന്‍ വേറെ വഴികള്‍ നോക്കാന്‍ തുടങ്ങിയെന്നും.. അവളെ ഇപ്പോള്‍ ഒരു വിലയുമില്ലെന്നും ദിവസേനയുള്ള ആരോപണങ്ങള്‍ അവളില്‍ നിന്നു കേട്ടു ഞാന്‍ ഞെട്ടിയപ്പോഴാണ് അവളുടെ പ്രകടനങ്ങളെല്ലാം റിയല്‍ ആയിരുന്നുവെന്ന് എനിക്ക്‌ മനസ്സിലായത്‌... അവളുടെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഒരു സൂര്യഗായത്രിമന്ത്രം ഉരുവിട്ടുകൊണ്ടിരിക്കും പോലെ അവളുടെ ഓര്‍മ്മകളില്‍ എപ്പോഴും ജീവിക്കുന്ന എന്നെയെന്നും ഒരുപാട് തളര്‍ത്തിയിരുന്നു."

"ഹും.. ഓള്‍ ലേഡീസ് ആര്‍ ലൈക്‌ ദാറ്റ് ഓണ്‍ലി മേന്‍.. ദേ ആര്‍ സോ പോസ്സസീവ് ഓണ്‍ ദെയര്‍ ഹസ്ബണ്ട്സ്.."  ആദിത്യന് നേര്‍ക്ക്‌ ഒരു സിഗരറ്റ് നീട്ടിക്കൊണ്ടു അയാള്‍ പറഞ്ഞു.

"സര്‍.. ഞങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്യാത്ത ഒരു മാനുഷ്യസ്വഭാവങ്ങളും തന്നെയില്ല. സാറിനെക്കുറിച്ചു അവളുടെ വിലയിരുത്തല്‍ എന്താണെന്ന് അറിയണോ?

"ഹഹഹ്.. എന്നെക്കുറിച്ചും അവള്‍ പറഞ്ഞുവോ... മൈ നോട്ടി പെറ്റ്.. പറയൂ.."

"സാറെന്നെ തല്ലരുത്.. പൊട്ടിക്കാളിയായ ഡോളിച്ചേച്ചിക്ക് അന്ധമില്ലാത്തൊരു പാവം കെട്ട്യോന്‍... ഹ ഹ ഹ ഹ.. പക്ഷെ.. അവള്‍ക്കു സാറിനെ ഒരു അച്ഛനു തുല്യമായ സ്നേഹമായിരുന്നൂട്ടോ... ഹ ഹ ഹ സര്‍ ഞെട്ടിയില്ലേ.. ഹഹഹ് ഐ നോ.. ഹാ ഹാ ഹാആആഅ.."

"ഡാ.. യൂക്കേജിയില്‍ പഠിക്കുന്ന എന്‍റെ ഇളയ മൈസ്രട്ടിനെ തൊട്ട് അവള്‍ വരെയുള്ള അഞ്ചു പിശാശുക്കളെ നോക്കി വളര്‍ത്താനുള്ള എന്‍റെ കഷ്ടപ്പാട് ആ കഴുതയ്ക്ക് അറിയാത്തതോണ്ടാ അവളിങ്ങനെയൊക്കെ പറയുന്നേ.. കിട്ടട്ടേ എന്റെ കയ്യില്‍.. ചെവി പൊന്നാക്കുന്നുണ്ട്.. ഹും..."        

ഹ ഹ ഹ ഹ അതൊക്കെ പോട്ടെ സര്‍.. അവള്‍ ഭയങ്കര ഫ്രാങ്ക് ആണെന്ന് സാറിനു അറിയാലോ.. അവളെക്കാള്‍ കൂടുതല്‍ അവളെക്കുറിച്ച് ഞാനും എന്നെക്കുറിച്ച്   എന്നെക്കാള്‍ കൂടുതല്‍ അവളും തമ്മില്‍ അറിഞ്ഞിരുന്നു. പക്ഷെ അതിലുപരിയായി ഇങ്ങനെയൊരു അവാസ്തവമായ സംശയം അവളുടെ മനസ്സിനെ അനുദിനം കാര്‍ന്നു തിന്നു കൊണ്ടിരുന്നു. താന്‍ ആദിക്കു മുന്നില്‍ ഒരു രണ്ടാമത്തെ വ്യക്തി ആണ് എന്ന മിഥ്യാവിശ്വാസം..  ശരീരം ക്ഷീണിച്ചു വന്നു. അവളുടെ ഈ വിശ്വാസമില്ലായ്മയില്‍ എന്‍റെ മനസ്സും തളര്‍ന്നു കൊണ്ടിരുന്നു. വിശ്വാസം ഇല്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടും എന്ത് കാര്യം സാറേ.. സ്വപ്നസമാനമാവും എന്ന് കരുതിയ ജീവിതത്തോടു തന്നെ വിരക്തി തോന്നിയ എത്രയോ നിമിഷങ്ങള്‍.. എന്നും വഴക്കും വയ്യാവേലിയും.. ഇതൊന്നും മറ്റാര്‍ക്കും അറിയാമായിരുന്നില്ല. മൂന്നാമാതൊരാളായി... എന്‍റെ ജേഷ്ഠതുല്യമായി... എന്‍റെ ജോലി തെറിപ്പിക്കാതെ കാത്തുരക്ഷിക്കുന്ന  സാറിനു മാത്രം ഇപ്പോഴിതറിയാം..."

"ഹോ... എലാസ്.. സംശയരോഗം വന്നാല്‍ പിന്നെ യാതൊരു രക്ഷയുമില്ല.. നിന്‍റെ മറിയച്ചേടത്തി ഇനിയെന്നാണാവോ എന്നെ കൊല്ലാനുള്ള വാളുമായി വരുന്നത്.. നമ്മുടെ സെക്രട്ടറി സ്റ്റെല്ല ഇപ്പോ അവളുടെയും നല്ല ഫ്രണ്ട് ആണ്.. അവളുടെ കഴിവുകളെക്കുറിച്ച് ഞാനും മറിയയോട് കുറേ പൊക്കിപ്പറയാറുമുണ്ട്.. ഇനി ഇതും പറഞ്ഞവളെന്നെങ്കിലും എന്‍റെ മെക്കിട്ടു കേറ്വോ ആവോ?. ആദീ... ഈ പെണ്ണുങ്ങളെന്നു പറഞ്ഞാലേ ഒരു സംഭാവാല്ലേ.. ഹ ഹ ഹ ഹ ഹ ഹ ഹ ഹ"...    

"അതെ സര്‍... അവര്‍ അവരുടെതായ ഒരു ലോകം സൃഷ്ടിക്കും.. അതില്‍ നമ്മള്‍ രാജാവ് അവര്‍ റാണി.. പിന്നേയ്.. ആ സ്റ്റെല്ലയുമായുള്ള സാറിന്‍റെ  കുഴച്ചില്‍ ഓഫീസ് ബോയ്സ് അടക്കം ചിലരൊക്കെ കളിയാക്കുന്നത് ഞാന്‍ കേട്ടു.. ഒന്ന് സൂക്ഷിക്കുന്നത് നല്ലതാട്ടോ.."

"പോടാ..  ഇടിയറ്റ്.. അവളൊരു പാവമല്ലേടാ.. ആരോടെങ്കിലും ഒരു സ്നേഹം കാണിച്ചൂന്നു വച്ച് അതിനെ വിമര്‍ശിക്കാനും ഓരോ തെണ്ടികള്‍ ഉണ്ടാവും.. നീയതൊന്നും വിശ്വസിച്ചിട്ടില്ലല്ലോ.. എനിക്കത് മതി.. ഹും... നാളെ ഞാന്‍ ചെല്ലട്ടേ.. എല്ലാവര്‍ക്കും കാണിച്ചു കൊടുക്കുന്നുണ്ട്.. ഹും.. നന്ദിയില്ലാത്ത വര്‍ഗ്ഗങ്ങള്‍..."

"സാറേ.. ചൂടാവണ്ട.. സാറിനെ എനിക്കറിഞ്ഞൂടേ.. പക്ഷെ..തികച്ചും അയഥാര്‍ത്ഥ്യമായ കാര്യങ്ങള്‍ മനസ്സില്‍ കൃഷി ചെയ്തു കൊണ്ട് ഗായത്രി ഈ ദിവസങ്ങളില്‍ എന്നില്‍ നിന്നും ഞാനറിയാതെ അകന്നു പോകുകയായിരുന്നു.. അതറിയാനെനിക്ക് സമയമെടുത്തു.. അന്നൊരു ദിവസം സ്ഥിരമുള്ള വാഗ്വാദങ്ങള്‍ക്കിടയില്‍ അവളെന്നെ താങ്കള്‍ എന്നു വിളിച്ചപ്പോള്‍ ഞാനക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.."

"ഒ മൈ ഗോഡ്.. എന്തൂട്ടാണ്ടാ ബ്ലഡി ഫൂള്‍ നീയ്യിപ്പറയണേ.. അവളങ്ങന്യോന്നും പറയില്ലാ.. ഗോഡ് പ്രോമിസ്... ഐ സ്വെയര്‍  ആദീ.."

"ങ്ങും.. അവള്‍ അങ്ങനെ മുമ്പൊരിക്കലും എന്നോട് പറഞ്ഞിട്ടില്ല..  അവളുടെ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് അവളെ ധരിപ്പിക്കാന്‍ ഞാന്‍  കിണഞ്ഞു ശ്രമിക്കുമ്പോഴൊക്കെ ഒരു വിധത്തില്‍ അവള്‍ അത് മനസ്സിലാക്കി ഇനി ഒരിക്കലും ഞാന്‍ ആദിയെ സംശയിക്കുകയില്ല എന്നൊക്കെ ആണയിടും.. ജീവിതം വീണ്ടും ശാന്തിയോടെ ഒഴുകിത്തുടങ്ങുമ്പോഴായിരിക്കും നിസ്സാര കാര്യങ്ങള്‍ക്ക് വേണ്ടി വീണ്ടും ഒരിക്കല്‍ വിശദമാക്കിയിട്ടു ക്ലോസ് ചെയ്ത ചാപ്റ്റര്‍ വീണ്ടും എടുത്തിട്ടു അവളെന്നെ എന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.. അതില്‍ നിന്നും എനിക്കുണ്ടാകുന്ന മനോവിഷമം തല്‍ക്കാലത്തേക്ക് രണ്ടു ലാര്‍ജ് വീശിയാലെങ്കിലും മാറുമെന്നു കൂട്ടിക്കോളൂ.. എന്നാല്‍ ഈ ചിന്തകള്‍ അവളുടെ ആരോഗ്യത്തെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്നത് കാണുമ്പോള്‍..... അവള്‍ കരുതുന്നത് പോലെ ഒരു തെറ്റും ഞാന്‍ ചെയ്തിട്ടില്ലെങ്കിലും അവളുടെ ഈ അവസ്ഥയ്ക്ക് കാരണം എന്നോടുള്ള അവളുടെ അന്ധമായ സ്നേഹവും പോസ്സസീവ്നസും ആണല്ലോ എന്നോര്‍ത്ത് എനിക്ക് വല്ലാത്ത കുറ്റബോധം തോന്നും..."

"കഷ്ടം.. ആദീ.. ഇതൊരു ടിപ്പിക്കല്‍ കേസ് തന്നെ..ഇതൊക്കെ വല്ലോര്‍ക്കും അറിയുമോ?.. അവളുടെ ചെവിക്കിട്ട് ഞാന്‍ പിടിക്കുന്നുണ്ട്... ഹും എന്നിട്ട്? "

"പിന്നെപ്പിന്നെ അവളുടെ ആരോപണങ്ങള്‍ എന്നില്‍ ഒരുപാടു ഫ്രസ്ട്രേഷന്‍സ് ഉണ്ടാക്കാന്‍ തുടങ്ങി.. ഞാന്‍ ഡെയിലി അടിച്ചു ഫിറ്റ്‌ ആയി വരും.. ഞാനെത്തിയ വഴി തന്നെ അവള്‍ എന്തെങ്കിലും പറഞ്ഞു എന്നെ ചൊറിയും.. എനിക്കതപ്പോള്‍ സഹിക്കില്ല.. ഞാനും വായില്‍ത്തോന്നിയതൊക്കെ അവളെ വിളിക്കും.. അവസാനം ഞാന്‍ ഊണുപോലും കഴിക്കാതെ ബോധം കെട്ടുറങ്ങും..അവളും കഴിക്കില്ല...
"അവള്‍... അവള്‍.. അവള്‍ അതാരായാലും ആദി അവളുടെ പേരു എന്നോട് പറഞ്ഞേ തീരൂ.."
 എന്നു ഗായത്രി ശഠിക്കും... തെറ്റുചെയ്യാതെ ഒരു കുറ്റസമ്മതം നടത്താന്‍ ഒരിക്കലും എന്‍റെ മനസ്സാക്ഷി എന്നെ അനുവദിച്ചില്ല. ഇല്ലാത്ത ഒരാളുടെ പേരു പറയാന്‍ അവള്‍ വാശിപിടിച്ചാല്‍ സര്‍.. എന്ത് ചെയ്യും ഞാന്‍?.."

വികാരാധീനനായി ആദിത്യന്‍ ഗ്ലാസ്സില്‍ ബാക്കിയുണ്ടായിരുന്ന മദ്യം ഒറ്റയടിക്ക് അകത്താക്കി സിഗരറ്റ് പാക്കറ്റില്‍ നിന്നും ഒരു സിഗരറ്റ് എടുത്തു കൊളുത്തി ആഞ്ഞു വലിച്ചു.

"കൂള്‍ ഡൌണ്‍  മേന്‍.." ആദിയുടെ തോളില്‍ തട്ടിക്കൊണ്ടു മാനേജര്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

"അവസാനം അവളെടുത്ത തീരുമാനമായിരുന്നു ഈ സെപ്പരേഷന്‍.. അതിനെതിരെ കേസ് ഫയല്‍ ചെയ്താല്‍ അതവളുടെ ജീവനോട്‌ തന്നെ ചെയ്യുന്ന ഒരു തെറ്റായിരിക്കും എന്ന് മനസ്സാക്ഷി പറഞ്ഞു. അവള്‍ ഉരുകിയുരുകി മരിക്കും.. പിന്നെയൊരു നിമിഷം പോലും ജീവിച്ചിരിക്കാന്‍ എനിക്ക് സാധിക്കുകയുമില്ല. അതിനാല്‍ അവളുടെ ആഗ്രഹപ്രകാരം തന്നെ നടക്കട്ടെ എന്ന് ഞാന്‍ കരുതി.."

"ആദി.. ഈവന്‍ ആഫ്റ്റര്‍ വണ്‍ ഇയര്‍ ഓഫ് യുവര്‍ സെപ്പരേഷന്‍.. ആര്‍ യു സ്റ്റില്‍ ലവിംഗ് ഹേര്‍?!!!.."

"ഓഫ്കോഴ്സ് സര്‍..  ആയിരം വട്ടം... ഞാനവളെ ഇപ്പോഴും സ്നേഹിക്കുന്നു.. എന്‍റെ ജീവനേക്കാള്‍ ഉപരിയായിട്ട്.. അവളുടെ എന്നോടുള്ള സ്നേഹക്കൂടുതല്‍ ഒന്ന് മാത്രമാണ് ഞങ്ങളുടെ ഈയവസ്ഥയ്ക്ക് കാരണം എന്നു ഞാനുറച്ചു വിശ്വസിക്കുന്നു. ഈ ജീവിതത്തില്‍ എനിക്ക് അവള്‍ തന്ന സ്നേഹവും കെയറും തരാന്‍ ഒരിക്കല്‍ പോലും മറ്റൊരു വ്യക്തിക്കും സാധ്യമല്ല എന്നു എനിക്കറിയാം. അവള്‍ ആരോഗ്യത്തോടെ ജീവിച്ചിരിക്കണം എന്ന ഒരേയൊരു ആഗ്രഹം കൊണ്ടു മാത്രമാണ് ഞാന്‍ പിരിയാന്‍ സമ്മതിച്ചത്.. ഇനി ഓടുന്നിടത്തോളം എന്‍റെ ഈ വണ്ടി ഓടട്ടെ.. എല്ലാരും എന്നെ പഴിക്കുമ്പോഴും.. കാരണമെന്തെന്നു ഞാന്‍ ഇതേ വരെ ആരോടും പറഞ്ഞിട്ടില്ല.. അവളെക്കുറിച്ച് ആളുകള്‍ മോശമായി ചിന്തിക്കുന്നത് വരെ എനിക്കിഷ്ടമില്ലാത്തത് കൊണ്ട് മാത്രം.... പാവമാണവള്‍.. എന്‍റെ ഗായത്രിക്കുട്ടി തികച്ചുമൊരു പാവമാണ്.. സ്നേഹിക്കാന്‍ മാത്രമറിയുന്ന ഒരു സാധു മനുഷ്യജന്മം.."

"കൂള്‍ ഡൌണ്‍ ആദി.. കൂള്‍ കൂള്‍... എല്ലാം ശരിയാവും ആദി.. ഒക്കെ മനസ്സിന്‍റെ ഓരോ ഇല്ല്യൂഷന്‍സ് അല്ലേ.. സ്നേഹം കുറഞ്ഞാലും പ്രോബ്ലം സ്നേഹം കൂടിയാലും പ്രോബ്ലം.. അമേസിംഗ്... ദിസ്‌ ഈസ്‌ റിയലി ആന്‍ അമേസിംഗ് ഇന്‍സിടന്റ്റ്... ആദി.. ഡോണ്ട് വറി.. തെറ്റിദ്ധാരണകളൊക്കെ മാറുമ്പോള്‍ അവള്‍ എന്തായാലും നിന്‍റെ ജീവിതത്തിലേക്ക് വീണ്ടും കടന്നു വരും.. അപ്പോള്‍ രണ്ടു കയ്യും നീട്ടി അവളെ പഴയപോലെ സ്വീകരിക്കാന്‍ ആദിയുണ്ടാവില്ലേ?.. അതിനു ശേഷം തന്നെ അവള്‍ വല്ലപ്പോഴും കണ്ടോ?.."

കണ്ടു സര്‍.. ഇന്‍ ലാസ്റ്റ് വീക്ക്‌...  ക്രിസ്തുമസ്സിന് ആള്‍ ഹെവന്‍സ്‌ ക്ലബ് അറേഞ്ച് ചെയ്ത കരോള്‍ പാര്‍ട്ടിയില്‍ ഞാനും ഒരു സാന്റാക്ലോസ്‌ ആയിരുന്നു. അവളുടെ ഹോസ്റ്റലില്‍ ഞങ്ങള്‍ പോയപ്പോള്‍ അവള്‍ മറ്റുള്ളവര്‍ ചെയ്യുന്നത് പോലെ ഹാപ്പി ആയി ഞാനെന്ന ക്രിസ്ത്മസ് പപ്പയുമായും ഡാന്‍സ് ചെയ്തു.. എന്‍റെ സ്പര്‍ശനത്തില്‍ നിന്നെങ്കിലും അവള്‍ എന്നെ അറിയുമെന്ന പ്രതീക്ഷ അന്നു നിലച്ചു. പക്ഷേ.. എനിക്കന്നു മനസ്സിലായി.. അവളെന്നെ മറന്നുവെന്ന്... അന്ന് ക്രിസ്തുമസ് പാപ്പയുടെ ചിരിക്കുന്ന മുഖംമൂടിക്കുള്ളില്‍ ഇരുന്നു കരഞ്ഞ എന്നെ ആശ്വസിപ്പിക്കാന്‍ സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും അപ്പസ്തോലന്മാരായി നൃത്തം ചെയ്തിരുന്ന ആരും ഉണ്ടായിരുന്നില്ല. ആദ്യമായി എന്‍റെ ജീവിതത്തില്‍ ഒരു ഒരു കറുത്ത ക്രിസ്ത്മസ്..."

"പോട്ടെടാ... നീ വെഷമിക്കണ്ടാ.. നാളെ സണ്‍‌ഡേ ആണല്ലോ.. നമുക്ക് കൂടുതല്‍ സംസാരിക്കാല്ലോ.. മറിയ അന്വേഷിക്കും.. പോണ്ടേ?...
ബോസ്സ് അത് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ ആര്‍ദ്രമാകുന്നത് ആദിത്യന്‍ ശ്രദ്ധിച്ചു.

"സര്‍.. പ്ലീസ് ഡോണ്ട് ബി നെര്‍വസ് ഫോര്‍ ദിസ്‌ ഇഷ്യൂ.. ലീവ് ഇറ്റ്‌ സര്‍.. ഇതൊക്കെ ഞാന്‍ മാത്രം സഹിച്ചാല്‍ പോരേ?.. മാനസീകമായി അവളിന്നും എന്‍റെ കൂടെത്തന്നെ താമസിക്കുന്നു.. എന്‍റെ ഓരോ രാത്രികളും അവളോടൊത്തു തന്നെ ഞാനിന്നും ശയിക്കുന്നു.. അവളില്ലാതെ ഒരിക്കലും ഞാന്‍  പൂര്‍ണ്ണനാകുന്നില്ല.. അവളെ രണ്ടു കയ്യും നീട്ടി വീണ്ടും സ്വീകരിക്കേണ്ട പ്രശ്നമേ ഉദിക്കുന്നില്ല.. അവളെ ഞാന്‍ എന്നില്‍ നിന്നും ഉപേക്ഷിച്ചെങ്കിലല്ലേ അതിന്‍റെ ആവശ്യമുള്ളൂ.. അവള്‍ ഏതു നിമിഷവും എന്‍റെ കൂടെത്തന്നെയില്ലേ?.. ഹ ഹ ഹ ഹ ഹ"

"ആദി.. പ്ലീസ്...  ഇങ്ങനെ ചിരിക്കല്ലേ... ഞാനൊന്നാകെ അപ്സെറ്റ് ആയി.. ദാ കാറിന്‍റെ കീ.. ഇനിക്കിനി ഡ്രൈവ് ചെയ്യ്യാന്‍ പറ്റൂന്ന് തോന്നണില്ല്യ.. ഇന്നെ വീട്ടില് ഡ്രോപ്പ് ചെയ്ത് ആദി പൊയ്ക്കോളൂ.. ഐ വില്‍ സെന്‍റ് മൈ ഡ്രൈവര്‍ ടു പിക്ക് ദി കാര്‍ ഫ്രം യുവര്‍ ഹൌസ്"            

അത് പറഞ്ഞ് ജോര്‍ജ്ജ് സര്‍ തൂവാല കൊണ്ട് കണ്ണുകള്‍ തുടച്ചു. മദ്യലഹരി അയാളുടെ മൃദുലവികാരങ്ങള്‍ക്ക് അഗ്നിയേറ്റുന്നുണ്ടാന്നുണ്ടായിരുന്നു.

"ഛെ ഛെ... എന്തായിത് സര്‍.. ചെറിയ കുട്ടികളെപ്പോലെ.. ഒരു റെപ്യൂട്ടഡ് കമ്പനിയുടെ റീജിയണല്‍ മാനേജര്‍ ആണോ ഇങ്ങനെ കരയുന്നത്?.. മോശം മോശം.."

വിതുമ്പലടക്കാന്‍ പാടുപെടുന്ന തന്‍റെ പ്രിയബോസ്സിന്‍റെ തോളില്‍ മൃദുവായി തട്ടിക്കൊണ്ട് ആദിത്യന്‍  പറഞ്ഞു.

- ജോയ് ഗുരുവായൂര്‍.

No comments:

Post a Comment