Wednesday, May 7, 2014

കോമാളി

ആര്‍ക്കെങ്കിലുമെന്നെ ക്ലോശമില്ലായെന്നു
കരുതുന്നുണ്ടെങ്കിലതു ഭോഷത്തരമാ-
ണെന്നുര ചെയ്തീടുന്നൂ ഞാനിഹ-
യിതൊരഹങ്കാരമല്ലെന്നുമറിയുക നീ..

ധൈര്യശാലികളുമുള്ളിന്‍റെയുള്ളിലായ്   
ഭയക്കുന്നൂ ക്ഷണിക്കപ്പെടാതുള്ളൊരെന്‍ 
കടന്നുവരവും കണ്ണീര്‍പ്പൂക്കളില്‍
പ്രസാദിച്ചീടുന്നൊരെന്‍ പ്രകൃതവും..   

കടന്നുവരാം ഞാനദൃശ്യനായേതു-
നിമിഷത്തിലുമൊരു ചുഴലിയായ്
ചെറുമരങ്ങള്‍ക്കൊപ്പം  വലുതും
കടപുഴക്കുമൊരതുല്യ പ്രതിഭാസമായ്!

രോദനങ്ങളും നെടുവീര്‍പ്പുകളും
കേള്‍ക്കുന്നതാണെനിക്കെന്നും ഹരം!
മനുജര്‍ക്കിച്ഛിതമാകാ സമയങ്ങളില്‍
വന്നു ചുടല നര്‍ത്തനമാടീടും ഞാന്‍
കബന്ധങ്ങളിലാകുന്നുവെന്‍ താമസം.

ഹൃദയം ശിലകളാല്‍ നിര്‍മ്മിതമാണെന്‍
മനസ്സില്‍ കനിവിന്‍റെ കിരണമില്ല
മിഴികള്‍ രണ്ടിലും കൊടും തിമിരമെന്‍ 
വഴികളില്‍ തിങ്ങുന്നതനിശ്ചിതങ്ങള്‍..

പുല്‍കുവാനാശിപ്പവരില്‍ നിന്നു-
മോടിയകലുന്നവന്‍ ഞാനെന്നാല്‍ 
ട്ടിയകറ്റാന്‍ തുനിയുമവര്‍ക്കേറെ-
ച്ചൊരിഞ്ഞീടുന്നല്ലോ മമ ലാളന..  

കോമാളിയെന്ന പേരു തന്നെ ചൊല്ലിയെന്നെ
വിളിച്ചീടാമെന്തെന്നാല്‍ നിങ്ങള്‍തന്‍  
കരച്ചിലെന്നിലുണര്‍ത്തുന്നിതല്ലോ ചിരി. 
അതേ...........................
..............................
രംഗബോധമില്ലാത്തൊരു കോമാളി ഞാന്‍!.. 

- ജോയ് ഗുരുവായൂര്‍  

No comments:

Post a Comment