Wednesday, May 7, 2014

വെറുതെ ഒരു ഭര്‍ത്താവ്???????...

നഗരത്തില്‍ നിന്നും എട്ടു കിലോമീറ്റര്‍ മാറി ഗ്രാമാതിര്‍ത്തിയിലെ തരിശു നിലങ്ങള്‍ നികത്തിയ സ്ഥലത്ത് നിര്‍മ്മിക്കുന്ന പടുകൂറ്റന്‍ കെട്ടിട സമുച്ചയം. അതിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിലെ പണി നടന്നു കൊണ്ടിരിക്കുന്ന നിലയില്‍ നിന്നും കോണിപ്പടികള്‍ ഇറങ്ങി താഴെ എത്തി പോക്കറ്റിലെ തൂവാലയെടുത്ത് മുഖത്തും നെറ്റിയിലും പൊടിഞ്ഞ വിയര്‍പ്പ് ഒപ്പുന്നതിനിടയിലാണ് മൊബൈല്‍ ശബ്ദിച്ചത്.
"ഹും എന്തേയിതു വരെ വിളിക്കാഞ്ഞേ?.. എവിട്യാണാവോ ഈ കറങ്ങി നടക്കണേ?.. ഈയിടെ കുറച്ചു കൂടുന്നുണ്ട്ട്ടോ.. ഇനി നുണയൊന്നും എന്നോട് എഴുന്നെള്ളിക്കാന്‍ നിക്കണ്ടാ.. "
ഭാവന....
ജോലി കഴിഞ്ഞ വഴി വീട്ടിലേക്കു വിളിച്ച് വരുമ്പോള്‍ വാങ്ങിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് എടുക്കാറുള്ളതാണ്. ഇന്ന് ക്ലയന്റ് ഇന്‍സ്പെക്ട്ടര്‍മാരുടെ ഇന്‍സ്പെക്ഷന്‍ കഴിയാന്‍ അര മണിക്കൂര്‍ വൈകി. അവര്‍ കൂടെത്തന്നെ ഉള്ളപ്പോള്‍ ഭാര്യയെ വിളിച്ച് ഉപ്പിന്‍റെയും മുളകിന്‍റെയുമൊക്കെ വിവരങ്ങള്‍ തിരക്കുന്നതെങ്ങനെ? അതും നന്ദിനി കണ്‍സ്ട്രക്ഷന്‍റെ സീനിയര്‍ പ്രോജക്റ്റ് മാനേജര്‍ ആയ സോമശേഖരന്‍ നായര്‍.. നാണക്കേട്‌.
"ഭവീ.. അത് ഞാന്‍... ക്ലൈന്റ്... "
"മതീ വെളമ്പിയത്.. ഇനിക്കറിയാം എന്താ പറയാന്‍ പോണേന്ന്.. വല്ലാണ്ട് തപ്പിപ്പിടിക്കണ്ടാ.. നാളെ ഞാറാഴ്ച്ച്യാണെന്നു വല്ല ബോധോംണ്ടോ?.. രാഖിയും കെട്ട്യോനും കുട്ട്യോളും ഒക്കെ വരാന്നു പറഞ്ഞത് മറന്നു പോയോ ആവോ?.. എവടെ?.. ഒക്കെ ഈ ഞാനോര്‍മ്മിപ്പിച്ചാല്‍ അവടൊരാള്‍ ചെയ്യും.. അല്ലെങ്കില്‍ സ്വാഹാ.. എന്നായിനി നിങ്ങള്‍ക്കൊരു ബുദ്ധീം ബോധോംക്കെ ഉണ്ടാവാ.. ന്‍റെ ഈശ്വരാ.. എങ്ങനെയാണാവോ ഇങ്ങേര് ഈ എഞ്ചിനീയറിംഗൊക്കെ പാസ്സായേ.. കഷ്ടം.."
"ന്‍റെ ഭവീ.. ഞാന്‍ മറന്നിട്ടില്ല.. നീ തോക്കില്‍ കേറി വെടി വയ്ക്കാതെ .. ചിക്കന്‍ പുലാവ് വയ്ക്കാനുള്ള സാധനങ്ങളും പിന്നെ പുഡിംഗ് ഉണ്ടാക്കാനുള്ള മിക്സും ഒക്കെ വാങ്ങാന്‍ പറഞ്ഞത് ഓര്‍മ്മയുണ്ട്.. വാങ്ങി വരാം പോരേ?.. "
"ഭവീ.. കുവീ... ന്നാ പിന്നെ കറങ്ങി നടക്കാതെ അതൊക്കെ വാങ്ങി വേഗംങ്ങട് പോരേ.. ങാ പിന്നേയ്.. വരണ വഴി ഇന്നലെ സൌമ്യെടെ കടേല് സൈസാക്കാന്‍ കൊടുത്ത ആ ചുരിദാര്‍ വാങ്ങാന്‍ മറക്കണ്ടാ.. ഇനി അതും മറന്നോണ്ടിങ്ങട് വാ.. വന്നവഴി ഞാന്‍ തിരിച്ചോടിക്കും.. പറഞ്ഞേക്കാം ഹും.. നാളെ അവരൊക്കെ വരുമ്പോള്‍ പഴയതുമിട്ടു നിക്കാന്‍ എന്നെക്കിട്ടില്ല.."
ഈര്‍ഷ്യയോടെ ഫോണ്‍ കട്ട് ചെയ്ത് സാധാരണയില്‍ കവിഞ്ഞ ഊക്കോടെ തന്‍റെ പഴഞ്ചന്‍ സ്കൂട്ടറിന്‍റെ കിക്കറില്‍ ആഞ്ഞൊരു ചവിട്ട്.. പാവം ബജാജ് സ്കൂട്ടര്‍... അപ്രതീക്ഷിതമായി ചെകിടത്ത് ഒരടി കിട്ടി ഞെട്ടിത്തരിച്ചെന്നോണം സൈലന്‍സറിലൂടെ ഏറുപടക്കം പൊട്ടുന്ന ഒരു ശബ്ദവും പുറപ്പെടുവിച്ചു കൊണ്ട് സ്റ്റാര്‍ട്ടായി കട്ടപ്പുകയും തുപ്പി നിന്നു വിറച്ചു. പിറുപിറുത്തു കൊണ്ട് ഒരു മയവുമില്ലാതെ ഗിയര്‍ വലിച്ചിട്ട് ഫോര്‍മുല വണ്‍ റേസില്‍ പങ്കെടുക്കുന്നവരുടെ പോലെ എഞ്ചിനീയര്‍ സോമശേഖരന്‍ പൊട്ടിപ്പൊളിഞ്ഞ ആ റോഡിലൂടെ മാര്‍ക്കറ്റ് ലക്ഷ്യമാക്കി വെടിച്ചില്ല് കണക്കെ പാഞ്ഞു.
റെയില്‍വേ ഗുമസ്തനായിരുന്ന രാജഗോപാലന്‍ നായരുടെ ആറുമക്കളില്‍ ഏക ആണ്‍തരിയായിരുന്നു സോമശേഖരന്‍. മുതിര്‍ന്ന മൂന്നു പെണ്മക്കളെയും വസ്തുവകകള്‍ പണയം വച്ചും ബാങ്കില്‍ നിന്നും ലോണ്‍ എടുത്തുമൊക്കെ അച്ഛന്‍ വിവാഹം കഴിപ്പിച്ചു അയച്ചു. സോമശേഖരനെ ഒരു സിവില്‍ എഞ്ചിനീയറാക്കുകയെന്നത് രാജഗോപാലന്‍ നായരുടെ ജീവിതാഭിലാഷമായിരുന്നു. കടബാദ്ധ്യതകള്‍ ഫണം വിരിച്ചു മുന്നില്‍ നിന്ന് ആടിക്കൊണ്ടിരുന്നിട്ടും ആ ലക്ഷ്യത്തില്‍ നിന്നും അദ്ദേഹം പിന്മാറിയില്ല. സോമശേഖരന്‍ എഞ്ചിനീയറിംഗ് നല്ല മാര്‍ക്കോടെ പാസ്സായി ഒരു ഇടത്തരം കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജൂനിയര്‍ എഞ്ചിനീയര്‍ ആയി ജോലിയില്‍ പ്രവേശിച്ചു. കടങ്ങള്‍ വീട്ടാനുള്ള സമ്മര്‍ദ്ദങ്ങള്‍ എറിവന്നപ്പോള്‍ രാജഗോപാലന്‍ നായര്‍ കണ്ടുപിടിച്ച പോംവഴിയായിരുന്നു നല്ല സ്ത്രീധനം വാങ്ങി സോമശേഖരനെ വിവാഹം കഴിപ്പിക്കുകയെന്നത്. തരക്കേടില്ലാത്ത ഒരു നായര്‍ തറവാട്ടില്‍ നിന്നുമുള്ള വിവാഹാലോചന തരപ്പെടുത്തി അവരില്‍ നിന്നും ഭീമമായ ഒരു തുക സ്ത്രീധനവും വാങ്ങി സോമശേഖരന്റെ വിവാഹം നടത്തി കടബാദ്ധ്യതകള്‍ ഏറിയ പങ്കും വീട്ടി ആശ്വസിക്കുമ്പോള്‍ ആയിരുന്നു രംഗബോധമില്ലാത്ത കോമാളിയായി വന്ന അകാലമരണം രാജഗോപാലനെ കീഴടക്കിയത്.
സര്‍വീസില്‍ നിന്നും പിരിയാന്‍ ഒന്നര വര്‍ഷം ബാക്കി നില്‍ക്കെയുള്ള മരണം ആയതിനാല്‍ രാജഗോപാലന്‍ നായരുടെ ആശ്രിതര്‍ക്കായി സര്‍ക്കാര്‍ വച്ച് നീട്ടിയ ക്ലാര്‍ക്ക് ജോലി പഠിപ്പ് കഴിഞ്ഞ് നിന്നിരുന്ന തന്‍റെ അവിവാഹിതയായ സഹോദരിക്ക് സോമശേഖരന്‍ നല്‍കി. അതോടെ അവള്‍ക്കു നല്ല വിവാഹാലോചനകള്‍ വരികയും വിവാഹവും കെങ്കേമമായി നടക്കുകയും ചെയ്തു. പിന്നെയുള്ളത് ഒരു സഹോദരി.. പഠിക്കാന്‍ മിടുക്കിയായ അവള്‍ സ്കോളര്‍ഷിപ്പോടെ ബാംഗളൂരിലെ ഒരു ഗവേഷണ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥിനിയാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ അവളുടെയും വിവാഹം കഴിപ്പിച്ച് അയക്കേണ്ടതുണ്ട്.
കുടുംബത്തില്‍ കുമിഞ്ഞു കൂടിയ പ്രാരാബ്ദങ്ങള്‍ എളുപ്പവഴിയില്‍ കൈകാര്യം ചെയ്തു പരിഹരിക്കുവാന്‍ വിവാഹക്കമ്പോളത്തില്‍ നല്ല വിലയ്ക്ക് വില്‍ക്കപ്പെട്ട സോമശേഖരന്‍ ഫലത്തില്‍ തന്‍റെ അടിമജീവിതത്തിലേക്ക് കാല്‍വയ്പ്പ്‌ നടത്തുകയായിരുന്നു. സ്ത്രീധനമായി കിട്ടിയ വന്‍തുകയും കുറെ ആഭരണങ്ങളും സഹോദരിമാരുടെ വിവാഹം നടത്താനുള്ള തുകയ്ക്കായി പണയം വച്ചിരുന്ന വസ്തുവകകളുടെ ആധാരം വീണ്ടെടുക്കാനും മറ്റു സാമ്പത്തീക ബാദ്ധ്യതകള്‍ തീര്‍ക്കാനുമൊക്കെ ഉപയോഗിച്ചതിനാല്‍ ഇപ്പോള്‍ സോമശേഖരന്‍ ഭാര്യയോട് അധികം തറുതലയൊന്നും പറയാന്‍ മുതിരാത്ത അവരുടെ ഉത്തരവുകള്‍ ശിരസ്സാവഹിക്കുന്ന ഒരു അടിമയാകുന്നു. സഹികെട്ട് എന്തെങ്കിലും അവളോട്‌ എതിര്‍ക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ തന്‍റെ അച്ഛന്‍ തന്ന സ്ത്രീധനത്തിന്‍റെ കാര്യം എടുത്തിട്ട് സോമശേഖരന്റെ നാക്കിനെ പുറത്തേക്കു നീട്ടിയപോലെ തന്നെ ഞൊടിയിടയില്‍ അകത്തേക്ക് തള്ളിവിടാനും ഭാവനയ്ക്ക് നന്നായി അറിയാം..
സ്വന്തം കുടുംബത്തിനും കൂടെപ്പിറപ്പുകള്‍ക്കും വേണ്ടി, ജീവിതം തന്നെ പണയവസ്തുവാക്കേണ്ടി തനിക്കു വന്ന ഈ നിസ്സഹായാവസ്ഥ മൂലം സഹോദരിമാര്‍ അടക്കമുള്ള സ്വന്തം ആളുകളില്‍ നിന്നും കേള്‍ക്കേണ്ടി വരുന്ന പഴികള്‍ അതിലേറെ അസ്സഹനീയം..
"അവന്‍ വെറുമൊരു പെണ്‍കോന്തനാ... "
തന്‍റെ ദുര്‍വിധിയെ പഴിച്ചു കൊണ്ട് യാന്ത്രീകമായി സോമശേഖരന്‍ കടകള്‍ കയറിയുമിറങ്ങിയും സാധനങ്ങള്‍ വാങ്ങി.
സ്കൂട്ടറിലേക്ക് കയറാനൊരുങ്ങുമ്പോള്‍ ആണ് ഭാര്യയെ ഒന്നുകൂടി വിളിക്കാം എന്ന് തോന്നിയത്. അല്ലെങ്കില്‍ ഇനിയും വല്ലതും വാങ്ങാനായി അവളുടെ മനസ്സില്‍ ഉണ്ടെങ്കില്‍ തനിക്കു ഉടനെ തന്നെ തിരിച്ചു വരേണ്ടി വരും. ഇപ്പോള്‍ വച്ച വാഴ ഇപ്പോള്‍ തന്നെ കുലയ്ക്കണം എന്ന ശാഠ്യം ആണവളുടെ. പെട്രോളിന്റേയും സമയത്തിന്റേയും വില അവള്‍ക്കറിയില്ല.
"ഭവീ... എല്ലാം വാങ്ങിക്കഴിഞ്ഞു.. ഇനിയെന്തെങ്കിലും വാങ്ങാനുണ്ടോ? ഞാന്‍ ഇവിടെ നിന്നും പുറപ്പെടാന്‍ പോവാണ് "
"ഹൂ.. ഇപ്പോഴും അവിട്യന്നെ നിക്കാണോ? ഒന്നു വേഗം വരാന്‍ നോക്കാതെ.. മോന് ടീച്ചര്‍ ഒരു പ്രോജെക്റ്റ്‌ ചെയ്യാനായി കൊടുത്തിട്ടുണ്ട്... എന്നെക്കൊണ്ടൊന്നും വയ്യാ അവനു പറഞ്ഞു കൊടുക്കാന്‍.. അച്ഛനെയും കാത്തവന്‍ നിക്കാന്‍ തുടങ്ങിയിട്ട് നേരമെത്ര്യായീന്നറിയോ? വന്നു വന്നിപ്പോള്‍ വീട്ടിലേക്കു വരണംന്നുള്ള ചിന്തയേ ഇല്ല്യാതായിരിക്കുന്നു.. ഹും.."
വിളിച്ചതൊരു പാരയായല്ലോ ഭഗവാനേ എന്നു സ്വയം പഴിച്ച് വീട്ടിലേക്ക്.. പോകുന്ന വഴിക്ക് സൗമ്യയുടെ ടൈലറിംഗ് ഷോപ്പില്‍ വെട്ടിച്ചുരുക്കി ഫേഷന്‍ ആക്കാന്‍ കൊടുത്തിരുന്ന പുതിയ ചുരിദാര്‍ വാങ്ങാന്‍ വേണ്ടി കയറിയപ്പോള്‍ സൌമ്യ അവിടെ ഇല്ല. അല്‍പ്പനേരം കാത്തു നില്‍ക്കാന്‍ അവിടത്തെ ജോലിക്കാരി പറഞ്ഞപ്പോള്‍ അവിടെയുള്ള ബെഞ്ചില്‍ ഇരുന്നു.
അരമണിക്കൂറായിട്ടും കാണാതിരുന്നപ്പോള്‍ വീണ്ടും അയാളുടെ ഫോണില്‍ ഭാവനയുടെ വിളി വന്നു.
"എന്താ മനുഷ്യാ നിങ്ങള്‍ എവിടെ പോയി കിടക്ക്വാ?.. "
"ഭവീ ഞാന്‍ സൗമ്യയുടെ കടയില്‍ ഇരിക്കുകയാണ്... അവള്‍... "
"ങാ .. അത് ശരി.. എനിക്ക് മുമ്പേ ഒരു സംശയം തോന്നിയതാ... എന്താ അവളുമായി ഇത്ര ആടല്‍?.. അവളെ കാണുമ്പോഴൊക്കെ ഒരു കുഴച്ചിലും പറച്ചിലും... എനിക്കൊന്നും മനസ്സിലാവ്ണില്ല്യാന്ന് കരുതണ്ടാ... ഹും.."
"അല്ല ഭവീ... അവളിവിടെ ഇല്ലാ.. ഇപ്പൊ വരും... ഇത് വാങ്ങിയില്ലെങ്കില്‍ പിന്നെയും എനിക്ക് തിരിച്ചു വരേണ്ടി വരില്ല്യെ? അതോണ്ട്.... "
പറഞ്ഞു മുഴുമിപ്പിക്കുന്നതിനും മുമ്പേ ഭാവന ദേഷ്യത്തോടെ ഫോണ്‍ കട്ട് ആക്കി.
'ഹോ.. ഇന്ന് തന്‍റെ ദിവസം മോശം തന്നെ... ഈ പോകുന്ന പോക്കില്‍ സ്കൂട്ടറില്‍ വല്ല പാണ്ടി ലോറിയും തട്ടി ചത്താലും വേണ്ടില്ലാ..' അയാള്‍ അറിയാതെ പ്രാര്‍ത്ഥിച്ചു പോയി.
വീട്ടു പടിക്കല്‍ എത്തിയപ്പോള്‍ പതിവ് പോലെ ഗേറ്റ് അടഞ്ഞു തന്നെ കിടക്കുന്നു. അകത്തു നിന്നും ടീവി സീരിയലിന്‍റെ ശബ്ദം.. അകത്തു നിന്നും ആരെങ്കിലും വന്നു ഗേറ്റ് തുറക്കാനായി ഹോണ്‍ അടിച്ചു പോയാല്‍ തീര്‍ന്നു..
"പിന്നേ.. ഇവിടെ വേലക്കാരെ വല്ലോരേം വച്ചിട്ടുണ്ടോ ഹോണടിക്കുമ്പോള്‍ വന്നു തുറക്കാന്‍... വേണെങ്കില്‍ തുറന്നു വന്നാല്‍ മതി..."
തന്നോടുള്ള അവളുടെ ശീല്‍ക്കാരം കേട്ട് ഉമ്മറത്ത് പുസ്തകത്തിലേക്ക് തല താഴ്ത്തിയിരിക്കുന്ന നന്ദു മോന്‍ പോലും അപ്പോള്‍ ഒന്നു തലയുയര്‍ത്തി നോക്കില്ല.
സ്കൂട്ടര്‍ സ്റ്റാന്‍ഡില്‍ വച്ച് ഗേറ്റ് തുറന്നു അകത്തു കയറി. സ്കൂട്ടര്‍ അകത്തേക്ക് കടത്തി ഗേറ്റ് അടച്ചു. സഞ്ചികളിലെ സാധനങ്ങള്‍ അകത്തേക്ക് ഒറ്റയ്ക്ക് തന്നെ കൊണ്ട് പോകണം. അത് കൂടാതെ എല്ലാം അതാതിന്‍റെ പാത്രങ്ങളില്‍ നിക്ഷേപിക്കേണ്ട ജോലിയും ഉണ്ട്. ടീവി സീരിയലുകള്‍ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഭാവന അനങ്ങാപ്പാറ പോലെയാണ്. ആന വിരണ്ടു വരുന്നു, അല്ലെങ്കില്‍ ഭൂമി കുലുങ്ങുന്നു, അതുമല്ലെങ്കില്‍ ആരെങ്കിലും വടിയായി എന്ന് കേട്ടാല്‍ വരെയും ആ ഇരിപ്പിന് വലിയ മാറ്റം ഉണ്ടാവില്ല.
പതിവുപോലെ തീന്‍ മേശയില്‍ തണുത്തൊരു ഗ്ലാസ് കാപ്പിയും അതിനടുത്ത് കാപ്പി കുടിച്ച് കഴുകാതെ വച്ച രണ്ടു ഗ്ലാസുകളും. ഭാവന നന്നായി കാപ്പിയും ചായയും ഒക്കെ ഉണ്ടാക്കും.. പക്ഷെ അവള്‍ക്കു നല്ല മൂഡ്‌ തോന്നണം എന്ന് മാത്രം. ഉണ്ടാക്കുമ്പോള്‍ മകനും തനിക്കും കൂടി മൂന്നു ഗ്ലാസ് ഉണ്ടാക്കും.. അവര്‍ അത് കുടിച്ചു ഗ്ലാസ് മേശയില്‍ തന്നെ വച്ച് അവരുടെ പരിപാടികളില്‍ വ്യാപൃതരാവും. സോമശേഖരന്‍ എത്തുമ്പോഴേക്കും കാപ്പി തണുത്തു പച്ചവെള്ളം പോലെ ആയിരിക്കും എങ്കിലും "ഇതാണ് വെള്ളക്കാരോക്കെ കഴിക്കുന്ന കോള്‍ഡ് കോഫീ" എന്ന ഭാവേന ഒരൊറ്റ വലിയ്ക്കത് അകത്താക്കുകയാണ് ശീലം.
വലിയ പാചകറാണിയൊക്കെയാണ് ഭാവനയെങ്കിലും അടുക്കളയില്‍ കയറുന്നത് സോമന് വയ്യാതാകുമ്പോള്‍ മാത്രം.. അല്ലെങ്കില്‍ അവളുടെ പൊങ്ങച്ചക്കാരികളായ കൂട്ടുകാരികളും ബന്ധുക്കളും ഒക്കെ വരുമ്പോള്‍.. അവള്‍ ഉണ്ടാക്കിയ ഒരു ഐറ്റം പോലും രുചിയുള്ളതായി അയാള്‍ക്ക്‌ ഒരിക്കലും തോന്നിയിട്ടില്ല. പാചകം ചെയ്യുമ്പോള്‍ രുചിയ്ക്കും കഴിക്കുന്നവരുടെ സംതൃപ്തിയ്ക്കും വേണ്ടി മസാലക്കൂട്ടുകള്‍ക്കൊപ്പം അല്‍പ്പം സ്നേഹം കൂടി ചേര്‍ക്കണം എന്നത് ഹോട്ടല്‍ മാനേജ്മെന്റ്റ് കോഴ്സില്‍ ചിലപ്പോള്‍ അവളെ പഠിപ്പിച്ചിരിക്കില്ല.
ഭാര്യയും മകനും ഭാര്യവീട്ടില്‍ പോയ ദിവസങ്ങളില്‍ സോമന് ആശ്വാസം ആണ്. ടോയിലറ്റിലെ ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന ബ്രാണ്ടിക്കുപ്പിയില്‍ നിന്നും രണ്ടെണ്ണം വീശി, തൊടിയില്‍ നിന്നും കാ‍ന്താരി മുളക് പൊട്ടിച്ചു ശകലം ഉപ്പും പുളിയും ചേര്‍ത്തു തെരങ്ങി നല്ല ചൂട് കഞ്ഞിയുടെ കൂട്ടത്തില്‍ തൃപ്തിയോടെ കഴിക്കുമ്പോള്‍ അയാള്‍ മനസ്സില്‍ തെളിയുന്ന ഗതകാല ഗൃഹാതുരതകളുടെ വളഞ്ഞു പുളഞ്ഞ ചുരങ്ങളിലൂടെ അനന്തമായി യാത്ര ചെയ്യും.
അടുക്കളയിലെ പാത്രം കഴുകുന്ന സിങ്കില്‍ എച്ചില്‍ പാത്രങ്ങള്‍ക്ക് ഒരു കുറവുമില്ല. ഡ്രസ്സ്‌ മാറ്റി വന്ന് അതൊക്കെ കഴുകുന്ന നേരത്ത് സീരിയലിന്‍റെ ഏതെങ്കിലുമൊരു ഇടവേളയില്‍ ഭാവന സോമന്‍റെ അടുത്തു വരും.
"ഇന്നെന്താണാവോ തട്ടിക്കൂട്ടുന്നേ?.. മോന് ഇന്ന് മീന്‍ കറി മതി എന്ന് പറയുന്നു. അന്നത്തെ പോലെ എരിവ് കൂടുതല്‍ വേണ്ടാ.. മനുഷ്യര്‍ക്ക്‌ കഴിക്കാനുള്ളതാണെന്ന ബോധം വേണം.. ഹും.." എന്നിങ്ങനെ സോമനോട് എന്തെങ്കിലും പറയും. പിന്നെ കുറച്ചു ഉള്ളിയും പച്ചമുളകും ഇഞ്ചിയും ഒക്കെ എടുത്തു ടീവി ഹാളില്‍ പോയിരുന്നു അവ തൊലി കളഞ്ഞതിനു ശേഷം ഒരു കറി വച്ച ഭാവത്തോടെ അത് തീന്‍ മേശയില്‍ കൊണ്ട് വന്നു വച്ച് അവള്‍ വീണ്ടും ടീവീ പ്രോഗ്രാമുകളില്‍ അല്ലെങ്കില്‍ ഫോണ്‍ വിളികളില്‍ മുഴുകും.
ഒമ്പത് മണിക്കുള്ളില്‍ ഭക്ഷണം തയ്യാറായിരിക്കണം. പാചകം കഴിഞ്ഞ് തോര്‍ത്തുമെടുത്ത് കുളിമുറിയിലേക്ക് കയറുമ്പോള്‍ എതിരേല്‍ക്കുന്നത് മുഷിഞ്ഞ തുണികള്‍ കുത്തി നിറച്ച ബക്കറ്റുകള്‍ ആയിരിക്കും. എല്ലാ ദേഷ്യവും സങ്കടവും ആ തുണികളോട് തീര്‍ക്കുന്നത് പോലെ അവ നല്ലവണ്ണം കുത്തിക്കഴുകും. കുളിയും കഴിഞ്ഞു അടുക്കള മുറ്റത്തെ അഴയില്‍ തുണികള്‍ വാര്‍ക്കാനിടുന്ന നേരത്ത് ചില ദിവസങ്ങളില്‍ വീണ്ടും അവള്‍ പ്രത്യക്ഷപ്പെടും. അയല്‍പക്കത്തെ അടുക്കള മുറ്റത്ത് ഉലാത്തുന്ന തരുണീമണികളിലെങ്ങാനും ഇദ്ദേഹത്തിന്‍റെ കണ്ണുകള്‍ ഉടക്കുന്നുണ്ടോ എന്നറിയാന്‍ ഒരു മിന്നല്‍ പരിശോധന.
അത്താഴം കഴിഞ്ഞ് പാത്രങ്ങളെല്ലാം കഴുകി വരുമ്പോഴേക്കും ഭാവന കിടപ്പുമുറിയില്‍ ശയനം തുടങ്ങിയിരിക്കും. തന്നിലെ പൌരുഷത്വത്തെ അവള്‍ സ്വമനസ്സാല്‍ അംഗീകരിക്കുന്ന ചില അപൂര്‍വ്വ യാന്ത്രീക നിമിഷങ്ങള്‍ അവള്‍ക്കു സമ്മാനിച്ച ശേഷം തിരിഞ്ഞു കിടക്കുമ്പോള്‍ അവളുടെ തടിച്ചു കൊഴുത്ത ശരീരത്തില്‍ നിന്നുമുയരുന്ന കൂര്‍ക്കം വലികള്‍ ഒരു പശ്ചാത്തല സംഗീതം പോലെ അയാളുടെ നിദ്രാദേവി കടാക്ഷത്തിനു വിഘാതം സൃഷ്ടിച്ചു കൊണ്ട് ഭീകരമായി ഉയരുന്നുണ്ടാവും..
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment