Wednesday, May 7, 2014

ഏഴിലംപാല വീണ്ടും പൂത്തപ്പോള്‍...


"അടുത്ത ഒരു രംഗത്തോടെ കാറ്റാനം കാര്‍ത്തിക തീയേറ്റര്‍സിന്‍റെ  "ഏഴിലംപാല വീണ്ടും പൂത്തപ്പോള്‍... " എന്ന ഈ ഡ്രാമാസ്കോപ് നാടകം ഇവിടെ പൂര്‍ണ്ണമാകുന്നു...  പ്ലയ്ന്ഗ്ഗ്ഗ്ഗഗ്...... (ചെവി പൊട്ടുന്ന രീതിയില്‍ വാദ്യശബ്ദം)

നാടക  കലയില്‍ അഗ്രഗണ്യരായ ഭാരതത്തിലെത്തന്നെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ദരേയും കലാകാരന്മാ രെയും അണിനിരത്തി സംവിധാനം ചെയ്ത ഈ നാടകം ഇവിടേ... ഈ ഉത്സവപ്പറമ്പില്‍ വിജയകരമായി നടത്താന്‍ സഹകരിച്ച ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളോടും നിശബ്ദത പാലിച്ച് ഇതിലെ ഇതുവരേയുള്ള ഓരോ രംഗങ്ങളും മനസ്സിലേക്കാവാഹിച്ച സഹൃദയരായ  ഈ നാട്ടുകാരോടും  എന്‍റെ വ്യക്തിപരമായ പേരിലും ഈ നാടക സംഘത്തിലെ എല്ലാ കലാകാരന്മാരുടെ പേരിലും ഞങ്ങളുടെ അകൈതവമായ  കൃതജ്ഞത ഇവിടെ.. രേഖപ്പെടുത്തട്ടെ... പിന്നെ ഒരു പ്രത്യേക അറിയിപ്പ്.. അടുത്ത രംഗം ഇതേ വരെ കണ്ട രംഗങ്ങളേക്കാള്‍ അല്‍പ്പം കൂടി ഭീകരത ഉളവാക്കുന്നതായതിനാല്‍ ഗര്‍ഭിണികളും കുട്ടികളും ഭയക്കാതിരിക്കാനുള്ള പ്രത്യേകം മുന്‍കരുതലുകള്‍ എടുക്കുക .. ഭവിഷ്യത്തുകള്‍ക്ക് ഞങ്ങള്‍ ഉത്തരവാദികള്‍ ആയിരിക്കുന്നതല്ല"

വേദിയുടെ മേല്‍ക്കൂരയിലും അരികിലുള്ള തെങ്ങുകളിലും ഒക്കെ കെട്ടി വച്ചിരിക്കുന്ന 'കോളാമ്പികളില്‍' നിന്നും ഘനഗംഭീരമായി പ്രവഹിച്ച അനൌണ്‍സ്മെന്‍റ് തീര്‍ന്ന വഴി  ലൈറ്റുകള്‍ എല്ലാം പെട്ടന്നണഞ്ഞു തിരശ്ശീല പൊന്തി.   

പേടിപ്പെടുത്തുന്ന ശബ്ദ വീചികളും പ്രകാശ സംവിധാനങ്ങളും പ്രേക്ഷകരുടെ ചങ്കിടി വര്‍ദ്ധിപ്പിക്കുമ്പോള്‍ ആ യക്ഷിക്കഥയുടെ ഭീകരവും ഉദ്യോഗഭരിതവുമായ അവസാന രംഗത്തില്‍ ഭീകരരൂപിയായ യക്ഷി ചുടലനൃത്തമാടി. കുട്ടികളും സ്ത്രീകളും എല്ലാം കണ്ണുകള്‍ ഇറുക്കിയടച്ചു. ചെറിയ കുട്ടികള്‍ വാവിട്ടു കരഞ്ഞു.

നാടകം കഴിഞ്ഞു... ക്ഷേത്രത്തില്‍ നിന്നും ഏകദേശം രണ്ടര കിലോമീറ്റര്‍ ഉണ്ട് വീട്ടിലേക്ക്.  സമയം രാത്രി ഒന്നര കഴിഞ്ഞിരിക്കുന്നു. അര കിലോമീറ്റര്‍ സതീശന്‍റെ സൈക്കിളിനു പിറകിലിരുന്നു പോകാം. അവന്‍റെ വീട് കഴിഞ്ഞാല്‍ പിന്നെ വിജനമായ ഒറ്റയടിപ്പാതയിലൂടെ ഒരു രണ്ടു കിലോമീറ്റര്‍ ഈ നട്ടപ്പാതിരയ്ക്ക് താണ്ടണം വീടെത്താന്‍... അതോര്‍ത്തപ്പോഴേ ശക്തിയായി നെഞ്ചിടിപ്പ് തുടങ്ങി.

സതീശന്‍ സൈക്കിള്‍ ചവിട്ടുന്നതിനിടയില്‍ പ്രതികാരദാഹിയായ യക്ഷിയുടെ വീരശൂരപരാക്രമങ്ങളെക്കുറിച്ച് വര്‍ണ്ണിച്ചു കൊണ്ടിരുന്നു. 'ദൈവമേ ഇവനൊന്നു മിണ്ടാതിരുന്നു കൂടേ?..'

"എന്നാ ശരി.. നീയിവിടെ ഇറങ്ങല്ലേ?.. എന്‍റെ വീട്ടിലെ എല്ലാവരും കിടന്നൂന്നാ തോന്നണേ.. അതോ ഇനി കറന്റ് പോയോ? ആരുടേയും അനക്കമൊന്നും കേള്‍ക്കുന്നില്ല.. നീ സൂക്ഷിച്ചു പോണംട്ടോ.. ആര് പുറകില്‍ നിന്നും വിളിച്ചാലും തിരിഞ്ഞു നോക്കാന്‍ നിക്കണ്ടാ.. ചിലപ്പോള്‍ അത് യക്ഷിയാവാം ഒടിയനാവാം അല്ലെങ്കില്‍ കള്ളന്മാരും.. അല്ലാ.. പലര്‍ക്കും പല അനുഭവങ്ങളും ഉണ്ടായിട്ടുള്ളതാണേ.. നേരം ഒത്തിരി ആയല്ലോ ഇപ്പോള്‍.. അതോണ്ട് പറഞ്ഞൂന്നു മാത്രം.. നീ ഒന്നും കൊണ്ടും പേടിക്കണ്ടാ.. ഒക്കെ ചിലപ്പോള്‍ ആളുകള്‍ വെറുതെ പറഞ്ഞു പരത്തുന്നതായിരിക്കുമെന്നേ... നീയെന്താ ഒന്നും മിണ്ടാത്തേ.."

യാത്ര പറഞ്ഞു പോകുന്നതിനിടയില്‍ തന്‍റെ വിളറിയ മുഖവും വിറയ്ക്കുന്ന കൈകാലുകളും ശ്രദ്ധിക്കാന്‍ അവന്‍ മിനക്കെട്ടില്ല.

"ദുഷ്ടന്‍... ഇവനെയൊക്കെ കൂട്ടുകാരനാക്കിയ എന്നെ ചെരിപ്പെടുത്തു തല്ലണം.. അവന്‍റെ സ്ഥാനത്ത്  ഞാനായിരുന്നെങ്കില്‍ സൈക്കിളില്‍ അവനെ വീട് വരെ കൊണ്ട് ചെന്നാക്കിയേനില്ലേ.. ഒക്കെ സ്വാര്‍ത്ഥന്‍മാരാണ്.. മറ്റുള്ളവരുടെ ബുദ്ധിമുട്ടുകള്‍ ചിന്തിക്കുക പോലും ചെയ്യാത്തവര്‍.. കഷ്ടം.." 

മുമ്പിലും പിറകിലും ഒരു മനുഷ്യക്കുഞ്ഞ് പോയിട്ട് ഒരു പട്ടിയോ പൂച്ചയോ ഈച്ചയോ വരെയില്ല.. കൈലി മുറുക്കിയുടുത്തു ഉള്ള ധൈര്യം സംഭരിച്ചു കണ്ണുകള്‍ പകുതി തുറന്നു പിടിച്ച് നേര്‍രേഖയില്‍ നോക്കി  വലിഞ്ഞു നടക്കുക തന്നെ..

വഴിയുടെ ഇരുവശത്തും ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന മുളങ്കാടുകള്‍ ഇളകുമ്പോള്‍ ഉണ്ടാകുന്ന ഭീകര ശബ്ദം മുട്ടിനു വിറയല്‍ ഉണ്ടാക്കുന്നു. ഒരു ടോര്‍ച്ച് വരെ കയ്യിലില്ല.. വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അമ്മ പറഞ്ഞതാ മോനേ ഒരു ടോര്‍ച്ചെടുത്തു കയ്യില്‍ വച്ചോടാ എന്ന്.. കേട്ടില്ലാ.. ഹും.. എനിക്കിത് തന്നെ വേണം..    
കര്‍ത്താവേ കാത്തോളണേ... മുളങ്കാടുകളുടെ പ്രദേശം തരണം ചെയ്തു കുറ്റിക്കാടുകള്‍ നിറഞ്ഞ ഒറ്റയടിപ്പാതയിലെത്തിയപ്പോള്‍ നിറഞ്ഞു നിന്ന നിലാവില്‍ ആ പരിസരം നോക്കെത്തും ദൂരം വരെയൊന്നു വീക്ഷിച്ചു.

ഹേയ്.. ഇവിടൊന്നും ഒരു ചുക്കുമില്ല.. വെറുതെ  ആളുകള്‍ക്ക് വേറെ പണിയില്ലാതെ ഓരോന്നിങ്ങനെ പറഞ്ഞു പരത്തിക്കോളും.. വൃത്തികെട്ടവര്‍... ഹും.. ഈ പ്രേതം, ഭൂതം, ഒടിയന്‍, മറുത തുടങ്ങിയവയൊക്കെ യഥാര്‍ത്ഥത്തില്‍ ഓരോ മനുഷ്യ സങ്കല്‍പ്പങ്ങള്‍ ആണ്. അത് വിശ്വസിക്കാനും പേടിക്കാനും ഒക്കെ കുറെ വിവരമില്ലാത്തവരും...     

പെട്ടെന്ന് മനസ്സില്‍ നിറഞ്ഞ ധൈര്യത്തില്‍ ഊര്‍ജ്ജിതമായി വിറയല്‍ ഒക്കെ മാറി കാലുകള്‍ മുന്നോട്ടു വേഗതയില്‍ ഗമിച്ചു കൊണ്ടിരുന്നു.  

ഒരു സുഗന്ധം.. ഇടതടവില്ലാതെ മഞ്ഞുപൊഴിഞ്ഞ് ആര്‍ദ്രമായ  അന്തരീക്ഷത്തിലൂടെ മന്ദമായി ഒഴുകിവന്നു നാസാരന്ധ്രങ്ങളില്‍ കയറിയ ആ സുഗന്ധത്തിന് അവാച്യമായ ഒരു മാദകത്വം.. 

ഹായ് നല്ല മണം..  "ഏഴിലം പാല പൂത്തു പൂമരങ്ങള്‍ കുട പിടിച്ചു... വെള്ളി മലയിൽ.. വേളി മലയിൽ..."ചുണ്ടില്‍ നിന്നും പെട്ടെന്ന് പ്രശസ്തമായ ആ സിനിമാ ഗാനത്തിന്‍റെ ഈരടികള്‍ ഒരു മൂളിപ്പാട്ടിന്‍റെ രൂപത്തില്‍ പുറത്തേക്ക് വന്നു..  

ങേ.. ദൈവേ... പാലമരം പൂത്തോ.. യക്ഷിയുടെ സാമീപ്യം ഉള്ളപ്പോഴല്ലേ ഈ പാലയൊക്കെ പൂക്കുന്നേ.. ന്‍റെ കര്‍ത്താവേ.... പണി പാളിയോ?..  

ദേ.. പട്ടികളുടെ ഓരിയിടല്‍ ദൂരെ നിന്നു കേള്‍ക്കുന്നു... അതടുത്തടുത്തു വരുന്നല്ലോ.. കുടുങ്ങിയത് തന്നെ..  ഓടിയാലോ.. വേണ്ട.. സ്പീഡില്‍ നടക്കാം... ഇനി ഞാറു നട്ട പാടങ്ങളുടെ വീതി കുറഞ്ഞ ചെളി പുരണ്ട വരമ്പുകളിലൂടെയാണ് 'പ്രയാണിക്കേണ്ടത്'.. ബാലന്‍സ് തെറ്റാതെ പരവാവധി വേഗതയില്‍ നടക്കുമ്പോള്‍ പുതിയ പാരഗണ്‍ ചെരിപ്പുകള്‍ 'ട്ടപ്പെ ട്ടപ്പേ' എന്നു ശബ്ദമുണ്ടാക്കിക്കൊണ്ട് കഴിഞ്ഞ ആഴ്ച്ചയിലെ പള്ളിപ്പെരുന്നാളിനു ഉടുക്കാന്‍ തയ്പ്പിച്ച പുതിയ വെള്ളക്കുപ്പായത്തിന്‍റെ  പുറകില്‍ ചെളി കൊണ്ട് അനസ്യൂതം ആധുനീകചിത്രരചനാശിബിരം നടത്തിക്കൊണ്ടിരുന്നു.   

"ശ്സ്... ശ്സ്സ്.... ശ്സ്... ശ്സ്സ്.."

വെള്ളത്തില്‍ വീഴാതെ ഒരുവിധത്തില്‍ പാടം തരണം ചെയ്ത് വലിയ തെങ്ങിന്‍ തോപ്പിലൂടെയുള്ള വഴിയിലേക്ക്  കയറിയയുടനെ പുറകില്‍ നിന്നും ആരോ വിളിക്കുന്ന ശബ്ദം.. മനസ്സിലൊരു കൊള്ളിയാന്‍ മിന്നി... പട്ടികളുടെ ഓരിയിടല്‍ ചെവികളില്‍ അപ്പോഴും അലയടിക്കുന്നുണ്ട്.. സതീശന്‍ പറഞ്ഞത് പെട്ടെന്നോര്‍ത്തു.. തിരിഞ്ഞു നോക്കരുത്... ഒരു കാരണവശാലും... നടത്തം പെട്ടെന്ന് രൂപാന്തരം പ്രാപിച്ചു ഓട്ടമായി മാറി...

ഓടുന്നതിനിടയില്‍ ചെവികള്‍ പിറകിലോട്ടൊന്ന് ട്യൂണ്‍ ചെയ്തു.. ദൈവമേ ഒരു ശീല്‍ക്കാര ശബ്ദം  തന്നെ അപ്പോഴും പിന്തുടരുന്നുണ്ട്.. ആക്സിലറേറ്റര്‍ വീണ്ടും താഴോട്ടമര്‍ന്നു.. കിട്ടാവുന്നതില്‍ പരമാവധി വേഗതയില്‍ കാലുകള്‍ പറന്നു.

ഓട്ടത്തിനിടയില്‍ ചെറുതായൊന്നു തല തിരിച്ചു പിറകിലോട്ടൊന്നു പാളിനോക്കി.. കണ്ണുകളെ വിശ്വസിക്കാന്‍ പ്രയാസം.!! ഞെട്ടിപ്പിക്കുന്ന കാഴ്ച്ച.. വെള്ള വസ്ത്രധാരിയായ ഒരു സ്ത്രീ രൂപം ഏതാനും വാര അകലെയായി തന്നെ അനുഗമിക്കുന്നു!

ബോധം കെട്ടുപോകാതിരിക്കാന്‍ സര്‍വ്വ പുണ്യാളന്‍മാരേയും വിളിച്ചപേക്ഷിച്ചു.. ഇതിനിടയില്‍ അതെ വരെ സ്തുത്യര്‍ഹസേവനം അനുഷ്ടിച്ചു കൊണ്ട് ഒപ്പമുണ്ടായിരുന്ന പുത്തന്‍ പാരഗണ്‍ ചെരിപ്പുകള്‍ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു കൊണ്ട് കാലുകളില്‍ നിന്നും വിട്ടു പോയതൊന്നും അത്ര കാര്യമാക്കിയില്ല. ഓടിയോടി ക്ഷീണിച്ച് ഇനി ഒരടി പോലും മുന്നോട്ടു വയ്ക്കാനാവില്ല എന്ന അവസ്ഥ. മുന്നില്‍ക്കണ്ട ഒരു തെങ്ങില്‍ ചാരി നിന്നു ഘോരഘോരം കിതയ്ക്കുമ്പോള്‍ വിറയ്ക്കുന്ന കണ്ണുകളോടെ വന്ന വഴിയിലേക്ക് ഒന്ന് കൂടി തിരിഞ്ഞു നോക്കി.

വിജനം... എവിടെപ്പോയി ആ രൂപം?!.. ഇനി കണ്ണുമടച്ചുള്ള ഈ ഓട്ടത്തിനിടയില്‍ തന്നെയെങ്ങാനും ഓവര്‍ട്ടേക്ക് ചെയ്തു പോയിരിക്കുമോ? മുന്നിലെക്കുള്ള വഴിയിലും യക്ഷിയുടെ പൊടിപോലുമില്ല കണ്ടു പിടിക്കാന്‍.. ഹാവൂ സമാധാനമായി..

അപ്പോഴാണ്‌ ഓര്‍ത്തത്.. തന്‍റെ കഴുത്തില്‍ വെഞ്ചരിച്ച കൊന്തയും കുരിശും ഉണ്ട്.. വെറുതെയല്ല ആ യക്ഷി അടുക്കാതിരുന്നത്.. അങ്ങനെ വരട്ടേ.. എന്നോടാ കളി.. ഹും.. കഴുത്തില്‍ പരതി.. ങേ.. എവിടെ കൊന്തയും കുരിശും?.. യ്യോ.. സന്ധ്യക്ക്‌ കുളിക്കുമ്പോള്‍ കുളിമുറിയുടെ എയര്‍ഹോളില്‍ ഊരിവച്ചത് എടുക്കാന്‍ മറന്നിരിക്കുന്നല്ലോ.. ആ തിരിച്ചറിവില്‍ ക്ഷണിക നേരത്തേക്ക് ഒന്നു 'ബ്രേക്ക്' എടുത്തു നിന്നിരുന്ന ഭയം ഇതാ വീണ്ടും കാലിന്‍റെ പെരുവിരലിലൂടെ മുകളിലേക്ക് അരിച്ചു കയറാന്‍ തുടങ്ങി... ഞാന്‍ അസ്തപ്രജ്ഞനായി നിന്നു...

"ഹെലോ.. എന്താ നിന്നു കളഞ്ഞേ.. ഞാനിവിടെത്തന്നെ ഉണ്ട്ട്ടോ.. പോയെന്നു കരുതിയോ?.. ഹി ഹി ഹി ഹി ഹഹഹഹഹഹാ.."  ഇരുമ്പുപൈപ്പിന്‍ കുഴലിലൂടെ എന്ന പോലെ  വന്ന ആ പതിഞ്ഞ ശബ്ദവും പൊട്ടിച്ചിരിയും കേട്ട് ഞെട്ടിത്തിരിഞ്ഞു നോക്കി.. ദേ .. തീ പറക്കുന്ന കണ്ണുകളുമായി 'ഡി' യക്ഷി തന്നെ തുറിച്ചു നോക്കിക്കൊണ്ട്‌ തൊട്ടടുത്തു നില്‍ക്കുന്നു. അതിന്‍റെ കാലുകള്‍ തറയില്‍ തൊട്ടിട്ടില്ല. ഹോ ഭീകരം...

ഹാര്‍ട്ട് അറ്റാക്ക് വരുന്നത് ഒരു കണക്കിന് കണ്ട്രോള്‍ ചെയ്തു കൊണ്ട്  വീണ്ടും സര്‍വശക്തിയുമെടുത്ത് മാരത്തോണ്‍ പുനരാരംഭിച്ചു. വളവു തിരിഞ്ഞപ്പോള്‍ സുധീറിന്‍റെ വീട്.. അരമതില്‍ ചാടി വളപ്പിലേക്ക് കടന്നു രക്ഷപ്പെടാം.. പെട്ടെന്നാണ് മനസ്സില്‍ ബള്‍ബ് കത്തിയത്.. മൂന്നു ദിവസം മുമ്പ് തെങ്ങ് കയറാന്‍ വന്ന കോപ്പുട്ടിയുടെ തുടയിലെ മുക്കാല്‍ കിലോയോളം വരുന്ന മാംസം കടിച്ചെടുത്ത ഡോബര്‍മാന്‍ പട്ടിയാണല്ലോ അവരുടെ നിശാരക്ഷകന്‍.. പുറകില്‍ വരുന്നത് സ്ത്രീ രൂപമുള്ള ഒരു യക്ഷി ആണെങ്കില്‍ ഈ ജന്തു വെറും ഒരു 'എച്ചി'യാണ് എച്ചി... മനുഷ്യമാംസം തിന്നു രസം കണ്ട 'കുത്താ കമീനാ നായീന്റെ മോന്‍..'

മതില് ചാടാന്‍ ശ്രമിച്ചില്ല .. ഓടി... വെപ്രാളത്തില്‍ വഴി തെറ്റി.. ഒരു നിമിഷം ആശയക്കുഴപ്പത്തില്‍ നിന്നു.. മരണം ഏകദേശം ഉറപ്പായിക്കഴിഞ്ഞു... ദയനീയമായി തന്‍റെ തൊട്ടടുത്തു നിന്ന് രക്തദാഹിയായി കിതയ്ക്കുന്ന യക്ഷിയെ ഒന്ന് നോക്കി...

ഇതാ അവളുടെ കരങ്ങള്‍ തന്‍റെ നേരെ ഉയരുന്നൂ.. വിരലുകളുടെ  അഗ്രങ്ങളില്‍ നിന്നും കൂര്‍ത്ത നഖങ്ങള്‍ നീണ്ടു വരുന്നു.. അതിന്‍റെ കണ്ണുകള്‍ ഹാലൊജന്‍ ബള്‍ബ് പോലെ തിളങ്ങി..വായില്‍ നിന്നും കഠാര പോലെ മൂര്‍ച്ചയുള്ള തേറ്റകള്‍ പുറത്തേക്കു ഇറങ്ങി വന്നു.. ഹമ്മേ.. എന്ന് അലറിയ ശബ്ദം  പുറത്തേക്ക് വരുന്നതിനും മുമ്പേ അവളുടെ കൈകള്‍ തന്‍റെ ചെവികളില്‍ പിടുത്തമിട്ടു ശക്തമായി നാലഞ്ചു കറക്കം.. ബോധം മറയുകയാണോ... കഴിഞ്ഞില്ല അരക്കെട്ടിനിട്ടു ഗംഭീരമായ ഒരു തൊഴി.. അതിന്‍റെ ആഘാതത്തില്‍ അടുത്തുള്ള പൊട്ടക്കിണറ്റിലേക്ക് നിപതിച്ചു..

"അയ്യോ... ഞാന്‍ ചത്തേ.. ഓടിവരണേ.... "   എന്നുള്ള ഘോര ശബ്ദം എങ്ങും മാറ്റൊലി കൊണ്ടു..
ബോധം വരുമ്പോള്‍ കിടപ്പുമുറിയിലെ തറയില്‍ കിടക്കുന്നു.. മുഖമാകെ വെള്ളത്തുള്ളികളാല്‍ നനഞ്ഞിരിക്കുന്നു.. അടുത്തിരുന്ന അനുജന്‍റെ നെഞ്ച് ചേച്ചി തടവിക്കൊടുക്കുന്നു... അവന്‍ മോങ്ങിക്കൊണ്ടിരിക്കുന്നു.. കട്ടിലില്‍ ഇരുന്നു കൊണ്ട് ചേട്ടന്‍ ദേഷ്യത്തില്‍ പിറുപിറുക്കുന്നു.. സെക്കന്റ്‌ ഷോ സിനിമ കണ്ടു വന്ന പോലെ ഉറക്കച്ചടവോടെ കണ്ണും തിരുമ്പി ചുറ്റും നില്‍ക്കുന്ന മറ്റു കുടുംബാംഗങ്ങള്‍..

ഒന്നും മനസ്സിലാകുന്നില്ല.. ആകെക്കൂടി ഒരു മന്ദത...

അല്‍പ്പ നേരം തല കുമ്പിട്ടിരുന്നു അവരുടെയെല്ലാം സംസാരം ശ്രദ്ധിച്ചു.. കാര്യങ്ങള്‍ വ്യക്തമായപ്പോള്‍ മെല്ലെ അവിടെ നിന്നും എണീറ്റ് മൂത്രമൊഴിക്കാനെന്ന വ്യാജേന മുറ്റത്തേക്കിറങ്ങി.. ആളുകള്‍ ഒന്ന് പിരിഞ്ഞു പോയിട്ട് തിരിച്ചു കയറാം..

ഉറക്കത്തില്‍ പിച്ചും പേയും ഉച്ചത്തില്‍ വിളിച്ചു പറയുകയായിരുന്നത്രേ. അത് കേട്ട് കേട്ട് കട്ടിലില്‍ എന്‍റെ ചാരത്തു ശയിച്ചിരുന്ന ചേട്ടന്‍ നിന്തിരുവടികളുടെ
 പള്ളിയുറക്കത്തിനു ഭംഗം വരുകയും ആ ഈര്‍ഷ്യയില്‍ 'സംപ്രീതനായി' തൃപ്പാദം കൊണ്ട് അടിയന്‍റെ പൃഷ്ടത്തിനിട്ടൊരു 'ചവിട്ടുമാല്യം' ചാര്‍ത്തിത്തന്നപ്പോള്‍ "ഹന്തഭാഗ്യം ശയാനാം" എന്നത് പോലെ തറയില്‍ പായ് വിരിച്ചു ശയിച്ചു കൂര്‍ക്കം വലിച്ചിരുന്ന പാവം അനുജന്‍ കുഞ്ഞാടിന്റെ നെഞ്ചിലേക്ക് നമ്മള്‍ ചക്ക വെട്ടിയിട്ടത് പോലെ വീഴുകയായിരുന്നത്രേ..

സംഭവത്തെക്കുറിച്ച് മനസ്സിലിട്ടു അവലോകനം ചെയ്തു കൊണ്ട് മുറ്റത്തെ ഇരുളില്‍ ഉലാത്തുമ്പോള്‍ തൊടിയിലെ വാഴക്കൂട്ടത്തിനടുത്ത് ഒരനക്കം... ഈശ്വരാ.. ഇനി ഒരങ്കത്തിനു കൂടി ബാല്യം ഇല്ല്യാ.... ഉടനെ അകത്തേക്ക് തിരിച്ചു കയറി..

രംഗം ശാന്തം.. അനുജന്‍ തിരുവടികള്‍ക്ക്‌ കട്ടിലിന്‍റെ മുകളിലേക്ക് പ്രൊമോഷന്‍ കിട്ടിയിരിക്കുന്നു.. ഉത്സവപ്പിറ്റേന്നു ഉത്സവപ്പറമ്പില്‍ കച്ചവടക്കാര്‍ ഉപേക്ഷിച്ചു പോയ കീറിയ ടാര്‍പ്പാളിന്‍ പോലെ തന്നെയും കാത്തു അനുജന്‍ അതേ വരെ കിടന്നിരുന്ന തഴപ്പായ... സ്ഥാനക്കയറ്റം കിട്ടി പോകുന്ന വഴി പുതപ്പു വരെ ഉപേക്ഷിക്കാന്‍ തയ്യാറായില്ല പഹയന്‍..  തറയെങ്കില്‍ തറ.. ചിത്രം സിനിമയില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനു വരെ തറയില്‍ കിടക്കാമെങ്കില്‍ തനിക്കെന്താ കിടന്നാല്.. ഹല്ലാ പിന്നെ എന്നോടാ കളി...

********************************************************************************
ഈ രംഗത്തോട് കൂടി ഈ സ്വപ്നാടനം ഇവിടെ പൂര്‍ണ്ണമാകുന്നു.. ഇതിലേക്ക് വേണ്ട എല്ലാ 'കാല്‍സഹായവും'    ചെയ്തു തന്ന എന്‍റെ ചേട്ടന്‍ നിന്തിരുവടികള്‍ക്കും 'ഡോള്‍ബി' ശബ്ദം നല്‍കി ഉദ്യോഗഭരിതമായ നിമിഷങ്ങള്‍ സമ്മാനിച്ച അനുജന്‍ തിരുവടികള്‍ക്കും വെള്ളവും [മുഖത്തു തെളിക്കാന്‍] വെളിച്ചവും തന്നു സഹായിച്ച അമ്മയ്ക്കും ബോറടി സഹിച്ച് ഇത്രയും നേരം ഇരുന്ന പ്രിയ പ്രേക്ഷകര്‍ക്കും ഒരിക്കല്‍ കൂടി തീര്‍ത്താല്‍ തീരാത്ത നന്ദ്രീ നന്ദ്രീ.. നമസ്ക്കാരം... ! 

No comments:

Post a Comment