Friday, November 8, 2013

ഉയിര്‍ത്തെഴുന്നേല്‍പ്പ്

ഗാന്ധിജിയും അനുചരരും ഗുജറാത്ത്‌ കടപ്പുറത്തു ഉപ്പു സത്യാഗ്രഹം നടത്തിയത് 1930 ഏപ്രില്‍ ആറിനായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്രസമരത്തിന് എരിവേകിയ ഒരു പ്രധാന സംഭവം തന്നെയായിരുന്നു അത്. ഈ കവിത നമുക്ക് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു നല്‍കാനായി സ്വയം എരിഞ്ഞടങ്ങിയ രക്തസാക്ഷികള്‍ക്കായി സമര്‍പ്പിക്കുന്നു
ഉയിര്‍ത്തെഴുന്നേല്‍പ്പ്
പല്ലക്ക് ചുമന്നു വളഞ്ഞ,
തോളുകളും, 
കഴുകദൃഷ്ടിയേറ്റു കരുവാളിച്ച,
നഗ്നമാറിടങ്ങളും,
ചൂട്ടുകറ്റകള്‍ കവര്‍ന്നെടുത്ത,
ചാരിത്ര്യങ്ങളും,
ഒറ്റത്തോര്‍‍ത്തില്‍ വരിഞ്ഞമര്‍ന്ന,
അരച്ചാണ്‍ വയറുകളും,
നിവരാന്‍ പഠിക്കാത്ത,
നട്ടെല്ലുകളും,
പ്രതികരിക്കാനറിയാത്ത, 
മനസ്സുകളും,
അഴല്‍ വിരിച്ചാടുന്നു...
ജന്മനാടിന്‍ ഭൂതക്കാഴ്ചകളില്‍. 

കറുത്ത പൊന്നു തേടി വന്ന,
വെളുത്തവര്‍,
കറുത്ത മനുഷ്യരെ ചുട്ടു തിന്നപ്പോള്‍,
കറുത്തവര്‍ക്കയിത്തമോതിയ,
വരേണ്യര്‍, 
കറുപ്പിന്‍ ലഹരിയില്‍
വെളുപ്പില്‍ ഭ്രമിച്ച്,
കാലില്‍ വരിയും ചങ്ങലക്കണ്ണികള്‍,
മേലും കഴുത്തിലും വരിയുന്നതോര്‍ക്കാതെ,
അസ്തപ്രജ്ഞരായി, 
അഥര്‍വസംഗീതത്തിലാറാടി-
ത്തിമിര്‍ത്തപ്പോള്‍ പണയത്തിലായത്
രാജ്യമെന്നോര്‍ക്കണം.
   
താന്തിയാതോപ്പി തന്‍ പോര്‍വീര്യം
ഉള്‍ക്കൊണ്ട പുലയനയ്യപ്പന്‍
പതിനേഴില്‍ കൊളുത്തിയ  
പോരാട്ടജ്വാല,
ധീരമനസ്സുകളില്‍ എരിയാതെ കിടന്ന
കരിക്കട്ടകളില്‍
അഗ്നി തെളിയിച്ച്, അത്
ഊതിപ്പെരുപ്പിച്ച് കാട്ടുതീയാക്കി,
അവര്‍..
സുഭാഷും ഭഗത്തും,
തിലകനും ഗാന്ധിയും
അമരത്തിരുന്നു തുഴഞ്ഞ തോണിയില്‍‍, 
ആടിയുലച്ചിലില്‍ മനസ്സിടറാതെ,
ചോരയും  നീരുമാവോളമൊഴുക്കി, 
വെളുത്തവര്‍ തന്‍,
കറുത്ത സാമ്രാജ്യത്തിന്‍,
അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞ്,
അമ്മയാം  ഭൂവിനെ,
ഉയിര്‍‍ത്തെഴുന്നേല്‍പ്പിച്ചു.
തളരല്ലേ കൂട്ടരേ ഇനിയുമൊരു നാളും
ഇരുണ്ട ചിന്തകള്‍‍ക്കിടമേകാതെ,
മനസ്സിലെ വെളുപ്പില്‍
കറുപ്പ് കലര്‍ത്താതെ,
സ്വാതന്ത്ര്യത്തിന്‍ സുഖമാവോളം നുകര്‍ന്ന്,
നാളെയുടെ നല്ല സ്വപ്നങ്ങളുമായ് സദാ,
സമാധാനത്തോണിയേറി മുന്നേറാം.
വന്ദേ മാതരം.. വന്ദേ മാതരം..
                                              - ജോയ് ഗുരുവായൂര്‍

No comments:

Post a Comment