Friday, November 8, 2013

ഉഷ്ണഗീതം

മണലുരുകുന്നൂ മനമുരുകുന്നൂ.. 
മാനസനിളയും വരണ്ടുണങ്ങുന്നൂ..
മണലാരണ്യത്തില്‍ മരുവും കിളികള്‍,
മിഥ്യയാം മരുപ്പച്ച തേടീടുന്നൂ...

പ്രവാസമരുളിയ പ്രയാസവുമായ്,
പ്രാണനെരിയിച്ചു ജീവിക്കുന്നോര്‍.
പരിവാരങ്ങളുടെ പട്ടിണി മാറ്റാനായ്,  
പകലും രാത്രിയും പണിയെടുപ്പോര്‍.
 
ചുട്ടു പഴുത്ത മണല്‍ത്തരികള്‍,
ചുട്ടു പൊള്ളിക്കും മനവും തനുവും,
ചിന്തകള്‍ കാടേറും നിമിഷങ്ങളും,
ചിരകാലം പേറുന്ന പാഴ്ജന്മങ്ങള്‍. 

ഓണം വന്നാലും ഉണ്ണി പിറന്നാലും,
ഒറ്റയ്ക്ക് ചിന്തകള്‍ നെയ്യുന്നവര്‍.
ഓര്‍മ്മകള്‍ കൊണ്ട് പൂക്കളം തീര്‍ക്കുന്നു,
ഓര്‍മ്മകള്‍ തന്‍പ്രിയ കളിക്കൂട്ടുകാര്‍.       

അനുദിനം മുരടിക്കും മാനസവും,  
അനുദിനം ക്ഷയിച്ചീടുമാരോഗ്യവും,
അരക്കില്ലത്താമസം അരജീവനാക്കവേ, 
ആരും തിരിഞ്ഞൊന്നു നോക്കാത്തവര്‍.

ദേഹം തളര്‍ന്നു തിരികെ തിരിക്കുമ്പോള്‍,
ദേഹി തളര്‍ത്തുന്ന വാക്കുകളും,
ദിശ മാറിപ്പായും ബന്ധുക്കളും,
ദീര്‍ഘനിശ്വാസങ്ങള്‍ കൂട്ടുകാരും.  

കേരങ്ങള്‍ തിങ്ങും കേരള നാട്ടിലെ,
കേവല മാനുഷ്യര്‍ ഭാഗ്യവാന്മാര്‍.
കാടും മേടും കുഞ്ഞിക്കിളികളും,
കൂട്ടരായ് കിട്ടിയ ഭാഗ്യവാന്മാര്‍.

മണലുരുകുന്നൂ മനമുരുകുന്നൂ.. 
മാനസനിളയും വരണ്ടുണങ്ങുന്നൂ...
മണലാരണ്യത്തില്‍ മരുവും കിളികള്‍,
മിഥ്യയാം മരുപ്പച്ച തേടീടുന്നൂ..

- ജോയ് ഗുരുവായൂര്‍

No comments:

Post a Comment