Sunday, April 29, 2012

പ്രണയവര്‍ണ്ണങ്ങള്‍


പ്രണയവര്‍ണ്ണങ്ങള്‍
ചെറു കിളിപ്പാട്ടില്‍ ‍  
ചെറു ചില്ലക്കാറ്റില്‍ 
ചിരിമണി കിലുങ്ങിയല്ലോ നിന്‍
അരമണി കിലുങ്ങിയല്ലോ

കിളിച്ചുണ്ടന്‍ മാവില്‍
കിളികള്‍ തന്‍ മേളം 
കുയിലിനും പാട്ടുണ്ടല്ലോ ഇളം 
കുയിലിനും പാട്ടുണ്ടല്ലോ
           
പുഴയൊരു ഗീതം 
അലയൊരു രാഗം 
തുളുമ്പിക്കൊണ്ടൊഴുകുന്നല്ലോ വീണ്ടും       ‍    
തുളുമ്പിക്കൊണ്ടൊഴുകുന്നല്ലോ

മാനത്തിന്‍ മൂടല്‍ 
മഴയുടെ മൂളല്‍ 
ചിലങ്ക കെട്ടീടുന്നല്ലോ നീയും 
ചിലങ്ക കെട്ടീടുന്നല്ലോ

പൊന്‍പൂവിന്‍ പൂവിളി 
പൂത്താലത്തില്‍ പുഞ്ചിരി 
പൊന്നണിഞ്ഞീടുന്നല്ലോ നീ 
പൊന്നണിഞ്ഞീടുന്നല്ലോ

ചെഞ്ചുണ്ടില്‍ നിന്‍ ചിരി
എന്‍ ഹൃത്തില്‍ നിര്‍വൃതി 
എന്നില്‍ നീയലിയുന്നല്ലോ എന്നും     
എന്നില്‍ നീയലിയുന്നല്ലോ
 - ജോയ് ഗുരുവായൂര്‍

"മഴവെള്ളം പോലെ ഒരു കുട്ടിക്കാലം"


"മഴവെള്ളം പോലെ ഒരു കുട്ടിക്കാലം"


മുറ്റത്തെ മുത്തശ്ശന്‍ മാവിന്‍റെ  മാങ്ങകള്‍  
മൊത്തം പെറുക്കി മുറിച്ചു ഭുജിച്ചു നാം

മുത്തശ്ശി ചൊല്ലും മുത്തശ്ശിക്കഥകള്‍
മനസ്സിലാവോളം മുകര്‍‍ന്നു രസിച്ചു നാം



കദളി വാഴ തന്‍ കറയുള്ള മധുവിനായ് 
കാലത്തേ മത്സരിച്ചോടി തിമിര്‍‍ത്തു നാം
കൈതപ്പൂമണമോലും നാട്ടു വഴികളില്‍
കളി പറഞ്ഞേറെ കാതങ്ങള്‍ താണ്ടി നാം



പരല്‍ മീന്‍ തുടിക്കും വയല്‍ത്തോടുകളില്‍ 
പായല്‍ വകഞ്ഞൂ ആമ്പല്‍ പറിച്ചു നാം
കുന്നിന്‍ ചെരുവിലെ ചേലുള്ള കാട്ടില്‍
കുന്നിക്കുരു തേടി ഒട്ടൊന്നലഞ്ഞു നാം 



മഴവെള്ളമൊഴുകും നീര്‍‍ച്ചാലിലെത്രയോ    
മൊഞ്ചുള്ള കടലാസ്സു തോണിയൊഴുക്കി നാം
കൊയ്ത്തു കഴിഞ്ഞുണങ്ങിക്കിടന്നീടും
കോള്‍‍പ്പാടത്തെന്നും തലപ്പന്ത് തട്ടി നാം



കടവിലെ കരിങ്കല്‍പ്പടികളിലിരുന്നു
കുഞ്ഞുമീനുകള്‍ നോക്കി രസിച്ചു നാം
തോളോട് തോള്‍ മുട്ടിയിരുന്നന്നു
തറ പറ എന്നെഴുതിപ്പഠിച്ചു നാം



ഓര്‍‍ക്കും തോറും ഓടിയണയുന്നൂ
ഓര്‍‍മ്മകളൊരു കുളിര്‍‍ത്തെന്നലു പോല്‍     
ഓര്‍‍ക്കാതിരിക്കാന്‍ ശ്രമിച്ചാലുമെന്നെന്നും
ഓര്‍‍ത്തു പോകുന്നൂവെന്‍ നഷ്ടബാല്യം 

-
ജോയ് ഗുരുവായൂര്‍

യക്ഷിയും ഞാനും


യക്ഷിയും ഞാനും
കരിമ്പന നാരുകള്‍ വദനത്തിലുരഞ്ഞാ വേളകള്‍
ചാരുതയുറ്റതു തന്നെയായിരുന്നു.
മുത്തു കിലുങ്ങുമാ പാദസ്വനങ്ങളും
കാതിനിമ്പമായിരുന്നേറെ നാള്‍.
വെട്ടിത്തിളങ്ങുമാ അധരപുഷ്പങ്ങളില്‍
പുകക്കറ പുരണ്ട നിമിഷങ്ങളാ-
ലൂര്‍ജിതയായവള്‍ ഞാവല്‍‍പ്പഴച്ചെപ്പടച്ചു.
ലക്ഷ്യമില്ലാതെ പാഞ്ഞൊരു പുഴയായി
ഞാനുമാ ഊഷരഭൂവിലലിഞ്ഞു ചേര്‍‍ന്നു.
അമ്പലമുറ്റത്തെയരയാലില്‍ കണ്ണടച്ചിരുട്ടാക്കി പട്ടാപകല്‍
തല കീഴായി തൂങ്ങിയ വവ്വാല്‍ സുഷുപ്തി തുടര്‍‍ന്നു.
വഴിമാറി വീശിയ കാറ്റിലെപ്പോഴോ
പാലപ്പൂക്കളുടെ മാദകമണം പോയ്പ്പോയതറിയാതെ,
ചുടുരക്തമിറ്റിറ്റായാല്‍‍‍വേര് നനയുന്നതറിയാതെ,
പാല്‍‍നിലാവ് പൊഴിയുന്നോരാ സ്വപ്നരാവൊരിക്കലും
കൊഴിയാതിരിക്കാന്‍ മനസ്സുരുകി ധ്യാനിച്ചു.
ഒരേ നിണം നുകര്‍‍ന്നു നുകര്‍‍ന്ന് നാവു കറച്ച യക്ഷി,
രാത്രിയുടെ അവസാനയാമങ്ങളില്‍ പതിയെ
ആല്‍മരത്തിലെയാത്മാവില്‍ നിന്നിറങ്ങി,
പുതുതായി പൂത്ത പാലപ്പൂക്കള്‍ വിരിച്ച പാതയിലി-
ച്ചിരി ചുണ്ണാമ്പിനായ് അരയില്‍ തിരുകിയ വിറ്റിലയുമായി ‍
വിരിച്ചിട്ട പനങ്കുലയണിഞ്ഞു സുസ്മേരവദനയായി നിന്നു.
- ജോയ് ഗുരുവായൂര്‍             

പള്ളി മണികള്‍

 
പള്ളി മണികള്‍ 

പള്ളി മണിമാളികയില്‍ നിന്നും
അന്നുയര്‍ന്ന ഒറ്റമണി നാദങ്ങള്‍
ഇന്നുമെന്‍ നോവും ഹൃദയത്തില്‍   
ദുഖത്തിന്‍ വെള്ളിടികളായ് 
നിരന്തരം അലയടിക്കുന്നൂ.
     
ഉച്ച വെയിലിന്‍ പ്രകാശത്തില്‍ 
കണ്ണടച്ചിരുട്ടാക്കി ഉറങ്ങിയ മൂങ്ങകള്‍
കാതടക്കും മണിനാദത്തിലിടറി
എന്നെയുരുവാക്കിയ  ആത്മാവിനു കൂട്ടായി    
ലക്ഷ്യമറിയാതെയെങ്ങോ പറന്നൂ.   

എന്നെയൊരു പാടേറ്റിയ തോളുകളിതാ
ശവംനാറിപ്പൂക്കളാലലംകൃതമായി
മെഴുകിന്‍റെയും കുന്തിരിക്കത്തിന്‍റെയും 
സാമ്പ്രാണിയുടെയും ഗന്ധത്തില്‍ മുഴുകി
നിത്യവിശ്രമം തുടങ്ങാനൊരുങ്ങുന്നൂ.
     
വാവിട്ടലക്കും  രക്താംശുക്കള്‍ തന്‍
രോദനങ്ങള്‍ കേട്ടില്ലെന്നു നടിച്ച്,
ശുഭ്രവസ്ത്രധാരിയായി മുടിയും ചൂടി,
ദൂരെയേതോ സ്വര്‍ഗ്ഗമാളിക ലക്ഷ്യമാക്കി,
താതനിതാ പോകാനൊരുങ്ങുന്നൂ.    

പ്രവാസമൊരുക്കിയ അരക്കില്ലത്തില്‍
സന്ദേശം ലഭിച്ച വഴിയോടിയണഞ്ഞിട്ടും,
എന്തേയൊരുവാക്കുച്ചരിക്കാതെ  താതാ
ഏതോ നിശ്ചയദാര്‍ഡ്യത്തിലെന്ന വണ്ണം,
ഞങ്ങളെ കൂട്ടാതെ യാത്രക്കൊരുങ്ങുന്നൂ?
     
തന്‍ അനന്ത സ്നേഹവായ്പ്പുകള്‍
ഒരു കടലായേറ്റു വാങ്ങിയ മക്കള്‍
പൊഴിക്കും കണ്ണുനീര്‍ അലയടിക്കും
സാഗരത്തിലെ കടലാസ്സു തോണിയിലേറി,
തുഴയെറിഞ്ഞകലാനൊരുങ്ങുന്നുവോ?      
എന്നെയേറ്റിയ തോളുകളെന്‍ തോളിലേറി 
ആറടി കീറിയ മണ്ണിലേക്ക് നീങ്ങുമ്പോഴും 
എന്‍ കര്‍ണ്ണങ്ങളെത്ര കൊതിച്ചു താതാ,
നിന്‍ മനസ്സിലെയഴലില്‍ പൊതിഞ്ഞൊരു 
സ്നേഹസാന്ത്വനത്തിന്‍ യാത്രാമൊഴികള്‍. 
  പള്ളി മണിമാളികയില്‍ നിന്നും
അന്നുയര്‍ന്ന ഒറ്റമണി നാദങ്ങള്‍
ഇന്നുമെന്‍ നോവും ഹൃദയത്തില്‍   
ദുഖത്തിന്‍ വെള്ളിടികളായ് 
നിരന്തരം അലയടിക്കുന്നൂ.
  - ജോയ് ഗുരുവായൂര്‍

അടിമയുടെ സങ്കീര്‍ത്തനം


അടിമയുടെ സങ്കീര്‍ത്തനം

അന്തരീക്ഷത്തില്‍ സ്വതന്ത്രമായി വിഹരിച്ചിരുന്ന എന്നെ
വലിച്ചരിചെടുത്തൊരു സ്പടിക കുമിളക്കകത്ത് ജലത്തോടൊപ്പ-
മമര്‍ത്തി ശ്വാസം മുട്ടിച്ചവശനാക്കിയവര്‍,
എന്റെ മനസ്സ് മാത്രം സ്വതന്ത്രനാക്കി

മധുചഷകത്തിലെ തിളങ്ങുന്ന സോമരസത്തില്‍ ഇപ്പോഴിതാ 
ഐസ് കട്ടകള്‍ക്കൊപ്പം ആരോയെന്നെ നിമജ്ജനം ചെയ്തു.  ‍
വീണ്ടും അരോചകത്വത്തില്‍  അസ്വസ്ഥനായ ഞാനൊരു
ചെറുകുമിളയായി ഉപരിതലത്തിലേക്ക് പാഞ്ഞു വന്നു

കണ്ണുകള്‍ തുറന്നോരാശ്വാസവായു എടുക്കുമ്പോഴേക്കും 
ഒരു കാളിദാസ ജന്മം എന്നെയിതാ  
ദാഹാര്‍ത്തനായ ചുണ്ടുകളിലൂടെ വലിച്ചകത്താക്കി
വലിയൊരു കുമിള പോലെയിരിക്കുന്ന തന്‍
ആമാശയത്തിന്‍ ഭിത്തിയില്‍ പറ്റിച്ചു.

അവിടെ ദഹിക്കാതെ കിടക്കുന്ന വറുത്ത
മാംസക്കഷണങ്ങളില്‍ വിങ്ങിയ കരള്‍ ചോര്‍ത്തിയ
കെട്ട പിത്തരസം പുരണ്ട് മനം പുരട്ടും ഗന്ധം നിര്‍ഗമിപ്പിച്ചൂ

തന്നെ തമവല്‍ക്കരിച്ച  വാതായനത്തില്‍ നിന്നും
ഇടയ്ക്കിടെ മുഴങ്ങിക്കേള്‍ക്കുന്ന വികടശബ്ദമൊരു
കവിതയാണോ ഗദ്യമാണോ കഥയാണോ അതോ
പദ്യമാണോ എന്നറിയാതെ ഞാനൊട്ടു കുഴങ്ങീ

മൈഥുനത്തിലകപ്പെട്ട പോല്‍ കറങ്ങിത്തിരിഞ്ഞയെന്‍റെ 
ക്ഷമയുടെ കടും പരീക്ഷണത്തിന്നത് എരിവേകി ഞാന്‍ വലഞ്ഞു
കരളിന്‍റെയും പിത്താശയത്തിന്‍റെയും മോങ്ങലുകള്‍
പശ്ചാത്തല സംഗീതമൊരുക്കിയ ആമാശയഭിത്തിയില്‍ ഞാന്‍
ഇതികര്‍ത്തവ്യാമൂനായി പറ്റിയിരുന്നു വിധിയെ പഴിച്ചു

അപ്പോള്‍ അണപൊട്ടിയൊഴുകി വന്നൊരു      
രാസദ്രവ്യത്തിന്‍ ഗാഡതയല്‍പ്പം  കൂടിയിരുന്നാലും
രണ്ടും കല്‍പ്പിച്ച്  ഞാന്‍ അതിലെന്‍റെ
ചിതറിപ്പോയോരാ കൂട്ടുകാരെ തിരഞ്ഞു.

ഇല്ലാ ഇതിലില്ലായെന്നെയടിച്ചമര്‍ത്തിയിരുന്ന 
ജലത്തിലെയൊരു കണിക പോലും
കരളിന്‍റെ കരച്ചിലിനിതാ കനം വച്ചിരിക്കുന്നൂ  
അത് കേള്‍ക്കാനാവാതെ ഞാനെന്‍റെ
ചെവികള്‍  പൊത്തിപ്പിടിച്ചൂ  

വികടശബ്ദമിതാ വീണ്ടും ഉയരുന്നൂ
ഇത്തവണ എനിക്കു മനസ്സിലായി അത്
കരയുന്ന കരളിനു സ്വാന്തനമേകാനായി
കാളിദാസഭാവന ഞെട്ടിയുണര്‍ന്നതാണെന്ന്

ദഹിക്കാത്ത ആഹാരങ്ങളിതാ വമിപ്പിക്കുന്നൂ
അജീര്‍ണ വാതകങ്ങള്‍ ആമാശയം വീര്‍പ്പിച്ചു കൊണ്ടും
ശ്വാസം മുട്ടിയ നിമിഷങ്ങള്‍ക്കൊടുവിലതാ
ഒരു ചുഴലിക്കാറ്റിന്‍റെ അകമ്പടിയോടെ
വന്ന വഴിയിലൂടെ തന്നെ ഞാന്‍ സ്വതന്ത്രനായിരിക്കുന്നൂ

പോകുന്നതിനു മുമ്പ് ഞാനൊന്ന് തിരിഞ്ഞു നോക്കി
എന്നെ മണിക്കൂറുകള്‍ രാസദ്രവ്യത്തിലിട്ടു വച്ച ആ
അഭിനവ കാളിദാസനെ   .........   
ഊശാന്‍ താടി തടവി ഒരു കയ്യില്‍ എരിയുന്ന ചുരുട്ടും
അതിന്‍ പുകയില്‍ രൂപപ്പെട്ട മേഘത്തിന്‍ നടുക്കിരുന്ന് 
ഇടയ്ക്കിടെ ഏമ്പക്കവും വിട്ടു കൊണ്ടൊരു കടലാസ്സില്‍
കവിതയും കബനിയും കാമിലാരിയുമൊക്കെ
ചേരാത്ത രീതിയില്‍ കൂട്ടിക്കുഴക്കുന്നൂ...

ഭീതിയോടെയെങ്കിലും ചാരത്തു ചെന്നൊന്നു വീക്ഷിച്ചു
തുടക്കവുമില്ലൊടുക്കവുമില്ലാ പിന്നെ
ആര്‍ക്കുമെന്തും ഊഹിക്കാം എന്തെന്നാല്‍     
വായനക്കാര്‍ പറയുമ്പോഴല്ലോ വരികളുടെ അര്‍ഥം
ചില എഴുത്തുകാര്‍ക്കും മനസ്സിലാവുന്നത്..!

തിരക്ക് പിടിച്ച സമയവും പാഴാക്കി
ആശയക്കുഴപ്പത്തിലാവുന്നവരേ
നിങ്ങളോടെനിക്കേറെയുണ്ട്  സഹതാപം     
വീണ്ടും എന്തെങ്കിലും പറ്റുന്നതിനു മുമ്പേ
ഈ കുഞ്ഞുകുമിളയൊന്നു രക്ഷപ്പെട്ടോട്ടെ..

- ജോയ് ഗുരുവായൂര്‍

പ്രണയ നിള ഒഴുകുന്നു പിന്നെയും..


പ്രണയ നിള ഒഴുകുന്നു പിന്നെയും..
 പച്ച പുതച്ചൊരു പുഞ്ച വരമ്പത്ത്
പച്ചയുടുപ്പിട്ട് നീ വരുമ്പോള്
പച്ചക്കതിരിന്വാരിളം ശോഭയില്
പച്ച മരതക വല്ലരി പോല്

പിച്ചക വല്ലി തന്പൂമണം പേറുമാ
പിന്നിയ കൂന്തലിളകീടുമ്പോള്
പാരിന്നഴകായി പീലി വിടര്ത്തീടും
പൊന്മയില്പീലിയായെന്ഹൃദയം

പൊന്മണിത്തംബുരു മീട്ടും നിന്‍ 
പാദസ്വരത്തിന്ശിഞ്ചിതങ്ങള്
പാട വരമ്പത്ത് പാടും കിളികള്തന്
പാട്ടിന്കൊഞ്ചലുകളെന്ന പോലെ

പാതിരാ മുല്ലകള്പൂത്തുലഞ്ഞീടുന്ന  
പാലൊളി പൂനിലാവെന്ന പോലെ
പാലാഴി നൌകയില്പവിഴപ്പളുങ്കുമായ്
പാടി നീയെത്തുന്നു എന്കനവില്‍ 

പാടില്ലെന്നറിഞ്ഞിട്ടും ഏറെ ദിവസ്സങ്ങള്
പാഴാക്കി ഞാന്മോഹ മഞ്ചലുമായ്    
പാടില്ലേ നീയെന്ഹൃദയത്തില്കോറിയ
പ്രണയ ഗീതത്തിന്ഈരടികള്‍  

പാതി വിരിഞ്ഞൊരു പാരിജാതം പോല്
പാടവരമ്പത്ത് നീ വരുമ്പോള്
പാടില്ലാ പാടില്ലായെന്ന് വിലക്കീട്ടും
പാവമെന്ചിത്തം തുടിച്ചീടുന്നൂ

പൊന്നശോകത്തിന്കുടയുടെ കീഴില്
പട്ടില്പൊതിഞ്ഞു നിര്ത്തീടാം ഞാന്
പട്ടാഭിഷേകം നടത്താം നിന്നെയെന്
പട്ടമഹിഷിയായ് വാഴിച്ചീടാം
പേടിച്ചരണ്ടൊരാ മാന്പേടക്കണ്ണുകള്‍   
പൊന്കിനാവിലെന്നെ പുല്കീടുമ്പോള്‍  
പ്രാണനൊഴിയും പോലെയെന്നെഞ്ചകം
പ്രാണേശ്വരിക്കായ് തുടിച്ചീടുന്നൂ
 - ജോയ് ഗുരുവായൂര്‍ 

മാധവം

 
മാധവം 
പുലരിതന്‍ പരിലാളനയിലൊരു പെണ്‍പുഷ്പ്പം 
പാത തന്‍ പാരിജാതമെന്നപോല്‍
പാല്‍നുര തോല്‍ക്കും പൌര്‍ണ്ണമി ശോഭയില്‍
പാരിന്നഴകായവതരിച്ചു
പാറിപ്പറന്നൊരു പൊന്‍ശലഭം
പൂമണം തേടിയലഞ്ഞീടവേ
പ്രശോഭയില്‍ വിളങ്ങുമാ മലരില്‍
പ്രേമോപാസകനായ് വന്നണഞ്ഞൂ
മഞ്ഞു തോല്‍ക്കുമാ ദളനിര്‍മ്മലതയിലൊരു
മര്‍മ്മരമായ് ഒരു മധുവിധുവായാശലഭം
മഴവില്ലിന്‍ മൃദുവര്‍ണ്ണച്ചിറകാലൊരു
മാധവ നര്‍ത്തനമാടി..
മധുവഴിയുമാ അധരദളങ്ങളില്‍
മാദകനര്‍ത്തനമാടി.

പ്രിയനേ നീ പോകല്ലൊരിക്കലും
പാതയിലെന്നെ നീ ഏകയാക്കി
ആര്‍ത്തു പറന്നു മധു നുകരാനായ്
ആരവം കൂട്ടുമളികുലം വന്നെന്‍റെ
ആരണ്യശോഭ കവര്‍ന്നെടുത്താല്‍
ആരോരുമില്ലാതെ ഞാനുലയും
ഇല്ല പിരിയില്ല നിന്നെയൊരിക്കലും
ഇണ്ടല്‍ നിനക്കേവമേകിടാനായ്
ഇല്ലയെനിക്കാവില്ല മറുപുഷ്പം തേടാന്‍
ഇനിയുള്ള കാലമൊരിക്കലുമേ
മഴയെത്തി മഞ്ഞെത്തി മാനത്തിന്‍
മാറിലെയാരാമദീപത്തിന്‍ തിരിയണഞ്ഞൂ
മാറിലൊതുക്കീ ആ മാദകമുകുളത്തെ
മറ്റാരും കാണാതെയാശലഭം.

- ജോയ് ഗുരുവായൂര്‍

അമരഗീതം


അമരഗീതം


കണ്ണീര്‍ വിളഞ്ഞ പാടത്തിന്‍ നടുക്കൊരു 
കൊച്ചു കടുക് ചെടി വിറങ്ങലിച്ചു നിന്നൂ.


കുഞ്ഞു മോഹങ്ങളേ ചാഞ്ചാട്ടാം നിങ്ങളെ 
ഞാനുമെന്‍ കൊച്ചു മനസ്സിലിട്ടു ആവോളം.

ചുടുനിശ്വാസമുയര്‍ത്തും  ഊഷരഭൂവേ  
നിനക്കേകാം കുളിര്‍ ഞാനുമെന്‍  
കുഞ്ഞു ദളങ്ങള്‍  തന്‍ ഛായയാല്‍.

കര്‍ഷകര്‍ തന്‍ കണ്ണീരു കനലു കോരിയിട്ട
നിന്‍ മാറിലെ വ്രണം ഞാനെന്‍ കൊച്ചു
ചില്ലകളാല്‍ വീശിത്തണുപ്പിക്കാം .
  ‍      
നിന്‍ കാതുകള്‍ക്കന്ന്യമായ കിളിനാദങ്ങള്‍ 
തിരികെത്തരാന്‍  ഞാനെന്‍ ചില്ലകള്‍ 
ഏകാം ചെറുകിളികള്‍ക്ക് ചേക്കേറാന്‍. 

ഉണരൂ.. തിരികെ വരൂ.. നിന്നുജ്ജ്വല     
കാന്തിയെ മയക്കത്തില്‍ നിന്നുണര്‍ത്തൂ.   

കേഴുന്നൂ ഞാന്‍, നിന്‍ ധമനികളില്‍  
അവശേഷിച്ച ചുടു നിണത്തില്‍ നിന്നല്‍പ്പം  
നുകര്‍ന്ന്, അതില്‍ ഊര്‍ജ്ജിതനായ്.

നിന്‍ കര്‍ണ്ണങ്ങളില്‍ അലയടിക്കും 
മാനവരോദനമകറ്റാനര്‍പ്പിച്ചു ഞാനിതാ,
കുളിര്‍ക്കാറ്റിനും മഴമേഘങ്ങള്‍ക്കുമെന്‍    
കണ്ണീരില്‍ കുതിര്‍ത്ത കാണിക്കകള്‍.  

പീലികളില്‍ പീള കെട്ടിയ നിന്‍ കണ്‍പോളകള്‍ 
തഴുകിത്തുറന്നീടാം ഞാന്‍
ഹരിതാഭ മുറ്റും ഗതകാലത്തിലേക്കൊരു
സുവര്‍ണ്ണ വാതായനമെന്ന പോല്‍.

രചന: ജോയ് ഗുരുവായൂര്‍   
ആധാരം: കര്‍ഷക ആത്മഹത്യകള്‍

മഞ്ഞുതുള്ളിയെ പ്രണയിച്ച സൂര്യന്‍


മഞ്ഞുതുള്ളിയെ പ്രണയിച്ച സൂര്യന്‍  ‍  ‍
കറുകത്തുമ്പിലെ കുളിരായൊരു മഞ്ഞുകണം
അരുണകിരണലാളനയിലറ്റു വീണു.
ആര്‍ദ്രത തുളുമ്പും സര്‍വംസഹയുടെ,
ഹൃദയത്തിലൊരു ചെറുകുളിര്‍മഴയായ്‌.
ഊഴിതന്‍ നിശ്വാസധാരയിലാ കണം,
ചൂഴ്ന്നലിഞ്ഞു സ്വയമില്ലാതെയായ് .
പകലവന്‍ പകലിനോട് പലവട്ടം,
പ്രാര്‍ഥിച്ചപേക്ഷിച്ചിട്ടുമെന്തേ നീയൊരു,
ശ്യൂന്യ ബിന്ദുവിലൊരശരീരിയായ്?     
ചെറുതാണെങ്കിലും നിന്‍ ചിന്തകളും,
മോഹങ്ങളുമെനിക്കന്ന്യമായിരുന്നില്ല.
അറിഞ്ഞിട്ടും അറിഞ്ഞിട്ടുമെന്‍,
ദീപ്തിയില്‍ നീ മറയുന്നതും നോക്കി,
ജീവച്ഛവം പോല്‍ നില്‍പ്പൂ ഞാന്‍.
ആയിരമശ്വഗണം തോല്‍ക്കുമെന്‍,
വന്‍പ്രഭാവത്തിലും ഞാനറിവൂ,
ഒരിക്കലുമെന്‍ ഹൃദയത്തിന്‍ കുളിരാവാന്‍,
നീ വരില്ല.. നിനക്കാകില്ലയെന്ന്.
വെറുതേ മോഹിച്ചു മനസ്സ് തപിച്ചാലൊരുപക്ഷെ,
മറ്റൊരു മഞ്ഞുകണമായടുത്ത  പുലരിയില്‍, 
കറുകക്കയ്യിലൊരു ശോഭയായ്  നീയെത്താമെന്‍, ‍   
ക്ഷണിക‍ മോഹങ്ങള്‍ക്ക് ചിറകേകാന്‍.    
ഇല്ലാ ഞാനില്ലയിനി നിന്‍ ഹൃദയത്തിലൊരു ഗദ്ഗദമായ്‌.
പ്രകൃതിനിയമങ്ങളോടെതിരിടാന്‍,
ആവില്ലൊരിക്കലും നമുക്ക് പ്രിയേ.       
- ജോയ് ഗുരുവായൂര്‍